DCBOOKS
Malayalam News Literature Website

ജാനകീദേവിയുടെ ഉഗ്രപ്രതിജ്ഞ

രാവണനോട്, കാമാവേശമില്ലാത്ത ഒരു സ്ത്രീ പോലും രാവണന്റെ അന്തപ്പുരത്തില്‍ ഉണ്ടായിരുന്നില്ല എന്ന് ഹനുമാന് നേരിട്ട് കണ്ടപ്പോള്‍ ബോദ്ധ്യമായി. രാവണനോട് വെറുപ്പുണ്ടായിരുന്ന ഒരു സ്ത്രീ മാത്രമേ ലങ്കയില്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. അത് സീതയായിരുന്നു. രാവണന്റെ ആയിരത്തിലേറെ വരുന്ന അതിസുന്ദരികളായ ഭാര്യമാര്‍ എല്ലാവരും കാമാവേശത്താല്‍ വിലാസലോലുപരായിട്ടാണ് ലങ്കയില്‍ വാണത്. എന്നാല്‍ സീത മാത്രം പുണ്യം ക്ഷയിച്ചു ഭൂമിയില്‍ പതിഞ്ഞ നക്ഷത്രത്തെപ്പോലെ ശിംശിപാവൃക്ഷച്ചുവട്ടില്‍ ഇരുന്നു. അവിടെ സീതയെ കാണാനായി വില്ലെടുക്കാത്ത മന്മഥനെപോലെ രാവണന്‍ ചെന്നു. അതുല്യമായ തേജസ്സുണ്ടായിരുന്നു മാരുതിക്ക്. ലങ്കേശന്റെ ഉഗ്രതേജസ് കണ്ടപ്പോള്‍ മാരുതിയുടെ മനസ്സും ചഞ്ചലമായി. സീതയെ എങ്ങനെയെങ്കിലും വശംവദയാക്കുക എന്നതായിരുന്നു രാവണന്റെ സന്ദര്‍ശനലക്ഷ്യം.

സീത വെറുംനിലത്ത് ആഹാരമൊന്നും കഴിക്കാതെ അവശയായി കിടക്കുകയായിരുന്നു. ദാശരഥിരാമന്‍ ജാനകിയെ തേടിയെത്തുമെന്ന ഭ്രാന്തമായ പ്രതീക്ഷ സീതയ്ക്കുണ്ടായിരുന്നു. പക്ഷേ, അതിന്റെ പ്രായോഗികതയില്‍ സംശയവും ജനിച്ചിരുന്നു. കാരണം, മകരമത്സ്യങ്ങള്‍ അടക്കി വാഴുന്ന ഘോരസമുദ്രത്താല്‍ ചുറ്റപ്പെട്ട ഒരു വലിയ തുരുത്തായിരുന്നു ലങ്ക. കടല്‍ കടന്ന് അവിടെയെത്താന്‍ സൈന്യങ്ങള്‍ക്കാകില്ല എന്ന് സമുദ്രത്തെ പറന്നു താണ്ടി ലങ്കയിലെത്തിയ മാരുതിയും കരുതി. ലങ്കയെ ആക്രമകാരികളില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നത് രാവണന്റെ കയ്യൂക്കും സമുദ്രത്തിന്റെ കാവലുമായിരുന്നു. അവ്വിധമുള്ള ലങ്കയില്‍ രാക്ഷസിമാരാല്‍ ചുറ്റപ്പെട്ട് രാവണന്റെ ആക്രമം ഏതു സമയത്തും ഉണ്ടാകാമെന്ന സന്ദേഹത്തോടെ വസിക്കുമ്പോഴും ജനകപുത്രിയുടെ ആത്മവിശ്വാസം നശിച്ചിരുന്നില്ല.

