DCBOOKS
Malayalam News Literature Website

കായേന്‍; ഷുസെ സരമാഗുവിന്റെ വിഖ്യാത നോവലിന്റെ പരിഭാഷ

ഭ്രാതൃഘാതകനായ കായേന്റെ ജീവിതം അതീവസുന്ദരമായ രചനാശൈലിയിലൂടെ വായനക്കാര്‍ക്കായി പുനഃസൃഷ്ടിക്കുകയാണ് നൊബേല്‍ പുരസ്‌കാര ജേതാവായ ഷുസെ സരമാഗു തന്റെ നോവലിലൂടെ. പഴയ നിയമത്തില്‍നിന്നും തികച്ചും വിഭിന്നനായ കായേനെയാണ് ഈ കൃതിയില്‍ വായനക്കാര്‍ക്ക് കാണാന്‍ സാധിക്കുന്നത്. അസൂയാലുവും അനീതിക്കാരനും സ്വാര്‍ത്ഥനുമായ ദൈവം ഭരിക്കുന്ന ലോകത്തില്‍ അവന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന കായേന്‍ നിലവിലുള്ള വ്യവസ്ഥകളെ ധിക്കരിക്കുന്നവനാണ്. നീതിമാനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ദൈവത്തിന്റെ നീതിബോധം മനുഷ്യന്റെ നീതിബോധവുമായി നടത്തുന്ന ഏറ്റുമുട്ടലാണ് കായേന്റെ ജീവിതത്തിലൂടെ സരമാഗു അവതരിപ്പിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന കായേന്‍ പ്രശസ്ത കഥാകൃത്ത് അയ്മനം ജോണാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

കായേന്റെ വിവര്‍ത്തനാനുഭവത്തെക്കുറിച്ച് അയ്മനം ജോണ്‍

‘വളരെ രസകരം, ആസ്വാദ്യകരം’ എന്ന ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ വിലയിരുത്തല്‍ പുറംകവറില്‍ എടുത്തുചേര്‍ത്തുകൊണ്ടാണ് ഷുസെ സരമാഗുവിന്റെ ‘കായേന്‍’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ലണ്ടനിലെ വിന്റേജ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വാസ്തവമാണത്. ലോകമെങ്ങും പരിചിതമായ ബൈബിള്‍ പഴയനിയമകഥകളില്‍ ചിലത് തികഞ്ഞ ആക്ഷേപഹാസ്യ ധ്വനികളോടെ പുനരവതരിപ്പിക്കപ്പെട്ടി ട്ടുള്ള ആ അവസാനത്തെ സരമാഗു നോവല്‍ അതിന്റെ ഉപരിതലവായനയില്‍ അങ്ങനെതന്നെയാണ് അനുഭവപ്പെടുക. എന്നാല്‍ ആ പുറംവായനയ്ക്ക് പുറമേ ഒരകം വായനയ്ക്കുകൂടി ഉതകുന്നതാണ് ‘കായേന്‍’എന്നുള്ളത് വിന്റേജ് ബുക്‌സ് ‘പുറത്ത്’ പറയാതിരുന്ന വസ്തുതയുമാണ്. ദൈവം നീതിമാനാണെന്നത്ബൈബിളില്‍ പലയിടങ്ങളിലും ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രസ്താവമാണല്ലോ. അപ്പറയുന്ന ‘ദൈവനീതി’കൊണ്ട് വിവക്ഷിക്കുന്നതൊക്കെ മനുഷ്യാര്‍ജിതമായ നീതിബോധത്തോട് എത്രമാത്രം പൊരുത്തപ്പെടുന്നുണ്ട് എന്ന അന്വേഷണമാണ് കായേന്‍ എന്ന ലഘുനോവലിന് ആത്മഗൗരവം നല്‍കുന്നതെന്ന് ആ ‘അകം വായന’യിലൂടെ നമുക്ക് കണ്ടെത്താന്‍ കഴിയുന്നു.

