DCBOOKS
Malayalam News Literature Website

‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’,സ്കൂൾ തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും പാഠപുസ്തകമാക്കേണ്ടതാണ്: കെ ആർ മീര

സുധ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന പുസ്തകത്തെക്കുറിച്ച് കെ ആര്‍ മീര ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

സങ്കടപ്പെടുത്തിയ ഒരു മരണം; ദീർഘയാത്രയ്ക്കു ശേഷമുള്ള പനി, തൊണ്ടവേദന; തളർന്ന ശരീരത്തെ ഒരേ ശക്തിയോടെ വലിച്ചുപൊട്ടിക്കുന്ന ഉൽക്കണ്ഠയും വിഷാദവും- ഇത്തരമൊരു അവസ്ഥയിൽ വായിക്കാവുന്ന പുസ്തകമല്ല, സുധാ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’.

“ഞാൻ മുട്ടുകുത്തിയതു നിന്റെ മുന്നിലല്ല, മുഴുവൻ മാനവരാശിയുടെയും അനന്തമായ വ്യഥകൾക്കു മുന്നിലാണ്” എന്ന ദസ്തയേവ്സ്കി ഉദ്ധരണി കണ്ടപ്പോൾത്തന്നെ പുസ്തകം മടക്കിവയ്ക്കാൻ പകുതിബുദ്ധി ഉപദേശിച്ചതാണ്. മറുപകുതി അനുസരിച്ചില്ല. “ഭരണകൂടം നൈതികമായ ചുമതലകളിൽനിന്ന് ഒളിച്ചോടുകയും സാധാരണ മനുഷ്യരെ വെറും ഇരകൾ ആക്കി മാറ്റുകയും ചെയ്യുന്ന നേർക്കാഴ്ചയാണു ഞാൻ ഈ രാജ്യങ്ങളിൽ കണ്ടത്” എന്ന വരി പിന്നിട്ടതിൽപ്പിന്നെ തുടർന്നു വായിക്കാതിരിക്കാൻ കഴിഞ്ഞുമില്ല. ഇതേ സാഹചര്യങ്ങളിലൂടെയാണല്ലോ, നമ്മളും കടന്നു പോകുന്നത്.

‘അക്രമരാഹിത്യം നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാനപ്രമാണമാകുമ്പോൾ ഭാവി സ്ത്രീയുടേതാകും’ എന്നു ഗാന്ധിജി എഴുതി. അക്രമവും ഹിംസയുമുള്ളിടത്തു സ്ത്രീയ്ക്ക് ഭാവിയുമില്ല, വർത്തമാനവുമില്ല എന്നർത്ഥം. സ്ത്രീക്കു ഭാവിയില്ലാതെ എന്തു ജനാധിപത്യം? എന്തു സാമൂഹികസുരക്ഷ?

വിപരീതയുക്തിപ്രകാരം, സ്ത്രീജീവിതങ്ങൾക്കു മേലുള്ള ഹിംസാപ്രയോഗമാണ് സ്വേച്ഛാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും ഒന്നാമത്തെ ചവിട്ടുപടി. അതിന്റെ ആദ്യ ഇരയും ആയുധവും സ്ത്രീജീവിതങ്ങളാണ്. ഓരോ രാജ്യത്തെയും രേഖപ്പെടുത്താൻ അവിടുത്തെ ദരിദ്രരിൽ ദരിദ്രരായ ഒന്നോ രണ്ടോ സ്ത്രീകളുടെ ജീവചരിത്രങ്ങൾ ധാരാളം.

മണ്ണിന്റെ ഉടമസ്ഥതയും പെണ്ണിന്റെ അവസ്ഥയും സംബന്ധിച്ച അനുഭവങ്ങളാണ് രാജ്യങ്ങളുടെ യഥാർത്ഥ ചരിത്രം. ചിലപ്പോഴൊക്കെ അവ പരസ്പരം പൂരിപ്പിക്കും. മറ്റു ചിലപ്പോൾ ഒന്നു മറ്റൊന്നിന്റെ തുടക്കമോ തുടർച്ചയോ Textആകും. യുദ്ധവും കലാപവും പ്രകൃതിദുരന്തങ്ങളും തകർത്തെറിഞ്ഞ ഭൂപ്രദേശങ്ങളിൽ അവ, വെള്ളത്തിൽ ഉപ്പെന്നതുപോലെ ഒന്നു മറ്റേതിൽ അലിഞ്ഞ് അദൃശ്യമാക്കപ്പെടും. അതിന്റെ ദൃക്സാക്ഷി വിവരണമാണ്, ഉള്ളുരുക്കുന്ന ഈ പുസ്തകം.