സീതയുടെ മനോഹാരിതയെ രാവണന്‍ ആവോളം പ്രശംസിച്ചു. പരപത്‌നീഹരണം രാക്ഷസര്‍ക്ക് വിഹിതകര്‍മ്മാണെന്നും അതിനാല്‍ സീതയെ അപഹരിച്ചത് തെറ്റല്ല എന്നും രാവണന്‍ സമര്‍ത്ഥിച്ചു. ബലാല്‍സംഗവും രാക്ഷസര്‍ക്ക് വിധിച്ചിട്ടുണ്ട്. എന്നാല്‍ സീതയോടുള്ള അതിരറ്റ സ്‌നേഹംമൂലം താന്‍ ഒരിക്കലും അതിന് മുതിരില്ലെന്നും രാവണന്‍ പറഞ്ഞു. മാത്രമല്ല, സീതയ്ക്ക് അതൃപ്തിയുണ്ടാകുന്ന വിധം അവളെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും താന്‍ മുതിരില്ല എന്നും രാവണന്‍ വാക്ക് കൊടുത്തു. യൗവ്വനം വെറുതെ കളയരുതെന്ന മുന്നറിയിപ്പു നല്‍കി. താന്‍ നേടിയ മുഴുവന്‍ സമ്പത്തും, തന്റെ രാജ്യവും തന്നെത്തന്നെയും സീതയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കാമെന്നും തന്റെ മുഴുവന്‍ ഭാര്യമാരും പട്ടമഹിഷിയായ മണ്ഡോദരിയും സീതയുടെ ദാസിമാരായിരിക്കുമെന്നും രാവണന്‍ ആണയിട്ടു പറഞ്ഞു. പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സര്‍വ്വാലംകൃതയായി, ഒരു നിമിഷമെങ്കിലും, ഉള്‍ക്കുളിര് ഉണ്ടാകുംവിധം ഒന്നു കാണാനായി മാത്രം നില്ക്കണമെന്ന് കേണ് അപേക്ഷിച്ചു. അതിനു ശേഷമാണ് രാമനെ പരാമര്‍ശിച്ചത്. രാമന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുതന്നെയറിയില്ല. രാമന്‍ തനിക്ക് തുല്യനല്ല. തപസ്സ്, ബലം, പരാക്രമം, ധനം, തേജസ്സ്, കീര്‍ത്തി എന്നിവയില്‍ എല്ലാം താന്‍ രാമനെക്കാള്‍ എത്രയോ മേലെയാണ്.

തന്റെ അധീനത്തിലുള്ള ലങ്കയില്‍ രാമന് കാല്‍കുത്താന്‍ കഴിയില്ലെന്നും രാവണന്‍ ആമുഖമായി പറഞ്ഞു.സീത രാവണനെ ഒന്നു നോക്കാന്‍ പോലും സന്നദ്ധയായില്ല. ഒരു ഉണക്കപുല്‍ക്കൊടി എടുത്തുവെച്ചതിനുശേഷം രാവണനോട് എന്നപോലെ പുല്‍ക്കൊടിയോടു സംസാരിച്ചു. പാപനിരതനായിരികുന്ന രാവണന് തന്നെപ്പോലെയുള്ള ഒരാളോട് സംസാരിക്കാനുള്ള യോഗ്യത പോലുമില്ല. ഏകഭര്‍ത്തൃവ്രതം അനുഷ്ഠിക്കുന്ന താന്‍ രാക്ഷസചക്രവര്‍ത്തിക്ക് യോജിച്ചവളല്ല. അന്യന് അധീനമാക്കുന്ന സ്വപത്‌നിയെ രക്ഷിക്കുന്നതുപോലെ അന്യന്റെ ഭാര്യയെ അധര്‍മ്മത്തില്‍ നിന്നും സംരക്ഷിക്കേണ്ടത് രാജാവിന്റെ ധര്‍മ്മാണെന്നും ഓര്‍ക്കണം. ഭര്‍ത്തൃമതിയായ ഭാര്യ അവളെ അപഹരിക്കുന്നവനെ അപമാനിക്കും. ഇതൊന്നും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുവാന്‍ കഴിയുന്ന സജ്ജനങ്ങള്‍ രാവണരാജ്യത്ത് ഇല്ലേ എന്നും സീത ചോദിച്ചു. അഹങ്കാരത്താല്‍ മതിമറക്കുന്ന രാവണനെ സദുപദേശം നല്‍കാന്‍ ആളുകള്‍ മടിക്കുന്നതാകാം എന്നും സീത പറഞ്ഞു. മനോനിയന്ത്രണില്ലാതെ നീതിരഹിതമായ രാജ്യം ഭരിക്കുന്ന രാജാവിന്റെ രാജ്യം നശിക്കും. അവിടത്തെ ഐശ്വര്യം നശിക്കും. അതുകൊണ്ട് ‘രാവണാ നിന്റെ നാശത്തില്‍ ജീവജാലം മുഴുന്‍ സന്തോഷിക്കു’മെന്നും സീത പറഞ്ഞു.

