DCBOOKS
Malayalam News Literature Website

സ്നേഹവും കരുതലും മനുഷ്യനില്‍ വൈകാരിക മാറ്റങ്ങളുണ്ടാക്കും!

ഡി സി ബുക്‌സ് ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്‌കാരം ലഭിച്ച കിംഗ് ജോണ്‍സിന്റെ ചട്ടമ്പിശാസ്ത്രം എന്ന പുസ്തകത്തിന് ഗിരിജ ചാത്തുണ്ണി എഴുതിയ വായനാനുഭവം    

കിംഗ് ജോണ്‍സ് എഴുതിയ നോവല്‍ ആണ് ‘ചട്ടമ്പി ശാസ്ത്രം’. ഡി സി ബുക്‌സ് ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചു നടത്തിയ നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ നോവല്‍ കൂടിയാണിത്. ഡി സി യുടെ നാല്‍്പ്പത്തിയേഴാം വാര്‍ഷികത്തോടനുബന്ധിച്ചു പ്രകാശം കണ്ടെത്തിയ നോവലുകളില്‍ ഒന്നാണ് ചട്ടമ്പി ശാസ്ത്രം!

ചട്ടമ്പികളെ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു, എങ്ങനെ ചട്ടമ്പിത്തരങ്ങള്‍ കാണിച്ചു അധികാരം സ്ഥാപിച്ചെടുക്കാന്‍ കഴിയും എന്നതിന്റെ ചരിത്രമായാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്.

പിന്റോ ഗീവര്‍ഗീസ് എന്ന ചിത്രകാരന്‍ രചിച്ച ‘ഉഗ്രനരസിംഹം എന്ന ഉരു’എന്ന നോവലാണ് ‘ ചട്ടമ്പിശാസ്ത്രം’ തുറക്കുമ്പോള്‍ കാണാനാവുന്നത്. നോവലിനുള്ളിലെ നോവലാണ് ചട്ടമ്പി ശാസ്ത്രത്തിലെ ആദ്യ ഭാഗമായ ഉഗ്രനരസിംഹം എന്ന ഉരു!

പിന്റോ എന്ന എഴുത്തുകാരന്റെ ജീവിതപാശ്ചാത്തലത്തേയും കഥാപാത്രങ്ങളെയും, കാലഘട്ടത്തെയും, ആ ഭൂമികയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ഘടനയെയും കുറിച്ചുള്ള അന്വേഷണമായാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. ചരിത്രത്തിനോടുള്ള സമീപനം എത്രമാത്രം ചേര്‍ന്നുനില്‍ക്കുന്നുവെന്നത് വായനക്കാരന്റെ മനോധര്‍മ്മത്തിന്നനുസരിച്ചു തീരുമാനിക്കാം!

Text‘യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലാത്ത അനുമാനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ സാമൂഹിക സൃഷ്ടിയും നടന്നിട്ടുള്ളത്. അധികാരങ്ങള്‍ തേടിവരുന്നതും അധികാരങ്ങളെ തേടിയെടുക്കുന്നതും ഇവിടെകാണാം. പട്ടാണി അസിസും, കുമാരനും അതിന്റെയൊരു ഉദാഹരങ്ങളാണ്. ഉടുതുണിയും മലപ്പുറം കത്തിയുമായി പ്രത്യക്ഷപ്പെടുന്ന പഠാണിയായ അസീസിന് ജനം അംഗീകരിച്ചു കൊടുത്തത് ആരെയും അടക്കി ഭരിക്കാവുന്ന ”ചട്ടമ്പി പട്ടമാണ്’.

ഉഗ്രനരസിംഹം എന്ന ഉരു ആഴങ്ങളില്‍ നിന്നും ഒറ്റക്ക് മുങ്ങിയെടുക്കുന്നതും അതിനെ പിന്നീട് ചവിട്ടിതാഴ്ത്തുന്നതും അമാനുഷികവീരപരിവേഷം നല്‍കി അസീസില്‍ ഭയബഹുമാനങ്ങളോടെ അധികാരം നല്‍കുന്നതും കാണാം. പരിവര്‍ത്തനത്തിന്റെ പാതയിലൂടെ അധികാരം സ്ഥാപിച്ചെടുക്കുന്ന കുമാരനേയും കാണാം.

