DCBOOKS
Malayalam News Literature Website

ബാലിവധം ധര്‍മ്മമോ അധര്‍മ്മമോ?

ധര്‍മ്മനിഷ്ഠനായ ചക്രവര്‍ത്തി രാമന്‍ അധര്‍മ്മത്തിലൂടെ തന്നെ നിഗ്രഹിച്ചു എന്നു പറഞ്ഞുകൊണ്ടാണ് ശ്രീരാമനെതിരെയുള്ള കുറ്റപത്രം ബാലി സംഗ്രഹിക്കുന്നത്. ബാലി അതിബലവാനാണ്. ഏഴ് കരിമ്പനകളെ ഒരുമിച്ചുലയ്ക്കാനുള്ള കരുത്തുള്ളവന്‍. ദുന്ദുഭി എന്ന മുഷ്‌കനും കരുത്തനുമായ അസുരനെ അനായാസം വധിച്ചവന്‍. ദുന്ദുഭി ഒരിക്കല്‍ കൈത്തരിപ്പു മാറ്റുന്നതിനു മാത്രമായി മഹാസാഗരത്തെ യുദ്ധത്തിനു വെല്ലുവിളിച്ചു. താന്‍ അശക്തനാണെന്നും തന്നേക്കാള്‍ ശക്തന്‍ ഹിമവാനാണെന്നും അതുകൊണ്ട് ഹിമാവാനെ പോരിനു വിളിക്കുന്നതാണ് ഉത്തമമെന്നും പറഞ്ഞ് സാഗരം ഒഴിഞ്ഞു. ദുന്ദുഭി ഉടന്‍ ഹിമവാനെ പോരിനു വിളിച്ചു. ഹിമവാനും തന്ത്രപൂര്‍വ്വം ഒഴിഞ്ഞുകൊണ്ട് കിഷ്‌കിന്ധയിലെ രാജാവായ ബാലിയെ പോരിന് വിളിക്കുന്നതാകും ഉത്തമം എന്നു പറഞ്ഞു. അങ്ങനെയാണ് ദുന്ദുഭി ബാലിയെ പോരിനു വിളിച്ചതും ആ പോരില്‍ ബാലി ദുന്ദുഭിയെ നിലത്തിട്ട് അരച്ചുരുട്ടി കൊന്നതും. അതുകൊണ്ടും അരിശം തീരാതെ ദുന്ദുഭിയുടെ മൃതശരീരം പൊക്കിയെറിഞ്ഞു. ആ ശരീരം ഒരു യോജന അപ്പുറത്തുള്ള മാതംഗാശ്രമത്തില്‍ ചെന്നു വീണു. ആശ്രമം രക്തപങ്കിലമായതില്‍ ക്ഷുഭിതനായ മുനി ശപിച്ചു. അതുകൊണ്ടാണ് ഋശ്യമൂകാചലം ബാലികേറാ മലയായത്.

