DCBOOKS
Malayalam News Literature Website

സാമ്പ്രദായിക ചരിത്രത്താളുകളില്‍ ഒരിക്കല്‍പോലും എഴുതപ്പെടാത്ത സ്ത്രീ ജീവിതങ്ങള്‍

ഡി സി ബുക്‌സ് 'വായനയെ എഴുതാം' ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ വായനാനുഭവം

സുധ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന പുസ്തകത്തിന് അമൃത പ്രകാശന്‍ എഴുതിയ വായനാനുഭവം

ഒരു ചലച്ചിത്രം കണ്ട് വികാരപരവശയായി കരയുന്നത് പോലെയല്ല ഒരു പുസ്തകം വായിച്ച് നമ്മുടെ മിഴികള്‍ നിറഞ്ഞൊഴുകുന്നത്. ഹൃദയത്തെ കണ്ണീരുകൊണ്ട് നനയിച്ചെടുത്ത ഒരു പുസ്തകമാണ് സുധാമേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍ ‘. നെഞ്ചില്‍ കനിവിന്റെ സ്പര്‍ശമുള്ള ഏതൊരാളെയും കരയിപ്പിക്കും ഈ പുസ്തകം.

ഗവേഷകയും, പ്രോഗ്രാം മാനേജരും, ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന കമ്മ്യൂണിറ്റി സെന്ററുകളുടെ ഭാരവാഹിയും കൂടിയാണ് സുധാ മേനോന്‍. ഏറെയൊന്നും ചിന്തിക്കാതെയും പറയാതെയും ആഹ്ലാദകരമായി ജീവിതം കൊണ്ടാടുന്ന നമ്മുടെ നേരെ ആത്മനിന്ദ തോന്നിപ്പിക്കും വിധം അനേകം ചോദ്യങ്ങളുടെ ശരവര്‍ഷം പെയ്യിക്കാന്‍ ഉതകുന്നതായിരുന്നു ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

യുദ്ധം, പാലായനം, വിഭജനം, വംശഹത്യ തുടങ്ങിയവയെ കുറിച്ചുള്ള പത്രവാര്‍ത്തകള്‍ പലപ്പോഴും പിന്നീട് വായിക്കാനായി മാറ്റിവെക്കുന്ന സംഭവികാസങ്ങളാണ് നമ്മില്‍ പലര്‍ക്കും. അവയ്‌ക്കൊക്കെ വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പോയോ നമ്മള്‍ എന്നൊരു കുറ്റബോധം ഉടലെടുക്കുന്നു ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍.

സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട, ഉള്ളില്‍ അപകര്‍ഷതാബോധം മാത്രം നിറഞ്ഞ, ജീവിതത്തിലെ വര്‍ണ്ണങ്ങളെല്ലാം ഒലിച്ചിറങ്ങിപ്പോയ ആറ് സ്ത്രീകളുടെ പീഡനനുഭവങ്ങളും അരക്ഷിതാവസ്ഥ നിറഞ്ഞ ജീവിതവും ആണ് ആ രാജ്യങ്ങളുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ സുധാ മേനോന്‍ നമ്മോട് പറയുന്നത്. ഇത് ആറ് പേരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നുകൂടി വായനയില്‍ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ചരിത്രത്തിന്റെ തിരുനെറ്റിയില്‍ ഒന്ന് പോറിയിടാന്‍ പോലും അധികാരികള്‍ മറന്നുപോയ ക്രൂര പീഡനങ്ങളുടെയും, പ്രകൃതി ദുരന്തങ്ങളുടെയും, പുരുഷ മേധാവിത്വ അക്രമോത്സുകതയുടെയും അദൃശ്യ ഇരകളാണ് ഇവര്‍ എന്ന് പറയുമ്പോള്‍ നമ്മള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു.