ചിലര്‍ ആഗ്രഹിക്കാതെതന്നെ അര്‍ഹിക്കാത്ത അധികാരങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് സമൂഹത്തിന്റെ ശീലമാണ്. എക്കാലവും മനുഷ്യര്‍ ആ ശീലം തുടരുന്നുണ്ട്. ഭയമെന്നൊരു വികാരമാണിവിടെ സ്ഫുരിച്ചു കാണുന്നത്. ജാതിയില്‍ താഴ്ന്ന കുമാരനെ പട്ടാണി അസിസ് കേളുനായരുടെ വീട്ടിലേക്ക് ഒന്നിച്ചിരുന്ന് ഊണുക്കഴിക്കാന്‍ വിളിച്ചപ്പോള്‍ ഭയം എങ്ങനെ അധികാരങ്ങളെ പുനഃസൃഷ്ടിക്കുന്നുവെന്നതും കാലം അടയാളപ്പെടുത്തി.ഭയം അതായിരുന്നു എല്ലാത്തിന്റെയും ആധാരം.അയിത്തവും ഉച്ചനീചത്വവും ഭയത്തിന്നു മുന്നില്‍ വഴിമാറി അറിവും ജ്ഞാനവും നേടിയവന് മുന്നില്‍ ഞങ്ങള്‍ വാതിലുകള്‍ തുറന്നിട്ടു.ആ വാക്കുകളും ഭയത്തില്‍ നിന്നുടലെടുത്തതാണ്. ഭയത്തിന്റെ ആവേഗങ്ങളില്‍ വരുന്ന മാറ്റം നമുക്കിവിടെ കാണാം. സ്ത്രീകളുടെ മനോവ്യാപാരങ്ങള്‍, സ്ത്രീയുടെ നിഷ്‌കളങ്കസ്‌നേഹ ബന്ധങ്ങളെയും വരച്ചിട്ടുകൊണ്ടു വ്യക്തമായൊരു സമീപനം സ്വീകരിച്ചിരിക്കുന്നു എഴുത്തുകാരന്‍.

asexual person ആയ അസീസുമായി ബന്ധം സ്ഥാപിക്കാന്‍ താല്പര്യപ്പെടുന്നു എന്നത് സമൂഹം കരുതുന്നപോലെ ആരോഗ്യ ദൃഡഗാത്രനായ ഒരു പുരുഷ ശരീരത്തെ കൊതിച്ചു കൊണ്ടല്ല പകരം ജീവിതത്തില്‍ എപ്പോഴൊക്കെയോ അവര്‍ക്ക് നഷ്ടപ്പെട്ട അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസ്സു തുറന്നു സംസാരിക്കാന്‍, അത് കേള്‍ക്കാന്‍ ഒരു കാത്, നല്ലൊരു സുഹൃത്ത് എന്ന നിലയിലാണ്. സ്ത്രീ സൗഹൃദങ്ങളുടെ ഉന്നതമായൊരു തലത്തിലൂടെയൊരു യാത്രയിലൂടെയാണ് രചയിതാവ് സഞ്ചരിക്കുന്നത്.

കുട്ടനാടിന്റെ മണ്ണിലൂടെയാണ് കഥയൊഴുകുന്നത്. അന്നത്തെ സാമൂഹിക സാഹചര്യങ്ങളെ, മതപരിവര്‍ത്തനത്തിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ എല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ഷെവലിയര്‍ ആയ ആനറാഞ്ചി കറിയാച്ചന്റെയും ഭാര്യ തോശാമായുടെയും പകര്‍ന്നാട്ടങ്ങളൊക്കെ വായനക്കാരെ അത്ഭുതപരതന്ത്രരാക്കുന്നു. എഴുത്തുകാരന്റെ ആഖ്യാനമികവ് ഇവിടെ കാണാം.

