DCBOOKS
Malayalam News Literature Website

കവിത തീണ്ടിയ ജാതീയ ബോദ്ധ്യങ്ങള്‍ : പി.എസ്. വിജയകുമാര്‍

മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

വ്യവസ്ഥകളില്ലാത്ത, സ്ഥാപനങ്ങളില്ലാത്ത, സ്വതന്ത്രതാധിഷ്ഠിതമായ പരസ്പര മനുഷ്യസ്‌നേഹത്തെയാണ് കുമാരനാശാന്‍ ‘ചണ്ഡാലഭിക്ഷുകി’യടക്കമുള്ള കാവ്യങ്ങളിലെല്ലാം സങ്കല്‍പ്പിച്ചതും സ്വപ്നം കണ്ടതും. അതു പുലര്‍ന്നോ? തനിക്കുചുറ്റും ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളിനില്‍ക്കുമ്പോള്‍ അതിനറുതിയെങ്ങനെ, വരാനിരിക്കുന്ന സ്വാതന്ത്ര്യം പോലും ആ അര്‍ത്ഥത്തില്‍ വ്യര്‍ഥമാണല്ലോ എന്നു തപിച്ചും സ്വാസ്ഥ്യമില്ലാതെയുമുള്ള ആ മനസ്സ് കാവ്യങ്ങളിലുടനീളം മിടിപ്പടങ്ങാതെ നില്‍ക്കുന്നതുകാണാം, ആശാന്‍കാവ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍.: കുമാരനാശാന്റെ ചരമശതാബ്ദി വര്‍ഷത്തില്‍ ‘ചണ്ഡാലഭിക്ഷുകി’യെ മുന്‍നിറുത്തി കവിയുടെ നിലപാടുകളിലൂടെ ഒരു അന്വേഷണം.

1930-കളോടെയാണ് ഇന്ത്യയിലെ പല പ്രദേശങ്ങളിലും, ഒപ്പം കേരളത്തിലും തൊഴിലാളിവര്‍ഗ്ഗം സംഘടിതവിഭാഗമായി മാറുന്നത്. Pachakuthiraഅതായത് സമൂഹത്തിലെ അടിസ്ഥാനവിഭാഗത്തിന്റെ സംഘബോധം വലിയ വികസനമാണ് മനുഷ്യവര്‍ഗ്ഗത്തിലും സമൂഹഘടനയിലും പിന്നീടുണ്ടാക്കുന്നത്. കീഴാളരും, പതിതരും, ജാതീയമായി പീഡകളനുഭവിക്കുന്നവരും അടങ്ങുന്നതായിരുന്നു അന്നത്തെ തൊഴിലാളിജനതയില്‍ ഭൂരിഭാഗവും എന്നതോര്‍ക്കണം. അവര്‍ സംഘടിതശക്തിയായി വളര്‍ന്നപ്പോള്‍, അവര്‍ക്കേറ്റ അവഗണനകളെയൊക്കെയും തകര്‍ത്തെ റിയാനുള്ള ആര്‍ജ്ജവവും സമരാഭിമുഖ്യവുമായി അതു മാറുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനായി നിലകൊണ്ട ദേശീയപ്രസ്ഥാനങ്ങള്‍, അതുവരെ തുടര്‍ന്ന അസംഘടിത സമരങ്ങള്‍ വെടിഞ്ഞ് കൂടുതല്‍ കരുത്തുപ്രാപിക്കുന്നത് ഇതിന്റെ ഭാഗമാണെന്നു കാണാന്‍കഴിയും. ബ്രിട്ടീഷ് ഗവണ്‍മെന്റ് കോണ്‍ഗ്രസിനെ നിരോധിക്കുകയും, മഹാത്മജിയെ അറസ്റ്റുചെയ്യുകയും ചെയ്യുന്നതോടെ 1934-ല്‍ കോണ്‍ഗ്രസ് സിവില്‍ നിയമലംഘന പ്രസ്ഥാനം പിന്‍വലിക്കുന്നുണ്ട്. എന്നാല്‍, ഇതിനെ എതിര്‍ത്തുകൊണ്ട് 1934-ല്‍ത്തന്നെ ജയപ്രകാശ് നാരായണനേയും, റാം മനോഹര്‍ ലോഹ്യയേയും, സുന്ദരയ്യയേയും പോലുള്ള നേതാക്കള്‍ നേതൃത്വം കൊടുത്തുകൊണ്ട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്, പരാമര്‍ശിച്ചതുപ്രകാരം അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സംഘടിതബ?ാധത്തില്‍ നിന്നുതന്നെയാവണം എന്നു പറയേണ്ടിയിരിക്കുന്നു. പറഞ്ഞുവന്നത്, മത-ജാതീയമായ അസമത്വങ്ങളും വര്‍ഗ്ഗങ്ങളുടെ പേരിലുള്ള വേര്‍തിരിവുകളും തിരിച്ചറിയാനും, അതിനെതിരെ പൊരുതാനുമുള്ള സംഘബലം 1930-കള്‍ക്കുശേഷം കേരളത്തിലെ അടിസ്ഥാനജനത ആര്‍ജ്ജിക്കുന്നുവെന്നാണ്.

