DCBOOKS
Malayalam News Literature Website

നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ മാസ്റ്റര്‍പീസ് നോവലിന്റെ മലയാള പരിഭാഷ, ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക്!

Nikos Kazantzakis

ഗ്രീക്ക് എഴുത്തുകാരനും ദാര്‍ശനികനുമായ നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ വിഖ്യാതകൃതി ദി ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റിന്റെ മലയാളപരിഭാഷയായ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം ഡി.സി ബുക്‌സ് പുറത്തിറക്കി. വേദപുസ്തകത്തില്‍ നിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ചതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച കൃതിയാണിത്. ദൈവനിന്ദയെന്നും മതാവവഹേളനം എന്നും മുദ്രചാര്‍ത്തി വത്തിക്കാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം വിവര്‍ത്തനം ചെയ്തിരിക്കുന്നത് കെ.സി വില്‍സണാണ്.

കൃതിക്ക് നിക്കോസ് കാസാന്‍ദ്‌സാകീസ് എഴുതിയ ആമുഖം വായിയ്ക്കാം

ക്രിസ്തുവിന്റെ സത്തയുടെ ഇരട്ടഭാവങ്ങള്‍- ദൈവത്തെ പ്രാപിക്കുവാന്‍,അല്പംകൂടി കൃത്യമായി പറഞ്ഞാല്‍, ദൈവത്തിലേക്കു തിരിച്ചുപോകുവാന്‍, ദൈവവുമായി താദാത്മ്യം പ്രാപിക്കുവാനുള്ള, വളരെ മാനുഷികവും ഒപ്പം തന്നെ അതിമാനുഷികവുമായ തീവ്രാഭിലാഷം- അതെപ്പോഴും എനിക്ക് ദുര്‍ഗ്രാഹ്യമായ, അഗാധമായ ഒരു നിഗൂഢതയായിരുന്നു. ദൈവത്തിലേക്കു തിരിച്ചുപോകുവാനുള്ള-ഒരേസമയം ദുര്‍ഗ്രാഹ്യവും ഉന്മത്തവുമായ-അദമ്യമായ ഈ അഭിവാഞ്ഛ എന്നില്‍ വലിയ മുറിവുകള്‍ തുറക്കുകയും അവയില്‍നിന്ന് വലിയ നീരുറവകള്‍ കുതിച്ചൊഴുകുകയും ചെയ്തിട്ടുണ്ട്.

ഞാനനുഭവിച്ച ഏറ്റവും തീവ്രമായ വേദനയും ചെറുപ്പകാലംമുതല്‍ എന്റെ എല്ലാ സന്തോഷങ്ങളുടെയും സന്താപങ്ങളുടെയും സ്രോതസ്സും ആത്മാവും മാംസവും തമ്മില്‍ നടക്കുന്ന നിര്‍ദ്ദയവും അവിരാമവുമായ സംഘട്ടനം ആയിരുന്നു.

മാനുഷികവും പൂര്‍വ്വമാനുഷികവുമായ ചെകുത്താന്റെ ഇരുണ്ട ശക്തികള്‍ അനാദികാലം മുതലേ എന്നില്‍ കുടികൊള്ളുന്നുണ്ട്. എന്റെ ഉള്ളില്‍തന്നെ മാനുഷികവും പൂര്‍വ്വമാനുഷികവുമായ, ദൈവികമായ പ്രകാശത്തിന്റെ ശക്തികളും കുടികൊള്ളുന്നുണ്ട്. രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടുന്ന ഇടം എന്റെ ആത്മാവിലാകുന്നു. ഏറ്റുമുട്ടലിന്റെ വേദന തീവ്രമായിരുന്നു. എന്റെ ആത്മാവിനെ ഞാന്‍ സ്‌നേഹിച്ചു. അത് ജീര്‍ണിക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിച്ചു, അത് നശിച്ചുപോകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അനാദികാലം മുതല്‍ അസ്തിത്വമുള്ള തീര്‍ത്തും പരസ്പരവിരുദ്ധങ്ങളായ ഈ രണ്ടു ശക്തികളെ അനുരഞ്ജിപ്പിക്കുവാന്‍ ഞാന്‍ പൊരുതുകയാണ്, അവര്‍ ശത്രുക്കളല്ല, മറിച്ച് സഹപ്രവര്‍ത്തകരാണ് എന്ന് അവരെ ബോദ്ധ്യപ്പെടുത്തുവാന്‍, അങ്ങനെ അവരുടെ യോജിപ്പില്‍ അവര്‍ ആനന്ദിക്കുവാന്‍, അങ്ങനെ അവരോടൊപ്പം ഞാനും ആനന്ദിക്കുവാന്‍ ഞാന്‍ യത്‌നിച്ചു.

