DCBOOKS
Malayalam News Literature Website

വിശ്വാമിത്രന്‍

രാമലക്ഷ്മണന്മാര്‍ അതിലാളനയേറ്റ് കൊട്ടാരത്തില്‍ സുഖിച്ചു കഴിയുമ്പോഴാണ് ബ്രഹ്മര്‍ഷി വിശ്വാമിത്രന്‍ അവരെ യാഗരക്ഷക്കായി കൂട്ടിക്കൊണ്ടുപോകുന്നത്. ബ്രഹ്മര്‍ഷി കടുകോപിയാണ്. അതുകൊണ്ടാണ് പുത്രവാത്സല്യം ഏറെയുണ്ടായിരുന്ന ദശരഥന്‍ എതിര് പറയാതിരുന്നത്. പ്രജാപതിയുടെ മകന്‍ കുശന്‍, കുശന്റെ മകന്‍ കുശനാഭന്‍, കുശനാഭന്റെ മകന്‍ ഗാധി, ഗാധിയുടെ മകന്‍ വിശ്വാമിത്രന്‍. ക്ഷത്രിയ രാജവംശജരാണ് എല്ലാവരും. വിശ്വാമിത്രന്‍ മഹാരാജാവായി ദീര്‍ഘകാലം രാജ്യം ഭരിച്ചു. പ്രജകള്‍ക്ക് സ്‌നേഹാദരങ്ങള്‍ ഉണ്ടായിരുന്ന രാജാവായിരുന്നു അദ്ദേഹം.

ഒരിക്കല്‍ വിശ്വാമിത്രരാജാവ് വസിഷ്ഠാശ്രമത്തിലെത്തി. വസിഷ്ഠനും വിശ്വാമിത്രനും മധുരവാക്കുകളാല്‍ കുശലം പറഞ്ഞ് പരസ്പരം സല്‍ക്കരിച്ചു. വിശ്വാമിത്രനേയും അദ്ദേഹത്തെ അനുധാവനം ചെയ്തിരുന്ന നാലംഗപ്പടയേയും യഥോചിതം സല്‍ക്കരിക്കണമെന്ന വാശിയായി വസിഷ്ഠന്. ഒടുവില്‍ വിശ്വാമിത്രന്‍ സല്‍ക്കാരത്തിന് വഴങ്ങി. വസിഷ്ഠന്‍ മഹാസിദ്ധികള്‍ ഉണ്ടായിരുന്ന ഋഷിയാണ്. ആവശ്യപ്പെടുന്നതെന്തും ആവശ്യാനുസരണം ചുരത്തിക്കൊണ്ടിരിക്കുന്ന ശബള എന്ന കാമധേനു വസിഷ്ഠന്റെ ആത്മാവിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. കാമധേനു ഓരോരുത്തര്‍ക്കും അവരവരുടെ രുചിഭേദത്തിന് അനുസരിച്ചുള്ള വിഭവങ്ങള്‍ തൃപ്തിവരുവോളം വിളമ്പിക്കൊടുത്തു.

