DCBOOKS
Malayalam News Literature Website

കാന്‍സറിനു പിന്നിലെ കാരണങ്ങള്‍…

ഡോ.വി.പി.ഗംഗാധരന്‍

ഏതെങ്കിലും ഒരു കാരണത്തെ മാത്രം ആസ്പദമാക്കി അര്‍ബുദത്തെ വിലയിരുത്താന്‍ സാധിക്കില്ല. അര്‍ബുദം ഒരസുഖമല്ല. ഒരുപറ്റം അസുഖങ്ങളുടെ ഒരു സമുച്ചയമാണ്. ഓരോ അര്‍ബുദത്തിനും കാരണങ്ങളും ലക്ഷണങ്ങളും ചികിത്സകളും ഒക്കെ വ്യത്യസ്തമാണ്. മറ്റ് അസുഖങ്ങള്‍പ്പോലെ ഏതെങ്കിലും ഒരു കാരണംകൊണ്ടാണ് അര്‍ബുദം ഉണ്ടാകുന്നത് എന്നു പറയാനാവില്ല. പാരമ്പര്യമായി അര്‍ബുദം ബാധിക്കുവാനുള്ള സാധ്യത അഞ്ചുശതമാനം മുതല്‍ പത്തുശതമാനം മാത്രമാണെന്നു പറയാം.

ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ഉപയോഗിച്ചുവരുന്ന ചില രാസവസ്തുക്കള്‍ കാന്‍സറിനു കാരണമാകാറുണ്ട്. കീടനാശിനികള്‍, വളങ്ങള്‍, ആഹാരത്തിനു നിറവും രുചിയും വര്‍ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍, ജലമലിനീകരണം, വായുമലിനീകരണം തുടങ്ങി നമ്മള്‍ അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്ന അനവധി രാസവസ്തുക്കളും അര്‍ബുദത്തിന് കാരണമാകാവുന്നവയാണ്. ചിലതരം വൈറസ്പനികളും അര്‍ബുദത്തിന് കാരണമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് ബി വൈറസ് കൊണ്ടുണ്ടാകുന്ന മഞ്ഞപ്പിത്ത രോഗബാധയ്ക്ക് ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ അതു പില്‍ക്കാലത്ത് കരളില്‍ അര്‍ബുദരോഗബാധ ഉണ്ടാകാന്‍ കാരണമാകാം. അതുപോലെ ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകാറുണ്ട്. എക്‌സ്‌റേ, സി.ടി.സ്‌കാന്‍ തുടങ്ങിയവ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉപയോഗിച്ചാലും കാന്‍സറിലേക്കു നയിച്ചേക്കാം.

ജീവിതശീലങ്ങളിലെ പൊരുത്തക്കേടുകളാണ് മുഖ്യപ്രതിസ്ഥാനത്ത്. പുകവലി, ഭക്ഷണം, മദ്യം എന്നിവയിലൊക്കെ ശീലക്കേടുകള്‍ക്കൊപ്പം അര്‍ബുദവും ഒളിച്ചിരിക്കുന്നു. കേരളത്തിലെ പുരുഷന്മാരിലെ 60 ശതമാനത്തോളം അര്‍ബുദവും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടാണുണ്ടാകുന്നത്. ഇതില്‍ത്തന്നെ പ്രധാനം ശ്വാസകോശ കാന്‍സറും വായ്ക്കകത്തു വരുന്ന കാന്‍സറുമാണ്. വൃക്ക, മൂത്രസഞ്ചി, ആമാശയം, പാന്‍ക്രിയാസ്, ഗര്‍ഭാശയഗളം എന്നിവയുമായി ബന്ധപ്പെട്ട കാന്‍സറുകള്‍ക്കും പുകയിലയുമായി ബന്ധമുണ്ട്. തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമക്കുറവും കാന്‍സറുണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇപ്പറഞ്ഞതെല്ലാം കൂട്ടിവായിച്ചുകൊണ്ടു മാത്രമേ അര്‍ബുദം എന്ന രോഗത്തിന് ഉത്തരം കണ്ടെത്താനാകൂ.

ആര്‍ക്കൊക്കെ കാന്‍സര്‍ വരാം?

പ്രായഭേദമെന്യേ ആരെ വേണമെങ്കിലും കാന്‍സര്‍ ബാധിക്കാം. ഗര്‍ഭാവസ്ഥ മുതല്‍ മരണംവരെയുളള ഏതു ഘട്ടത്തിലും ഒരാള്‍ക്ക് അര്‍ബുദം ബാധിക്കാം. ഏങ്കിലും പ്രായമേറുന്തോറും അര്‍ബുദം വരാനുള്ള സാധ്യത കൂടുന്നു എന്നു പറയേണ്ടതുണ്ട്.

കാന്‍സര്‍ പൂര്‍ണ്ണമായും പ്രതിരോധിക്കാനാകുമോ?

എല്ലാ കാന്‍സറുകളും പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ സാധ്യമല്ല. എല്ലാത്തരം കാന്‍സറുകളും പ്രതിരോധിച്ചുകൊണ്ടുള്ള ജീവിതം അസാധ്യമെന്നുതന്നെ പറയാം. എന്നാല്‍ ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാന്‍സറുകളുടെ കാരണഘടകങ്ങളെ പരമാവധി അകറ്റിനിര്‍ത്തുന്നതിലൂടെ രോഗത്തെ മാറ്റിനിര്‍ത്തുവാന്‍ കഴിയും. ഉദാഹരണത്തിന് പുകവലി, പുകയിലയുടെ ഉപയോഗം, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളില്‍നിന്നും മാറിനിന്ന് രോഗത്തെ അകറ്റുവാന്‍ കഴിയും. അതുപോലെ ആഹാരനിയന്ത്രണവും വ്യായാമവും അര്‍ബുദത്തിനെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സഹായിക്കും.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കാന്‍സര്‍: 101 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പുസ്തകത്തില്‍നിന്നും

Comments are closed.