DCBOOKS
Malayalam News Literature Website

ഗുരുദക്ഷിണ

മോഹന്‍ലാല്‍

ചിരിച്ചും ചിരിപ്പിച്ചും ഞാന്‍ പൂര്‍ണമായി വായിച്ചു. ഇതിന്റെ പ്രത്യേകത, ഇതില്‍പ്പറയുന്ന മുഴുവന്‍ കാര്യങ്ങളും സത്യമാണ് എന്നതാണ്. എഴുതുമ്പോള്‍ എല്ലാ സത്യങ്ങളും തുറന്നുപറയാന്‍ സാധിക്കുകയില്ല. പക്ഷേ, സത്യത്തില്‍നിന്നു വ്യതിചലിക്കാതെയും മറ്റാരെയും വേദനിപ്പിക്കാതെയും മനോഹരമായി
മണിയന്‍പിള്ള രാജു തന്റെ അനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

മണിയന്‍പിള്ള രാജു എന്ന വ്യക്തി അടിസ്ഥാനപരമായി എന്തും തുറന്നുപറയുന്ന സ്വഭാവക്കാരനാണ്. രാജുവിന് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ സാധ്യമല്ല. ഈ പുസ്തകത്തില്‍ സുകുമാരിച്ചേച്ചി പറയുന്ന ഒരു വാചകമുണ്ട്: ”നീ ഓട്ട വായനാണ്.”

ഒരു സിനിമയുടെ ഷൂട്ടിങ്ങിനുവേണ്ടി ഹോട്ടലില്‍ രാജു താമസിക്കുമ്പോള്‍ പുറത്ത് ചിലങ്കയുടെ ശബ്ദം കേട്ട് പ്രേതബാധയാണോ എന്നു സംശയിച്ച് അടുത്ത മുറിയിലേക്ക് ഒളിഞ്ഞുനോക്കി. അപ്പോള്‍ ‘എന്താടാ’ എന്ന ചോദ്യം
കേട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് സുകുമാരിച്ചേച്ചിയെയാണ്. സുകുമാരിച്ചേച്ചിയുടെ കൊലുസ്സിന്റെ ശബ്ദമായിരുന്നു ചിലങ്കശബ്ദംപോലെ മുഴങ്ങിക്കേട്ടത്. വാതിലില്‍ക്കൂടി ഒളിഞ്ഞുനോക്കിയ വിവരം ആരോടും  പറയരുതെന്നു മണിയന്‍പിള്ള രാജു ചേച്ചിയോട് അപേക്ഷിച്ചു. സുകുമാരിച്ചേച്ചി ചോദിച്ചു: ”ഇപ്പോള്‍ സമയം എത്രയായി?” ”എട്ടുമണി.” ”ഞാന്‍ ആരോടും പറയുകയില്ലെന്ന് എഴുതി ഒപ്പിട്ടുതരാം. പക്ഷേ, ഒന്‍പതുമണിക്കു
മുന്‍പ് ഈ വിവരം കേരളം മുഴുവന്‍ അറിഞ്ഞുകഴിയും. അതു നീതന്നെ പറഞ്ഞുനടക്കും. നീ ഓട്ടവായനാണ്.” ഏറ്റവും രസകരമായ ആയിരമായിരം അനുഭവങ്ങളില്‍നിന്ന് വളരെ കുറച്ച് മാത്രമേ ഇതില്‍ എഴുതിയിട്ടുള്ളൂ.

രാജു സിനിമാ ലൊക്കേഷനില്‍ എത്തുന്നത് എല്ലാവര്‍ക്കും ആഹ്ലാദകരമാണ്. നര്‍മം നൈസര്‍ഗികമാണ് അദ്ദേഹത്തിന്. നര്‍മത്തെ ഒരു പ്രത്യേക രീതിയില്‍ രാജു കൈകാര്യം ചെയ്യും. ജീവിതത്തില്‍ പ്രകടിപ്പിക്കുന്നത്ര നര്‍മം അദ്ദേഹം സിനിമയില്‍ ചെയ്തിട്ടില്ല. കിട്ടിയിട്ടുള്ള കഥാപാത്രങ്ങളുടെ പരിമിതികള്‍ മൂലമാണത്.