കാമധേനുവില്‍ വിശ്വാമിത്രന്റെ കണ്ണു പതിഞ്ഞു. എന്തുവേണമെങ്കിലും പകരം കൊടുക്കാമെന്നും കാമധേനുവിനെ ലഭിക്കണമെന്നും വിശ്വാമിത്രന്‍ വാശിപിടിച്ചു. ഏറ്റവും വിലപിടിപ്പുള്ളതെന്തും രാജാവിന് അധികാരപ്പെട്ടവയാണെന്നതുകൊണ്ട് ചട്ടപ്രകാരം തന്നെ കാമധേനു വിശ്വാമിത്രന് അവകാശപ്പെട്ടതാണെന്ന വിശ്വാമിത്രന്റെ ന്യായവാദവും വസിഷ്ഠന്‍ തള്ളിക്കളഞ്ഞു. സ്വാഭാവിമായും രാജാധികാരം ഉപയോഗിച്ച് ബലപ്രയോഗത്തോടെ ശബളയെ കൊണ്ടുപോകാനായി വിശ്വാമിത്രന്റെ ശ്രമം. ആ കൃത്യം വിശ്വാമിത്രസൈന്യം രാജഹിതപ്രകാരം ചെയ്യുകയും ചെയ്തു. ഈ ഘട്ടത്തില്‍ വസിഷ്ഠന്റെ ആജ്ഞ അനുസരിച്ച് വിശ്വാമിത്ര സൈന്യത്തെ കാമധേനു വക വരുത്തി. സൈന്യം പരാജയപ്പെട്ടപ്പോള്‍ വിശ്വാമിത്രന്റെ നൂറുപുത്രന്മാര്‍ വസിഷ്ഠനെ ആക്രമിച്ചു. വസിഷ്ഠന്‍ ഒരു ഹുംകാരം കൊണ്ട് വിശ്വാമിത്ര പുത്രന്മാരെ ചാരമാക്കി. അങ്ങനെയാണ് ബ്രഹ്മബലമാണ് ക്ഷത്രബലത്തേക്കാള്‍ മഹത്തമം എന്ന് വിശ്വാമിത്രന്‍ തിരിച്ചറിഞ്ഞതും രാജ്യം മകനെ ഏല്പിച്ചതിനുശഷം ബ്രഹ്മബലം നേടാനായി തപസ്സനുഷ്ഠിക്കാന്‍ തീരുമാനിച്ചതും.

ആയിരത്താണ്ടു നീണ്ടു നിന്ന കഠിനമായ തപസ്സിനു ശേഷം ദേവകള്‍ പ്രസാദിച്ചു. അദ്ദേഹത്തെ രാജര്‍ഷിയായി അവര്‍ അംഗീകരിക്കുകയും ചെയ്തു. പക്ഷേ വിശ്വാമിത്രന്‍ അതില്‍ തൃപ്തനായില്ല. ബ്രഹ്മര്‍ഷി പദത്തിനായി വീണ്ടും തപസ്സാരംഭിച്ചു. അതിനിടയിലാണ് ഇഷ്വാകു വംശത്തിലെ ത്രിശങ്കു എന്ന രാജാവിന് ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തണം എന്ന മോഹമുദിച്ചത്. അതിനുള്ള യജ്ഞം നടത്താനായി ത്രിശങ്കു വസിഷ്ഠനെ സമീപിച്ചു. വസിഷ്ഠന്‍ വിസമ്മതിച്ചു. ഉത്സാഹിയായ ത്രിശങ്കു ഇതേ ആവശ്യത്തിനായി വസിഷ്ഠപുത്രന്മാരെ സമീപിച്ചു. അച്ഛന്‍ ചെയ്യാന്‍ വിസമ്മതിച്ച കാര്യം മക്കളും ചെയ്തില്ല. ഇതിനിടയിലുണ്ടായ കശപിശയില്‍ ശാപഗ്രസ്ഥനായ ത്രിശങ്കു ചണ്ഡാളനായി മാറി.

അങ്ങനെയാണ് ത്രിശങ്കു ഇതേ ആവശ്യവുമായി വിശ്വാമിത്രനെ സമീപിച്ചത്. വസിഷ്ഠനോട് അനിഷ്ടം ഉണ്ടായിരുന്നതുകൊണ്ട് ത്രിശങ്കുവിനെ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തിക്കാമെന്ന് വിശ്വാമിത്രന്‍ സമ്മതിച്ചു. എന്നാല്‍ യജ്ഞത്തിന്റെ യജമാനനായ രാജാവ് ചണ്ഡാളനായതുകൊണ്ട് ദേവഗണം യജ്ഞവിഹിതം കൈപ്പറ്റില്ലെന്നു പറഞ്ഞ് വസിഷ്ഠ പുത്രന്മാര്‍ വിശ്വാമിത്രനെ അപഹസിച്ചു. ക്ഷുഭിതനായ വിശ്വാമിത്രന്‍ വസിഷ്ഠപുത്രന്മാരെ ശപിച്ച് പട്ടിമാംസഭോജികളാക്കി. പക്ഷേ ദേവഗണം യജ്ഞവിഹിതം സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ത്രിശങ്കുവിന് വേണ്ടി മാത്രം ഒരു സ്വര്‍ഗ്ഗം വിശ്വാമിത്രന്‍ സൃഷ്ടിച്ചു.