Nikos Kazantzakis-Christhuvinte Anthyapralobhanamഓരോ മനുഷ്യന്റെയും ആത്മാവിലും ശരീരത്തിലും ഈ ദൈവികഭാവമുണ്ട്. അതുകൊണ്ടാണ് ക്രിസ്തുവിന്റെ നിഗൂഢത ഒരു മതവിഭാഗക്കാരുടെമാത്രം നിഗൂഢത അല്ല. അത് സാര്‍വലൗകികമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള സമരം എല്ലാ മനുഷ്യരിലും നടക്കുന്നുണ്ട്. ഒപ്പംതന്നെ അനുരഞ്ജനത്തിനുള്ള അഭിവാഞ്ഛയും എല്ലാവരിലുമുണ്ട്. മിക്കപ്പോഴും ഈ സമരം അബോധതലത്തിലാണു നടക്കുന്നത്. അത് ഹ്രസ്വകാലത്തില്‍ കഴിഞ്ഞുപോവുകയും ചെയ്യും. ശക്തിഹീനമായ ഒരു ആത്മാവിന് മാംസത്തിനെ ദീര്‍ഘകാലം ചെറുത്തുനില്‍ക്കുവാനുള്ള ശേഷി ഉണ്ടാകില്ല. അത് കനം വര്‍ദ്ധിച്ച്, അവസാനം മാംസംതന്നെയായി മാറുന്നു. അവിടെ യുദ്ധം അവസാനിക്കുന്നു. എന്നാല്‍ ഉത്തരവാദിത്വബോധമുള്ളവരില്‍, പരമമായ ധര്‍മ്മത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ ദൃഷ്ടി ഉറപ്പിച്ചിരിക്കുന്നവരില്‍ മാംസവും ആത്മാവും തമ്മില്‍ നടക്കുന്ന യുദ്ധം നിര്‍ദ്ദയമായി തുടരുന്നു. അത് അവരുടെ ജീവിതാന്ത്യംവരെ തുടരുകയും ചെയ്യാം.

മാംസവും ആത്മാവും എത്രമാത്രം കൂടുതല്‍ ശക്തരാണോ അത്രമാത്രം സഫലമായിരിക്കും ആ സംഘട്ടനം, അവസാനമുണ്ടാകുന്ന ഐക്യം അത്രയും കൂടുതല്‍ സമ്പന്നവുമായിരിക്കും. ദൈവം ശക്തിഹീനരായ ആത്മാവുകളെയും അയഞ്ഞുതൂങ്ങുന്ന മാംസത്തെയും സ്‌നേഹിക്കുന്നില്ല. ശക്തമായതും പ്രതിരോധിക്കുന്നതുമായ മാംസവുമായി പൊരുത്തപ്പെടുവാനാണ് ആത്മാവ് ഇഷ്ടപ്പെടുന്നത്. നിരന്തരമായി വിശപ്പുള്ള മാംസഭുക്കായ ഒരു പക്ഷിയാണത്. അത് മാംസം ഭക്ഷിച്ച് സ്വാംശീകരിച്ച് അതിനെ അപ്രത്യക്ഷമാക്കുന്നു.

മാംസവും ആത്മാവും തമ്മിലുള്ള സമരം, നിഷേധവും ചെറുത്തുനില്പും അനുരഞ്ജനവും കീഴടങ്ങലും–അവസാനം സംഘട്ടനത്തിന്റെ പരമമായ ലക്ഷ്യം-ദൈവവുമായുള്ള ഏകീകരണം; ഇതായിരുന്നു ക്രിസ്തു നടത്തിയ ആരോഹണം. അവന്റെ രക്തപങ്കിലമായ വഴിയിലൂടെ നടന്ന് ആരോഹണം ചെയ്യുവാന്‍ അവന്‍ നമ്മെ ക്ഷണിക്കുന്നു.

