DCBOOKS
Malayalam News Literature Website

സീത ധര്‍മ്മിഷ്ഠയാണ്; രാമന്‍ ധര്‍മ്മിഷ്ഠനും

ജനകമഹാരാജാവിന്റെ പുത്രിയാണ് താന്‍. തന്റെ സ്വഭാവസ്ഥൈര്യം ശ്രീരാമന്‍ പരിഗണിച്ചില്ല എന്നു പറഞ്ഞുകൊണ്ടാണ് തനിക്കുവേണ്ടി ചിതയൊരുക്കാന്‍ ലക്ഷ്മണനോട് സീത ആജ്ഞാപിച്ചത്. രാജാവായ രാമന്‍ തന്നെ നിസ്സാരയായി കരുതി അവമാനിച്ചു. തന്റെ സ്വഭാവ ശുദ്ധിയെ സംശയിച്ചുകൊണ്ടുതന്നെ ജനമധ്യത്തില്‍ വെച്ച് ഉപേക്ഷിച്ചു. ശ്രീരാമന്റെ പരുഷമായ വാക്കുകളാല്‍ അവഹേളിക്കപ്പെട്ട സീതയ്ക്ക് താന്‍ തന്റെ ശരീരത്തില്‍ തന്നെ ഒതുങ്ങുന്നതായി തോന്നി എന്നാണ് വാല്മീകി എഴുതിയത്. ഹീനനായ ഒരുവന്‍ ഹീനയായ ഒരുവളോട് സംസാരിക്കുന്നതുപോലെ രാമന്റെ വാക്കുകള്‍ പ്രാകൃതങ്ങളായിരുന്നു എന്നും സീത നിരീക്ഷിച്ചു.

താന്‍ പൗരുഷം കൊണ്ട് ചെയ്യേണ്ടതു ചെയ്തു എന്നാണ് ലങ്കയെ ദഹിപ്പിച്ച് രാവണനെ വധിച്ച് സീതയെ വീണ്ടെടുത്തതിനെക്കുറിച്ചുള്ള രാമന്റെ പ്രതികരണം. ദൈവം തന്ന ആപത്തിനെ മനുഷ്യന്റെ ധീരത കൊണ്ട് നേരിട്ട് ഇല്ലാതാക്കി. അഗസ്ത്യമുനി തെക്കന്‍ ദിക്കുകളെ വീണ്ടെടുത്തുപോലെയാണ് താന്‍ സീതയെ വീണ്ടെടുത്തതെന്ന് രാമന്‍ സീതയോട് തന്നെ പറഞ്ഞു. രാവണന്റെ സീതാപഹരണം തന്റെ വംശത്തിനു കളങ്കം ചാര്‍ത്തി. തന്റെ വംശത്തിന് ഏറ്റ ദുഷ്‌പേര് ഇല്ലാതാക്കാനും രാജനീതി പരിപാലിക്കാനുമാണ് താന്‍ സീതയെ വീണ്ടെടുത്തതെന്നും സീതക്ക് വേണ്ടിയായിരുന്നില്ല എന്നും പരുഷമായി തന്നെ രാമന്‍ പറഞ്ഞു. സീതയുടെ ചാരിത്ര്യത്തില്‍ സംശയങ്ങള്‍ ഉണ്ട് എന്നും ദിവ്യാംഗസൗന്ദര്യമുള്ളവളും സ്വഗൃഹത്തില്‍ താമസിക്കുന്നവളുമായ സീതയെ നോക്കിക്കൊണ്ട് മനസ്സിനെ നിയന്ത്രിക്കാന്‍ അശക്തനായ രാവണന്‍ എങ്ങനെ കഴിഞ്ഞു എന്നതില്‍ തനിക്ക് സംശയമുണ്ടെന്നും രാമന്‍ പറഞ്ഞു. അതുകൊണ്ട് യഥേഷ്ടം എങ്ങോട്ടു വേണമെങ്കിലും സീതയ്ക്ക് പോകാമെന്നും രാജാവായ രാമന്‍ തന്റെ വംശമഹിമ സംരക്ഷിച്ചു കൊണ്ട് അനുവാദം നല്കുകയും ചെയ്തു. നേത്രരോഗിക്ക് ദീപം പോലെ സീതയുടെ സാന്നിദ്ധ്യം തന്നെ അസ്വസ്ഥനാക്കുന്നു എന്നും രാമന്‍ പറഞ്ഞു.

