DCBOOKS
Malayalam News Literature Website

സിനിമയുടെ ശരീരമാകുന്ന കഥാപാത്രങ്ങള്‍

ജോണ്‍ സാമുവല്‍

പ്രധാന കഥാപാത്രങ്ങളുള്‍പ്പെടെ വലുതും ചെറുതുമായ മുന്നൂറ്റിമുപ്പതോളം കഥാപാത്രങ്ങളാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ മുതല്‍ ‘പിന്നെയും’ വരെയുള്ള 12 കഥാചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ബഷീറിന്റെ ‘മതിലു’കളിലെ മുപ്പത്തിരണ്ടും സക്കറിയയുടെ ‘വിധേയനി’ലെ (ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും) ഇരുപത്തിരണ്ടും തകഴിയുടെ എട്ടു കഥകളിലായി എത്തുന്ന (നാല് പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും) എണ്‍പത്തിയഞ്ചും കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ സ്വന്തം കഥകളെ ആസ്പദമാക്കി സംവിധാനം ചെയ്ത എട്ടു ചിത്രങ്ങളിലായെത്തുന്നത് നൂറ്റിത്തൊണ്ണൂറോളം കഥാപാത്രങ്ങളാണ്. അതില്‍ ഏറ്റവും കുറവ് ‘എലിപ്പത്തായ’ത്തില്‍-പന്ത്രണ്ട്. കൂടുതല്‍ ‘കഥാപുരുഷ’നിലും മുപ്പത്തിയെട്ട്.

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളെ അടിസ്ഥാനപ്പെടുത്തിയാകുമ്പോള്‍ ഈ കണക്കെടുപ്പിനു സവിശേഷ പ്രാധാന്യമുണ്ട്. നായകനോ നായികയോ എന്നതുപോകട്ടെ,
നാടകത്തിലും സിനിമയിലുമൊക്കെയുള്ള മലയാളത്തിലെ പ്രമുഖ അഭിനേതാക്കള്‍
അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു സീനിലാണെങ്കില്‍പോലും അഭിനയിക്കുന്നതിനു
മനസ്സുകൊണ്ട് ആഗ്രഹിക്കുന്നവരാണ്. അദ്ദേഹത്തിന്റെതന്നെ വാക്കുകളാവണം
അതിന് അവരെ പ്രേരിപ്പിച്ചിരിക്കുക.

വ്യക്തിത്വമുള്ള കഥാപാത്രങ്ങളുണ്ടാകുന്നത് രചയിതാവ്, താന്‍ ചിത്രീകരിക്കുന്ന
കഥാപാത്രങ്ങളെയും അവരുടെ ജീവിതാവസ്ഥകളെയും അടുത്തറിയുമ്പോള്‍ മാത്രമാണ്. അറിഞ്ഞയാള്‍ക്ക് ഒരു ദൃശ്യത്തിന്റെ സത്യസന്ധവും മര്‍മ്മപ്രധാനവുമായ കര്‍മവ്യവസ്ഥയിലോ കഥാപാത്രമുരുവിടുന്ന സാര്‍ത്ഥകമായ ഒരു സംഭാഷണ ശകലത്തിലൂടെയോ അതിസമര്‍ത്ഥമായിത്തന്നെ അതുസാധിക്കും. ഒരു തിരക്കഥയില്‍ ആദ്യാവസാനക്കാരനെപ്പോലെതന്നെ പ്രധാനമാണ് വന്നുപോകുന്ന ചെറുകഥാപാത്രങ്ങളും.

Textഅടൂര്‍ ഗോപാലകൃഷ്ണന്റെ പന്ത്രണ്ടു സിനിമകളുടെയും തിരക്കഥകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. അതില്‍ കഥാപാത്രങ്ങള്‍ക്കും അവരെ പ്രതിനിധീകരിക്കുന്ന അഭിനേതാക്കള്‍ക്കും നല്‍കുന്ന ക്രെഡിറ്റില്‍ നിന്ന് ഇതു വ്യക്തമാകും. ഒറ്റ സീനില്‍ വന്നുപോകുന്ന ചായക്കടയിലെ പറ്റുകാരിലൊരാള്‍ക്കോ ഉത്സവക്കമ്മിറ്റിക്കാരുടെ കൂട്ടത്തിലെ ഒരാള്‍ക്കോ ലോഡ്ജിലെ താമസക്കാരിലൊരാള്‍ക്കോ ഡ്രൈവറുടെ സഹായിയായി എത്തുന്ന ഒരാള്‍ക്കോ പോലും അദ്ദേഹത്തിന്റെ തിരക്കഥയില്‍ പേരുസഹിതമുള്ള അടയാളപ്പെടുത്തല്‍ ഉണ്ടാകും. കഥാപാത്രം എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും. ഷോട്ടുകളുടെ വിന്യാസത്തിലുമുണ്ടാവും ആ കരുതല്‍.

ഈ കഥാപാത്രങ്ങളെയാണ് അദ്ദേഹം സിനിമയുടെ ശരീരമായി വിശേഷിപ്പിക്കുന്നത്. അതില്‍തന്നെ സ്വന്തം ജീവിതവുമായി, ജീവിതസന്ദര്‍ഭങ്ങളുമായി ഏറെ അടുപ്പമുള്ള
അഞ്ച് നായക കഥാപാത്രങ്ങളെക്കുറിച്ചുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ തുറന്നുപറച്ചിലാണ് ഈ രചനയ്ക്കു പിന്നില്‍. കൊച്ചിയില്‍ നടന്ന കൃതി സാഹിത്യോത്സവത്തിലും കോട്ടയം അന്താരാഷ്ട്ര സാഹിത്യോത്സവത്തിലും (ദര്‍ശന) അദ്ദേഹവുമായി നടത്തിയ
സജീവ സംവാദങ്ങളാണ് ഇത്തരമൊരു രചനയ്ക്കു പ്രേരകമായത്. ഒപ്പം അദ്ദേഹത്തോടൊപ്പം നാല് ചിത്രങ്ങളില്‍ സഹകരിക്കാനായതിന്റെ വെളിച്ചത്തില്‍ അടുത്തു നിന്നുള്ള ചില കണ്ടെത്തലുകളും.

ഒരു ആശ്രമത്തിലേക്കു കടന്നുചെല്ലുന്ന പ്രതീതിയാണ് എപ്പോഴും അടൂര്‍ ഗോപാലകൃഷ്ണന്റെ ഷൂട്ടിങ് സെറ്റുകളിലെത്തുമ്പോള്‍. തിരക്കില്ല ബഹളമില്ല ശബ്ദഘോഷങ്ങളില്ല… ആശ്രമതുല്യമായ തികഞ്ഞ ശാന്തത. ക്യാമറയ്ക്കു മുന്നില്‍ താരങ്ങളില്ല. അഭിനേതാക്കള്‍മാത്രം. കാരവനും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളുമില്ല. അഭിനേതാക്കള്‍ വലുതും ചെറുതുമായ കഥാ
പാത്രങ്ങളായി വരുന്നു, പോകുന്നു.

അങ്ങനെയാണ് ലോകസിനിമ കൈനീട്ടി സ്വീകരിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ
കഥാപാത്രങ്ങളുടെ ജനനം. അവരില്‍ മാനസപുത്രന്മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന
അഞ്ചുപേര്‍ സംവിധായകന്റെ കാഴ്ചപ്പാടില്‍ വായനക്കാര്‍ക്കു മുന്നിലെത്തുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.