ഇതിനുശേഷമാണ് പുഷ്‌കര തീര്‍ത്ഥക്കരയില്‍ വിശ്വാമിത്രന്‍ തപസ്സു തുടരുന്നത്. ഇതിനിടയിലാകട്ടെ ദേവേന്ദ്രന്‍ സുരനാരിയായ മേനകയെ അയച്ച് വിശ്വാമിത്രന്റെ തപസ്സു മുടക്കുകയും ചെയ്തു. അപ്പോഴാണ് അംബരീഷന്‍ എന്ന രാജാവ് യജ്ഞം തുടങ്ങിയത്. യജ്ഞം മുടക്കാനായി ദേവേന്ദ്രന്‍ യജ്ഞപ്പശുവിനെ മോഷ്ടിച്ചു. യജ്ഞം മുടങ്ങിയാല്‍ രാജ്യവും രാജാവും മുടിയും. യജ്ഞപ്പശുവിന് പകരമായി ഒരു മുനികുമാരനെ കിട്ടിയാല്‍ പശുവിന് പകരം വെച്ച് യജ്ഞം പൂര്‍ത്തീകരിക്കുകയും ചെയ്യാം. ഈ ആവശ്യവുമായി അംബരീഷന്‍ ഋചീകന്റെ ആശ്രമത്തിലെത്തി മുനിയെ സമീപിച്ചു. യജ്ഞപ്പശുവാക്കാന്‍ മൂത്തമകനെ നല്കില്ല എന്നു ഋചീകന്‍ പറഞ്ഞു. ഇളയ മകനെ നല്കില്ല എന്ന് അദ്ദേഹത്തിന്റെ പത്‌നിയും പറഞ്ഞു. മൂത്തവനും ഇളയവനുമിടയ്ക്ക് ഒരു പുത്രന്‍ ഉണ്ടായിരുന്നു-ശുനശ്ശേഫന്‍. ശുനശ്ശേഫനുമായി അംബരീഷന്‍ യാത്ര തുടങ്ങി. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട താന്‍ അനാഥനാണെന്ന് വേദനയോടെ ശുനശ്ശേഫന്‍ മനസ്സിലാക്കി. യാത്രാമദ്ധ്യേ അംബരീഷനും ശുനശ്ശേഫനും വിശ്വാമിത്രന്റെ ആശ്രമത്തിലെത്തി. അനാഥനായ തന്നെ രക്ഷിക്കണമെന്ന് ശുനശ്ശേഫന്‍ വിശ്വാമിത്രനോട് അപേക്ഷിച്ചു. വിശ്വാമിത്രന്‍ സമ്മതിക്കുകയും ചെയ്തു.

ശുനശ്ശേഫനെ രക്ഷിക്കാന്‍ വിശ്വാമിത്രന്‍ സ്വന്തം മക്കളോട് ആവശ്യപ്പെട്ടു. മക്കളാകട്ടെ പരിഹാസത്തോടെ ആവശ്യം തിരസ്‌കരിക്കുകയും ചെയ്തു. ക്ഷുഭിതനായ വിശ്വാമിത്രന്‍ സ്വന്തം മക്കളേയും ശപിച്ച് പട്ടിമാംസഭോജികളാക്കി. വിശ്വാമിത്രന്റെ തപശ്ശക്തിയില്‍ സംപ്രീതരായ ദേവകള്‍ ശുനശ്ശേഫനെ രക്ഷിക്കുകയും അംബരീഷനെ യജ്ഞഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. ആയിരം വര്‍ഷം പുഷ്‌കരത്തില്‍ തപസ്സു ചെയ്തപ്പോള്‍ സംപ്രീതനായ ദേവഗണം വിശ്വാമിത്രനെ മഹര്‍ഷിയായി അംഗീകരിച്ചു. അതിലും വിശ്വാമിത്രന്‍ സംപ്രീതനായില്ല. ബ്രഹ്മര്‍ഷി പദവിക്കായി അദ്ദേഹം കൗശികനദീതീരത്ത് വീണ്ടും തപസ്സാരംഭിച്ചു. ഇതില്‍ സംഭീതനായ ദേവേന്ദ്രന്‍ രംഭ എന്ന സുരസുന്ദരിയെ വിശ്വാമിത്രന്റെ തപസ്സ് മുടക്കാനായി അയച്ചു. മേനകയെ അയച്ചപ്പോള്‍ പറ്റിയ അബദ്ധം ഇക്കുറി സംഭവിച്ചില്ല. വിശ്വാമിത്രന്‍ രംഭയെ ശപിച്ചു കരിമ്പാറയാക്കി. ഈ തപസ്സിന്റെ അവസാനത്തിലാണ് സാക്ഷാല്‍ വസിഷ്ഠന്‍ തന്നെ വിശ്വാമിത്രനെ ബ്രഹ്മര്‍ഷിയായി പ്രഖ്യാപിച്ചത്.