മല്ലിട്ടുകൊണ്ടിരിക്കുന്ന മനുഷ്യന്റെ പരമമായ ധര്‍മ്മം ഇതാണ്. മോചനത്തിന്റെ കടിഞ്ഞൂല്‍പുത്രനായ ക്രിസ്തു നടന്നുകയറിയതും എത്തിച്ചേര്‍ന്നതുമായ ഉന്നതമായ പര്‍വ്വതശിഖരം, നാമെങ്ങനെയാണ് ആ യാത്ര തുടങ്ങുന്നത്?

അവനെ അനുധാവനം ചെയ്യുവാന്‍ നമുക്കു കഴിയണമെന്നുണ്ടെങ്കില്‍ അവന്‍ അനുഭവിച്ച സംഘട്ടനത്തിന്റെ തീവ്രതയെക്കുറിച്ച് നമ്മള്‍ അവന്റെ വേദനയും ഭൂമിയുടെ വിരിഞ്ഞുനില്ക്കുന്ന കെണികള്‍ക്കുമേല്‍ അവന്‍ നേടിയ വിജയത്തെ സംബന്ധിച്ച് മനുഷ്യരുടെ വലുതും ചെറുതുമായ സന്തോഷങ്ങള്‍ അവന്‍ ബലിയര്‍പ്പിച്ചതിനെക്കുറിച്ച്, പരിത്യാഗങ്ങളില്‍നിന്ന് പരിത്യാഗങ്ങളിലേക്ക്. വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്ക്, അവസാനം രക്തസാക്ഷിത്വത്തിന്റെ കൊടുമുടിയായ കുരിശിലേക്ക് ആരോഹണം ചെയ്തതിനെക്കുറിച്ച് നമുക്ക് അഗാധമായ ഒരു ബോധം ഉണ്ടായിരിക്കണം.

ഞാന്‍ ‘അന്ത്യപ്രലോഭനം’ എഴുതിക്കൊണ്ടിരിക്കുന്ന രാത്രികളിലും പകലുകളിലുമാണ് ഞാന്‍ ക്രിസ്തു ഗോല്‍ഗോത്തായിലേക്കു നടത്തിയ രക്തപങ്കിലമായ യാത്രയില്‍ അവനെ ഏറ്റവും ഭയവിഹ്വലനായി അനുധാവനം ചെയ്തത്, അവന്റെ ജീവിതവും പീഡാനുഭവവും തീവ്രമായി മനസ്സിലാക്കിക്കൊണ്ട്, സ്‌നേഹിച്ചുകൊണ്ട് അനുഭവിച്ചത്. മനുഷ്യവര്‍ഗ്ഗത്തിന്റെ വേദനയും വലിയ പ്രതീക്ഷയും കുടികൊള്ളുന്ന ഈ ഏറ്റുപറച്ചില്‍ ഞാന്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത്രയും മധുരമായി, അത്രയും വേദനിപ്പിച്ചുകൊണ്ട് ക്രിസ്തുവിന്റെ രക്തം തുള്ളിതുള്ളിയായി എന്റെ ഹൃദയത്തില്‍ പതിക്കുന്നത് അതിനു മുന്‍പൊരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല.

ആത്മപരിത്യാഗത്തിന്റെ കൊടുമുടിയായ കുരിശിലേക്കു ദൈവത്തിങ്കലേക്ക് കയറിച്ചെല്ലുവാന്‍, ദ്രവ്യാതീതമായ ആത്മാവസ്ഥയുടെ പരമ കാഷ്ഠയിലെത്തുവാന്‍വേണ്ടി ആത്മസംഘര്‍ഷം അനുഭവിക്കുന്ന ഓരോ മനുഷ്യനും കടന്നുപോയ അതേ ഘട്ടങ്ങളിലൂടെത്തന്നെയാണ് ക്രിസ്തുവും കടന്നുപോയത്. അതുകൊണ്ടാണ് അവന്റെ ദുരിതം നമുക്ക് വളരെ പരിചിതമായി അനുഭവപ്പെടുന്നത്; അതുകൊണ്ടാണ് അവന്റെ വിജയത്തില്‍ നമ്മള്‍ പങ്കാളികളാകുന്നത്; അതുകൊണ്ടാണ് അവന്റെ അന്തിമവിജയം നമ്മുടെതന്നെ ഭാവി വിജയങ്ങളാണ് എന്നു നമുക്ക് തോന്നിപ്പോകുന്നത്. ക്രിസ്തുവിന്റെ സ്വഭാവത്തിന്റെ അഗാധമായ മാനുഷികതലം അവനെ മനസ്സിലാക്കുവാനും സ്‌നേഹിക്കുവാനും അവന്റെ പീഡാനുഭവത്തെ നമ്മുടെ സ്വന്തം പീഡാനുഭവം എന്നതുപോലെ പിന്തുടരാനും നമ്മെ സഹായിക്കുന്നു. ഊഷ്മളമായ ഒരു മാനുഷികവശം അവനില്ലായിരുന്നുവെങ്കില്‍ നമ്മുടെ ഹൃദയങ്ങളെ ഇത്രയും നിസ്സന്ദേഹമായി സ്‌നേഹത്തോടുകൂടി സ്പര്‍ശിക്കുവാന്‍ അവന് കഴിയുമായിരുന്നില്ല; അവന്‍ നമ്മുടെ ജീവിതത്തിന് ഒരിക്കലും ഒരു മാതൃക ആകുമായിരുന്നില്ല. നമ്മള്‍ മല്ലിടുമ്പോള്‍ അവനും മല്ലിടുന്നത് നാം കാണുന്നു, നമുക്ക് ആത്മവിശ്വാസം ലഭിക്കുന്നു. നമ്മള്‍ ഈ ലോകത്ത് തനിച്ചല്ല എന്ന് നാം കാണുന്നു. അവന്‍ നമ്മുടെ പക്ഷത്തുനിന്നുകൊണ്ട് പോരാടുകയാണ്.

