DCBOOKS
Malayalam News Literature Website

പൊതുബോധ്യങ്ങളും വരേണ്യബോധ്യങ്ങളും ദലിത്‌ബോധ്യങ്ങളും

ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

സംവാദം- കെ. കെ. ബാബുരാജ്, മായാപ്രമോദ് / ദിനു വെയില്‍

കെ. കെ. ബാബുരാജ്: വളരെ ചെറുപ്പത്തില്‍തന്നെ ഞാന്‍ വയനാട്ടില്‍ കൂടിയേറിപ്പാര്‍ത്ത വ്യക്തിയാണ്. ഇങ്ങനെ വയനാട്ടില്‍ താമസിച്ച കാലത്തെ ആദിവാസി ജനതയുമായുള്ള ബന്ധങ്ങളാണ് അടിസ്ഥാനപരമായി എഴുത്തിന്റെ പ്രചോദനം. ആദിവാസി സമൂഹത്തിന്റെ ജീവിതം ഓരോ നിമിഷവും അനിശ്ചിതത്വത്തിലാവുന്നതും അവരനുഭവിക്കുന്ന സാമൂഹ്യമര്‍ദ്ദനങ്ങളും എന്റെ ചെറുപ്പകാലം തൊട്ടേ കാണുന്നുണ്ട്. അങ്ങനെയുണ്ടായ പിളര്‍പ്പാണ് മുഖ്യധാരയില്‍നിന്നും മാറിനിന്നുകൊണ്ടുള്ള എന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയത്. അവര്‍ നിരന്തരം അവഗണിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം സൃഷ്ടിച്ച സംഘര്‍ഷങ്ങളാണ് എന്നെ സ്വാധീനിച്ചത്.

കേരളത്തിലെ ദലിത് രാഷ്ട്രീയത്തെ സംബന്ധിച്ച ഗൗരവമേറിയ ചിന്തകള്‍ വഹിക്കുന്ന പുസ്തകമാണ് ഡോ. കെ.കെ. ബാബുരാജിന്റെ ‘അപരചിന്തനം: അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ചരിത്രം.’ ഈ പുസ്തകത്തെ അധികരിച്ചുകൊണ്ടും കേരളത്തിന്റെ പൊതുവായിട്ടുള്ള വിഷയങ്ങളുടെ ജാതിയിലൂന്നിക്കൊണ്ടുള്ള ‘അപരത്വത്തെ’ക്കുറിച്ചും സംവദിക്കുകയാണ് ഡോ.കെ.കെ. ബാബുരാജും മായാപ്രമോദും ദിനു വെയിലും.

ദിനു വെയില്‍: കേരളത്തിന്റെ പൊതുബോധത്തിനകത്ത് എങ്ങനെയാണ് ജാതിയെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ എത്തിനില്‍ക്കുന്നത് എന്ന് നോക്കിക്കഴിഞ്ഞാല്‍, വളരെ കൃത്യമായി പറഞ്ഞാല്‍ എവിടെയെങ്കിലും ദലിതനെയോ ആദിവാസിയെയോ കൊലചെയ്താല്‍, ഏതെങ്കിലും സാഹചര്യത്തില്‍ പോഷകാഹാരക്കുറവുകൊണ്ട് അട്ടപ്പാടിയില്‍ ഒരു മരണം ഉണ്ടായിക്കഴിഞ്ഞാല്‍ അതിനെ മനസ്സിലാക്കാനുള്ള ഒരു സാംസ്‌കാരിക ബോധത്തിലേക്കെങ്കിലും കേരളത്തിന്റെ പൊതുസമൂഹം ഉണര്‍ന്നിട്ടുണ്ട്. പക്ഷേ, വളരെയധികം പിന്നോക്കാവസ്ഥയിലുള്ള, മുന്‍ഗണനയ്ക്കു പുറത്തുള്ള സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുള്ള സഹിഷ്ണുത കേരളത്തിന്റെ സാംസ്‌കാരിക സമൂഹം കൈക്കൊണ്ടിട്ടുണ്ടെങ്കിലും വലിയരീതിയിലുള്ള അസഹിഷ്ണുത, മുന്‍ഗണനകളെ ചോദ്യം ചെയ്യുന്ന അവസരത്തിലുണ്ടാകുന്നുമുണ്ട്. ദലിതനെയും ആദിവാസിയെയും മാത്രം നവീകരിച്ചാല്‍ മതിയോ, ഗ്രേഡഡ് അസമത്വങ്ങളുടെ മുകളിലുള്ള, മുന്‍ഗണനയ്ക്കു മുകളിലുള്ള മനുഷ്യരുടെ കാര്യത്തെക്കുറിച്ച് ആര്‍ക്കും ഒരു ആകുലതയില്ലേ എന്ന ചോദ്യം അംബേദ്കര്‍ ഉന്നയിക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പരിസരങ്ങള്‍ നമ്മള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ ഇതിന്റെ വ്യത്യസ്തതരത്തിലുള്ള സ്ഫുരണങ്ങള്‍ കാണാന്‍ കഴിയും. മുന്‍ഗണനകളെ ചോദ്യംചെയ്യുമ്പോള്‍ അസ്വസ്ഥരാകുന്ന മനുഷ്യരുടെ എണ്ണം കൂടിവരുന്നുണ്ട് എന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമാണ്. രണ്ടു മൂന്ന് ഉദാഹരണങ്ങളിലൂടെ ചര്‍ച്ചയിലേക്കു കടക്കാമെന്ന് തോന്നുന്നു.

