DCBOOKS
Malayalam News Literature Website

ജടായുവിന്റെ പ്രതിരോധം

രാവണന്റെ സീതാപഹരണം അതിപ്രശസ്തമാണ്. മാരീചന്റെ മായപൊന്‍മാന്‍ മൈഥിലിയുടെ മനം കവര്‍ന്നു. ഏതു വിധേനയും ആ പൊന്‍മാനെ വേണമെന്ന് സീത ശഠിച്ചു. മാരീചന്റെ മായാവിദ്യയാണിതെന്നും അതുകൊണ്ട് കരുതിയിരിക്കണം എന്ന് ലക്ഷ്മണന്‍ മുന്നറിപ്പു നല്‍കി. യഥാര്‍ത്ഥ മാനാണെങ്കില്‍ പിടിക്കണം, മായാവിദ്യയാണെങ്കില്‍ വധിക്കണം. ശ്രീരാമന്‍ ഇവ്വിധം തീര്‍പ്പു കല്പിച്ചപ്പോള്‍ ലക്ഷ്മണന്‍ മറുത്തൊന്നും പറഞ്ഞില്ല. സീതയ്ക്ക് കാവലായി ആയുമേധിയ അനുജനെ ഏല്പിച്ചു മായാമൃഗത്തിന്റെ പിന്നാലേ ശ്രീരാമന്‍ പായാന്‍ തുടങ്ങി. മാരീചനാണെങ്കില്‍ മരണം ഉറപ്പാക്കി കഴിഞ്ഞിരുന്നു. മാരീചന്റെ നീക്കങ്ങളെ ഒളിഞ്ഞിരുന്നു നോക്കുന്ന രാവണന്‍ ഒരുവശത്ത്. മാരീചന്റെ മായാരൂപമാണെന്നു കണ്ടാല്‍ ആ നിമിഷം വക വരുത്താനായി ശ്രീരാമന്‍ മറുവശത്ത്. ശ്രീരാമബാണത്തെ പേടിച്ച് ഓടിയാല്‍ രാവണന്‍ കൊല്ലും. രാവണഭയത്താല്‍ പൊന്‍മാന്‍ ചമഞ്ഞു നിന്നാല്‍ മരണം രാമബാണത്താല്‍ ആയിരിക്കും.

മായപൊന്‍മാന്‍ രാമനെ അകറ്റി ദൂരേയ്ക്ക് കൊണ്ടുപോയി. ഒടുവില്‍ രാക്ഷസരൂപം തിരിച്ചറിഞ്ഞപ്പോള്‍ മാരീചന്റെ മാറ് രാമസായകമേറ്റു പിളര്‍ന്നു. മരണത്തിലേക്ക് നീങ്ങുമ്പോള്‍ മാരീചന്റെ രാക്ഷസബുദ്ധി ഉണര്‍ന്നു. ജീവന് വേണ്ടി പിടയുന്ന രാമന്റെ ശബ്ദത്തില്‍ മാരീചന്‍ കരഞ്ഞു. കരച്ചില്‍ കേട്ട് സീതയുടെ മനം പിടഞ്ഞു. തന്റെ ഭര്‍ത്താവായ രാമന്‍ ആപത്തില്‍ പെട്ടിരിക്കുന്നു. ഉടന്‍ രക്ഷയ്ക്കായി എത്തണം എന്ന് പറഞ്ഞ് സീത ലക്ഷ്മണനെ നിര്‍ബന്ധിച്ചു. മാരീചന്റെ മായാവിദ്യകളാണിവയെന്നും ശ്രീരാമചന്ദ്രനെ വധിക്കാന്‍ മാരീചന്‍ എന്നല്ല ഒരു രാക്ഷസരാജനും കഴിയില്ലെന്നും ലക്ഷ്മണന്‍ മറുവാക്ക് പറഞ്ഞു. ചഞ്ചലചിത്തയായ സീത ചങ്കില്‍ കൊള്ളുന്ന പരുഷവാക്ക് പറഞ്ഞ് ലക്ഷ്മണനെ മുറിവേല്പിച്ചു. തന്നോട് പരുഷവാക്ക് പറഞ്ഞ ദേവിയുടെ സന്തോഷജീവിതം അവസാനിക്കാറായി എന്നു പറഞ്ഞുകൊണ്ട് ലക്ഷ്മണനും രാമനെതേടി പോയി. അതോടെ സീത ആശ്രമത്തില്‍ ഒറ്റക്കായി. താപസവേഷത്തില്‍ സൗമ്യരൂപത്തില്‍ രാവണന്‍ എത്തി. കൗശലപൂര്‍വ്വം കുശലപ്രശ്‌നം നടത്തി സീതയുടെ വിശ്വാസമാര്‍ജ്ജിക്കാനായി ശ്രമിച്ചു. ക്രമേണ സംസാരത്തിന്റെ രീതിയും സ്വരവും മാറി. രാമനെ അതികഠിനമായി നിന്ദിച്ചു. കാട്ടില്‍ കഴിയുന്ന ബുദ്ധിശൂന്യനായ രാമന്റെ പിന്നാലെ നടന്ന് ജീവിതം പാഴാക്കരുതെന്ന് സീതയെ ഉപദേശിച്ചു. സീതയുടെ സൗകുമാര്യത്തെ, നിരുപമമായ രൂപഘടനയെ, അസാമാന്യമായ സൗന്ദര്യത്തെ എല്ലാം ആവോളം പ്രശംസിച്ചു. അതിനുശേഷം പറഞ്ഞു: സീതയെ കണ്ടതു മുതല്‍ തന്റെ ആയിരത്തിലധികം വരുന്ന സുന്ദരിമാരായ പത്‌നിമാരില്‍ തനിക്ക് ആസക്തിയില്ലെന്നും ഇപ്പോള്‍ അവരോട് വെറുപ്പാണെന്നും പറഞ്ഞു. താന്‍ കീഴടക്കിയ സ്ഥലങ്ങളില്‍ നിന്നെല്ലാം അതി സുന്ദരിമാരെ താന്‍ തന്റെ ഭാര്യമാരാക്കി അന്തപുരത്തില്‍ എത്തിച്ചിട്ടുണ്ട് എന്നു പറയാനും രാവണന്‍ മറന്നില്ല. എന്നിട്ടും സീതയുടെ മനം മാറിയില്ല.