അദ്ദേഹം എനിക്കു ജ്യേഷ്ഠതുല്യനാണ്. എന്റെ ജ്യേഷ്ഠന്റെ സഹപാഠിയായിരുന്നു. ഞങ്ങളുടെ പരിചയം Textതുടങ്ങുന്നത്  1971-ല്‍ ഞാന്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. സ്‌കൂളില്‍ അവതരിപ്പിക്കാന്‍ ഒരു നാടകം പഠിപ്പിച്ചുതരണമെന്നു പറയാന്‍ ഞാന്‍ രാജുവിനെ ചെന്നു കണ്ടു. തൊണ്ണൂറു വയസ്സുള്ള ഒരു കഥാപാത്രത്തെയാണ് എനിക്കു കിട്ടിയത്. ഏതായാലും ആ കഥാപാത്രത്തിന്റെ പേരില്‍ സ്‌കൂളിലെ ബെസ്റ്റ് ആക്ടര്‍ സമ്മാനം എനിക്കു കിട്ടി. അന്നു പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കു മാത്രമാണ് ബെസ്റ്റ് ആക്ടര്‍ സമ്മാനം കിട്ടിയിരുന്നത്. ആറാം ക്ലാസ്സുകാരന് ആ സമ്മാനം നേടിക്കൊടുത്തതിന് പത്താം ക്ലാസ്സുകാര്‍ മണിയന്‍ പിള്ള രാജുവിനെ ഓടിച്ചെന്നാണ് കഥ. പത്താം ക്ലാസ്സിലും ഞാന്‍ ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. അദ്ദേഹം സ്‌കൂള്‍ വിട്ടിട്ടും എന്റെ വീടിനടുത്തുള്ള ബന്ധു വീട്ടില്‍ വരുമ്പോഴൊക്കെ ഞങ്ങള്‍ തമ്മില്‍ കാണുന്നതു പതിവായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ സംവിധായകന്‍ രാജുവാണ്; എന്റെ മുഖത്തു ചായം തേച്ച ആദ്യത്തെ മേക്കപ്പ്മാനും.

സിനിമയിലെത്തിയതിനുശേഷം പഴയബന്ധം കൂടുതല്‍ ദൃഢമായിത്തീര്‍ന്നു. രാജുവില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു നല്ല കാര്യം ചിട്ടയാര്‍ന്ന പ്രവര്‍ത്തനരീതിയാണ്. നിര്‍മാതാവാകുമ്പോള്‍ സിനിമയുടെ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി ശ്രദ്ധിക്കും. താമസിക്കുന്ന മുറി ഏറ്റവും വൃത്തിയുള്ളതായിരിക്കും. ഭക്ഷണം സമയത്തിനു തന്നെ കഴിക്കും. ഇരിപ്പിലും നടപ്പിലും വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കും. മാത്രമല്ല, മറ്റുള്ളവരും അങ്ങനെയാകണമെന്നു നിര്‍ബന്ധിക്കുകയുംചെയ്യും.

പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവക്കാരനാണ്. തുറന്നുപറയുമ്പോള്‍ അതുകൊണ്ട് പില്ക്കാലത്തു ദോഷമുണ്ടാകുമോ എന്ന ആലോചനയൊന്നും അദ്ദേഹത്തിനില്ല. അതുകൊണ്ട് ശത്രുക്കളുണ്ടായിട്ടുണ്ട്. പക്ഷേ, രാജുവിന്റെ സത ്യസന്ധതയെ സംശയിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.

നമ്മുടെ ആഗ്രഹങ്ങള്‍ സത്യസന്ധവും ആത്മാര്‍ത്ഥവും തീവ്രവുമാണെങ്കില്‍ ആ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രകൃതി നിര്‍ബന്ധിതമാകും. മണിയന്‍പിള്ള രാജുവിന്റെ ജീവിതത്തിലെ ഏറ്റവും തീവ്രവും ആത്മാര്‍ത്ഥവും സത്യസന്ധവുമായ ആഗ്രഹം സിനിമാനടനാകുക എന്നതായിരുന്നു. അതിനുവേണ്ടി ഒരുപാടു കഷ്ടപ്പെട്ടു. അതിനു ഫലമുണ്ടായി. ഒരുപാടു സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു. നിര്‍മാതാവായി, നല്ല കുടുംബജീവിതവും കുട്ടികളുമുണ്ടായി.

രാജുവിന്റെ കുടുംബത്തോടും എനിക്ക് അടുത്ത ബന്ധമാണുള്ളത്. മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ അമ്മ അവസാനം ചോദിച്ചത്, ”മോഹന്‍ലാലും രാജുവിന്റെ കൂടെയുണ്ടോ?” എന്നാണ്. ഞങ്ങളുടെ ആത്മബന്ധത്തിെന്റ തീവ്രത കൊണ്ടാകാം അത്. അദ്ദേഹത്തിന്റെ അച്ഛനെയും സഹോദരന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇടയ്‌ക്കൊക്കെ അദ്ദേഹത്തിന്റെ മക്കളെ കാണാറുണ്ട്. എപ്പോള്‍ കണ്ടാലും ഇന്നലെ കണ്ടു പിരിഞ്ഞതുപോലെ ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിയാറുണ്ട്.

അദ്ദേഹം നിര്‍മിച്ച ‘വെള്ളാനകളുടെ നാട’് , ‘ഏയ് ഓട്ടോ’, ‘ഛോട്ടാ മുംബൈ’, ‘ഒരു നാള്‍ വരും ‘ എന്നീ നാലു സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. അതില്‍ മൂന്നെണ്ണം വന്‍ ഹിറ്റുകളായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളുടെ ലൊക്കേഷനില്‍ കിട്ടുന്ന ഭക്ഷണം ഏറ്റവും രുചികരമായിരിക്കും. പ്രതിഫലം കൃത്യമായി നല്കും. പലരില്‍നിന്നും  പ്രതിഫലം കിട്ടാത്ത അനുഭവമുള്ളതുകൊണ്ടായിരിക്കാം, എല്ലാവര്‍ക്കും കൃത്യമായി സമയത്തുതന്നെ പ്രതിഫലം നല്കണമെന്ന് രാജുവിന് നിര്‍ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ ചേര്‍ന്ന് എടുത്ത സിനിമയാണ് ‘ഹലോ മൈഡിയര്‍ റോങ് നമ്പര്‍’.