നേത്രരോഗിക്ക് ദീപം കണക്കെ എന്ന ഉപമ നന്നായിട്ടുണ്ട്. രോഗം ദീപത്തിനല്ല രോഗിക്കാണെന്നു രാമന്‍ സമ്മതിക്കുന്നുണ്ട്. നേത്രരോഗിയായ രാമനോടാണ് തന്റെ ശരീരത്തില്‍ രാവണന്‍ സ്പര്‍ശിച്ചത്. തന്റെ ആഗ്രഹത്താലോ സമ്മതത്താലോ അല്ലെന്നും തന്റെ അധീനതയിലുള്ള മനസ്സ് സുസ്ഥിരമായി നില്ക്കുന്നു എന്നും സീത പറഞ്ഞത് ആത്മാവ് ഭേദിച്ചു നിന്നുകൊണ്ടാണ് രാമന്റെ ക്രൂരവാക്കുകള്‍ സീത കേട്ടത്. അതിനു മുന്‍പ് അശോകവനിയില്‍ ശിംശിപാ വൃക്ഷച്ചുവട്ടില്‍ രാവണന്റെയും രാക്ഷസികളുടെയും അധീനതയില്‍ ഇരുന്നിരുന്നപ്പോള്‍ രാവണന്‍ ശ്രീരാമനെ നിന്ദിച്ചപ്പോഴാണ് സീത ആത്മാവ് ഭേദിച്ചിരുന്നത്. രാവണന്റെ മുന്‍പിലും രാമന്റെ മുന്‍പിലും അപമാനഭാരത്തോട് സീതയ്ക്ക് നില്‌ക്കേണ്ടി വന്നു. രാവണന്‍ മനോനിയന്ത്രണമില്ലാത്തവനും വിഷയാസക്തനാണെന്നും രാമന് മാത്രമല്ല, രാവണനെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. രാവണഹിതത്തെ കാംക്ഷിക്കുന്നവര്‍, മണ്ഡോദരിയടക്കം ജാനകിയെ തിരികെ രാമന് നല്കണമെന്ന് പറഞ്ഞപ്പോഴെല്ലാം ദേവാസുരഗന്ധര്‍വ്വന്മാര്‍ ഒരുമിച്ച് എതിര്‍ത്താലും സീതയെ നല്കാന്‍ തനിക്കാകില്ല എന്നു പറയുന്ന രാവണന്‍ തന്റെ വിഷയാസക്തിയെ തന്നെയാണ് സമര്‍ത്ഥിച്ചത്.