പിങ്ക് പോലീസിന്റെ അതിക്രമം കാരണം എട്ടുവയസ്സുള്ള ഒരു ദലിത് പെണ്‍കുട്ടി രാത്രിയില്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നപ്പോഴോ വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സമയത്തോ ഒന്നുംതന്നെ അവരുടെ വീടുകളിലേക്ക് എത്താതിരുന്ന മന്ത്രിമാര്‍ പഴയിടം നമ്പൂതിരിയെപ്പോലുള്ള ഒരു മനുഷ്യനങ്ങ് പിണങ്ങിപ്പോകുമ്പോള്‍ അവരുടെ വീടുകളിലേക്ക് എത്തുന്നു. എന്നാല്‍, രണ്ടു കുഞ്ഞുങ്ങളുടെ ജീവന്റെ വിലപോലും ആരും പരിഗണിക്കുന്നില്ല എന്നാണ് നാം തിരിച്ചറിയേണ്ടത്. പിണങ്ങിപ്പോകുമ്പോള്‍, വീട്ടില്‍ തിരിച്ചു വിളിക്കാന്‍ എത്തുന്ന ഈ പ്രത്യേകതയാണ് പ്രിവിലേജ് എന്നു പറയുന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ശശി തരൂരിനെപ്പോലുള്ള ഒരു വ്യക്തി, അന്താരാഷ്ട്രതലത്തില്‍ വിവരം നേടിയ ഒരാള്‍, നല്ല തറവാടിയായ നായരാണെന്ന് തന്നെക്കുറിച്ച് മറ്റൊഒരാള്‍ പറയുന്ന സമയത്ത്, മിനിമം ജനാധിപത്യ ബോധത്തിനകത്തു നിന്നുകൊണ്ട് എഴുന്നേറ്റ് നിന്ന് ഞാന്‍ തറവാടിയായ നായരാകാന്‍ ആഗ്രഹിക്കുന്നില്ല എന്നു പറയാനുള്ള മിനിമം ബോധം കാണിക്കുന്നില്ല എന്നിടത്താണ് കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടത്തിന്റെ ആവശ്യകതകളെക്കുറിച്ച്നാം  കൃത്യമായി മനസ്സിലാക്കേണ്ടത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട്  സാമൂഹ്യ മാധ്യമങ്ങളിലൊക്കെ പുതുതായി പ്രചരിക്കുന്ന ഒരു കാര്യമാണ്, മുറ്റത്തേക്കിറങ്ങി തമ്പുരാട്ടി ആര്‍ക്കൊക്കെയോ ചായ കൊടുത്തു എന്നുള്ളത്. മുറ്റത്തേക്കിറങ്ങി നല്‍കിയ ചായ കുടിക്കാന്‍ കഴിഞ്ഞു എന്ന ഭാഗ്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്ന ജാതീയത എന്നു പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ ഒരു സുഹൃത്ത് പറഞ്ഞ കാര്യമാണ് മറ്റൊരു കാര്യം. പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികളെ ക്യൂ നിര്‍ത്തി അമ്പലത്തിലെ നമ്പൂതിരി ഉണ്ടാക്കിയ ചായ കുട്ടികളുടെ കൈകളിലേക്കു തുള്ളികളായി ഒഴിച്ച് നല്‍കുന്നു. ഇതു കുടിച്ച കുട്ടികള്‍ക്ക് പരീക്ഷ നന്നായി എഴുതാനാവുന്നു എന്ന് വിശ്വസിക്കുന്നു. നമ്പൂതിരി നല്‍കിയ ചായ എങ്ങനെയുണ്ട് എന്ന് കുട്ടികളോടു ചോദിക്കുമ്പോള്‍ വായില്‍ വെക്കാന്‍ കൊള്ളില്ലെങ്കിലും പരീക്ഷ ജയിക്കുമല്ലോ എന്നോര്‍ത്തു കുടിച്ചതാണ് എന്നായിരുന്നു മറുപടി. അതായത് തുള്ളി തുള്ളിയായ ജാതീയത വായിലേക്ക് എത്തുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിച്ചുവരുന്നത് എന്നറിയണം. കെ. കെ. ബാബുരാജ് വളരെ കൃത്യമായി ഇത്തരം അവസ്ഥകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. എങ്ങനെയാണ് കേരളത്തിന്റെ പൊതുബോധ്യം വരേണ്യബോധ്യമായി മാറിയിട്ടുള്ളത് എന്നുള്ളതും ഇപ്രകാരം ഉറച്ചുപോയ കാഴ്ച, കേള്‍വി, അഭിരുചി ശീലങ്ങള്‍ എങ്ങനെയാണ് മലയാളികള്‍ക്കുള്ളത് എന്നും വളരെ കൃത്യമായി അദ്ദേഹം എഴുതിയിട്ടുണ്ട്. നമുക്ക് അദ്ദേഹവുമായി സംസാരിച്ചുതുടങ്ങാം.

പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.