DCBOOKS
Malayalam News Literature Website

ഉന്മാദിയായ രാവണന്‍

രാവണനെ യുദ്ധം ഉന്മാദിയാക്കിയിരുന്നു. പോര്‍ക്കളത്തില്‍ ജയം മാത്രം ലക്ഷ്യമാക്കി യുദ്ധം ചെയ്യുമ്പോള്‍ തനിക്ക് ശത്രു-മിത്രങ്ങളെ തിരിച്ചറിയാന്‍ കഴിയാറില്ല എന്നു രാവണന്‍ തന്നെ സമ്മതിക്കുന്നുണ്ട്. തന്റെ സഹോദരിയായ ശൂര്‍പ്പണഖയുടെ ഭര്‍ത്താവായ വിദ്യുജിഹ്വയെ അങ്ങനെയാണ് രാവണന്‍ കൊന്നത്. എന്തുകൊണ്ടാണ് തന്റെ ഭര്‍ത്താവിനെ കൊന്ന് തന്നെ വിധവയാക്കിയത് എന്ന ശൂര്‍പ്പണഖയുടെ ചോദ്യത്തിന് ഉത്തരം പറയവെയാണ് രാവണന്‍ തന്റെ ഉന്മാദാവസ്ഥയെക്കുറിച്ച് പറഞ്ഞത്.

ഖരദൂഷണന്മാരുടെയും പതിന്നാലായിരം രാക്ഷസസേനകളുടേയും നേതൃത്വത്തില്‍ ദണ്ഡകാരണ്യത്തില്‍ സ്വൈര്യവിഹാരം ചെയ്യാന്‍ ശൂര്‍പ്പണഖയെ അനുവദിച്ചുകൊണ്ടാണ് രാവണന്‍ സഹോദരിയുടെ വൈധവ്യത്തിന് പരിഹാരം കണ്ടത്. ജയം മാത്രമായിരുന്നു യുദ്ധത്തില്‍ രാവണന്റെ മിത്രം. യുദ്ധവിജയം തനിക്ക് മാത്രമായി എന്നും വേണമെന്നും താന്‍ ലോകം കീഴടക്കിയവനാണെന്നും ലോകം അംഗീകരിക്കണമെന്നും രാവണന് നിര്‍ബന്ധം ഉണ്ടായിരുന്നു. താനാണ് രാജ്യമെന്നും തന്റെ ഇഷ്ടമാണ് നിയമമെന്നും രാവണന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. തന്റെ ഇഷ്ടത്തിനൊത്തു നില്‍ക്കുന്നവന്‍ മാത്രം, അല്ലാത്തവരെല്ലാം ശത്രു. ഇതായിരുന്നു രാവണന്റെ ധര്‍മ്മബോധം.

തന്റെ സഹോദരനായ വൈശ്രവണന്റെ മകന്‍ നളകൂബരന്റെ ഭാര്യയായ രംഭയെ ബലാല്‍സംഗം ചെയ്യുന്നതിനായി രാവണന്‍ കണ്ടെത്തുന്ന യുക്തി വിചിത്രമാണ്. അപ്‌സരസായ രംഭയില്‍ രാവണന് അതികാമാസക്തി തോന്നി. തനിക്ക് വഴങ്ങണമെന്ന് രാവണന്‍ ആവശ്യപ്പെട്ടു. താന്‍ രാവണന് പുത്രവധു സമാനയാണെന്നും അതുകൊണ്ട് തന്നെ പ്രാപിക്കരുത് എന്ന് രംഭ കരഞ്ഞുപറഞ്ഞപ്പോള്‍ അപ്‌സരസ്സുകള്‍ വശംവദകളാണെന്നും ചാരിത്ര്യം കുലവധുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അതുകൊണ്ട് അപ്‌സരസ്സുകളെ യഥേഷ്ടം പ്രാപിക്കാമെന്നും രാവണന്‍ പറഞ്ഞു.