വിഷയാസക്തന്റെ അധീനതയില്‍ ഒരു വര്‍ഷത്തോളം തടവില്‍ കഴിയേണ്ടി വന്ന അതിസുന്ദരിയായ സ്ത്രീക്ക് അവളുടെ ചാരിത്ര്യം കാത്തു സൂക്ഷിക്കാനാകില്ല എന്ന സംശയം മാലോകര്‍ക്ക് ഉണ്ടാകാവുന്നതും സ്വാഭാവികമാണ്. എന്നാല്‍ ജാനകിയുടെ ഭര്‍ത്താവായ രാമന് അങ്ങന ഒരു സംശയം ഉണ്ടായത് ന്യായീകരിക്കാനാകില്ല എന്നാണ് സീത കരുതിയത്. അതുകൊണ്ടാണ് രാമന്‍ പ്രാകൃതനെപോലെ സംസാരിക്കുന്നു എന്ന് ജാനകി നിരീക്ഷിച്ചത്. രാവണന്‍ ബലാല്‍ക്കാരമായി തന്നെ സ്പര്‍ശിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് രാവണനോട് മാത്രമല്ല, രാക്ഷസ സ്ത്രീകളോടും, മാരുതിയോടും ജാനകി പറയുകയും ചെയ്തു. അങ്ങനെയുള്ള തന്റെ ചാരിത്ര്യത്തെ സംശയിച്ചുകൊണ്ട് തന്നെ അവഹേളിച്ച രാമനെ വെല്ലുവിളിച്ചുകൊണ്ടാണ് അഗ്‌നിപരീക്ഷയ്ക്ക് സീത തയ്യാറായത്. കാരണം, സര്‍വ്വവേദാന്ത സാരഗ്രാഹിയായ ജനകമഹാരാജാവിന്റെ മകള്‍ക്ക് അവളുടെ വംശമഹിമയും തെളിയിക്കേണ്ടതുണ്ടായിരുന്നു. രാമന്റെ ധര്‍മ്മപത്‌നിയായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും ജനകരാജാവിന്റെ മകള്‍ സ്വഭാവശുദ്ധിയില്ലാത്തവളാണെന്നു ലോകം കരുതരുത് എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

അതുകൊണ്ടാണ് ലക്ഷ്മണനോട് ചിതയൊരുക്കി അഗ്‌നി തെളിക്കാന്‍ ജാനകി ആജ്ഞാപിച്ചത്. രാമന്റെ നയനസംജ്ഞയാലുള്ള സമ്മതത്തോടെയാണ് ലക്ഷ്മണന്‍ അഗ്‌നി കൊളുത്തിയത്. മനസാ, വാചാ, കര്‍മ്മണാ തനിക്ക് ചാരിത്ര്യഭംഗം ഉണ്ടായിട്ടില്ലെങ്കില്‍ രാമനില്‍ നിന്ന് ഒരു നിമിഷം പോലും തന്റെ ഹൃദയം അകന്നിട്ടില്ല എങ്കില്‍ അഗ്‌നി തന്നെ രക്ഷിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഭൂമി പുത്രിയായ ജനകജ അഗ്‌നിയില്‍ സ്വയം സമര്‍പ്പിച്ചത്. സത്യത്തിന്റെ നിത്യസാക്ഷിയായ അഗ്‌നിക്ക് സീതയെ സ്പര്‍ശക്കാനായില്ല. കാരണം, സത്യത്തെ അഗ്‌നിക്ക് ചാമ്പലാക്കാനോ ജലത്തിന് ലയിപ്പിച്ചു കളയാനോ സാധ്യമല്ല. ജാനകി സത്യത്തിന്റെ നിത്യസാക്ഷ്യമാണ്.

