DCBOOKS
Malayalam News Literature Website

ചന്ദ്രലേഖയും കാഫ്ക്കയും, ഓര്‍മ്മയുടെ റിപ്പബ്ലിക്കുകളും: എഴുത്തനുഭവം പങ്കുവെച്ച് കരുണാകരന്‍

ചന്ദ്രലേഖ‘ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ എഴുത്തനുഭവം കരുണാകരന്‍ പങ്കുവെക്കുന്നു

ഴിഞ്ഞ ദിവസം കണ്ട ഒരു സ്വപ്നത്തില്‍ കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍,’കീ’കള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന ചെറിയ പുല്‍ച്ചെടികളായിരുന്നു. അക്ഷരമകുടങ്ങളില്‍ വിരലുകള്‍ അമരുമ്പോള്‍ പുല്‍നാമ്പുകളും ഞാന്‍ തൊടുന്നു. ഉണര്‍ന്നതിനു ശേഷവും ഞാനാ സ്പര്‍ശം ഓര്‍മ്മിച്ചു. എഴുത്തിന്റെതന്നെ സ്പര്‍ശം എന്നപോലെ.

ചന്ദ്രലേഖ എന്ന ഈ സമാഹരത്തിലെയും കഥകള്‍, ശീലം പോലെ, ആദ്യം നോട്ടുപുസ്തകത്തില്‍ Textഎഴുതുകയായിരുന്നു, മൂന്നോ നാലോ തവണ അത് മാറ്റി എഴുതിയതിനുശേഷമാകും കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്ത് സൂക്ഷിക്കുക. ഒരുപക്ഷേ , അത്രയും സമയത്തെ കഥയുടെ ഓര്‍മ്മയാണ് ഈ ചെറു ചെടികള്‍ എന്ന് ഞാന്‍ എന്റെ സ്വപ്നത്തെ, കഥകള്‍ക്കുവേണ്ടി, വിലമതിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍, കീബോര്‍ഡിലെ അക്ഷരമാലയ്ക്കിടയില്‍ ആ ചെടികളുടെ കാഴ്ച പ്രാചീനമായ ഒന്നായിരിക്കണം: കഥപറച്ചിലിന്റെയും എഴുത്തിന്റെയും.

ഏഴോ എട്ടോ വര്‍ഷത്തിനുള്ളില്‍ എഴുതിയ ഈ പതിനൊന്നു കഥകളുടെയും ഇന്ധനം സ്വപ്നങ്ങളാണ്; ഞാന്‍ കെട്ടിയുണ്ടാക്കിയവ. ഭാഷയുടെ മോഹവും. അതുകൊണ്ടാണ്, ‘സ്വപ്നവും മോഹവും പറഞ്ഞ പതിനൊന്ന് കഥകള്‍’ എന്ന് ഈ കഥകളെ ഞാന്‍ ഓര്‍മ്മിക്കുന്നത്. ജീവിതത്തെ സഹ്യമാക്കാനുള്ള ഒരു ശ്രമം എന്ന നിലയില്‍ കഥകള്‍ നമ്മുടെ സ്വപ്നത്തിലും നമ്മുടെ മോഹത്തിലും വേരിറക്കുന്നതോടെ, ഭൂമിയിലെ മനുഷ്യവാസത്തിന് മറ്റൊരു പ്രപഞ്ചംകൂടി നമ്മള്‍ സമ്മാനിക്കുകയായിരുന്നു. ജീവിതം കഥയാക്കിയതു കൊണ്ടുമാത്രമാണ് നമ്മള്‍ ഇങ്ങനെ ജീവിതത്തില്‍ തങ്ങിനിന്നതും. ജീവിതത്തെ സഹ്യമാക്കാനുള്ള ശ്രമംതന്നെയാണ് ഈ കഥകള്‍ ഓരോന്നും ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടാവുക. ദൈനംദിന ജീവിതത്തിലേക്ക് അവ നീരുറവകള്‍പോലെ ചേര്‍ന്നിരിക്കുന്നു. മുംബൈയിലെ അപ്രത്യക്ഷരാവുന്ന ‘കത്തെഴുത്തുകാരെ’പ്പറ്റി ഒരിക്കല്‍ ബിബിസിയിലോ മറ്റോ വന്ന ഒരു വാര്‍ത്ത വായിച്ചതിന്റെ ഓര്‍മ്മയില്‍ നിന്നാണ് ഞാന്‍ ‘ചന്ദ്രലേഖ’ എഴുതുന്നത്. മുംബൈയിലെ ജനറല്‍ പോസ്റ്റ് ഓഫീസിനുമുമ്പില്‍ നഗരത്തിലെ നിരക്ഷരരായ ആണിനും പെണ്ണിനും വേണ്ടി കത്തുകള്‍ എഴുതിക്കൊടുക്കാനിരിക്കുന്ന ആളുകളെ അവിടെ ജോലി ചെയ്തിരുന്ന കാലത്ത് ഞാന്‍ സ്ഥിരമായി കണ്ടിരുന്നു. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെ ഒരു കഥ എഴുതുമെന്ന് ആലോചിക്കാന്‍തന്നെ കഴിയാത്ത ആ ദിവസങ്ങളില്‍നിന്ന് ഇപ്പോള്‍ അത്രയും വര്‍ഷങ്ങള്‍ക്കു ശേഷം അങ്ങനെയൊരു ജീവിതകഥ ഒരു ചെറുകഥയായി നിറഞ്ഞു: മറ്റൊരു ജീവിതകണികപോലെ. അക്കാലത്ത് എന്റെ കാഴ്ചകളെ വേട്ടയാടിയിരുന്ന ‘ചുവന്ന തെരുവി’ലെ സ്ത്രീകളുടെ ഓര്‍മ്മകൂടി കഥയില്‍ കലര്‍ന്നതോടെ ഞാന്‍ ചന്ദ്രലേഖ എഴുതാന്‍ തുടങ്ങി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.