വീടുപോലെയാണ് സ്വന്തം ജീവിതവും രാജു സൂക്ഷിക്കുന്നത് എന്നെനിക്കു തോന്നാറുണ്ട്. വളരെ ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന വീടാണ് രാജുവിന്റേത്. മനോഹരമായ വസ്തുക്കള്‍ ചിട്ടയോടെ നിരത്തിവെച്ച് വീടിനെ ഭംഗിയുള്ളതാക്കുമ്പോള്‍ അതിനുള്ളില്‍ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഊര്‍ജം നിറയുമെന്നു പറയാറുണ്ട്. ആ ഊര്‍ജം അദ്ദേഹം സെറ്റിലേക്കു കയറിവരുമ്പോള്‍തന്നെ നമുക്ക്
അനുഭവപ്പെടും. സദാ തമാശകള്‍ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കാനാണ് ഇഷ്ടം. അദ്ദേഹത്തിന്റെ സൗഹൃദങ്ങള്‍ ഉറച്ചതാണ്. അതിന് ഒരു ഉദാഹരണം കുഞ്ചനുമായുള്ള ബന്ധമാണ്. സിനിമയില്‍ വന്ന കാലംമുതല്‍ അവര്‍ രണ്ടുപേരും ഉറ്റസുഹൃത്തുക്കളാണ്. അതിന്നും തുടരുന്നു. സൗഹൃദത്തിന് അദ്ദേഹം വലിയ വില കല്പിക്കുന്നതായി പല സന്ദര്‍ഭങ്ങളിലും എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്.

രാജുവിന് ജീവിതത്തില്‍ തീവ്രമായ ഒട്ടേറെ അനുഭവങ്ങളുണ്ടായിട്ടുണ്ട്. എനിക്കു വാസ്തവത്തില്‍ അത്രയൊന്നും അനുഭവങ്ങളുണ്ടായിട്ടില്ല. സിനിമ എന്നെ തേടി വരികയായിരുന്നു. രാജു സിനിമയെ തേടി ഒരുപാട് അലയുകയും വേദനിക്കുകയും ചെയ്തു. ആയിരം പേരെയെടുത്താല്‍ അവരിലൊരാള്‍ക്കുമാത്രം സാധിക്കുന്ന കാര്യങ്ങള്‍ പലതും അദ്ദേഹത്തിനു സാധിച്ചു; ധാരാളം സിനിമകളില്‍ അഭിനയിച്ചു. നടനായി അംഗീകാരം നേടി, സിനിമകള്‍ നിര്‍മിച്ചു. സിനിമയോടുള്ള അതിയായ ആഗ്രഹവും അദ്ദേഹത്തിന്റെ അമ്മയുടെ പ്രാര്‍ഥനയുമാണ് ഇതിനൊക്കെകാരണം, ‘മണിയന്‍പിള്ള രാജു അഥവാ മണിയന്‍പിള്ള രാജു’ എന്നേ എനിക്ക് അദ്ദേഹത്തെക്കുറിച്ചു പറയാനുള്ളൂ. കാരണം, അദ്ദേഹത്തിനു പകരംവെക്കാന്‍ മറ്റൊരാളില്ല.

ഇത്രയും കാലത്തെ ഞങ്ങളുടെ ബന്ധത്തില്‍ നീരസമോ മുഷിവോതോന്നാന്‍ ഒരു കാരണവും ഉണ്ടായിട്ടില്ല. ഏതു പ്രതിസന്ധിഘട്ടത്തിലും വിളിക്കാവുന്ന ഒരു സുഹൃത്താണ് എനിക്കു രാജു. ഞങ്ങള്‍ ഒപ്പമുള്ള നിമിഷങ്ങളോരോന്നും വലിയ വലിയ ഓര്‍മകളാണ്. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ എന്നെ ആദ്യം പഠിപ്പിച്ചയാള്‍ മണിയന്‍പിള്ള രാജു ആണ്. തൈക്കാട് അദ്ദേഹത്തിന്റെ വീടിനു മുകളില്‍ ഒരു
ലോഡ്ജ് ഉണ്ടായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം ഞങ്ങളെ നാടകം പഠിപ്പിച്ചത്. മണിയന്‍പിള്ള രാജുവിന്റെ
ഓര്‍മക്കുറിപ്പുകള്‍ എന്നെ സംബന്ധിച്ചിടത്തോളം പഴയ കാലത്തേക്കുള്ള തീര്‍ഥയാത്രയായി. ഈ പുസ്തകത്തിന്
അവതാരിക എഴുതാന്‍ കഴിഞ്ഞത് എന്റെ ഗുരുത്വമായി ഞാന്‍ കാണുന്നു. അദ്ദേഹത്തിനു ഞാന്‍ നല്കുന്ന
ഗുരുദക്ഷിണയാണ് ഇത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.