സത്യത്തിന്റെ നിത്യസാക്ഷ്യമായ സീത ചാരിത്ര്യം സംരക്ഷിച്ചത് രാമന് വേണ്ടിയായിരുന്നില്ല. ജനകമഹാരാജാവിന്റെ മകള്‍ക്ക് സത്യവും ധര്‍മ്മവും ഹൃദിസ്ഥമായിരുന്നു. പാപത്തില്‍ ചരിക്കാത്ത തനിക്ക് താന്‍ തന്നെയാണ് സാക്ഷിയെന്നു സീത കരുതുകയും പറയുകയും ചെയ്തിട്ടുണ്ട്. അയോദ്ധ്യയിലെ സുഖഭോഗങ്ങള്‍ അനുഭവിച്ചു കഴിയുന്നതാണ് സീതയ്ക്ക് നല്ലതെന്നും ആഹാരം പോലും ലഭിക്കാനിടയില്ലാത്ത ആരണ്യമാസം ജനകജയ്ക്ക് താങ്ങാനാവില്ല എന്നും പറഞ്ഞ് രാമന്‍ സീതയെ പിന്‍തിരിപ്പിക്കാന്‍ പരമാവധി പരിശ്രമിച്ചിട്ടും സീത രാമനെ അനുഗമിച്ചു. അക്കാര്യത്തില്‍ രാമന്റെ ഉപദേശം ജനകജ സ്വീകരിക്കാതിരുന്നത് അവളുടെ കൈപിടിച്ച് രാമന് കൊടുക്കുമ്പോള്‍ രാമനെ അവള്‍ നിഴല്‍പോലെ പിന്‍തുടരുമെന്നു ജനകന്‍ പറഞ്ഞിരുന്നതുകൊണ്ടാണ്. ഭര്‍ത്താവിനെ സുഖദുഃഖങ്ങളില്‍ പിരിയാതെ പിന്‍തുടരുന്നതാണ് ഭാര്യാധര്‍മ്മമെന്ന് അനഘാചാരയായ സീതയ്ക്ക് അറിയാമായിരുന്നു. സീത ചാരിത്രധര്‍മ്മം പരിപാലിച്ചത് രാമന് വേണ്ടിയായിരുന്നില്ല, സീതയ്ക്ക് വേണ്ടിയായിരുന്നു. തനിക്ക് ഉത്തമബോദ്ധ്യമുള്ള സത്യം മാത്രം ആചരിച്ചു ജീവിച്ച സീതയ്ക്ക് ഏതൊരു കാര്യവും തന്നെമാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. ജാനകിക്ക് സാക്ഷി ജാനകി തന്നെയായിരുന്നു. അതില്‍ അവര്‍ തൃപ്തയുമായിരുന്നു.

സത്യത്തിന്റെ നിത്യസാക്ഷ്യമായ അഗ്‌നി പറഞ്ഞു: ”മൂന്നുലോകങ്ങളിലും കളങ്കമേല്ക്കാത്തവള്‍ സീത മാത്രം” മുപ്പാരിന്റെയും വിശ്വാസമാര്‍ജ്ജിക്കാനും മൂന്നു ലോകങ്ങളിലും സംശുദ്ധയാണ് സീതയെന്നും സ്ഥാപിക്കാനുമാണ് താന്‍ അഗ്‌നി പരീക്ഷയ്ക്ക് സമ്മതിച്ചതെന്നും രാമന്‍ വിശദീകരിച്ചു. സൂര്യനില്‍ നിന്നും പ്രഭ വേറിട്ടു നില്ക്കാത്തതുപോലെ സീത തന്നില്‍തന്നെ എന്നുമുണ്ടെന്നും ആത്മതേജസ്സുകൊണ്ട് രക്ഷ നേടാന്‍ സീതയ്ക്ക് കഴിയുമെന്നും രാമന്‍ നിരീക്ഷിച്ചു. പരീക്ഷിക്കാതെ സീതയെ സ്വീകരിച്ചാല്‍ സജ്ജനങ്ങള്‍ തന്നെ അതികാമിയെന്നു വിശേഷിപ്പിക്കുമെന്നും രാമന്‍ ന്യായീകരിച്ചു. പ്രാകൃത മനുഷ്യനെ പോലെ പരിശുദ്ധയും ഭര്‍ത്തൃമതിയുമായ സീയെ എന്തുകൊണ്ട് രാമന്‍ ഉപേക്ഷിച്ചു എന്ന ചോദ്യം വാല്മീകി തന്നെ രാമായണത്തില്‍ ചോദിക്കുന്നുണ്ട്. സീതയെപോലെ തന്നെ കേവല ധര്‍മ്മത്തെ ആസ്പദമാക്കി കര്‍മ്മം ചെയ്യുന്ന ഋഷിയാണ് രാമന്‍ എന്നതും ഓര്‍ക്കണം. സീതയ്ക്ക് അവളെ മാത്രം ഭരിച്ചാല്‍ മതി. അതുകൊണ്ട് അവള്‍ക്ക് ആത്മബോധ്യം മാത്രം മതി. എന്നാല്‍ രാമന്‍ രാജാവാണ്. രാജധര്‍മ്മം പ്രജാക്ഷേമമാണ്. പ്രജാക്ഷേമതത്പരനായ രാജാവ് ധര്‍മ്മം അനുഷ്ഠിച്ചാല്‍ മാത്രം പോര, രാജാവ് ധര്‍മ്മം അനുഷ്ഠിക്കുന്നുണ്ട് പ്രജകള്‍ക്ക് ബോധിക്കുകയും വേണം. അവനവനെ മാത്രം ബോധിപ്പിച്ചുകൊണ്ട് ധര്‍മ്മാനുഷ്ഠാനത്തില്‍ മുഴുകുന്നവര്‍ക്ക് ബഹുജനാഭിപ്രായം ഒരു പ്രശ്‌നമേയല്ല. എന്നാല്‍ ജനവിശ്വാസം ആര്‍ജിക്കേണ്ട രാജാവിന് ജനബോധ്യം ഒരു ബാദ്ധ്യത തന്നെയാണ്. രാജാവ് എത്രയ്ക്ക് ധര്‍മ്മനിഷ്ഠനായാലും പ്രജകള്‍ക്ക് ആ ബോധ്യം ഇല്ലെങ്കില്‍ ഒരു രാജാവിനും രാജധര്‍മ്മം പരിപാലിക്കാനാകില്ല.