മത-ജാതി-വര്‍ഗ്ഗ ഭേദങ്ങളും, തുടങ്ങിയുള്ള മറ്റസമത്വങ്ങള്‍ക്കുമെതിരെ അസംഘടിതസമരങ്ങളും ഒറ്റയാള്‍വിപ്ലവങ്ങളും 1930-നു മുമ്പുതന്നെകാണാന്‍കഴിയും. കൊളോണിയല്‍ ഭരണം ഏല്പിച്ച പാരതന്ത്ര്യങ്ങള്‍കൊണ്ട് പൊറുതിമുട്ടിയ Textഅധഃകൃതജനതയ്ക്ക്, അഭ്യന്തരമായി നാട്ടുപ്രമാണിമാരില്‍നിന്നും സവര്‍ണ്ണവിഭാഗത്തില്‍നിന്നും ഏല്‍ക്കേണ്ടിവന്ന പീഡനങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമായപ്പോഴാണ് ഇത്തരം ഒറ്റപ്പെട്ട പോരാട്ടങ്ങള്‍ പലയിടത്തും പലപ്പോഴായി ഉണ്ടാവുന്നത്. 1893-ല്‍ അയ്യങ്കാളി നടത്തിയ വില്ലുവണ്ടിസമരം ജാതീയതയെ ചെറുത്തുതോല്പിക്കുകതന്നെ ചെയ്യും എന്ന ആഹ്വാനമായിമാറുന്നുണ്ട്. തിരുവിതാംകൂറില്‍ സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും എന്നിങ്ങനെ വേര്‍തിരിച്ചിരുന്ന വ്യത്യസ്ത വീഥീകള്‍ നിലനിന്നിരുന്നത്, 1886-ല്‍ പിന്‍വലിച്ച് ഏകീകരിച്ച സഞ്ചാരവ്യവസ്ഥ ഉണ്ടാക്കിയെങ്കിലും, സവര്‍ണ്ണസമൂഹം അതംഗീകരിച്ചില്ല. വില്ലുവണ്ടിയില്‍ അവര്‍ കടന്നുപോകുമ്പോള്‍ അവര്‍ണ്ണര്‍ വഴിമാറിപ്പോകണം എന്നായിരുന്നു അവരുടെ പ്രമാണം. ഇതിനെതിരെയാണ്, കീഴാള ജാതിയില്‍ ജനിച്ച അയ്യങ്കാളി, സ്വന്തമായിവില്ലുവണ്ടി വാങ്ങി ആ വീഥിയിലൂടെ യാത്രനടത്തിയത്. എതിര്‍ക്കാന്‍ചെന്ന സവര്‍ണ്ണന്‍മാരെ കഠാര കാണിച്ച് അകറ്റി, രാജവീഥികളിലൂടെ വണ്ടിയോടിച്ച് ആ വിപ്ലവകാരി നയിച്ച യാത്ര കീഴാള ജാതിക്കാര്‍ക്ക് യാത്രാസ്വാതന്ത്ര്യം പരിപൂര്‍ണ്ണമായും ഉറപ്പുവരുത്താനിടയാക്കി.

പൂര്‍ണ്ണരൂപം 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്‌

കുമാരനാശാന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.