ദുരന്തങ്ങളും പീഡനങ്ങളും ബാക്കിവെച്ച ജീവിതത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നറിയാത്ത നിരാലംബരായ സ്ത്രീകളുടെയും കുട്ടികളുടെയും ചുടുകണ്ണീരിനു മുന്നില്‍ നമ്മുടെ രക്തം തണുത്തുറഞ്ഞു പോകും. ഓരോ നഗരവും അവിടെ സ്ഥിതി ചെയ്യുന്ന അംബരചുംബികള്‍ ആയ കെട്ടിടങ്ങളുടെയും വ്യവസായങ്ങളുടെയും പേരില്‍ അറിയപ്പെടുമ്പോള്‍ അതിനു പുറകില്‍ മറഞ്ഞിരിക്കുന്ന മനുഷ്യരുടെ വിയര്‍പ്പിന്റെ ഗന്ധം നമ്മള്‍ പൂശിയിരിക്കുന്ന വിദേശനിര്‍മ്മിതമായ സുഗന്ധദ്രവ്യങ്ങളുടെ പരിമളത്തില്‍ അറിയുന്നില്ല എന്നതാണ് സത്യം. സര്‍വ്വംസഹയായ ഭൂമിദേവിയെ പോലെ ഈ സ്ത്രീകളും കുട്ടികളും അതിജീവനം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത വിധം ചെളിയില്‍ പൂണ്ടു പോയിരിക്കുന്നു.

ലേഖിക പറയുന്നു, സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പല്ലിളിച്ച് മുന്നില്‍ വന്നു നില്‍ക്കുന്ന വെള്ള വസ്ത്രധാരികളോ, പ്രബുദ്ധരെന്ന് വിശ്വസിക്കുന്ന സമൂഹമോ, മത പൗരോഹിത്യം വഹിക്കുന്ന നേതാക്കന്മാരോ, രാഷ്ട്രീയക്കാരോ, ഭരണകൂടമോ ഒന്നും ഇല്ല ഇവര്‍ക്ക് ഒരു തണലേകാന്‍ എന്ന്. പലയിടത്തും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് നമുക്ക് ഇവിടെ ദര്‍ശിക്കാന്‍ കഴിയുക. ശ്രീലങ്കയിലെ കൊക്കടിച്ചോലയില്‍ ലേഖിക കണ്ടുമുട്ടിയ ജീവലതയെ പ്രണയത്തിന്റെ ഉന്മാദവും, ജീവിതത്തിലെ വസന്തവും അനുഭവിക്കാന്‍ കഴിയാതെ നെരിപ്പോടില്‍ നീറിപ്പോയ , പാലായനത്തിന്റെ മുറിവുകള്‍ മാത്രം അനുഭവിച്ച ഒരു സ്ത്രീ ജന്മം എന്നാണ് വിശേഷിപ്പിക്കേണ്ടത്. സിംഹളരും തമിഴരും പരസ്പരം Textപടച്ചുവിടുന്ന അക്രമങ്ങളും കലാപങ്ങളും ആ രാജ്യത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തെയാണ് ആത്യന്തികമായി ബാധിച്ചത്.

അധികാരം പിടിച്ചെടുക്കാനുള്ള ഒരു കൂട്ടരുടെ ഉന്മാദങ്ങള്‍ മാത്രമായിരുന്നു ഈ അക്രമങ്ങള്‍ എന്നും ഈ ഉന്മാദ രാഷ്ട്രീയത്തിന്റെ ബലിയാടുകളാണ് സാധാരണക്കാരായ ഓരോ തമിഴനും സിംഹളനും എന്ന് മനസ്സിലാക്കുന്നിടത്ത് നിന്ന് തുടങ്ങുന്നു ജീവലതയടക്കമുള്ള സാധാരണ സ്ത്രീകളുടെ നഷ്ടപ്പെട്ടുപോയ ജീവിതം തിരികെ പിടിക്കുവാനുള്ള ശ്രമങ്ങള്‍ . പാക്കിസ്ഥാനില്‍ സിന്ധുവിന്റെ തടത്തിലൂടെ ബദീനിലേക്കുള്ള ലേഖികയുടെ യാത്ര അവിടെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന കമ്മ്യൂണിറ്റി സെന്ററിലെ അംഗങ്ങളെ കാണാനും സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നുകൂടി സജീവമാക്കാനും വേണ്ടിയായിരുന്നു.

