DCBOOKS
Malayalam News Literature Website

എല്ലാ സംഭവങ്ങൾക്കും ഭൂതകാലത്തിൽ നിന്നും ചില സ്വാധീനങ്ങളുണ്ട്!

അന്‍വര്‍ അബ്ദുള്ളയുടെ ‘കോമ’ എന്ന നോവലിന് വിശ്വനാഥ് എഴുതിയ വായനാനുഭവം

അൻവർ അബ്ദുള്ള മാഷിന്റെ പുതിയ പുസ്തകം കോമ വായിച്ചു തീർത്തു. ഡിറ്റക്റ്റീവ് ജിബ്‌രീൽ എന്ന ഒരു പുതിയ അപസർപ്പകനെ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു. ധാരാളം പ്രത്യേകതകൾ ഈ കുറ്റാന്വേഷണ നോവലിനുണ്ട്.

ഒരു കുറ്റം, അതിലേക്ക് നയിച്ച കാരണങ്ങൾ, കുറ്റവാളിയിലേക്ക് നയിക്കുന്ന തെളിവുകൾ, വിശകലനങ്ങൾ, കുറ്റം തെളിയിക്കൽ ഇതൊക്കെ അപസർപ്പക രചനകളുടെ ഘടകങ്ങളാണ്. കോമ എന്ന ഈ പുതിയ പുസ്തകത്തിൽ പല കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്.

Textഅതിമനോഹരമായ ഭാഷയും പ്രയോഗങ്ങളുമാണ് ആദ്യം ആകർഷിച്ചത്. ജനപ്രിയ സാഹിത്യം എന്ന് പറയുമ്പോൾ സാധാരണയായി പറയാറുണ്ട്.. ചുമ്മാ സമയം കളയാൻ കുറച്ചു നേരം വായിക്കാൻ പറ്റിയ സാധനങ്ങളാണ് എന്ന്. അങ്ങിനെ ഇതിലേക്ക് കടന്നാൽ നിങ്ങൾ ഒന്ന് പരുങ്ങും. തികഞ്ഞ ഗൗരവത്തോടെ ചെതുക്കി മിനുക്കിയെടുത്ത ശില്പമാണ് ഇത്. ക്ലാസ്സിക്‌ രചനകളെയും എഴുത്തുകരെയുമൊക്കെ ഈ പേജുകളിൽ വായനക്കാരൻ കാണുന്നു, മഹാന്മാരായ എഴുത്തുകാരിലുള്ള വിചിത്രമായ സാമ്യങ്ങൾ അറിയുന്നു, സാഹിത്യത്തെ ശ്രദ്ധയോടെ സമീപിക്കുവാനുള്ള പ്രചോദനം ലഭിക്കുന്നു.

ഏതാണ്ട് 80 പേജുകൾ കഴിയുമ്പോഴാണ് ജിബ്‌രീൽ എന്ന അന്വേഷകൻ എത്തുന്നത്. സൂക്ഷ്മമായി അവതരിപ്പിക്കുന്ന പ്ലോട്ട് വായനക്കാരനെ ഉന്നതമായ ജിജ്ഞാസയിൽ എത്തിക്കുന്നു. കുറ്റാന്വേഷണ നോവലിന്റെ പേജുകൾ മറിയുമ്പോഴുള്ള കേവലമായ ആവേശമോ കൗതുകമോ അല്ല, കരുത്തുള്ള ഒരു പദ്ധതി കൃത്യമായി നടപ്പിലാക്കിയ കൊലയാളി ആരെന്ന് അറിയാനുള്ള സഹജമായ താത്പര്യം ആണ്. ജിബ്‌രീൽ എല്ലായ്പോഴും വായനക്കാരന് മുന്നിൽ നായകന്റെ പരിവേഷത്തിൽ എത്തുന്നില്ല എന്നതാണ് പ്രധാനം. സമൂഹമാധ്യമത്തെ തന്റെ നിഗമനങ്ങൾ അവതരിപ്പിക്കാനുള്ള വഴിയായി ജിബ്‌രീൽ കാണുന്നു. ഇത് നമ്മുടെ ഭാഷയിലെ ആദ്യ പരീക്ഷണമാണ് എന്നു തോന്നുന്നു.

സിസ്റ്റത്തിന്റെ ദൗർബല്യങ്ങളെ തുറന്നു കാട്ടുമ്പോൾ അത് മെച്ചപ്പെടാനുള്ള പ്രതീക്ഷകൾ കൂടിയാണ് ഈ കഥാപാത്രം പങ്കു വയ്ക്കുന്നത്. 260ൽപ്പരം പേജുകളുള്ള ഈ നോവൽ പലയിടത്തും നമ്മെ അതിശയിപ്പിക്കുന്ന സൂത്രവാക്യങ്ങൾ മറച്ചു വച്ചിട്ടുണ്ട്. ഇത്രയും നിരീക്ഷണപാടവവും ശ്രദ്ധയും മനുഷ്യത്വവും വിചിത്രമായ സ്വഭാവവും ഉള്ള കഥാപാത്രം അപൂർവമായിട്ടാണ് കുറ്റാന്വേഷണ നോവലുകളിൽ ഉണ്ടായിട്ടുള്ളത്. ജിബ്രീലിനെ നിർമ്മിക്കാൻ എഴുത്തുകാരൻ ധാരാളം ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട് എന്ന ബോധ്യം വായനക്കാരന് ഉണ്ടാവുന്നു. വായനയുടെ രസച്ചരട് പൊട്ടാതെ, നേരിയ ആ അതിർവരമ്പിലൂടെ നമ്മൾ സഞ്ചരിക്കുന്നു. ഉന്നതമായ തത്ത്വചിന്തയുടെ സ്ഫുരണങ്ങൾ ജിബ്രീലിൽ നിന്നും നമ്മിലേക്ക്‌ പ്രസരിക്കുന്നു. നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന അവസ്ഥകൾ ഇതിലില്ല, മനപ്പൂർവം കൊണ്ട് വരുന്ന സങ്കീർണ്ണതകളും ഇല്ല.

ഭാഷ, പദങ്ങൾ, പദയോഗങ്ങൾ.. സൗന്ദര്യത്തിന്റെ വിലാസനടനം നമ്മുടെ ഭാഷയിലെ ഒരു കുറ്റാന്വേഷണ നോവലിൽ ഇങ്ങിനെ അനുഭവിക്കുന്നത് ഇതാദ്യം. മഹത്തായ ഒരു പ്രപഞ്ചത്തെ തന്റെയുള്ളിൽ വഹിക്കുന്ന ജിബ്‌രീൽ, സർഗ്ഗാത്മകമായ അലസത ഇടയ്ക്കൊക്കെ പ്രകടിപ്പിക്കുന്നത് നമ്മെ രസിപ്പിക്കും. എല്ലാ സംഭവങ്ങൾക്കും ഭൂതകാലത്തിൽ നിന്നും ചില സ്വാധീനങ്ങളുണ്ട് എന്ന ആശയം ജിബ്രീലിനെ മുന്നോട്ട് നയിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.