ഇതില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം ആദി മദ്ധ്യാന്തമായിട്ടാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മൂന്നുപേരിലൂടെ മൂന്നു ഭാഗങ്ങളായിട്ടാണ് ഈ നോവല്‍ വായിക്കാവുന്നത്. (പിന്റോ,തെരേസ,രചയിതാവ്) പിന്റോയുടെ പിന്നില്‍ മറഞ്ഞു നിന്നുകൊണ്ട് നോവല്‍ രചിക്കുകയും ആ നോവലിന്റെ ഫോക്കസില്‍ നിന്നും വ്യതിചലിക്കാതെ, പിന്റോയുടെ ഭാര്യ  തെരേസയെകൊണ്ടു കഥാപാത്രങ്ങളുടെ, പിന്റോയുടെ ആനറാഞ്ചിതറവാടിന്റെ, പാശ്ചാത്തലങ്ങളെയും കുറ്റാന്വേഷണാത്മക ചുവടുപിടിച്ചു അന്വേഷിപ്പിക്കുകയും, അവിടെ തെരേസയുടെ അഭിപ്രായങ്ങളിലും കണ്ടെത്തലുകളിലുമൊക്കെ വിട്ടുപോയതും മറച്ചുവെച്ചതുമായ ഭാഗങ്ങള്‍ പൂരിപ്പിച്ചുകൊണ്ട് മുന്‍കൈ എടുത്തുകൊണ്ട് മൂന്നാം ഭാഗത്തിലൂടെ കഥാകൃത്ത് തന്നെ പ്രത്യക്ഷപെടുമ്പോള്‍ സത്യവും മിഥ്യയും നിര്‍മ്മിക്കപ്പെടുന്നതും അതു പൊഴിഞ്ഞുപോകുന്നതും സുതാര്യമായി പകര്‍ത്തിവെക്കുന്ന സുഭഗമായൊരു എഴുത്തിവിടെ കാണാം.

”ഒരുപെണ്ണു ഭൂഗോളത്തെ എങ്ങനെയാണ് മാറ്റിമറിക്കുകയെന്നത് സുഭദ്രയിലൂടെ കണ്ട ജനം അത്ഭുതപ്പെട്ടു. ‘സ്‌നേഹവും കരുതലും നല്‍കുമ്പോള്‍ മനുഷ്യനില്‍ വൈകാരിക മാറ്റങ്ങള്‍ സ്വാഭാവികമായും സംഭവിച്ചു കൊണ്ടിരിക്കും എന്നതുമിവിടെ ഓര്‍മ്മപ്പെടുത്തലാകുന്നു.
നോവലിനുള്ളിലെ നോവലും, ആ നോവലിസ്റ്റ് രചിച്ച ചിത്രങ്ങളും, ക്രിസ്തുദാസന്‍ ആനറാഞ്ചി സ്‌കറിയ അഥവാ കറിയാച്ചന്‍ ഉണ്ടാക്കിയ കാമാക്ഷി കല്‍ക്കുരിശ് ശാസനവും, വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഒക്കെ ചേര്‍ത്തു വെയ്ക്കുമ്പോള്‍ നോവലിനെ സാങ്കേതിക മാധ്യമങ്ങളുടെ കാലഘട്ടത്തിന്റെ മാറ്റം എഴുത്തുകാരിലുംപ്രകടമാകുന്നു.

ഇന്നത്തെ എഴുത്തുകാരുടെ പരീക്ഷണാത്മകമായ രചനയാണീ നോവല്‍, ആകാംക്ഷയോടെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ആഖ്യാനശൈലി, വായനയുടെ പല അടരുകളിലും ഹൃദ്യമായ ആസ്വദനം നല്‍കിയ എഴുത്ത്. കഥാപാത്രങ്ങളുടെ മനഃശാസ്ത്രപരമായ ചിന്തകളും ലളിതമായി പങ്കുവെക്കപ്പെടുന്നു. ഡോക്ടര്‍ സുഷ്മയെന്ന കഥാപാത്രത്തിലൂടെ! ഡോക്ടര്‍ സുഷ്മയും പിന്റോയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞു തെരുവിലൂടെ നടന്നുപോകുമ്പോള്‍ എതിരേവരുന്ന സ്വാഭാവിക മുഖങ്ങളിലെല്ലാം നോക്കാന്‍ ഡോക്ടര്‍ക്ക് ഭയമായിരുന്നു.കാരണം ഓരോ മുഖത്തിന്ന് പിന്നിലും മറ്റാരാലും മനസ്സിലാക്കപ്പെടാത്ത അസ്വാഭാവികമായ മറ്റൊരു മുഖവും ജീവിതവും അപകടകരമാം വിധം ഒളിച്ചുവെയ്ക്കപ്പെട്ടിട്ടുണ്ടായിരുന്നു, തെരേസയില്‍ നിന്നും പഠിച്ചെടുത്തതാണീ പാഠം.!

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.