ഓരോരോ വിധത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ എപ്പോഴും നേരിടുന്ന ഒരു പ്രദേശമാണ് ബദീന്‍ . സൈറയുടെ കൂടെ ബദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കടലോരഗ്രാമത്തിലേക്കുള്ള തന്റെ ജീപ്പ് യാത്രയില്‍ കണ്ട മനുഷ്യരെയും പ്രകൃതിയെയും കുറിച്ച് സുധാ മേനോന്‍ അക്ഷരങ്ങളിലൂടെ നമ്മുടെ മുന്നില്‍ വെളിവാക്കുമ്പോള്‍ ഇങ്ങനെയുള്ള സ്ഥലങ്ങളും മനുഷ്യരും ഇന്നും ഈ ഭൂമിയില്‍ ഉണ്ടോ എന്ന് ഒരുപക്ഷേ നമ്മള്‍ ചിന്തിച്ചു പോകും . പൗരോഹിത്യവും ഭൂവുടമകളും നിയന്ത്രിക്കുന്ന, ഗോത്ര നീതിയുടെ രാഷ്ട്രീയം നിലനില്‍ക്കുന്ന സിന്ധില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടിവരുന്ന പീഡനങ്ങളും ചൂഷണങ്ങളും നമ്മളെ ചിന്തിപ്പിക്കുക മാത്രമല്ല അവയ്ക്കെതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതികളുടെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ച് മരിച്ചു ജീവിക്കുന്ന കുറേ സാധാരണ മനുഷ്യന്മാരെ കുറിച്ച് ലേഖിക ഓര്‍മിപ്പിക്കുമ്പോള്‍ നമ്മുടെ കൈവശം എന്ത് മറുപടിയാണ് അവരോട് പറയുവാന്‍ ഉള്ളത്?

പുരുഷ മേധാവിത്വം നിറഞ്ഞു നില്‍ക്കുന്ന സിന്ധിലും ബദീനിലും തങ്ങളുടെ ജീവിതത്തില്‍ ഇരുള്‍ നിറയ്ക്കും വിധം പീഡനങ്ങളും പ്രകൃതിദുരന്തങ്ങളും നേരിടേണ്ടി വരുമ്പോള്‍ ഒരിക്കലും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും നിറപ്പകിട്ടില്ലാത്ത ജീവിതത്തിന്റെയും തുടര്‍ച്ചയെന്നോണം വീണ്ടും അവര്‍ പൂണ്ടുപോകുന്നു ചതുപ്പിലേക്കെന്നവണ്ണം ഒരിക്കലും നീന്തി കരകയറാന്‍ ആവാത്ത വിധം. സ്ത്രീവിരുദ്ധ നിയമമായ ‘ ഹദൂദ് ‘ പിന്‍വലിച്ചിട്ടും ആ നിയമത്തിന്റെ പേരും പറഞ്ഞ് തനിക്ക് അനുഭവിക്കേണ്ടിവന്ന പീഡനം പരാതിപ്പെട്ടതിന്റെ പേരില്‍ ഹാജിറയ്ക്ക് നേരിടേണ്ടിവന്ന ക്രൂരമായ ശിക്ഷാവിധി ഏതൊരു സമൂഹ മനസ്സാക്ഷിയെയും ഞെട്ടിക്കുമെന്ന് മാത്രമല്ല മിഴികളില്‍ കണ്ണീരിനു പകരം രക്തം കിനിയിക്കുകയും ചെയ്യും. അത്രയ്ക്ക് നിഷ്ഠൂരമായ ശിക്ഷാവിധികള്‍ ആണ് ഹാജിറയെ പോലെ പല സ്ത്രീകള്‍ക്കും ഇന്നും നേരിടേണ്ടി വരുന്നത്.

ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹ്യപരിരക്ഷയ്ക്കും വേണ്ടി ചിലവഴിക്കേണ്ട രാഷ്ട്ര സമ്പത്ത് പട്ടാളത്തിന് വിട്ടുകൊടുത്തുകൊണ്ട് സ്ത്രീകളെയും കുട്ടികളെയും സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലേക്ക് തള്ളിയിടുന്ന ഒരു ജീവിതശൈലിയാണ് പാക്കിസ്ഥാന്റെ ഉള്‍പ്രദേശങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നത്. സ്ത്രീകളെ കേവലം ലൈംഗിക ഉപകരണങ്ങളും അടിമകളും ആയി കാണുന്നു എന്നത് കൊണ്ട് തന്നെ ഒരു നിയമ സുരക്ഷയും ഇവര്‍ക്ക് കിട്ടുന്നുമില്ല. യുദ്ധങ്ങളും ദുരന്തങ്ങളും മാറിമാറി ആക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. കാബൂളിലേതു പോലെ ഗ്രാമങ്ങളിലും പുതിയ കമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങി യുദ്ധത്തിന് ഇരകളായ സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ദൗത്യവുമായാണ് ശ്രീമതി സുധാ മേനോന്‍ സരൂബിയില്‍ എത്തിച്ചേര്‍ന്നത്. അവിടെയും ലേഖികയെ കാത്ത് കണ്ണീരിന്റെ ഉപ്പ് രസം ഒലിച്ചിറങ്ങി ഉണങ്ങിപ്പിടിച്ച വടുക്കളുമായി ധാരാളം സ്ത്രീകള്‍ ഉണ്ടായിരുന്നു തിങ്ങിനിറഞ്ഞ് . അവരെയെല്ലാം പുനരധിവസിപ്പിക്കുക , സ്വയം പര്യാപ്തത നേടുവാന്‍ സഹായിക്കുക , അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ നല്ല മൂല്യം ലഭിക്കും വിധം വില്‍പ്പന നടത്തുവാന്‍ സഹായിക്കുക തുടങ്ങിയവയായിരുന്നു ഈ കമ്മ്യൂണിറ്റി സെന്ററുകളുടെ ലക്ഷ്യം.