ആ ബാലിയാണ് രാമസായകമേറ്റ് മരിച്ചു കൊണ്ടിരിക്കുമ്പോള്‍ രാമനെതിരെ കുറ്റപത്രം നല്‍കിയത്. നേരിട്ട് രാമനോട് യുദ്ധം ചെയ്യാത്ത തന്നെ മറഞ്ഞുനിന്നു അസ്ത്രമെയ്തു കൊന്നത് അധര്‍മ്മം തന്നെ. രാമനോടോ രാജ്യത്തോടെ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. തനിക്ക് രാമനോട് വൈരവുമില്ല. നിരപരാധിയായ തന്നെ കൊന്നത് അധര്‍മ്മം. ശാഖാമൃഗമെന്ന നിലയില്‍ താന്‍ സജ്ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുവല്ല. ഭക്ഷ്യവസ്തു അല്ലാത്ത തന്നെ കൊന്നത് ആ നിലയ്ക്കും അധര്‍മ്മം. ഒരു രാജാവിനും തന്നിഷ്ടം കാണിക്കാന്‍ അധികാരമില്ല. രാജാവും രാജധര്‍മ്മശാസനം അനുസരിച്ചു മാത്രമെ ദണ്ഡനാധികാരം പ്രയോഗിക്കാന്‍ പാടുള്ളൂ. അതുകൊണ്ട് തന്നെ അസ്ത്രം ചെയ്തു കൊന്നത് അധര്‍മ്മം. ആയതിനാല്‍ രാജാവായ രാമന്‍ മഹാപാപിയും കപടനാട്യക്കാരനുമാണെന്നും ബാലി പറഞ്ഞു. സീതയെ കണ്ടെത്തുന്നതിനുവേണ്ടിയാണ് സുഗ്രീവനുമായുണ്ടാക്കിയ സൗഹൃദയ സഖ്യം അനുസരിച്ചാണ് തന്നെ വധിച്ചതെങ്കില്‍ രാമന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ രാവണനെ താന്‍ തന്നെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്തു രാമപാദങ്ങളില്‍ സമര്‍പ്പിക്കുമായിരുന്നല്ലോ, എന്നും ബാലി പറഞ്ഞു.

ബാലിയെ രണ്ടാംവട്ടം പോരിന് വിളിച്ചപ്പോള്‍ ബാലിയുടെ പത്‌നിയായ താരയ്ക്ക് സംശയം ഉണ്ടായി. ആദ്യം പോര്‍ വിളിക്കുകയും അതില്‍ ക്ഷീണിതനായി തോറ്റു പോകുകയും ചെയ്ത സുഗ്രീവന്‍ രണ്ടാമതും യുദ്ധത്തിനു വിളിക്കണമെങ്കില്‍ കരുത്തനായ ആരോ സഹായികളായി അയാള്‍ക്കുണ്ട് എന്ന് സംശയിക്കണെന്നും താര പറഞ്ഞു. രാമസുഗ്രീവ സഖ്യത്തെക്കുറിച്ചും താര സൂചിപ്പിച്ചു. മാത്രമല്ല, സുഗ്രീവനുമായുള്ള വൈരം ഉപേക്ഷിക്കണമെന്നും സുഗ്രീവനെ യുവരാജാവായി അഭിഷേകം ചെയ്തു പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും സുഗ്രീവന്‍ അപരാധിയോ അധര്‍മ്മികനോ അല്ലെന്നും താര സൂചിപ്പിച്ചു. പക്ഷേ, താര പറഞ്ഞതൊന്നും ബാലിക്ക് തൃപ്തിയായില്ല. താന്‍ അനുജനെ വധിക്കില്ലെന്നും എന്നാല്‍ ഒതുക്കുമെന്നും പറഞ്ഞുകൊണ്ടാണ് ബാലി പോരിനിറങ്ങിയത്. പക്ഷേ, കാര്യങ്ങള്‍ ബാലി വിചാരിച്ച രീതിയില്‍ നടന്നില്ല. സുഗ്രീവനാകട്ടെ ബാലിയോട് യാതൊരു തെറ്റും ചെയ്തിരുന്നുമില്ല.

