DCBOOKS
Malayalam News Literature Website

ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍

സുധാ മേനോന്‍

അപകര്‍ഷതകളുടെയും ആത്മനിന്ദകളുടെയും അവഗണനകളുടെയും പാറക്കെട്ടുകള്‍മാത്രം ചവിട്ടിനടന്ന നിസ്സഹായമായ എന്റെ കൗമാരകാലത്താണ് ലോകം നിരവധി യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വംശഹത്യകള്‍ക്കും സാക്ഷ്യം വഹിച്ചത്.

ശ്രീലങ്കന്‍ വംശീയയുദ്ധവും ഗള്‍ഫ് യുദ്ധവും സോവിയറ്റ് യൂണിയന്റെ പതനവും സോമാലിയന്‍ യുദ്ധവും ബോസ്‌നിയയിലെയും കൊസോ വോയിലെയും വംശഹത്യയും ദീര്‍ഘകാലം നീണ്ടുനിന്ന അഫ്ഘാന്‍ യുദ്ധവും സുനാമിയും ഭൂകമ്പങ്ങളും നടന്നത് എന്റെ വിദ്യാര്‍ഥിജീവിതകാലത്തായിരുന്നു.

ഹിംസകളുടെ, പലായനങ്ങളുടെ, പ്രാണനുരുകുന്ന വേദനകളുടെ നരകചരിത്രം നമുക്കു മുന്നില്‍ തുറന്നിട്ട കരള്‍ പിളരും കാലം…

എങ്കിലും ഏതൊരു സാധാരണ മലയാളിയെയുംപോലെ ഇടയ്ക്കിടെ ചരിത്രപുസ്തകങ്ങളില്‍നിന്നും Textപത്രങ്ങളില്‍നിന്നും എത്തിനോക്കിതിരികെപ്പോകുന്ന ‘സംഭവങ്ങള്‍’ മാത്രമായിരുന്നു പലപ്പോഴും എനിക്കു യുദ്ധവും വംശഹത്യയും വിഭജനവും പലായനവും… തീയതികളും രാജ്യങ്ങളും ഭൂപടത്തിലെ കൃത്യമായ
സ്ഥാനവും ജയിച്ചവരുടെ പേരുംമാത്രം ഉരുവിട്ടു പഠിക്കേണ്ടുന്ന വെറും പൊതുവിജ്ഞാനം.

കറന്റ് അഫയേഴ്‌സ്…

വിദൂരദേശങ്ങളിലെ മനുഷ്യരുടെ ചരിത്രവും വര്‍ത്തമാനവും ഭാവിയും അതിലപ്പുറം എന്നെ ബാധിച്ചിരുന്നില്ല. കാരണം, കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം, ഒരിക്കലും അക്രമോത്സുകമായ സമീപകാലചരിത്രത്തെയോ അതുണ്ടാക്കുന്ന ആഴമേറിയ മുറിവുകളെയോ അതിജീവിക്കേണ്ടി വന്നിട്ടില്ലല്ലോ.

പിന്നീട്, ജോലിയുടെ ഭാഗമായി പല രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യുദ്ധത്തിന്റെയും വംശീയകലാപത്തിന്റെയും പ്രകൃതിദുരന്തത്തിന്റെയും ഇരകളെ നേരിട്ടുകാണുകയും അവരോടു സംസാരിക്കുകയും ചെയ്തപ്പോഴാണ് നമുക്കു സങ്കല്പിക്കാന്‍ പോലും കഴിയാത്തവിധത്തില്‍ തീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് ആ മനുഷ്യര്‍ കടന്നുപോയതെന്നു മനസ്സിലായത്. 2003 മുതലുള്ള നീണ്ട കാലയളവില്‍, ഗവേഷകയായും പ്രോഗ്രാം മാനേജരായും കണ്‍സല്‍റ്റന്റ് ആയും പ്രവര്‍ത്തിച്ചത് ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, അഫ്ഘാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഏറ്റവും നിര്‍ധനരും നിസ്സഹായരുമായ സ്ത്രീകള്‍ക്കിടയില്‍ ആയിരുന്നു. നമ്മളില്‍നിന്നും മറയ്ക്കപ്പെട്ട അദൃശ്യമായ ഒരു ലോകം അവരിലൂടെ എനിക്കു മുന്നില്‍ അനാവരണം
ചെയ്യപ്പെട്ടു.

അപരിഹാര്യമായ പ്രശ്‌നങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ദുരന്തങ്ങളുടെയും അമാനവികമായ ഒരു ലോകം.

മരണത്തെക്കാളും വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങള്‍.

ഭരണകൂടം നൈതികമായ ചുമതലകളില്‍നിന്നും ഒളിച്ചോടുകയും സാധാരണ മനുഷ്യരെ വെറും ഇരകള്‍ ആക്കി മാറ്റുകയും ചെയ്യുന്ന നേര്‍ കാഴ്ചയാണ് ഞാന്‍ ഈ രാജ്യങ്ങളില്‍ കണ്ടത്. നിരത്തില്‍ പിടഞ്ഞുവീണു മരിച്ച കുഞ്ഞുങ്ങളും ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളും കല്ലെറിഞ്ഞുകൊല്ലപ്പെട്ട യുവതികളും ആത്മഹത്യ ചെയ്ത നിരവധി മനുഷ്യരും ഒക്കെ പേരില്ലാത്ത, മുഖമില്ലാത്ത, ബുദ്ധിയില്ലാത്ത പുറമ്പോക്ക് മനുഷ്യര്‍ മാത്രമാകുന്ന വേദനാജനകമായ അവസ്ഥ.

നീതി തേടുന്നവനെ പീഡിപ്പിക്കുന്ന ഹിംസാത്മകമായ അധികാരവ്യവസ്ഥയാണ് ജനാധിപത്യത്തിന്റെ പ്രച്ഛന്നമായ മൂടുപടത്തിനുള്ളില്‍ കാണാന്‍ കഴിഞ്ഞത്.

പിന്നിട്ട ഈ ഔദ്യോഗികയാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അനുഭവകഥകള്‍ പറയേണ്ടത് കേരളത്തില്‍ ജീവിക്കുന്ന ‘ഭാഗ്യം ചെയ്ത മനുഷ്യരോടാണ്’ എന്ന തിരിച്ചറിവാണ് ഈ പുസ്തകം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.