സത്യസന്ധനും മഹാത്മാവുമായ ശ്രീരാമചന്ദ്രനെ അനുയാനം ചെയ്യുന്ന ധര്‍മ്മപത്‌നിയാണ് താനെന്നും തന്നെ ആഗ്രഹിക്കുന്നതുപോലും നാശഹേതുവാണെന്നും സീത പറഞ്ഞു. കത്തുന്ന തീ വസ്ത്രത്തില്‍ പൊതിഞ്ഞു സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവനെ പോലെയാണ് തന്നെ ഗ്രഹിക്കാനാഗ്രഹിക്കുന്നവനെന്നും സീത വ്യക്തമാക്കി. ഈച്ചയ്ക്ക് നെയ്യ് ദഹിക്കാത്തതുപോലെ താന്‍ അപഹൃതയായാലും രാവണന് ദഹിക്കില്ല എന്നും സീത മുന്നറിയിപ്പു നല്‍കി. ദുര്‍ബുദ്ധിയും ഇന്ദ്രിയവശഗതനുമായ രാവണന്‍ രാജാവായതുകൊണ്ട് രാക്ഷസവംശത്തെയും അവന്‍ മുടിക്കുമെന്ന് സീത പ്രവചിക്കുകയും ചെയ്തു. രാമപത്‌നിയെ അപഹരിച്ചാല്‍ അത് രാവണന്റെ ജീവിതാവസാനമായിരിക്കുമെന്ന് താക്കീത് ചെയ്യാനും സീത മടിച്ചില്ല.

പക്ഷേ, ഇതുകൊണ്ടൊന്നും പിന്‍മാറുന്നവനല്ലായിരുന്നു രാവണന്‍. ആഗ്രഹിച്ചതെന്തും വരുംവരായ്കകള്‍ നോക്കാതെ എന്നും നേടിയിട്ടുള്ളവനാണ് രാവണന്‍. കയ്യൂക്ക് കൊണ്ട് എന്തും വെട്ടിപ്പിടിക്കുന്നതാണ് രാവണനീതി. കയ്യൂക്കിന് വശഗതരാകാത്തവരെ വക വരുത്തും. വഴങ്ങുന്നവരെ ആവശ്യാനുസരണം ഉപയോഗിക്കും. അതു കഴിഞ്ഞ് വലിച്ചെറിയും. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നും ജയിക്കാന്‍ മാത്രമായി ജനിച്ചവനാണ് താനെന്നും രാവണന്‍ വിശ്വസിച്ചിരുന്നു. കയ്യൂക്കിന്റെ സമഗ്രാധിപത്യത്തിന് വഴങ്ങാത്തവന്‍ ജീവിക്കാനര്‍ഹനല്ല എന്ന വിശ്വാസക്കാരനായിരുന്നു രാവണന്‍. ആഗ്രഹിച്ചത് നേടുന്നതിനായി എന്തു ചെയ്യുന്നതും ശരിയാണെന്ന വിശ്വാസമാണ് രാവണനീതിയുടെ അടിത്തറ.