രംഭയെ രാവണന്‍ ബലാല്‍സംഗം ചെയ്തു. അതിലൂടെ അകാമികളായ സ്ത്രീകളെ ബലാല്‍സംഗം ചെയ്താല്‍ തല നൂറായി പൊട്ടിത്തെറിക്കുമെന്ന ശാപം നേടുകയും ചെയ്തു. എന്നാല്‍ താന്‍ ഏകഭര്‍ത്തൃമതിയും ചാരിത്ര്യശുദ്ധിയുള്ളവളാണെന്നും സീത പറഞ്ഞപ്പോള്‍ കുലവധുക്കള്‍ക്കും ഭര്‍ത്തൃമതികള്‍ക്കും മാത്രമെ സ്വഭാവശുദ്ധിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നു രംഭയോടു പറഞ്ഞ ന്യായീകരണം സീതയുടെ കാര്യത്തില്‍ രാവണന് സ്വീകാര്യമായില്ല. താനാണ് രാജ്യമെന്നും തന്റെ ഇഷ്ടാനിഷ്ടങ്ങളാണ് നിയമമെന്നും കരുതുന്ന ഉന്മാദിയായ ഏകാധിപതികള്‍ക്ക് രാവണനെ പോലെ മാത്രമെ ചിന്തിക്കാന്‍ കഴിയൂ.

പ്രജാപതിയുടെ പുത്രനാണ് പുലസ്ത്യന്‍. അപാരതപസ്സിദ്ധികള്‍ ഉണ്ടായിരുന്ന മഹര്‍ഷി. ആ പുലസ്ത്യന്റെ മകനാണ് രാവണന്‍. ഉഗ്രമായ തപസ്സില്‍ മുഴുകിയ പുലസ്ത്യന്റെ തപസ്സു മുടക്കാനെത്തിയ അപ്‌സരിനെ ശപിച്ചതോടൊപ്പം തന്റെ ആശ്രമത്തില്‍ അനുവാദമില്ലാതെ പ്രവേശിക്കുന്ന ഏതു കന്യകയും ഉടന്‍ ഗര്‍ഭവതികളാകും എന്ന ഒരു സ്ഥിരശാപവും പുലസ്ത്യന്‍ പ്രഖ്യാപിച്ചു. ഇത് അറിയാതെയാണ് തൃണബിന്ദു എന്ന ഋഷിയുടെ മകള്‍ പുലസ്ത്യാശ്രമത്തിലെത്തിയതും ഗര്‍ഭവതിയായതും. മകളെ പുലസ്ത്യന് ഭാര്യയായി നല്കി തൃണബിന്ദു പ്രശ്‌നം പരിഹരിച്ചു. തൃണബിന്ദുവിന്റെ മകളില്‍ പുലസ്ത്യനുണ്ടായ മകനാണ് വിശ്രമവസ്സ് വിശ്രമവസ്സിന് ഭരദ്വാജപുത്രി ദേവര്‍ണ്ണനിയിലാണ് വൈശ്രവണന്‍ ജനിച്ചത്. വൈശ്രവണന്‍ കൊടുംതപസ്സിലൂടെ ധനാധിപത്യവും ദിക്പാലകത്വവും നേടി പ്രമാണിയായി വാണരുളി.

വൈശ്രവണനില്‍ സംപ്രീതനായ വിധാതാവ് പുഷ്പക വിമാനം നല്കി അദ്ദേഹത്തെ അനുഗ്രഹിച്ചു. തെക്കെ സമുദ്രത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന ത്രികൂടാചലത്തിലെ ലങ്കാനഗരം അക്കാലത്ത് വെറുതെ കിടക്കുകയായിരുന്നു. ലങ്കാ നിവാസികളായ രാക്ഷസരെ ദേവഗണം തോല്പിച്ച് പാതാളത്തിലേക്ക് നാടുകടത്തിയിരുന്നു. വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച ലങ്കാ നഗരത്തിന്റെ ആധിപത്യവും വൈശ്രവണന് ലഭിച്ചു. ഹേതി എന്ന രക്ഷസ്സിന്റെ മകനായ വിദ്യുത് കേശന്റെ പുത്രനായ സുകേശന് ദേവതി എന്ന ഗന്ധര്‍വ്വ പുത്രിയില്‍ മാല്യവാന്‍, സുമാലി, മാലി എന്നീ മൂന്നു പുത്രന്മാര്‍ ഉണ്ടായി. മൂന്നുപേരും ഉഗ്രമായി തപസ്സു ചെയ്തു. നിത്യമായ സഹോദര മൈത്രിയും യുദ്ധത്തില്‍ തോല്‍വിയില്ലാത്ത വിജയവും വരമായി നേടി. സുമാലി കേതുമതിയേയും മാല്യവാന്‍ സുന്ദരിയേയും മാലി വസുഭയേയും വരിച്ചു. സുമാലിക്ക് കേതുമതിയിലുണ്ടായ പുത്രിയാണ് കൈകസി. ദേവന്മാരാല്‍ പരാജയപ്പെട്ടു പാതാളത്തിലായിരുന്നു ഇവരുടെ വാസം. വൈശ്രവണനെപോലെയുള്ള ഒരു പുത്രനെ ലഭിക്കുന്നതിനുവേണ്ടി പിതാവായ സുമാലിക്കൊപ്പം കൈകസി പുലസ്ത്യാശ്രമത്തിലെത്തി. പുലസ്ത്യന് കൈകസിയില്‍ രാവണന്‍ ജനിച്ചു. കൂടാതെ കുംഭകര്‍ണ്ണന്‍, ശൂര്‍പ്പണഖ എന്നിവരും പുലസ്ത്യന്റെ മക്കളാണ്.ആണ്‍മക്കള്‍ മൂന്നുപേരും ഉഗ്രമായ തപസ്സ് ചെയ്തു. ക്രോധത്തോടെ ഉഗ്രതപസ്സില്‍ മുഴുകിയ രാവണന്‍ സ്വന്തം തലകള്‍ ഓരോന്നായി ഹോമിച്ചുകൊണ്ടായിരുന്നു തപസ്സ് ചെയ്തത്. ഒന്‍പതു തലകളും ഹോമിക്കപ്പെട്ടതിനുശേഷം പത്താമത്തെ തല ഹോമിക്കുന്നതിനു മുന്‍പ് വിധാതാവ് പ്രത്യക്ഷപ്പെട്ടു.

