DCBOOKS
Malayalam News Literature Website

ചങ്ങമ്പുഴ; നൈരാശ്യത്തിലെ ദീപനാളം

ജൂണ്‍ 17- മലയാളത്തിന്റെ കാവ്യഗന്ധര്‍വ്വനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 75-ാം ചരമവാര്‍ഷികദിനം

എം.കെ. സാനുവിന്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

1946-ല്‍ ചങ്ങമ്പുഴയുടെ ഹൃദയം കലുഷമായിരുന്നു. ഒന്നുകില്‍ ആത്മനിന്ദ; അല്ലെങ്കില്‍ ലോകവിദ്വേഷം—-ഈ രണ്ടു ഭാവങ്ങളും ആ ഹൃദയത്തില്‍ മാറിമാറി ആധിപത്യം പുലര്‍ത്തിപ്പോന്നു. കുറച്ചു കാലമായി അനുഭവിക്കാന്‍തുടങ്ങിയ അസ്വാസ്ഥ്യം ഈ ഘട്ടത്തില്‍ അതിന്റെ പരകോടിയില്‍ എത്തി എന്നു പറയാം. ഞരമ്പുകള്‍ വലിഞ്ഞുനില്ക്കുന്ന അവസ്ഥ. അന്നത്തെ ഒരു ശ്ലോകം നോക്കൂ:

”ചെന്നായിന്‍ ഹൃത്തിനും ഹാ, ഭുവി നരഹൃദയ-
ത്തോളമയ്യോ, കടുപ്പം
വന്നിട്ടില്ലാ—-ഭുജിപ്പൂ മനുജനെ മനുജന്‍;
നീതി കൂര്‍ക്കംവലിപ്പൂ.
നന്നാവില്ലി പ്രപഞ്ചം; ദുരയുടെ കൊടിയേ
പൊങ്ങു; നാറ്റം സഹിച്ചും
നിന്നീടാനിച്ഛയെന്നോ?—-മടയ, മനുജ, നീ
പോക, മിണ്ടാതെ ചാകൂ…!”

മറ്റൊരു ശ്ലോകം:

”എന്നെപ്പോലുമെനിക്കു നേര്‍വഴി നയി-
ക്കാനൊട്ടുമാകാത്ത ഞാ-
നന്യന്മാരെ നയിച്ചു നായകപദ-
പ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെ-
ന്നോര്‍ക്കാതെ തുള്ളുന്നു ഞാ-
നെന്നെത്തന്നെ മറന്നു; കല്ലുകളെറി-
ഞ്ഞെന്‍ കാലൊടിക്കൂ, വിധേ!”

Textആദ്യത്തെ ശ്ലോകത്തില്‍ മനുഷ്യന്‍ നശിക്കട്ടെ എന്ന ശാപമാണുള്ളതെങ്കില്‍, രണ്ടാമത്തേതില്‍ ആത്മനാശത്തിനുള്ള വെമ്പലാണ് മുറ്റിനില്ക്കുന്നത്. ഈ രണ്ടു ഭാവങ്ങള്‍ക്കുമിടയില്‍ നൈമിഷികാഹ്ലാദങ്ങളുടെ നേര്‍ക്കുള്ള ആസക്തിയും ഇടയ്ക്കിടെ പതഞ്ഞുവരുന്നുണ്ട്.

”വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം
നല്ലിളങ്കള്ളു, ചില്ലിന്‍-
വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ, രുചികരമാം
മത്സ്യമാംസാദി കൂട്ടി,
ചെല്ലുംതോതില്‍ ചെലുത്തി,ച്ചിരികളികള്‍ തമാ-
ശൊത്തു മേളിപ്പതേക്കാള്‍

സ്വര്‍ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം,
പോക വേദാന്തമേ, നീ!”
എന്നും,
”ഏഴാം സ്വര്‍ഗ്ഗം വിടര്‍ന്നൂ തവ കടമിഴിയില്‍-
ക്കൂടി,യെന്നല്ല, ഞാനാം
പാഴാം പുല്‍ത്തണ്ടില്‍നിന്നും പലപല മധുര-
സ്വപ്നഗാനം പടര്‍ന്നൂ;
കേഴാം ഞാന്‍ നാളെ, വീഴാ, മടിയിലഖിലവും
തേളുചൂളും തമസ്സില്‍-
ത്താഴാം-താഴട്ടെ, കേഴട്ടരികില്‍ വരികയേ
ഹൃദ്യമേ, മദ്യമേ, നീ!”