അതുകൊണ്ട് അന്യന്റെ ഭാര്യയെ ബലപ്രയോഗത്തോടെ കട്ടെടുക്കുന്നത് തെറ്റല്ല എന്നും രാവണന്‍ കരുതി. സ്വാഭാവികമായും രാവണന്‍ സീതയെ കട്ടുകൊണ്ടുപോയി. അതിനുവേണ്ടി രാവണന്‍ തന്റെ സൗമ്യഭാവം ഉപേക്ഷിച്ചു. ഘോരരൂപം കാണിച്ചു. ഈ അവസ്ഥയ്ക്ക് ഇന്നും മാറ്റമില്ല. ഏത് ഗുണ്ടയും ആദ്യം സൗമ്യഭാവത്തിലും പീന്നീട് ഘോരഭാവത്തിലും പറയും; പ്രവര്‍ത്തിക്കും. ഈ രാവണ സ്വഭാവത്തിന് ഇന്നും മാറ്റമില്ല. കയ്യൂക്കില്‍ വിശ്വസിക്കുന്ന ഏതൊരുവന്റേയും എന്നത്തേയും ഭാവം ഇതു തന്നെയാകും. രാവണന്റെ ഘോരഭാവത്തിനു മുന്‍പിലും ശ്രീരാമപത്‌നി നിര്‍ഭയയായി ചെറുത്തുനിന്നു. പക്ഷേ, രാവണന്‍ ബലാല്‍ക്കാരേണ സീതയെ ഒക്കത്ത് എടുത്തു തേരിലേറ്റിപ്പറന്നു. രാമലക്ഷ്മണന്മാരുടെ പേര് പറഞ്ഞ് സീത രക്ഷയ്ക്കായി കരഞ്ഞു. വളരെ ദൂരയായിരുന്ന അവര്‍ സീതയുടെ വിലാപം കേട്ടില്ല. വൃക്ഷലതാദികളേയും പക്ഷിമൃഗാദികളേയും നോക്കി രക്ഷയ്ക്കായി സീത വിലപിച്ചു. കഴിയുന്നതും വേഗം തടിതപ്പണമെന്നായിരുന്നു രാവണ വിചാരം. അതുകൊണ്ട് സീതയുടെ വിലാപവും രാവണന്‍ ശ്രദ്ധിച്ചില്ല.

അപ്പോഴാണ് താഴെ മയങ്ങിക്കിടന്നിരുന്ന പക്ഷീന്ദ്രനായ ജടായുവിനെ കണ്ടത്. മഹാപാപിയായ രാക്ഷസരാജാവ് തന്നെ കട്ടുകൊണ്ടുപോകുന്നു തടുക്കുക എന്ന വിലാപത്തോടെ സീത ജടായുവിനോട് പറഞ്ഞു. ഈ അനീതി ജടായുവിനെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. പതിവ്രതയായ ഒരു സ്ത്രീയെ അവളുടെ എല്ലാ എതിര്‍പ്പുകളേയും കയ്യൂക്ക് കൊണ്ട് കീഴടക്കി അവളെ കട്ടുകൊണ്ടുപോകുന്നത് ഒരു സാധാരണ മനുഷ്യനാണെങ്കിലും അക്ഷന്ത്യവ്യമായ അപരാധമാണ്. രാജ്യത്ത് നീതിന്യായ വ്യവസ്ഥ പരിപാലിക്കാന്‍ നിയുക്തനാക്കപ്പെട്ട രാജാവ് അവ്വിധം ചെയ്യുന്നത് സര്‍വ്വനാശകരവുമാണ്. അതുകൊണ്ട് രാജാവേ, ഈ അധര്‍മ്മത്തില്‍ നിന്നും അങ്ങ് മാറിനില്ക്കണമെന്ന് ജടായു രാവണനോട് ആജ്ഞാപിച്ചു. ധാര്‍മ്മികനായ രാജാവ് പരദാരങ്ങളെ സ്പര്‍ശിക്കുകപോലുമില്ല എന്ന ധാര്‍മ്മിക നീതിയും രാവണനോട് പറഞ്ഞു. പക്ഷേ, ഫലമുണ്ടായില്ല. എണ്ണമറ്റ സ്ത്രീകളെ (അതില്‍ പരഭാരങ്ങളും പെടും) ഇഷ്ടാനുസരണം ഭാര്യമാരായി സ്വീകരിക്കുകയും അവരെല്ലാമായി രമിച്ചിട്ടും കാമസംതൃപ്തി കൈവരാതെ അലയുകയും ചെയ്യുന്ന രാവണന്‍ എന്ന അതികാമി ജടായുവിന്റെ വാക്കുകളെ അവജ്ഞയോടെ തള്ളി.