പ്രഭ സൂര്യനില്‍ ലയിച്ചിരിക്കുന്നതുപോലെ താന്‍ രഘുകുലദേവനില്‍ അവിഭാജ്യയായി നില്ക്കുന്നു. ഉത്തമബ്രാഹ്മണനില്‍ ആത്മവിദ്യ എന്നപോലെ താന്‍ രാമചന്ദ്രനില്‍ നിലനില്‍ക്കുന്നു. ലോകനാഥനായ ശ്രീരാമന്റെ പേര് പറയാന്‍ പോലും രാവണന് അവകാശമോ അര്‍ഹതയോ ഇല്ല. ദയാസമുദ്രമാണ് രാമന്‍. അഭയം പ്രാപിക്കുന്നവരെ കൈവിടില്ല. അതുകൊണ്ട് രാമനെ അഭയം പ്രാപിക്കുക; അത് മാത്രമാണ് രക്ഷപ്പെടാനുള്ള ഏകമാര്‍ഗ്ഗം. രാമനെ എതിര്‍ത്താല്‍ രാവണനും ലങ്കയും ഒരുപോലെ നശിക്കും. ആത്മബലത്തില്‍ അഹങ്കരിക്കുന്ന രാവണന്‍ ഭീരുവാണ്. അതുകൊണ്ടാണല്ലോ, ചതിപ്രയോഗത്തിലൂടെ രാമലക്ഷ്മണന്മാരെ കാണാതെ തന്നെ മോഷ്ടിച്ചതെന്നും സീത പറഞ്ഞു, ‘രാവണാ, നീ ഏത് ഗുഹയില്‍ ഒളിച്ചാലും രാമബാണം നിന്നെ തേടിയെത്തി നിന്നെ വധിക്കും.’ സീത പറഞ്ഞുനിര്‍ത്തി.

രുഷ്ടനായ രാവണന്റെ ഭാവം മാറി. തന്നെ സീത അപമാനിച്ചതില്‍ ക്ഷോഭം കൊണ്ടു. തിരുവായ്ക്ക് എതിര്‍വാക്കില്ലാത്ത ചക്രവര്‍ത്തിയെ അപമാനിച്ചവള്‍ എന്ന നിലയില്‍ സീത വധാര്‍ഹയാണ്. പക്ഷേ, സീതയോടുള്ള അദമ്യമായ പ്രേമം തന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു എന്നു രാവണന്‍ പ്രതിവചിച്ചു. രണ്ടുമാസത്തെ അവധികൂടി നിനക്ക് താന്‍ സൗജന്യമായി നല്കുകയാണെന്നും അതിനുള്ളില്‍ തന്റെ കിടപ്പറയില്‍ തന്നോടൊപ്പം ശയിക്കണമെന്നും രാവണന്‍ അന്ത്യശാസനം നല്കി. രണ്ടുമാസം കഴിഞ്ഞ് താന്‍ ഒരിക്കല്‍കൂടി വരുമെന്നും അതിനുള്ളില്‍ തന്റെ ഇംഗിതം നിറവേറ്റിയില്ലെങ്കില്‍ സീതയെ വെട്ടിനുറുക്കി പ്രഭാതഭക്ഷണമായി കഴിക്കുമെന്നും രാവണന്‍ ഭീഷണിപ്പെടുത്തി. രാവണന്റെ നാശം ആഗ്രഹിക്കുന്നവരാണ് ലങ്കയില്‍ ഉള്ളതെന്നും അതുകൊണ്ടാണ് ഈ അധര്‍മ്മത്തെ അവരാരും തടയാത്തത് എന്നും സീത ഓര്‍മ്മപ്പെടുത്തി. തന്റെ പാതിവ്രത്യത്തിന്റ അഗ്നിയില്‍ രാവണനെ ദഹിപ്പിക്കാന്‍ കഴിയുമെന്നും അതു ചെയ്യാത്തത് രാമന്റെ അനുവാദമില്ലാത്തതു കൊണ്ടാണെന്നും സീത പറഞ്ഞു. തന്നെ അപമാനിച്ചത് രാവണനാശത്തിനായി ദൈവം കണ്ടെത്തിയ മാര്‍ഗ്ഗമാണെന്നു സീത മുന്നറിയിപ്പു നല്‍കി. ധന്യമാലിനി എന്ന രാക്ഷസി ഈ ഘട്ടത്തില്‍ ഇടപെട്ടു. തന്നോട് കാമമില്ലാത്തവളെ കാമിക്കുന്നത് പുരുഷശരീരത്തെ തപിപ്പിക്കുമെന്നും സ്‌നേഹിക്കുന്നവളെ വേണം പുരുഷന്‍ കാമിക്കേണ്ടത് എന്നുംപറഞ്ഞ് രാവണനെ അവള്‍ അന്തപുരത്തിലേക്ക് കൊണ്ടുപോയി.