ദേവാസുര പക്ഷി മൃഗങ്ങളാല്‍ കൊല്ലപ്പെടരുത്. ഇഷ്ടാനുസരണം രൂപം മാറാനുള്ള കഴിവുണ്ടാകണം. അമരത്വവും വേണം. രാവണന് വരദാനം നല്‍കി ഖരബലത്താല്‍ ബ്രഹ്മാവ് അനുഗ്രഹിച്ചു. ഏതവസ്ഥയിലും മനോവാക്കര്‍മ്മങ്ങള്‍ ധര്‍മ്മത്തില്‍ ഉറച്ചു നില്ക്കണം എന്നു വിഭീഷണനും സുഖനിദ്രയാല്‍ താന്‍ അനുഗ്രൃഹീതനാകണം എന്നും കുംഭകര്‍ണ്ണനും വരലാഭം ഉണ്ടായി.

വരബലം നേടിയ രാവണന്‍ വൈശ്രവണ സമീപത്തേക്ക് പ്രഹസ്തനെ ദൂതനായി അയച്ചുകൊണ്ട് രാക്ഷസര്‍ക്ക് നഷ്ടപ്പെട്ട ലങ്കാനഗരം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടു. ലങ്കയുടെ അധികാരം നല്കില്ല എന്നും താമസിക്കാന്‍ അവസരം നല്കാമെന്നായി വൈശ്രവണന്‍. തന്റെ രണ്ട് മക്കള്‍ തമ്മില്‍ യുദ്ധമുണ്ടാകുമെന്നു കണ്ടപ്പോള്‍ വൈശ്രവണനെ കൈലാസശൈലം ഭരിക്കാനും രാവണനെ ലങ്ക ഭരിക്കാനും പുലസ്ത്യന്‍ ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കി. കൈലാസത്തിലെത്തിയ വൈശ്രവണന്‍ ശിവനുമായി സഖ്യം ഉണ്ടാക്കിയതറിഞ്ഞ രാവണന്‍ കൈലാസത്തിലെത്തി ശിവനെ പ്രസാദിപ്പിച്ച് ചന്ദ്രഹാസം നേടി. വേദവതിയെ ബലാല്‍സംഗം ചെയ്തു അവളുടെ ശാപം ഇരന്നു വാങ്ങി.