രാജ്യാന്തര തൊഴിൽനിയമ ലംഘനങ്ങളും വ്യവസായ രംഗത്തെ തൊഴിലാളി ചൂഷണവും സംബന്ധിച്ച മേഖലയിൽ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ പരിശീലനം ലഭിച്ചിട്ടുണ്ട്, സുധയ്ക്ക്. രണ്ടു പതിറ്റാണ്ടോളം ഗവേഷകയായും പ്രോഗ്രാം മാനേജർ ആയും കൺസൾട്ടന്റ് ആയും യുദ്ധ-കലാപ- സംഘർഷ ബാധിത പ്രദേശങ്ങളിലെ സ്ത്രീകൾക്കിടയിൽ പ്രവർത്തിച്ചു പരിചയവുമുണ്ട്. ആ കാലയളവിൽ പരിചയപ്പെട്ട ആറു സ്ത്രീകളുടെ ജീവിതകഥകളാണ് ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’. പക്ഷേ, അത് ആറു സ്ത്രീകളുടെ കഥ മാത്രമല്ല. അവരുടെ രാജ്യങ്ങളുടെ സംക്ഷിപ്ത ചരിത്രം കൂടിയാണ്. ആ സ്ത്രീകളുടെ ജീവിതാനുഭവങ്ങളാണ് അവരുടെ രാജ്യങ്ങളുടെ ചരിത്രത്തിന്റെ സ്ഥിരീകരണം.

കാരണം, ആ ചരിത്രം, അവരുടെ അനുഭവമാണ്. പക്ഷേ, സുധ എഴുതിയതുപോലെ, ‘എഴുതപ്പെട്ട യുദ്ധചരിത്രങ്ങളിൽ അവരുടെ പേരോ കഥയോ ഇല്ല’. യുദ്ധങ്ങളുടെ മാത്രമല്ല, പ്രകൃതിദുരന്തങ്ങളുടെയും വംശീയവിദ്വേഷത്തിന്റെയും കോർപറേറ്റ് രക്തക്കൊതിയുടെയും ക്ഷേമരാഷ്ട്രസങ്കൽപ്പത്തിൽനിന്ന് പിൻവാങ്ങുന്ന ഗവൺമെന്റ് നയങ്ങളുടെയും ഒക്കെ അദൃശ്യ ഇരകളാണ് അവർ. മരിച്ചു ജീവിക്കുന്ന മനുഷ്യർ.

രണ്ടായിരത്തിമൂന്നു മുതലുള്ള സുധയുടെ യാത്രകളാണു പുസ്തകത്തിന് ആധാരം. ശ്രീലങ്കയിലെ കൊക്കടിച്ചോലയിൽ കണ്ടുമുട്ടിയ ജീവലത, പാക്കിസ്ഥാൻ സിന്ധിലെ ബദീനിൽ കണ്ടുമുട്ടിയ സൈറ, അഫ്ഘാനിസ്ഥാനിലെ സറൂബിയിൽ കണ്ടുമുട്ടിയ പർവീൻ, ബംഗ്ലദേശിലെ കരോട്ടിയയിൽ കണ്ടുമുട്ടിയ സഫിയ, നേപ്പാളിലെ സിന്ധുപാൽചൌക്കിലെ ഗ്രാമത്തിൽ കണ്ടുമുട്ടിയ ശ്രേഷ്ഠ, തെലങ്കാനയിലെ വാറങ്കലിൽ കണ്ടുമുട്ടിയ രേവമ്മ- അവരുടെ ജീവിതരീതികളും പശ്ചാത്തലവും വ്യത്യസ്തമാണ്. പക്ഷേ, ‘വംശമഹിമയും സ്വത്വബോധവും കുലാഭിമാനവും എല്ലാം അധികാരം പിടിച്ചെടുക്കാനുള്ള ആരുടെയൊക്കെയോ ഉൻമാദങ്ങൾ മാത്രമായിരുന്നു, ആ ഉൻമാദ രാഷ്ട്രീയത്തിന്റെ ചൂണ്ടയിൽ കോർത്തിട്ട ഇരകൾ മാത്രമായിരുന്നു സാധാരണക്കാരായ മനുഷ്യർ’ എന്നു സുധ ജീവലതയുടെ അധ്യായത്തിൽ എഴുതിയത് ആറു പേരുടെയും കാര്യത്തിൽ ഒരു പൊതുതത്വമായി ചുരുൾനിവരുന്നതു കാണാം.