ദുന്ദുഭിയുടെ മൂത്തപുത്രനായ മായാവിയുമായി സ്ത്രീസംബന്ധമായ ശത്രുത ബാലിക്കുണ്ടായിരുന്നു. അങ്ങനെയാണ് മായാവി പോരിനു വിളിച്ചപ്പോള്‍ രാത്രിയുദ്ധത്തിനുതന്നെ ബാലി ഇറങ്ങിത്തിരിച്ചത്. സുഗ്രീവന്‍ നിഴല്‍ പോലെ ബാലിയെ പിന്തുടര്‍ന്നു. ബാലിസുഗ്രീവന്മാരെ കണ്ട മായാവി പേടിച്ചൊരു ഗുഹയില്‍ ഒളിച്ചു. അനുജനെ കാവല്‍ നിര്‍ത്തി ബാലി ഗുഹയില്‍ ഇറങ്ങി. ഒരു വര്‍ഷം കഴിഞ്ഞിട്ടും ബാലി തിരിച്ചുവന്നില്ല. അവസാനം ബാലിയുടെ കരിച്ചില്‍ കേള്‍ക്കുകയും ചോര കാണുകയും ചെയ്തതോടെ ബാലി മരിച്ചു എന്നു കരുതി ഒരു പാറക്കല്ല് എടുത്ത് ഗുഹാമുഖം അടച്ചു സുഗ്രീവന്‍ തിരിച്ചുചെന്നു രാജാവായി അഭിഷിക്തനായി. പാറമാറ്റി ഗുഹ തുറന്ന് തിരിച്ച് രാജധാനിയിലെത്തിയ ബാലി കണ്ടത് സിംഹാസനത്തില്‍ ഇരിക്കുന്ന സുഗ്രീവനെയാണ്. രാജ്യം മോഹിച്ച് സുഗ്രീവന്‍ മനപ്പൂര്‍വ്വം ഗുഹ അടച്ചതാണെന്നാണ് ബാലി വിശ്വസിച്ചത്. എത്ര പറഞ്ഞിട്ടും സുഗ്രീവന്റെ നിരപരാധിത്വം ബാലിക്ക് ബോദ്ധ്യമായില്ല. സുഗ്രീവനെ നാട്ടില്‍ നിന്നും ആട്ടിപ്പായിച്ചു. സുഗ്രീവന്റെ ഭാര്യയെ തട്ടിയെടുത്തു സ്വന്തമാക്കി. സുഗ്രീവ സുഹൃത്തുക്കളെ ജയിലില്‍ അടച്ചു. എന്നിട്ടും അരിശം തീരാതെ സുഗ്രീവനെ വധിക്കാനായി പലരെയും നിയോഗിച്ചു. ഋശ്യമൂകാചലത്തില്‍ ബാലി വരില്ലെങ്കിലും ബാലിയുടെ ചാവേര്‍സംഘം വന്ന് എപ്പോള്‍ വേണമെങ്കിലും തന്നെ വധിക്കുമെന്ന ഭീതിയിലാണ് സുഗ്രീവന്‍ കഴിഞ്ഞുകൂടിയിരുന്നത്. അതുകൊണ്ട് സുഗ്രീവന് ബാലിയോട് ശത്രുത ഉണ്ടായിരുന്നു.
ഇതിന്റെ പേരിലാണ് ബാലിവധം വേണമെന്ന് സുഗ്രീവന്‍ ആവശ്യപ്പെട്ടതും ബാലിയെ വധിക്കാമെന്നു രാമന്‍ സമ്മതിച്ചതും. അതുപ്രകാരമാണ് സുഗ്രീവന്‍ ബാലിയെ വെല്ലുവിളിച്ചത്. ആദ്യശ്രമത്തില്‍ രാമന് ബാലിയെ വധിക്കാനായില്ല. കാരണം ബാലി സുഗ്രീവന്‍മാരുടെ അസാമാന്യമായ രൂപസാദൃശ്യം മൂലം ബാലിയേയും സുഗ്രീവനെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വധിക്കപ്പേടണ്ടവനെ നിശ്ചയിക്കാന്‍ കഴിയായ്ക കൊണ്ട് രാമന്‍ അസ്ത്രം പ്രയോഗിച്ചില്ല. സുഗ്രീവനാകട്ടെ ഇടികൊണ്ട് ചമ്മന്തിയായി തിരിച്ചുപോരേണ്ടിയും വന്നു. അതുകൊണ്ട് രണ്ടാംവട്ടം സുഗ്രീവനെ വിടുമ്പോള്‍ അടയാളമാല്യം അണിയിച്ചായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബാലിയെ തിരിച്ചറിഞ്ഞതും വധിച്ചതും.