മൂന്നു ലോകങ്ങളെ കീഴടക്കാനും ദിക്പാലകരെ വരുതിയിലാക്കാനും ഇറങ്ങി തിരിച്ച രാവണന്‍ അതെല്ലാം നേടി. ഒന്നുകില്‍ യുദ്ധം ചെയ്യാനും അല്ലെങ്കില്‍ തോല്‌വി സമ്മതിക്കാനും ഓരോ രാജാവിനോടും രാവണന്‍ ആവശ്യപ്പെട്ടു. പല രാജാക്കന്മാരും യുദ്ധമില്ലാതെ തോല്‍വി സമ്മതിച്ചു. സമ്മതിക്കാത്തവരെ യുദ്ധത്തില്‍ ജയിക്കുകയോ വധിക്കുകയോ ചെയ്തു. മരുത്തനെ ജയിച്ചു. അനരണ്യനെ വധിച്ചു. ഇങ്ങനെ രാവണന്‍ വിരാജിക്കുമ്പോഴാണ് ജനിക്കുമ്പോള്‍ തന്നെ ജര, നര, രോഗം, വിശപ്പ്, ദാഹം എന്നിവകളാല്‍ ജനിക്കുമ്പോഴേ കൊല്ലപ്പെട്ടുകഴിഞ്ഞ മാനവരെ തോല്പിക്കുന്നത് രാവണന്റെ അന്തസ്സിനു യോജിക്കുന്ന കാര്യമല്ലെന്നും യമനെ കീഴടക്കുന്നതാണ് ഉചിതമെന്നും നാരദന്‍ ഉപദേശിച്ചത്. യമലോകത്ത് എത്തിയ രാവണന്‍ നരകസ്വര്‍ഗ്ഗങ്ങള്‍ കണ്ടതിനുശേഷം യമനെ തോല്പിച്ചു. നരകത്തില്‍ കിടന്ന ദുഷ്‌കൃതികളെ മോചിപ്പിച്ചു.

നിവാതകവചന്മാരുമായി സന്ധി ചെയ്തു സൗഹാര്‍ദ്ദത്തിലായ രാവണന്‍ അവരില്‍ നിന്നും നൂറ് മായാവിദ്യകള്‍ പഠിച്ചു. കാലകേയന്മാരുമായുള്ള യുദ്ധത്തിലും രാവണന്‍ ജയിച്ചു. കാവണനുമായുള്ള യുദ്ധത്തില്‍ പേടിച്ച വരുണന്‍ ഒളിവില്‍ പോയി. സൂര്യനെ ജയിച്ചു. മാന്ധാതാവിയോട് സന്ധിചെയ്ത് കാലചക്രം തിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. പ്രബലനായ കാര്‍ത്തവീരാര്‍ജ്ജുനനുമായി യുദ്ധം ചെയ്തു ഒത്തുതീര്‍പ്പുണ്ടാക്കി. ബാലിയുമായുള്ള യുദ്ധത്തില്‍ രാവണന് ക്ഷീണം പറ്റി. അവര്‍ തമ്മില്‍ അനാക്രമണ സഖ്യം ഉണ്ടാക്കി ബാലിയെ കൂടെ നിര്‍ത്തി. രാവണപുത്രനായ മേഘനാദന്‍ ഇന്ദ്രനെ ജയിച്ച് ഇന്ദ്രജിത്തായി. ദേവാസുര രാജവംശഗണങ്ങളെ മുഴുവന്‍ ജയിച്ച രാവണന്‍ ലോകത്തിന്റെ ചക്രവര്‍ത്തിയായി.

തിരുവായ്ക്ക് എതിര്‍വാ പറയുന്നത് രാവണന് ഇഷ്ടമായിരുന്നില്ല. സീതയെ അപഹരിക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് മാരീചനെ സമീപിക്കുമ്പോള്‍ അതില്‍ നിന്നും രാവണന്‍ പിന്മാറണമെന്നും സീതാപഹരണം വംശനാശത്തിന് കാരണമാകുമെന്നും പറഞ്ഞപ്പോള്‍ തന്നെ അനുസരിച്ചില്ലെങ്കില്‍ കൊല്ലും എന്നു പറയാന്‍ രാവണന്‍ മടിച്ചില്ല. രാമനുമായി യുദ്ധം വേണ്ടെന്നും സീതയെ നല്കി പ്രശ്‌നം അവസാനിപ്പിക്കണമെന്നും വിഭീഷണന്‍ പറഞ്ഞപ്പോഴും മറ്റാരെങ്കിലുമായിരുന്നെങ്കില്‍ വെട്ടിക്കൊല്ലുമായിരുന്നു എന്നുപറഞ്ഞ് ഭീഷണി മുഴക്കുകയാണ് ചെയ്തത്. യുദ്ധകാര്യങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന രാജസഭയില്‍ യുദ്ധമല്ല, സമാധാനമാണ് കാമ്യം എന്നു പറഞ്ഞവരെ ഭീരുക്കള്‍ എന്നു പരിഹസിച്ചിരുത്തുകയാണ് ചെയ്തത്. സീതയെ നല്കി യുദ്ധം ഒഴിവാക്കണമെന്ന് പട്ടമഹിഷിയായ മണ്ഡോദരി പറഞ്ഞപ്പോള്‍ അവരുമായും രാവണന്‍ മുഷിഞ്ഞു സംസാരിച്ചു. ലോകത്തിന്റെ ചക്രവര്‍ത്തിയായ തന്നോട് എതിര് പറയുന്നവനെ വധ്യനായും അനിഷ്ടം പറയുന്നവനെ ശത്രുവായും കരുതി രാവണനെ സ്തുതിപാഠകരായ അവസരവാദികള്‍ ഇഷ്ടംപറഞ്ഞ് കൊല്ലിക്കുകയും ചെയ്തു.