‘കൂടുതൽ കൂടുതൽ സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ സമൂഹങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ്’ ഓരോ രാജ്യവും അശാന്തിയുടെ കലക്കവെള്ളത്തിൽ നിന്ന് അധികാരത്തിന്റെ മീൻ പിടിക്കുന്നത് എന്ന സത്യത്തിന് ഈ ആറു സ്ത്രീകളുടെയും ജീവിതകഥകൾ ഉദാഹരണമാകുന്നു. സ്ത്രീയെ ഗോത്രനിയമത്തിനുള്ളിൽ വരിഞ്ഞു മുറുക്കുമ്പോൾ, ഒരു സമൂഹം മുഴുവൻ ആ വ്യവസ്ഥയ്ക്ക് വിധേയരാകുന്നു. അവരുടെ ചുറ്റുപാടുകളിൽ, ശക്തിയും അധികാരവുമാണ് ഏക അളവുകോൽ. ഹിംസയാണ്, ഭരണവർഗത്തിന്റെ ഏക മാർഗവും അവസാന ലക്ഷ്യവും. കോർപറേറ്റുകൾക്കു തുച്ഛമായ കൂലിക്ക് ഇരട്ടി അധ്വാനം ലഭ്യമാകുന്നു. വൻരാഷ്ട്രങ്ങൾക്ക് ആയുധക്കച്ചവടം കൂടുതൽ ലാഭകരമാകുന്നു. എല്ലാത്തരം അനീതികൾക്കും മനുഷ്യാവകാശലംഘനങ്ങൾക്കും നേരേ ഭരണകൂടത്തിന്റെ മൌനവും നിഷ്ക്രിയതയും കൂടിയാകുമ്പോൾ അത് പലമടങ്ങു പെരുകിയ ഹിംസയായി അനുഭവപ്പെടുന്നു.

ദക്ഷിണേഷ്യൻ മനുഷ്യരുടെ മുറിവുകളാണ്, ഓരോ അധ്യായത്തിലും. സൂക്ഷ്മമായി വായിക്കുമ്പോൾ ഭയം ഉണരും. അതു നമ്മുടെ ഭാവികാലം തന്നെയായി അനുഭവപ്പെടും. കാരണം, സുധയുടെ അനുഭവങ്ങൾക്ക് പ്രവചനാത്മകതയുണ്ട്. സുധ എഴുതിയതുപോലെ ‘ലോകത്ത് എല്ലായിടത്തും ഇരകളായ സ്ത്രീകൾക്ക് ഒരേ ഭാഷയും ഒരേ സ്വരവും ആണ്. അതു പാക്കിസ്ഥാൻ ആയാലും ശ്രീലങ്ക ആയാലും ഇന്ത്യ ആയാലും. സ്വരഭേദങ്ങളെ, ഭാഷയെ, ഗോത്രത്തെ ഒക്കെ നിഷ്പ്രഭമാക്കുന്ന ഒരു ഏകത സ്ത്രീകളുടെ അനുഭവങ്ങൾക്കുണ്ട്’.

സ്ത്രീക്കു നേരെയുള്ള ഹിംസ ഒരു സൂചനയും ലക്ഷണവുമാണ്. ഈ ആറു സ്ത്രീകളുടെയും ജീവിതങ്ങൾ അതിനു തെളിവാണ്. അതാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും പ്രാധാന്യവും.

വായിച്ചു തീരുമ്പോൾ പേടിയും ഉണങ്ങാൻ പ്രയാസമുള്ള മുറിവുകളുടെ നീറ്റലും തുടരുന്നുവെങ്കിലും, സുധയ്ക്കു നന്ദി. സ്കൂൾ തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും പാഠപുസ്തകമാക്കേണ്ടതാണ്, ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.