എന്നാല്‍ ഈ അനീതിയെ തടയാനായി ജടായു പറന്നുയര്‍ന്നു. ശ്രീരാമചന്ദ്രന്റെ പട്ടമഹിഷിയെ താന്‍ രക്ഷിക്കുമെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് തന്റെ കൂര്‍ത്ത മൂര്‍ത്ത നഖങ്ങളെക്കൊണ്ടും മൂര്‍ച്ചയേറിയ കൊക്കുകൊണ്ടും രാവണനെ ജടായൂ അക്രമിച്ചു. കൂര്‍ത്ത കൊക്ക് കൊണ്ട് രാവണന്റെ കരങ്ങളില്‍ കൊത്തി നഖം കൊണ്ട് ശരീരം മാന്തിപ്പൊളിച്ചു. ചിറകടി കൊണ്ട് തേര്‍ തകര്‍ത്തു. തേരില്‍ നിന്നും സീതയെ ഒക്കത്തുവെച്ചു രാവണന്‍ നിലത്തിറങ്ങി. രാവണനെ വട്ടമിട്ടു പറന്നുകൊണ്ടു ജടായു ആക്രമിച്ചു. ഒടുവില്‍ രാവണന്‍ ചന്ദ്രഹാസമെടുത്തു ജടായുവിന്റെ പക്ഷങ്ങള്‍ അരിഞ്ഞു വീഴ്ത്തി. നിലത്തുവീണ ജടായുവിന്റെ കാലുകളും വെട്ടിമാറ്റി. ചോരയില്‍ കിടന്നു പിടഞ്ഞുകൊണ്ട് രാവണന്റെ അനീതിയെ ജടായു എതിര്‍ത്തു. ജടായുവിന്റെ ദേഹത്തെ കെട്ടിപ്പിടിച്ചുകൊണ്ട് സീതാദേവി വാവിട്ടുകരഞ്ഞു. ചോരവാര്‍ന്നുകൊണ്ട് ജടായു ബോധമറ്റ് കിടന്നു. സീതയെ ഒക്കത്തുവെച്ചുകൊണ്ട് രാവണന്‍ അതിവേഗം ലങ്കയിലേക്ക് പറന്നു.

ഇവിടെയാണ് വാല്മീകി മാനിഷാദാ എന്നു വീണ്ടും പറയുന്നത്. ഇണപ്പക്ഷികളില്‍ ഒന്നിനെ അമ്പെയ്ത വേടനോട്, അരുത് കാട്ടാളാ എന്നു പറയാന്‍ ഒരുപക്ഷേ, പലര്‍ക്കും കഴിഞ്ഞേക്കാം. എന്നാല്‍ ഒരു സാധുസ്ത്രീയെ അവളുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ കയ്യൂക്ക് കൊണ്ട് ബലമായി പിടിച്ചു കൊണ്ടു പോകുന്ന രാക്ഷസരാജാവായ ചക്രവര്‍ത്തിയോട് ഒരു പക്ഷി തന്റെ ജീവന്‍ മറുവിലയായി നല്കിക്കൊണ്ടാണ് അരുത് എന്ന് ആജ്ഞാപിക്കുന്നത്. രാക്ഷസേന്ദ്രനായ രാജാവ് ചന്ദ്രഹാസമിളക്കി തന്നെ വകവരുത്തുമെന്ന് അറിയാതെയല്ല, പക്ഷങ്ങളും നഖങ്ങളും കൊക്കും ഉപയോഗിച്ച് പൊരുതുന്നത്. അനീതി ഏത് പ്രതാപശാലിയായ രാജാവ് ചെയ്താലും അരുത് എന്ന് ആജ്ഞാപിക്കണമെന്നും ജീവന്‍ ബലിയര്‍പ്പിച്ചു സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതാണ് ‘മാനിഷാദ’യുടെ അര്‍ത്ഥം എന്നുമാണ് ജടായുവിന്റെ ധാര്‍മ്മികമായ ചെറുത്തുനില്പും ജീവത്യാഗവും വിവരിച്ചുകൊണ്ട് വാല്മീകി പറയുന്നത്. മാനിഷാദയ്ക്ക് ഈ ഒരു അര്‍ത്ഥം കൂടിയുള്ളതുകൊണ്ടുകൂടിയാണ് രാമായണം ആദികാവ്യമാകുന്നത്.

Comments are closed.