എന്നും മറ്റുമുള്ള ശ്ലോകങ്ങള്‍ നോക്കുക. ഇവയെല്ലാം 1946-ലാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. മിക്കവാറും മദ്യത്തിനടിമയായി, സമനില തെറ്റിയ ഒരവസ്ഥയിലായിരുന്നു അദ്ദേഹം എപ്പോഴും. അതിന്റെ വിശദാംശങ്ങള്‍ നമുക്കു പിന്നീടു പരിശോധിക്കാം. തത്കാലം ആ മാനസികാവസ്ഥയിലാണ് നമ്മുടെ ശ്രദ്ധ പതിയേണ്ടത്. അക്കാലത്ത് ഒരു വൃശ്ചികമാസത്തില്‍, ചൂടില്ലാത്ത വെയില്‍ ലോകത്തെ ലഹരിപിടിപ്പിക്കാന്‍ തുടങ്ങുമ്പോള്‍, തനിക്കു കിട്ടിയ കത്തുകളില്‍ ഒന്ന് ചങ്ങമ്പുഴയെ പ്രത്യേകമായി ആകര്‍ഷിച്ചു. പി. കെ. ബാലകൃഷ്ണന്‍ എന്നു പേരായ ഒരു നവയുവാവിന്റെ കത്തായിരുന്നു അത്. ആ കത്ത് അദ്ദേഹത്തെ ആത്മവിശകലനത്തിനു പ്രേരിപ്പിച്ചു. പതിവില്ലാത്ത രീതിയില്‍ ആ ആത്മവിശകലനം ഉടനെതന്നെ ഒരു മറുപടിയായി രൂപപ്പെടുത്തുകയും ചെയ്തു. ആ കത്തിന്റെ സമ്പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു:

ശ്രീമന്‍,

അയച്ച കത്തു കിട്ടി. പരിചയപ്പെട്ടതില്‍ സന്തോഷമുണ്ട്. പക്ഷേ, അതേസമയംതന്നെ ഈ കത്ത് അകാലത്ത് എന്റെ കൈവശം എത്തിച്ചേര്‍ന്നതില്‍ ഞാന്‍ കുണ്ഠിതപ്പെടുകയും ചെയ്യുന്നു. ഞാന്‍ മംഗളോദയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്ത് നിങ്ങളുടെ കൃതി എന്റെ കൈവശം വന്നുചേര്‍ന്നിരുന്നുവെങ്കില്‍ നിഷ്പ്രയാസം എനിക്കതച്ചടിപ്പിക്കുവാന്‍ സാധിക്കുമായിരുന്നു. പക്ഷേ, ഇന്നത്തെ എന്റെ നില അന്നത്തേതില്‍നിന്നു പാടേ വ്യത്യസ്തമാണ്. അവിടെ എനിക്കിന്നു യാതൊരു സ്വാധീനശക്തിയുമില്ല. രംഗവും നടന്മാരും മാറിയിരിക്കുന്നു. സ്വാര്‍ത്ഥത്തെ മുന്‍നിര്‍ത്തി പെരുമാറാന്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ അവിടേയും എനിക്കു പരാജയം നേരിട്ടു. മംഗളോദയത്തിന്റെ മാനേജിങ് ഡയറക്ടര്‍ തിരുമേനി ഏറ്റവും നല്ല ഒരു മനുഷ്യനാണ്. അദ്ദേഹത്തിനിന്നും എന്നോട് അവിശ്വാസമില്ല. പക്ഷേ, ചുറ്റും പറ്റിക്കൂടുന്ന സ്വാര്‍ത്ഥലോലുപരായ സേവകന്മാരും ആ സ്ഥാപനത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാരും തീരെ ഭിന്ന പ്രകൃതികളാണെന്ന് വ്യസനപൂര്‍വ്വം നിങ്ങളെ അറിയിക്കേണ്ടിയിരിക്കുന്നു. ഞാന്‍ മംഗളോദയത്തില്‍ പോയിട്ട് നാലു മാസം കഴിഞ്ഞു. ധനസംബന്ധമായ കാര്യത്തില്‍ അവിടത്തെ മാനേജര്‍ എന്നെ ഞാന്‍ ഒരിക്കലും അര്‍ഹിക്കാത്തവിധം കുരങ്ങുകളിപ്പിക്കുകയുണ്ടായി. ഞാന്‍ ഇന്നവര്‍ക്ക് 8000 രൂപാ കൊടുത്തുതീര്‍ക്കുവാനുള്ള ശപിക്കപ്പെട്ട ഒരു കടക്കാരനാണ് എന്നു പറയുമ്പോള്‍ നിങ്ങള്‍ അദ്ഭുതപ്പെട്ടേക്കും; എന്നാല്‍ വെറുമൊരു പരമാര്‍ത്ഥം മാത്രമാണിത്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.