ബാലിവധത്തിനും രാമന് നീതീകരണമുണ്ട്. പര്‍വ്വതവും കാനനവും ഉള്‍പ്പെടുന്ന ആ പ്രദേശം മുഴുവന്‍ ഇക്ഷ്വാകുരാജവംശത്തിന്റെ അധികാരപരിധിയില്‍ വരും. രാജവംശത്തിന്റെ അധികാരപരിധിയില്‍ വരുന്ന പ്രദേശത്തെ പക്ഷിമൃഗാദികളും മനുഷ്യരും രാജാധികാര പരിധിയില്‍ വരുന്നതുകൊണ്ട് അവരെ നിഗ്രഹിക്കാനും അനുഗ്രഹിക്കാനും രാജാവിന് അദികാരമുണ്ട്. അപ്പോള്‍ അയോധ്യ ഭരിക്കുന്ന ധര്‍മ്മനിഷ്ഠനായ ഭരത ചക്രവര്‍ത്തിയുടെ ആജ്ഞ അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അതുപ്രകാരം അധര്‍മ്മം ചെയ്യുന്നവരെ ശിക്ഷിക്കാന്‍ ഭരത ചക്രവര്‍ത്തിയുടെ കിങ്കരന്മാര്‍ക്ക് അധികാരമുണ്ട്. ബാലി അമര്‍ഷിക്കും അധര്‍മ്മിക്കും ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുന്നവനും രാജനീതി അറിയാത്തവനുമാണ്. അനുജന്റെ ഭാര്യ പുത്രവധുവിന് തുല്യമാണ്. അനുജന്റെ ഭാര്യയെ അപഹരിച്ച് സ്വന്തം ഭാര്യയാക്കിയത് കടുത്ത അപരാധമാണ്. ധര്‍മ്മാധര്‍മ്മങ്ങള്‍ പത്‌നിയെ ബലപ്രയോഗത്തിലൂടെ അപഹരിച്ച് അനുഭവിക്കുന്നത് കുറ്റ കൃത്യമാണ്. ഇവ്വിധം അധര്‍മ്മം ചെയ്യുന്ന ഭരണാധികാരി വധശിക്ഷ അര്‍ഹിക്കുന്നു. ധര്‍മ്മനിഷ്ഠനായ ഭരത ചക്രവര്‍ത്തിയുടെ അനുചരന്മാരാണെങ്കിലും വധിക്കുക തന്നെ ചെയ്യും. അധര്‍മ്മിയായ ഒരാളെ ശിക്ഷിക്കാതിരുന്നാല്‍ അതിന്റെ പാപം രാജാവിലും രാജ്യത്തിലും പതിക്കുമെന്നാണ് ധര്‍മ്മശാസ്ത്രം പറയുന്നത്.

