DCBOOKS
Malayalam News Literature Website

അകല്‍ച്ചയെന്ന പ്രാചീനഭയം

ബോബി ജോസ് കട്ടികാടിന്റെ ‘ചില്ല്’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

ദേവാലയത്തില്‍ പോകേണ്ട ഒരു പുലരിയില്‍ അവന് ഒരു വിനോദയാത്രയുടെ ഭാഗമാകേണ്ടതായി വന്നു. കുതിരപ്പുറത്ത് അവരങ്ങനെ മുന്നോട്ടുപോകുമ്പോള്‍ അവന്‍ അസ്വസ്ഥനാണെന്ന് കൂട്ടുകാര്‍ ശ്രദ്ധിച്ചു. ഒരിടത്ത് എത്തിയപ്പോള്‍ പൊടുന്നനെ യാത്ര അവസാനിപ്പിച്ച് അവന്‍ മടങ്ങാനൊരുങ്ങി. വിചിത്രമായ ആ പെരുമാറ്റത്തിന്റെ കാരണം പിന്നീടവന്‍ തന്റെ ചങ്ങാതിമാരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘യാത്ര ആരംഭിക്കുമ്പോള്‍ Textപള്ളിമണികളുടെ ശബ്ദം ഉറക്കെ കേട്ടിരുന്നു. മുന്നോട്ട് ഓരോ കാതം പോകുന്നതനുസരിച്ച് അതു നേര്‍ത്തുനേര്‍ത്ത് വരുന്നുണ്ടായിരുന്നു. ഇനിയും മുന്നോട്ടുപോയാല്‍ അതു തീരെ കേള്‍ക്കാതെയാവും. അതിനുമുന്‍പു ഞാന്‍ മടങ്ങിയില്ലെങ്കില്‍ പിന്നീട് എന്നെ തിരികെ വിളിക്കാന്‍ ഒരു സ്വരവും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടാവില്ല. അപകടം പിടിച്ച ആ കളിക്കു മുന്‍പ് തിരികെ നടന്നേ പറ്റൂ.’ ഉള്ളിലെ ചില ശബ്ദങ്ങള്‍ ദുര്‍ബലമാകുന്നുവെന്ന് അലാം മുഴങ്ങുമ്പോള്‍ ഇനി വൈകിക്കൂടാ.

കാഴ്ചയില്‍നിന്നും കേള്‍വിയില്‍നിന്നും അകന്നുപോകുന്നവര്‍ സദാകാലവും തങ്ങളോടൊപ്പം ഉണ്ടായിരിക്കുമോ എന്നത് സ്‌നേഹത്തിന്റെ പ്രാചീനഭയങ്ങളില്‍ ഒന്നാണ്. അങ്ങനെയാണ് പുരാണങ്ങളില്‍നിന്ന് ഛായാമുഖി എന്ന മാന്ത്രികക്കണ്ണാടി കിട്ടുന്നത്. അനുരാഗത്തിന്റെ ഹ്രസ്വമായ ഒരു കാലത്തിനുശേഷം വേര്‍പിരിയുമ്പോള്‍ ഹിഡുംബി ഭീമസേനനു സമ്മാനിക്കുന്ന ആ വിചിത്ര ദര്‍പ്പണത്തിനു പിന്നിലെ വികാരമെന്തായിരിക്കും? ഓര്‍ക്കണം, കണ്ണാടിയുടെ ഉള്ളില്‍ തെളിയുന്നത് അതിനെ നോക്കുന്നയാളല്ല, അയാളുടെ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഏറ്റവും പ്രിയപ്പെട്ടയാളുടെ മുഖമാണ്. അകന്നുപോയവരുടെ ധ്യാനക്കാഴ്ചകളില്‍ തങ്ങള്‍ മങ്ങിപ്പോകുമോ എന്ന പേടിയില്‍നിന്നാണ് സ്‌നേഹത്തിന്റെ എല്ലാ അര്‍ത്ഥനകളും പൊടിക്കുന്നത്. ഒരു മുദ്രമോതിരം കൈമാറുമ്പോള്‍ ശകുന്തള എന്താണു പ്രാര്‍ത്ഥിക്കുന്നത്? ‘സദാ ഉള്ളിലുണ്ടാവണമേ’ എന്നതു മാത്രമാണ് സ്‌നേഹത്തിന്റെ പ്രണവമന്ത്രം.

നമ്മള്‍ നോക്കിനില്‍ക്കെ മാഞ്ഞുപോയ ഒരു സ്‌നേഹപ്രതീകം എസ് റ്റി ഡി ബൂത്തുകളായിരുന്നു. ചില്ലുകൂട്ടിനു പുറത്ത് കാത്തുനില്‍ക്കുന്നവരുടെ തിടുക്കത്തിന്റെ ശരീരഭാഷയെക്കുറിച്ച് തെല്ലും വേവലാതികളില്ലാതെ മനുഷ്യരന്ന് സ്‌നേഹഭാഷണങ്ങളില്‍ മുഴുകിയിരുന്നു. അകന്നുപോകുന്ന മനുഷ്യരെക്കുറിച്ചുള്ള ആകുലതകളില്‍നിന്നാണ് ടെലിഫോണ്‍ രൂപപ്പെടുന്നത്. സഞ്ചരിക്കുമ്പോഴും ഒരുമിച്ചായിരിക്കാനുള്ള അതിന്റെ അതിമോഹത്തില്‍നിന്ന് കൈഫോണുകളും. അകലെയിരിക്കുന്നവരുടെ ചിത്രം സ്‌ക്രീനില്‍ തെളിയുമ്പോള്‍ അകന്നുപോയവര്‍ ഞൊടിയിടകൊണ്ട് എത്രയോ കാതം സഞ്ചരിച്ചാണ് നമ്മുടെ കുടുസുലാവണങ്ങളില്‍ തിരികെയെത്തുന്നത്. ഒരിക്കല്‍ ഒരുമിച്ചായിരുന്നതിന്റെ അതേ ഹര്‍ഷം വീണ്ടെടുക്കപ്പെടുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.