ക്രിസ്തുവിന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ഒരു സംഘട്ടനവും ഒരു വിജയവുമാകുന്നു. മനുഷ്യസുഖങ്ങളുടെ അജയ്യമായ വശീകരണത്തെ അവന്‍ കീഴടക്കി; അവന്‍ പ്രലോഭനങ്ങളെ എല്ലാം കീഴടക്കി, തുടര്‍ച്ചയായി മാംസത്തെ ആത്മാവാക്കി രൂപാന്തരപ്പെടുത്തി എന്നിട്ട് ആരോഹണം ചെയ്തു. ഗോല്‍ഗോത്തായുടെ അഗ്രത്ത് എത്തിയ അവന്‍ കുരിശില്‍ കയറി.

പക്ഷേ, അപ്പോള്‍പോലും അവന്റെ യുദ്ധം അവസാനിച്ചിരുന്നില്ല. പ്രലോഭനം — അന്ത്യപ്രലോഭനം — കുരിശില്‍ അവനെ കാത്തിരിക്കുകയായിരുന്നു, കുരിശില്‍ കിടന്ന് ചേതന തളര്‍ന്ന അവന്റെ കണ്ണുകള്‍ക്കു മുന്‍പില്‍ ചെകുത്താന്റെ ആത്മാവ് ഒരുനിമിഷംമാത്രം ദീര്‍ഘിച്ച ഒരു മിന്നല്‍ ആയി. സുഖജീവിതത്തിന്റെ മോഹജനകമായ ദൃശ്യം പ്രദര്‍ശിപ്പിച്ചു. സാധാരണ മനുഷ്യന്റെ സ്‌നിഗ്ദ്ധമായ, എളുപ്പമുള്ള ജീവിതപന്ഥാവ് താന്‍ സ്വീകരിച്ചതായി ക്രിസ്തുവിന് തോന്നി. അവന്‍ വിവാഹിതനായിരുന്ന, കുട്ടികളുടെ പിതാവുമായിരുന്നു. മനുഷ്യര്‍ അവനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഇപ്പോള്‍ വൃദ്ധനായിക്കഴിഞ്ഞിരുന്ന അവന്‍ അവന്റെ ചെറുപ്പകാലത്തെ ആഗ്രഹങ്ങളെക്കുറിച്ചോര്‍ത്ത് സന്തുഷ്ടിയോടെ ചിരിച്ചു. എത്ര വിവേകപൂര്‍വ്വമാണ് കേമമായിട്ടാണ് താന്‍ മനുഷ്യരുടെ പന്ഥാവ് തെരഞ്ഞെടുത്തത്! ലോകത്തെ രക്ഷിക്കുവാന്‍ ഇറങ്ങിപ്പുറപ്പെടുക എന്നത് ഭ്രാന്തല്ലേ! ദുരിതങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും കുരിശില്‍നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷം എത്ര വലുതാണ്!

രക്ഷകന്റെ അന്ത്യനിമിഷങ്ങളില്‍ അവനെ മഥിക്കുവാനെത്തിയ അന്ത്യപ്രലോഭനം ഇതായിരുന്നു.