സരൂബിയില്‍ ലേഖിക കണ്ട ഓരോ മുഖങ്ങള്‍ക്കും ഉണ്ടായിരുന്നു ഓരോരോ കദനകഥകള്‍ പറയുവാന്‍ . പര്‍വീണ്‍ അതായിരുന്നു അവരില്‍ ഒരുവളുടെ പേര് . സ്വച്ഛസുന്ദരമായി മാതാപിതാക്കളോടൊത്ത് ജീവിച്ചുവന്നിരുന്ന കൊച്ചു പര്‍വീണിന്റെ ജീവിതം അഫ്ഗാനിസ്ഥാനില്‍ മാറിമാറി വന്ന യുദ്ധവും ആക്രമണങ്ങളും എങ്ങനെയാണ് മാറ്റിമറിച്ചത് എന്നും അവളുടെ ഇന്നത്തെ അവസ്ഥ എന്താണെന്നും അറിയുമ്പോള്‍ നമുക്ക് വിലപിക്കാതിരിക്കാന്‍ ആവില്ല . അമേരിക്കയുടെ പിന്‍വാങ്ങലിലൂടെ അഫ്ഗാനിസ്ഥാനില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട താലിബാന്‍ ആക്രമണം പച്ചപിടിച്ചു വന്ന പര്‍വീണ്‍ അടക്കമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തെ വീണ്ടും നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് . അവള്‍ ഇന്ന് ജീവനോടെ ഉണ്ടോ ഇല്ലയോ എന്നത് തന്നെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു . ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരമുള്ള ഒരു സ്ഥലമാണ് കരാട്ടി . 2016ലെ ഒരു മെയ് മാസത്തിലാണ് ശ്രീമതി സുധാ മേനോന്‍ അവിടെ എത്തുന്നത് . സാറ , കാരിഫോര്‍ , ലീവൈസ് , വാള്‍മാര്‍ട്ട് തുടങ്ങി വന്‍ വില കൊടുത്ത് നമ്മള്‍ സ്വന്തമാക്കുന്ന ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് തുണിത്തരങ്ങള്‍ തയ്ക്കുന്നത് ധാക്ക നഗരത്തിലെ ചെറുകിട ഗാര്‍മെന്റ് യൂണിറ്റുകളിലാണ് . ഇവിടെയുള്ള തൊഴിലാളികളെ പറഞ്ഞ് പ്രലോഭിപ്പിച്ച് ഏജന്റുമാര്‍ കൊണ്ടുവരുന്നത് ഗുല്‍ന , മാള്‍ട , ചിറ്റഗോങ്ങ് തുടങ്ങിയ കുഗ്രാമങ്ങളില്‍ നിന്നും . തുച്ഛമായ വേതനത്തില്‍ പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലിയെടുപ്പിച്ച് ഇവരുടെ മാന്‍പവറിനെ ചൂഷണം ചെയ്യുമ്പോള്‍ എടുത്തുപറയേണ്ട വസ്തുത ഈ തൊഴിലാളികള്‍ക്കൊന്നും തന്നെ വന്‍കിട കമ്പനികളുമായി നേരിട്ട് യാതൊരുവിധ ബന്ധവും ഇല്ലെന്നതാണ് . അതുകൊണ്ടുതന്നെ ഒരുവിധത്തിലുള്ള അനുകൂല്യങ്ങളോ നഷ്ടപരിഹാരങ്ങളോ മാന്യമായ വേതനമോ ആര്‍ക്കും ലഭിക്കുന്നുമില്ല . കരാട്ടിയായിലും സുധമേനോനെ കാത്തിരുന്നത് കണ്ണീരിന്റെ കദനകഥകള്‍ ആയിരുന്നു . റാണ പ്ലാസ അപകടത്തില്‍ ഭര്‍ത്താവ് മരിച്ച സഫിയക്ക് അപകടത്തോടെ ഇരു കാലുകളും നഷ്ടപ്പെട്ടിരുന്നു. നിയമപരമായി വിവാഹം കഴിക്കാത്തതിന്റെ പേരില്‍ അര്‍ഹമായ നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും കിട്ടാതെ സഫിയ മക്കളോടൊപ്പം കരാട്ടിയയില്‍ ഉമ്മയുടെ കൂടെ കഴിയുന്നു . നിത്യ ചിലവിനു പോലും ബുദ്ധിമുട്ട് നേരിടുന്ന ഇത്തരം പല കുടുംബങ്ങള്‍ ചേര്‍ന്നതാണ് ബംഗ്ലാദേശ് . വളരെ കുറഞ്ഞ വേതനത്തിന് ജോലിചെയ്യാന്‍ ധാരാളം തൊഴിലാളികളെ കിട്ടുന്നു എന്നതുകൊണ്ട് ഇവരുടെയൊന്നും പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം നല്‍കാന്‍ ഭരണകര്‍ത്താക്കള്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ കഴിയുന്നില്ല അഥവാ അവര്‍ ശ്രമിക്കുന്നില്ല . കയറ്റുമതി വഴിയില്‍ കൂടുതല്‍ നികുതി ഗവണ്‍മെന്റിനെ തേടിയെത്തുന്നത് കൊണ്ട് കൂടിയാണ് ആരും ഇത്തരം നീതിരഹിത വ്യവസ്ഥിതിക്ക് എതിരായി ശബ്ദം ഉയര്‍ത്താത്തത് . ഭൂകമ്പങ്ങള്‍ സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ നേരിടുന്ന നേപ്പാളിലെ സ്ത്രീകള്‍ക്ക് പറയുവാന്‍ ഉണ്ടായിരുന്നത് മനുഷ്യക്കടത്തിന്റെ കാര്യങ്ങള്‍ അഥവാ കഥകള്‍ ആയിരുന്നു . സ്വര്‍ണ്ണ നിറവും മിനുങ്ങുന്ന മേനിയുമുള്ള നേപ്പാളി കുട്ടികള്‍ക്ക് ആണ്‍ പെണ്‍ഭേദമില്ലാതെ പുറം ദേശങ്ങളില്‍ ലക്ഷങ്ങളാണ് വില . പ്രകൃതി ദുരന്തങ്ങളും ദാരിദ്ര്യവും സമ്മാനിക്കുന്ന കഷ്ടതകള്‍ ഈ കുട്ടികളെ നേപ്പാളിനു പുറത്തേക്ക് എത്തിക്കുന്നു . ജീവിത വൃത്തിക്കായി പക്ഷേ അവര്‍ എത്തിപ്പെടുന്നതോ മനുഷ്യത്വരഹിതമായ , മലീമസമായ ജീവിതപന്ഥാവിലും . ഇത്തരം ഒരു പീഡനാനുഭവത്തിന്റെ ജീവിക്കുന്ന തെളിവാണ് സിന്ധുപാല്‍ചൗക്കില്‍ സുധ കണ്ടുമുട്ടിയ ശ്രേഷ്ഠ എന്ന പെണ്‍കുട്ടി . സഹാനുഭൂതിയും സ്‌നേഹവും നഷ്ടപ്പെട്ട ഈ ലോകത്തിന് എന്തുണ്ട് ശ്രേഷ്ഠയടക്കമുള്ള കുട്ടികളോട് പറയാന്‍ എന്ന് ഞാനടക്കം നിങ്ങളില്‍ പലരും ആലോചിച്ചുപോകും ഇവരുടെ ജീവിതം വായിച്ചറിയുമ്പോള്‍.