രാമനും ജനകജയും അവരവരുടെ ജീവിതസന്ദര്‍ഭങ്ങളില്‍ ധര്‍മ്മം അനുഷ്ഠിക്കുന്നവരാണ്. അനഘാചാരയായ സീതയ്ക്ക് അവള്‍ തന്നെ സാക്ഷിയായാല്‍ മതി. രാജാവായ രാമന് പ്രജാസമ്മതി അനിവാര്യമാണ്. പ്രജകളെ കേള്‍ക്കാനും അവരുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണാനും ബാദ്ധ്യസ്ഥനാണ് രാജാവ്. രാജാവ് ദണ്ഡനീതി നടപ്പിലാക്കുന്നവനാണ്. ദണ്ഡനീതിയുടെ ഭാഗമായുള്ള ശിക്ഷാവിധികള്‍ നടപ്പിലാക്കുന്ന രാജാവ് ദണ്ഡനീതി നടപ്പിലാക്കുന്നവരാണ്. ദണ്ഡനീതിയുടെ ഭാഗമായുള്ള ശിക്ഷാവിധികള്‍ നടപ്പിലാക്കുന്ന രാജാവ് ധര്‍മ്മബോധവനാണെന്ന് വാദിക്കും പ്രതിക്കും ബോധിക്കണം. ഈ ബോദ്ധ്യം വേണമെങ്കില്‍ രാജാവിന് രഹസ്യജീവിതമോ സ്വകാര്യ ജീവിതമോ ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ട് രാജാവായ രാമന്റെ പട്ടമഹിഷി സംശുദ്ധയാണെന്ന് രാമന് സ്വകാര്യമായി ബോദ്ധ്യപ്പെട്ടാല്‍ മാത്രം പോര, പ്രജകള്‍ക്ക് ബോദ്ധ്യമാകുകയും വേണം. അക്കാര്യം രാമന്‍ തന്നെ ഇങ്ങനെ വിശദമാക്കി. ലോകം ബഹുമാനിക്കുന്നവരും നിര്‍മ്മലരുമായ ജനങ്ങള്‍ പറയുന്നതെന്തോ അത് കേള്‍ക്കാനും തനിക്ക് കടമയുണ്ടെന്നും ഓര്‍ക്കണം. സീത രാമനു വേണ്ടി ധര്‍മ്മം അനുഷ്ഠിക്കാതിരിക്കുന്നതുപോലെ രാജാവായ രാമന്‍ സീതക്ക് വേണ്ടിയും ധര്‍മ്മം അനുഷ്ഠിക്കുന്നില്ല. രണ്ടുപേരും കേവലധര്‍മ്മത്തെ ആസ്പദമാക്കി കര്‍മ്മം ചെയ്യുന്നു എന്നുമാത്രം.

Comments are closed.