മൂപ്പാരിനും ഉടമയായിരുന്ന രാവണന്‍ ലോകഭോഗങ്ങളുടെ അടിമയായിരുന്നു. അധികാരം, പണം, പദവി, യശസ്സ് എന്നിവകളുടെ അടിമയും ഉടമയുമായിട്ടായിരുന്നു രാവണജീവിതം. ആയിരക്കണക്കിന് പുരനാരികളെ ആസ്വദിച്ചും പരദാരങ്ങളെ ബലാല്‍സംഗം ചെയ്തും ജീവിതം ആഘോഷിച്ച രാവണന് പക്ഷേ, സ്വയം കൃതാനാര്‍ത്ഥങ്ങളിലൂടെ സമ്പാദിച്ച ശാപം മൂലം സീതയെ ആസ്വദിക്കാനോ ബലാല്‍സംഗം ചെയ്യാനോ കഴിയാതെ നിരാശനായി മരിക്കേണ്ടി വന്നു. സീതയെ കാമിക്കുക എന്ന അദമ്യമായ ആഗ്രഹം നിറവേറ്റാനാകാതെയാണ് മക്കളും ചെറുമക്കളും ബന്ധുജനങ്ങളും സൈന്യശേഷിയും നഷ്ടപ്പെട്ട് അനാഥനെപോലെ രാവണന്‍ മരിച്ചത്.
ബ്രാഹ്മണ പുത്രനായി ജനിച്ച രാവണന് നാല് വേദങ്ങളും ആറ് ശാസ്ത്രങ്ങളും ഹൃദിസ്ഥമായിരുന്നു. പത്തു തലകള്‍ നല്കിയ അപാരമായ ബുദ്ധിശക്തികൊണ്ട് സംഗീത സാഹിത്യാദികലകളില്‍ അപാരമായ കഴിവുകള്‍ നേടി. ഇരുപതു കയ്യുകള്‍ നല്കിയ കൈക്കരുത്തുകൊണ്ട് കൈലാസത്തെ പോലും വിറപ്പിച്ചു. അളവറ്റ സമ്പത്തു നേടി ലങ്കയെ സ്വര്‍ണ്ണനഗരമാക്കി മാറ്റി. ഇതൊക്കെ ഉണ്ടായിട്ടും രാവണനെ മാനവസംസ്‌കാരത്തിന്റെ മാതൃകയായി ആരും കാണുന്നില്ല. എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. രാവണന്‍ നേടാനല്ലാതെ ഒന്നിനെയും ഉപേക്ഷിക്കാന്‍ പഠിച്ചിട്ടില്ല. ലോകഭോഗങ്ങളുടെ ഉടമയും അടിമയും എന്ന നേട്ടത്തില്‍ മാത്രമെ അഭിരമിക്കുകയുള്ളൂ. ജീവിതം ത്യാഗത്തിന്റേതു കൂടിയാണെന്ന ലളിതമായ കാര്യം അവര്‍ക്ക് മനസ്സിലായില്ല. ലോകം മുഴുവന്‍ കീഴടക്കിയ ഒരു ചക്രവര്‍ത്തി എല്ലാം നഷ്ടപ്പെട്ട് അനാഥനെ പോലെ മരിക്കേണ്ടി വന്നത് ജീവിതവും ലോകവും തനിക്ക് വേണ്ടി മാത്രമാണെന്നു വിശ്വസിക്കുന്നവന്റെ വിധിയാണ്. അനിവാര്യമായ ഈ നാശത്തിന്റെ കഥകൂടി അടങ്ങിയതാണ് രാവണചരിതം.

Comments are closed.