രാവണന്റെ ഉദ്യമങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടുകൊണ്ടിരുന്നു. എന്നിട്ടും രാവണന്‍ നിരാശനായില്ല. ചതുരുപായങ്ങള്‍ ഉപയോഗിച്ച് സീതയെ പാട്ടിലാക്കാന്‍ രാക്ഷസീവൃന്ദത്തെ ചുമതലപ്പെടുത്തിയിട്ടാണ് രാവണന്‍ അന്തപ്പുരത്തിലേക്ക് നീങ്ങിയത്. അപ്പോഴാണ് തന്നെ കടിച്ചുതിന്നാലും വെട്ടി നുറുക്കി ഭക്ഷിച്ചാലും താന്‍ രാക്ഷസപത്‌നിയായിരിക്കില്ല എന്ന് സീത പ്രതിജ്ഞ ചെയ്തത്. അന്യന്റെ ഭാര്യയെ മോഷ്ടിക്കാനും അവളെ ബലാല്‍സംഗം ചെയ്യാനും ബലാല്‍സംഗത്തിനു വഴങ്ങിയില്ലെങ്കില്‍ അവളെ വെട്ടി നുറുക്കി ഭക്ഷിക്കാനും തനിക്ക് അവകാശമുണ്ടെന്നു വിശ്വസിക്കുന്ന ഏതൊരു രാജാവും രാക്ഷസന്‍ തന്നെയാണ്. കാരണം, ‘യഥാ രാജ തഥാ പ്രജ’ എന്ന തത്ത്വപ്രകാരം ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളും രാജാവിനെ അനുകരിച്ചുകൊണ്ട് പരന്റെ ഭാര്യയെ മോഷ്ടിക്കാനും, ബലാല്‍സംഗം ചെയ്യാനും ബലാല്‍സംഗത്തിന് വഴങ്ങിയില്ലെങ്കില്‍ കൊന്നുതിന്നാനും ശ്രമിച്ചാലുള്ള അവസ്ഥ ആലോചിച്ചു നോക്കുക. അത്തരം ഒരു അവസ്ഥ അരാജകത്വമായിരിക്കും സൃഷ്ടിക്കുക. അരാജകത്വം കയ്യൂക്കുള്ളവനെ കാര്യക്കാരനാക്കും. ആ വ്യവസ്ഥയാകട്ടെ പരമശക്തന്റെ സര്‍വ്വാധികാരത്തെ അരിയിട്ടു വാഴിക്കും.

അത്തരം പരമശക്തന്റെ തികവുറ്റ ഉദാഹരണമാണ് രാവണന്‍. സ്വശക്തിയില്‍ അഹങ്കരിക്കുന്ന രാവണന്മാരെ സംബന്ധിച്ചിടത്തോളം എന്തു ചെയ്തും ഇന്ദ്രിയസുഖം നേടണമെന്നു മാത്രമെ വിശ്വസിക്കുകയുള്ളൂ. ലങ്കയുടെ സ്വര്‍ണ്ണപ്പകിട്ടും ആര്‍ഭാടപൂര്‍ണ്ണമായ ജീവിതവും ആ ജീവിതം പ്രദാനം ചെയ്യുന്ന ലഹരിയും നമ്മോടു പറയുന്നത് ജീവിതം ഇന്ദ്രിയസുഖം നേടാനുള്ള ഉപായം മാത്രമാണെന്നാണ്. അതിനുവേണ്ടി എന്തും ചെയ്യാമെന്നും എന്തു ചെയ്യുന്നതും തെറ്റല്ല എന്നും അതില്‍ അഭിരമിക്കുന്നവന്‍ വിശ്വസിക്കും. അതുകൊണ്ടല്ലേ സീതയുമായി രമിക്കണം എന്ന ഒറ്റ ലക്ഷ്യം നേടുന്നതിനുവേണ്ടി ഒരു രാജ്യത്തെ മുഴുവന്‍ അവരുടെ കാല്‍കീഴില്‍ അടിയറ വെക്കാന്‍ രാവണന്‍ തയ്യാറായത്. സ്വാര്‍ത്ഥതാപൂരണത്തിനായി ഒരു രാജ്യത്തെ അടിയറ വെക്കാന്‍ ഒരു രാജാവിനും ഒരു രാജ്യഭരണവ്യവസ്ഥയ്ക്കും അധികാരം നല്‍കുന്നില്ല. താനാണ് രാജ്യം. തന്റെ ഇഷ്ടാനിഷ്ടങ്ങളാണ് രാജ്യനിയമമെന്ന് രാവണനെ പോലെ വിശ്വസിക്കുന്ന ഏത് രാജാവും സ്വയം തകരുമെന്നു മാത്രമല്ല, രാജ്യത്തെ തകര്‍ക്കുകയും ചെയ്യും.സീതാപഹരണം ആ തകര്‍ച്ചയുടെ തുടക്കമായിരുന്നു.

Comments are closed.