രാമന്റെ ന്യായവാദം ബാലിക്ക് സ്വീകാര്യമാവുകയും താന്‍ ചെയ്ത തെറ്റുകള്‍ ബോദ്ധ്യപ്പെടുകയും ചെയ്തു. അതുപ്രകാരം തനിക്ക് ലഭിച്ച ശിക്ഷ ന്യായയുക്തമാണെന്നു ബാലിക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു എന്നാണ് വാല്മീകി എഴുതുന്നത്. രാജാവാണെങ്കിലും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെന്ന ബാലിയുടെ വാദം ശരിയാണ്. ഏതൊരു ഭരണാധികാരിയായാലും അയാളെ ഭരിക്കേണ്ടത് നിയമവും ചട്ടവുമാണ്. ആ നിയമങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ ഒരു ഭരണാധികാരിക്കും അധികാരവും ഇല്ല. ഈ തത്ത്വം പക്ഷേ, ബാലിക്കും ബാധകമായിരുന്നു. നിരപരാധിയായ ഒരുവനെ വസ്തുതകള്‍ യുക്തിപൂര്‍വ്വം പരിശോധിക്കാതെ വികാരവിക്ഷോഭത്തോടെ ശിക്ഷിക്കുന്നത് കൊടിയ ക്രൂതതയാണ്. സുഗ്രീവന്‍ പറയുന്ന കാര്യങ്ങള്‍ ഭരണാധികാരി എന് നിലയില്‍ ബാലി പരിശോധിക്കേണ്ടതായിരുന്നു. ബാലി തിരിച്ചെത്തിയപ്പോള്‍ ഇക്കാര്യങ്ങള്‍ എല്ലാം സുഗ്രീവന്‍ തുറന്നു പറയുകയും കിരീടം ബാലിയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുകയും ചെയ്തു. രാജ്യം നേടുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ രാജാധികാരം ഉണ്ടായിരുന്ന സുഗ്രീവന് ബാലിയെ വധിക്കുകയോ തടവിലാക്കുകയോ ചെയ്യാമായിരുന്നു. പക്ഷേ, സുഗ്രീവന്‍ അതു ചെയ്യാതെ രാജാധികാരം ബാലിക്ക് തന്നെ നല്കുകയായിരുന്നു. സുഗ്രീവന്‍ അപരാധിയല്ലെന്ന് ബാലിയുടെ പത്‌നിക്കും അറിയാമായിരുന്നു.

എന്നിട്ടും സുഗ്രീവന് കഠിനശിക്ഷ നല്‍കി. അത് തന്നിഷ്ടം പോലെ രാജാധികാരം പ്രയോഗിച്ചതിന്റെ ഉദാഹരണം തന്നെ. അതായത് ധര്‍മ്മതത്ത്വം പ്രസംഗിക്കുന്ന ബാലി തന്നെ ആ തത്ത്വത്തെ ലംഘിച്ചവനാണെന്നു സാരം. സുഗ്രീവനോടുള്ള അനിഷ്ടം മൂലം അയാളുടെ മുഴുവന്‍ സുഹൃത്തുക്കളെയും നാടുകടത്തുകയോ തടവിലിടുകയോ ചെയ്തു. സുഗ്രീവന്റെ സുഹൃത്തുക്കളാണ് എന്നല്ലാതെ രാജ്യത്തെ നിയമവ്യവസ്ഥകള്‍ ഒന്നും ലംഘിക്കാതെ ജീവിക്കുന്നവരായിരുന്നു അവര്‍. നിയമം അനുസരിച്ചു ജീവിക്കുന്ന നിരപരാധികളായവരെ ശിക്ഷിക്കുന്ന അധികാരി ശിക്ഷാര്‍ഹന്‍ തന്നെയാണ്. അതുകൊണ്ട് ബാലി നിരപരാധിയും ധര്‍മ്മനിഷ്ഠനുമാണെന്ന വാദം നില്ക്കില്ല. തെറ്റ് രാജാവ് ചെയ്യുമ്പോള്‍ കഠിനശിക്ഷ നല്കുക തന്നെ വേണം. അല്ലെങ്കില്‍ രാജ്യത്ത് അരാജകത്വം നിലവില്‍ വരും. ആയതിനാല്‍ അക്കാലത്തെ നിയമവ്യവസ്ഥ അനുസരിച്ച് അധര്‍മ്മചാരിയായ രാജാവ് വധശിക്ഷ അര്‍ഹിക്കുന്നതുകൊണ്ട് ബാലിവധത്തില്‍ തെറ്റില്ല എന്നും പറയാം. പക്ഷേ, ഒളിഞ്ഞുനിന്ന ബാലിയെ തളച്ച അമ്പുകൊള്ളുന്നത് രാമന്റെ യശസ്സിന് കളങ്കമേല്പിച്ചു എന്നു തന്നെയാണ് മഹാഭാരത കര്‍ത്താവായ വേദവ്യാസന്‍ വിശ്വസിക്കുന്നത്.

Comments are closed.