ക്ഷത്രതേജസ്സും ബ്രഹ്മതേജസ്സും ഒരുപോലെ സമാഹൃതമാക്കിയ വിശ്വാമിത്രനാണ് യഥാര്‍ത്ഥത്തില്‍ ശ്രീരാമന്റെ ഗുരു. തന്റെ യാഗരക്ഷക്കായി രാമകുമാരനെ അയക്കണമെന്നു വിശ്വാമിത്രന്‍ ആവശ്യപ്പെട്ടത് ദശരഥന്റെ അനിഷ്ടത്തെ അവഗണിച്ചുകൊണ്ടാണ്. വിശ്വാമിത്രന്‍ ആദ്യം ഉപദേശിച്ചുകൊടുക്കുന്നത് ‘ബല’ ‘അതിബല’ എന്നീ വിദ്യകളാണ്. അവ ഗ്രഹിച്ചാല്‍ വിശപ്പും ദാഹവും ഉണ്ടാകില്ല എന്നു മാത്രമല്ല, അതുല്യമായ യശസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ബ്രഹ്മപുത്രിമാരാണ് ബലയും അതിബലയും. അതുല്യമായ യശസ്സ് വര്‍ദ്ധിക്കുന്ന ബ്രഹ്മവിദ്യകള്‍ വിശപ്പും ദാനവും നശിപ്പിക്കുമെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഇന്ദ്രിയമനോനിഗ്രഹത്തിലൂടെ സമാഹിതചിത്തനായിത്തീരുമെന്നാണ്. കാരണം വിശപ്പും ദാഹവും ഉണ്ടാകുന്നത് ഇന്ദ്രിയ മനസ്സുകള്‍ നിയന്ത്രിക്കപ്പെടാതിരിക്കുമ്പോള്‍ മാത്രമാണ്. ഇന്ദ്രിയ മനോനിയന്ത്രണത്തിലൂടെ യശസ്സ് നേടുന്ന വിദ്യ ബ്രഹ്മവിദ്യതന്നെയാണ്. ബ്രഹ്മവിദ്യ ഗ്രഹിച്ചവനാണ് ധര്‍മ്മനിഷ്ഠയോടെ കര്‍മ്മം ചെയ്യുന്നത്.

