DCBOOKS
Malayalam News Literature Website
Rush Hour 2

സ്വാദിഷ്ഠമായ ചക്കവിഭവങ്ങളുടെ രുചിക്കൂട്ടുകളുമായി ആന്‍സി മാത്യു

ചക്കവിഭവങ്ങളുടെ സ്വാദിഷ്ഠമായ രുചിക്കൂട്ടുകളാല്‍ മലയാളികളെ അത്ഭുതപ്പെടുത്തിയ ആന്‍സി മാത്യു പാലാ ഇത്തവണയും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലെത്തുന്നു.  മുന്നൂറോളം ചക്കവിഭവങ്ങള്‍ സ്വയം കണ്ടെത്തി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്ന  ആന്‍സി കേരളത്തില്‍ നിന്നും ചക്കവിഭവങ്ങളൊരുക്കി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ ആദ്യ  മലയാളിയാണ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരായ പാചകവിദഗ്ധര്‍ക്കൊപ്പം ആന്‍സിയും ഇത്തവണ പുസ്തകോല്‍വസത്തില്‍ പങ്കെടുക്കുന്നുണ്ട്.

അനേകം പോഷകമൂല്യങ്ങളുള്ള, പല രോഗങ്ങള്‍ക്കും പ്രതിവിധിയായ ചക്കകൊണ്ടുണ്ടാക്കാവുന്ന നൂറ്റമ്പതില്‍പ്പരം വിഭവങ്ങള്‍, പ്ലാവില മുതല്‍ ചക്കമുള്ളും, ചകിണിയും ചുളയുടെ പുറമേയുള്ള പാട, കൂഞ്ഞില്‍ തുടങ്ങി ഓരോന്നും രുചികരമായ വിഭവങ്ങളാക്കി മാറ്റിയ ആന്‍സി മാത്യു പാലായുടെ ചക്കവിഭവങ്ങള്‍ എന്ന കൃതി ഡി.സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകത്തിന് ആന്‍സി മാത്യു പാലാ എഴുതിയ ആമുഖക്കുറിപ്പ്…

ഒട്ടേറെ നാടന്‍പഴങ്ങളുടെ പറുദീസയാണ് കേരളം. പ്ലാവുകളാല്‍ സമൃദ്ധമാണ് നമ്മുടെ തൊടികളെല്ലാം. പ്രകൃതി നമുക്ക് നല്‍കിയിരിക്കുന്ന വിശിഷ്ടഫലങ്ങളിലൊന്നാണ് ചക്ക. നമ്മുടെ പ്ലാവുകളില്‍നിന്നും സുലഭമായി ലഭിക്കുന്ന ചക്കകളുടെ കൂടുതല്‍ പങ്കും ഓരോ സീസണിലും ഉപയോഗിക്കാതെ നഷ്ടമാവുകയാണ് പതിവ്.

ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് വീടുകളില്‍ ചക്കപ്പുഴുക്കും ചക്ക ഉപ്പേരിയും മറ്റു ചക്കവിഭവങ്ങളും സാധാരണയായിരുന്നു. ചക്ക വിളയുന്ന സീസണായാല്‍ ഉച്ചയൂണു കഴിഞ്ഞാല്‍ വീട്ടമ്മമാരുടെ അടുത്ത പണി ചക്കവെട്ടി പുഴുക്കുണ്ടാക്കുകയായിരുന്നു. അക്കാലത്ത് എന്തെങ്കിലുമൊരു പുഴുക്ക് എന്നും പതിവായിരുന്നു. പഞ്ഞമാസമായ കര്‍ക്കിടകത്തില്‍ പാവപ്പെട്ടവരുടെ വീടുകളില്‍ ചക്കക്കുരുവും ആഞ്ഞിലിക്കുരുവും വറുത്തുതിന്നു വിശപ്പടക്കും. ഇടക്കാലത്ത് ചക്കയും ആഞ്ഞിലിച്ചക്കയുമൊക്കെ മലയാളികളുടെ തീന്‍
മേശയില്‍നിന്ന് അപ്രത്യക്ഷമായി. ചക്കപ്പുഴുക്കും താളുതോരനും പപ്പായക്കറിയുമൊക്കെ അന്തസ്സിനു ചേര്‍ന്നതല്ലെന്നൊരു ചിന്താഗതി മലയാളിയെ പിടികൂടി.

എന്നാല്‍ കാലം മാറിയപ്പോള്‍ പഴമയൊക്കെ തിരിച്ചുവരാന്‍ തുടങ്ങി. ഇന്ന് ജീവിതശൈലീരോഗങ്ങള്‍ സാര്‍വ്വത്രികമായപ്പോള്‍ ജങ്ക്ഫുഡ്ഡിനെക്കാളും ഫാസ്റ്റ്ഫുഡ്ഡിനെക്കാളും നല്ലത് നാടന്‍ വിഭവങ്ങളാണെന്ന തിരിച്ചറിവുണ്ടായി. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഉദ്‌ബോധിപ്പിക്കാന്‍ ആളുകളും സംഘടനകളുമുണ്ടായി. ഞാന്‍ ജനിച്ചുവളര്‍ന്ന കാഞ്ഞാറിലെ അരീക്കാട് വീട് ഒരു കര്‍ഷക കുടുംബമായിരുന്നു. അരിയും പഞ്ചസാരയും ഒഴികെ ബാക്കി ആഹാരസാധനങ്ങളെല്ലാം വീട്ടില്‍ വിളയിക്കും. ഇന്ന്, എന്റെ മാതാപിതാക്കളായ ജോസഫ് – ഏലിയാമ്മ ദമ്പതികള്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മാതൃകാജൈവകര്‍ഷക ദമ്പതിമാരായിരുന്നു. അവരില്‍നിന്നുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോത്സാഹനവുമാണ് എന്റെ വിജയരഹസ്യം.

ഒരിക്കല്‍ സംസ്ഥാന വനിതാകമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവിയുടെ വീട്ടില്‍വച്ച് നടന്ന ഒരു ക്ലാസ്സിനുശേഷം ടീച്ചറാണ് ഇത്തരമൊരു പുസ്തകമെന്ന ആശയം എന്റെ മുന്‍പില്‍ വച്ചത്. ആ പുസ്തകത്തിന് സന്തോഷപൂര്‍വം അവതാരിക എഴുതിത്തന്ന് എന്നെ അനുഗ്രഹിച്ചതിന് ഡോ. ജെ. പ്രമീളാദേവിയോട് നന്ദി. പാചകക്ലാസ്സുകളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും, റഫറന്‍സിനുതകുന്ന ഒരു പുസ്തകം തയ്യാറാക്കണമെന്നും, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുവേണ്ടി ഞാന്‍ എടുക്കുന്ന ക്ലാസ്സിലെ പഠിതാക്കള്‍ എന്നോട് ആവശ്യപ്പെടാറുമുണ്ട്. അവരോരോരുത്തരോടും നന്ദി. സമൃദ്ധമായ ചക്കക്കാലങ്ങള്‍ രുചികളുടെയും പാചകപരീക്ഷണങ്ങളുടെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും ഭക്ഷ്യസംസ്‌കരണത്തിന്റെയും കാലമായി മാറട്ടെ.

Comments are closed.