ഞാനിപ്പോഴും ഓര്‍ക്കുന്നു വര്‍ഷങ്ങള്‍ക്കു മുന്നേ പത്രത്താളുകളില്‍ പരുത്തി കൃഷിയെ പ്രമോട്ട് ചെയ്തുകൊണ്ട് വന്നിരുന്ന പരസ്യങ്ങള്‍. പക്ഷേ അത് ഒരു ദേശത്തിന്റെ തന്നെ ജീവിതത്തെ ബലി കൊടുക്കുന്ന ഒന്നായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ സുധാ മേനോന്റെ ‘ ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍ ‘ എന്ന ഈ പുസ്തകം വായിക്കേണ്ടിവന്നു എനിക്ക് . കടക്കെണിയും കാര്‍ഷിക മേഖലയില്‍ ഉണ്ടായ നഷ്ടങ്ങളും പലരെയും കൊണ്ടെത്തിച്ചത് ആത്മഹത്യയിലായിരുന്നു. അതിന്റെ ദുരന്തഫലങ്ങള്‍ നേരിടേണ്ടിവരുന്നത് കുടുംബത്തില്‍ അവശേഷിച്ചിരുന്ന സ്ത്രീകളും കുട്ടികളും ആകുമ്പോള്‍ അവര്‍ക്കൊരു കൈത്താങ്ങായി നഷ്ടപരിഹാരമോ സാമ്പത്തിക അനുകൂല്യങ്ങളോ നല്‍കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ , ഭരണകൂടമോ ശ്രമിക്കുന്നില്ല എന്നത് ഏറ്റവും നിഷ്ഠൂരമായ ഒരു കാര്യമാണ് .