ബ്രഹ്മര്‍ഷി വിശ്വാമിത്രന്‍ ബ്രഹ്മവിദ്യ പഠിപ്പിച്ചതിനുശേഷം മുപ്പത് അസ്ത്രശസ്ത്രവിദ്യകളും ശ്രീരാമനെ പഠിപ്പിച്ചു. ദണ്ഡചക്രം, ധര്‍മ്മചക്രം, കാലചക്രം,വിഷ്ണുചക്രം, പാശുപതാസ്ത്രം, ഇന്ദ്രാസ്ത്രം, വജ്രാസ്ത്രം, ബ്രഹ്മശിരസ്സ്, ഐഷികാസ്ത്രം, ബ്രഹ്മാസ്ത്രം എന്നിവയടക്കം മുപ്പതു അസ്ത്രശസ്ത്രവിദകളാണ് രാജര്‍ഷി കൂടിയായിരുന്ന വിശ്വാമിത്രന്‍ രാമലക്ഷ്ണന്മാരെ പഠിപ്പിച്ചത്. ബ്രഹ്മവിദ്യ നേടിയവന്‍ ക്ഷത്രവിദ്യ നേടിയാല്‍ മാത്രമേ ക്ഷത്രവിദ്യ ധര്‍മ്മാനുസരണം പ്രയോഗിക്കപ്പെടൂ. അധാര്‍മ്മികമായ ക്ഷത്രവിദ്യാപ്രയോഗം സര്‍വ്വനാശം വരുത്തും. അതുകൊണ്ട് ധനുര്‍വേദമടക്കം ഏതു വിദ്യയും പാത്രമറിഞ്ഞു മാത്രമേ ദാനം ചെയ്യാന്‍ പാടുള്ളു എന്നു പറയുന്നത് അനര്‍ഹനെ ശസ്ത്രവിദ്യ പഠിപ്പിച്ചാല്‍ ലോകം മുടിക്കും എന്നതിന്റ ഏറ്റവും നല്ല ഉദാഹരണമാണ്. ബ്രഹ്മാസ്ത്രവിദ്യ പഠിച്ച അശ്വത്ഥാമാവിന്റെ ചെയ്തികളും ധര്‍മ്മവിഗ്രഹമായ രാമന്റെ അസ്ത്രശസ്ത്ര വിദ്യാ പ്രയോഗങ്ങളും ലോകരക്ഷക്കായിരിക്കണം എന്നതുകൊണ്ടാണ് ബ്രഹ്മവിദ്യകളായ ബലയും അതിബലയും വിശ്വാമിത്രന്‍ ആദ്യമേതന്നെ കുമാരന്മാരെ പഠിപ്പിച്ചത്.

സുന്ദോപസുന്ദന്മാരുടെ മക്കളായ മാരീചനും സുബാഹുവും യാഗം മുടക്കികളായിരുന്നു. യാഗത്തിന്റെ ലക്ഷ്യം യോഗക്ഷേമമാണ്. അതു തടയുന്നവരെ ധര്‍മ്മനിഷ്ഠര്‍ ശിക്ഷിക്കുക തന്നെ വേണം. അതുകൊണ്ടാണ് പതിനാറു തികയാത്ത രാമന്‍ യാഗരക്ഷക്കായി നരഭോജികള്‍ കൂടിയായിരുന്ന മാരീചസുബാഹുമാരെ വധിച്ചത്. സുന്ദന് താടകയിലുണ്ടായ മകനാണ് മാരീചന്‍. ഘോരരൂപിണിയും മനുഷ്യവാസത്തെ അസാദ്ധ്യമാക്കി തീര്‍ക്കുന്നവളുമായ താടകയെയും രാമന്‍ കൊന്നു. തിന്മയ്ക്ക് ആണ്‍-പെണ്‍ ഭേദമില്ല. അധര്‍മ്മം ആരു ചെയ്താലും ശിക്ഷിക്കപ്പെടുകതന്നെ വേണം. അദൃശ്യരൂപത്തില്‍ ശിലയായി ഉറങ്ങിയിരുന്ന അഹല്യയെ മോചിപ്പിക്കണമെന്നു നിര്‍ദ്ദേശിക്കുന്നതും വിശ്വാമിത്രനാണ്. കാമമോഹിതയായതുകൊണ്ടാണ് ഭര്‍ത്തൃശാപത്താല്‍ ഗൗതമപത്‌നിക്ക് ശിലയാകേണ്ടി വന്നത്. താന്‍ ശപിച്ചു ശിലയാക്കിയ മാറ്റിയ രംഭയുടെ ഓര്‍മ്മ വിശ്വാമിത്രനില്‍ ആ സന്ദര്‍ഭത്തില്‍ മിന്നി മറഞ്ഞിരുന്നോ എന്നറിയില്ല.

Comments are closed.