പക്ഷേ, പെട്ടെന്ന് ക്രിസ്തു ശക്തിയായി അവന്റെ തല കുടഞ്ഞു, കണ്ണുതുറന്ന്, കണ്ടു. ഇല്ല, താനൊരു വഞ്ചകനല്ല, ദൈവത്തിനു സ്തുതി! താന്‍ ഒളിച്ചോടിയില്ല! ദൈവം അവനില്‍ ഭരമേല്പിച്ചിരുന്ന ദൗത്യം അവന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. അവന്‍ വിവാഹം കഴിച്ചില്ല, സുഖജീവിതം നയിച്ചില്ല. ആത്മപരിത്യാഗത്തിന്റെ കൊടുമുടിയിലവന്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു. അവന്‍ കുരിശില്‍ തറയ്ക്കപ്പെട്ടുകഴിഞ്ഞു.

സംതൃപ്തനായി അവന്‍ കണ്ണുകളടച്ചു. അപ്പോള്‍ അവിടെ ഒരു വലിയ വിജയഘോഷം ഉയര്‍ന്നു. അത് പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നു.

മറ്റു വാക്കുകളില്‍ പറഞ്ഞാല്‍: ഞാന്‍ എന്റെ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഞാന്‍ കുരിശില്‍ ഏറ്റപ്പെട്ടിരിക്കുന്നു. ഞാന്‍ പ്രലോഭനത്തിന് വശംവദനായില്ല.

സംഘര്‍ഷം അനുഭവിക്കുന്ന മനുഷ്യന് പരമമായ ഒരു മാതൃക നല്‍കുവാന്‍ വേണ്ടിയാണ് ഞാന്‍ ഈ പുസ്തകം എഴുതിയത്, മനുഷ്യന്‍ വേദനയെ, പ്രലോഭനത്തെ, മരണത്തെ ഭയപ്പെടേണ്ടതില്ല എന്ന് കാണിച്ചുകൊടുക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു — കാരണം മൂന്നു ദുര്‍ഘടങ്ങളെയും കീഴടക്കാം, മൂന്ന് ദുര്‍ഘടങ്ങളും കീഴടക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ക്രിസ്തു വേദന അനുഭവിച്ചു, അപ്പോള്‍മുതല്‍ വേദന വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അവനെ വഴിതെറ്റിക്കുവാന്‍ അവസാന നിമിഷംവരെ പ്രലോഭനം പൊരുതി, പക്ഷേ, പ്രലോഭനം തോല്പിക്കപ്പെട്ടു. ക്രിസ്തു കുരിശില്‍ മരിച്ചു. ആ നിമിഷംമുതല്‍ മരണത്തെ എന്നെന്നേക്കുമായി കീഴടക്കപ്പെട്ടുകഴിഞ്ഞു.

അവന്റെ യാത്രയിലെ ഓരോ തടസ്സവും ഒരു നാഴികക്കല്ലായിരുന്നു, അടുത്ത വിജയത്തിനുള്ള ഒരു അവസരം. നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഒരു മാതൃകയുണ്ട്-നമ്മുടെ പാതയെ ജാജ്വല്യമാനമാക്കുന്ന, നമുക്ക് ശക്തി പകരുന്ന ഒരു മാതൃക.

ഈ പുസ്തകം ഒരു ജീവിതകഥയല്ല, സംഘര്‍ഷം അനുഭവിക്കുന്ന ഓരോ മനുഷ്യന്റെയും ഏറ്റുപറച്ചിലാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിലൂടെ ഞാന്‍ എന്റെ ദൗത്യം നിര്‍വ്വഹിച്ചു — ജീവിതത്തില്‍ ധാരാളം ദുരിതമനുഭവിച്ച, കയ്പ്പ് അനുഭവിച്ച, ധാരാളം പ്രതീക്ഷകളുണ്ടായിരുന്ന ഒരാളുടെ കടമാനിര്‍വ്വഹണം സ്‌നേഹംകൊണ്ട് നിറഞ്ഞ ഈ പുസ്തകം വായിക്കുന്ന ഓരോ സ്വതന്ത്രനായ മനുഷ്യനും, മുമ്പത്തെക്കാളേറെ, മുമ്പത്തെക്കാള്‍ മെച്ചമായി ക്രിസ്തുവിനെ സ്‌നേഹിക്കും എന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്.

നിക്കോസ് കാസാന്‍ദ്‌സാകീസ്

Comments are closed.