തെലുങ്കാനയിലെ വാറങ്കയില്‍ സുധ കണ്ടുമുട്ടിയ രേവമ്മയ്ക്കും പറയാനുണ്ടായിരുന്നത് ഇതില്‍ നിന്നും വേറിട്ട ഒരു കാര്യമല്ല. അരിയും മുളകും കൃഷിചെയ്ത വയലുകളില്‍ പരുത്തി കൃഷി നടത്താന്‍ പ്രേരിപ്പിച്ച ആരും തന്നെ രേവമ്മയുടെ ഭര്‍ത്താവ് കീടനാശിനി കുടിച്ചു ആത്മഹത്യ ചെയ്തപ്പോള്‍ രക്ഷിക്കാനോ സഹായിക്കാനോ ഉണ്ടായില്ല . അവരെ ചതിച്ചത് ആരാണ്? വരള്‍ച്ചയോ , കീടങ്ങളോ , പ്രകൃതിയോ , മനുഷ്യരോ ? അറിയില്ല . പക്ഷേ ഒന്നറിയാം ദാരിദ്ര്യത്തിലും ദുരന്തത്തിലും അകപ്പെടുന്ന ഇത്തരം മനുഷ്യരെ സഹായിക്കാനും കൈപിടിച്ചുയര്‍ത്താനും ഒരു ഭരണകൂടത്തിനും അമാനുഷികമായ കഴിവുകളൊന്നും വേണ്ട എന്ന് . സഹായം എത്തിക്കുക എന്നത് ആരുടെയും ഔദാര്യമല്ല മറിച്ച് ജനങ്ങളുടെ അവകാശം മാത്രമാണ് . സ്‌കൂള്‍തലത്തിലും യൂണിവേഴ്‌സിറ്റി തലത്തിലും പാഠപുസ്തകം ആക്കേണ്ടതാണ് ‘ ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍ ‘ എന്ന് കെ ആര്‍ മീര തന്റെ വായനാനുഭവത്തില്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല .

സാമ്പ്രദായിക ചരിത്രത്താളുകളില്‍ ഒരിക്കല്‍പോലും എഴുതപ്പെടാത്ത സ്ത്രീ ജീവിതങ്ങള്‍ നമുക്കുമുന്നില്‍ ഓരോ കടങ്കഥകളായി നിലകൊള്ളുമ്പോള്‍ അതിനൊരു ഉത്തരം കണ്ടുപിടിക്കാന്‍ ഈ ഭരണകൂടങ്ങള്‍ക്ക് ഒപ്പം നമ്മളും ബാധ്യസ്ഥരല്ലേ ? ബാല്യങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളുടെ , സ്വപ്നങ്ങള്‍ ഇല്ലാതായ യുവതികളുടെ , ജീവിതം അവസാനിച്ച സ്ത്രീകളുടെ , സംരക്ഷണം നിഷേധിക്കപ്പെട്ട വൃദ്ധരുടെ ഹൃദയമെഴുത്താണ് ഈ പുസ്തകം എന്ന് പറയുന്നതില്‍ യാതൊരു അപാകതയും ഇല്ല . ഇവരൊക്കെ പകര്‍ന്നുതരുന്നത് വലിയൊരു പാഠമാണ് . പലരാലും നഷ്ടപ്പെടുത്തിയ ജീവിതവും സ്വപ്നങ്ങളും ഭാവിയും തിരിച്ചുപിടിക്കാന്‍ മാനസികബന്ധങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്ന പാഠം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.