ബൈബിള്‍ പറയുന്ന ലോകചരിത്രപ്രകാരം ഭൂലോകം കണ്ട ആദ്യകൊലപാതകിയായ കായേന്‍ കേവലമനുഷ്യന്റെ നീതിബോധം ഉപയോഗിച്ച് ദൈവനീതിയില്‍ കണ്ടെത്തുന്ന പൊരുത്തക്കേടുകളെ സംബന്ധിച്ച് ദൈവവുമായി നടത്തുന്ന സംവാദങ്ങളിലൂടെയാണ് സരമാഗു തന്റെ അന്വേഷണത്തെ സര്‍ഗാത്മകമാക്കുന്നത്. അതിനുമുന്‍പുതന്നെ ആദംഹവ്വമാര്‍ തുടങ്ങിവച്ചിരുന്ന സംവാദങ്ങളുടെ തുടര്‍ച്ചയുമാണത് എന്നുള്ളതുകൊണ്ട് അത് തലമുറതലമുറയായി ദൈവസങ്കല്പം നേരിടുന്ന വിശ്വാസ ത്രിസന്ധികളെക്കൂടി അഭിസംബോധന ചെയ്യുന്നുമുണ്ട്. കായേനെ പഴയനിയമത്തില്‍നിന്ന് മോചിതനാക്കി പുറത്തേക്കുകടത്തി അവന്‍ കാലസങ്കല്പത്തെ മറികടന്നതും സംഭവബഹുലവുമായ ഒരു ജീവിതം കൊടുത്തുകൊണ്ടാണ് സരമാഗു ഈ നോവലിനു വേണ്ടിയുള്ള ഭാവനാസഞ്ചാരം നടത്തിയിട്ടുള്ളത്. അങ്ങനെ ചാര്‍ളി ചാപ്ലിന്‍ സിനിമകളെന്ന പോലെ ദ്വിമാനസ്വഭാവമുള്ള ഒരാസ്വാദനമാണ് കായേന്‍ എന്ന കൃതി നമ്മള്‍ വായനക്കാരില്‍നിന്ന് ആവശ്യപ്പെടുന്നത്. അതിലെ നര്‍മ്മമാധുര്യത്തില്‍ മാത്രം ആമഗ്‌നരാകാതെ ചിരികളാല്‍ ഒളിപ്പിച്ച് പിടിച്ചിട്ടുള്ള കരച്ചിലുകള്‍ക്കുകൂടി കാതോര്‍ത്തുകൊണ്ടായിരിക്കണം ആ രചന വായിച്ചുപോകേണ്ടത്.

ബൈബിള്‍ പുതിയനിയമത്തെ ആധാരമാക്കി എഴുതപ്പെട്ട ‘ഗോസ്പല്‍ അക്കോര്‍ഡിങ് റ്റു ജീസസ് ക്രൈസ്റ്റ്’ എന്ന മുന്‍കൃതിയില്‍ സ്വീകരിച്ച അതേ ആശയസമീപനവും പ്രമേയപരിചരണവും ഭാഷാവിന്യാസവുമാണ് സരമാഗു ഈ പഴയനിയമ വിമര്‍ശനത്തിലും സ്വീകരിച്ചിട്ടുള്ളത് അങ്ങനെയൊരു പാരസ്പര്യംകൊണ്ട് പ്രസ്തുതനോവലിന്റെ ഒരു വിപുലീകരണമെന്നും കായേനെ വിശേഷിപ്പിക്കാന്‍ കഴിയും. കായേന്റെ മലയാളപരിഭാഷയുടെ അനുഭവമെന്തായിരുന്നു എന്നാരെങ്കിലും ചോദിച്ചാല്‍ ‘പഴയനിയമ’ കാലദേശങ്ങളിലൂടെ സരമാഗുവെന്ന പെരുന്തച്ചനൊപ്പം മനസ്സുകൊണ്ട് ഒരു അനുയാത്ര നടത്തിയ പ്രതീതി’ എന്നൊരു മറുപടിയായിരിക്കും ഞാന്‍ ആദ്യം നല്കുക. കായേനിലെ ദേശങ്ങള്‍, ദേശവാസികള്‍, സംഭവപരമ്പരകള്‍ അതൊക്കെയും ബൈബിള്‍ വായനകളിലൂടെ പണ്ടേ പരിചിതമായിരുന്നതുതന്നെയാണ് ആ അനുഭവസാത്മ്യത്തിനു കാരണമായതെന്നും പറയാനാകും. തന്റെ പ്രയാണവഴികളില്‍ കായേന്‍ കണ്ടു മുട്ടിയ പലകാല മനുഷ്യകുലങ്ങള്‍ മാത്രമല്ല അതേവഴികളില്‍വച്ച് അവന്‍ പരിചയപ്പെട്ട ദൈവദൂതന്മാരും മാലാഖമാരുമൊക്കെപ്പോലും അവനുമായി പങ്കിടുന്ന മനുഷ്യാവസ്ഥയുടെ സാര്‍വ്വലൗകികമായ അന്തര്‍സംഘര്‍ഷങ്ങളാണ് ആ സര്‍ഗ്ഗയാത്രാനുഭവത്തിന് അതിന്റെ സാഹിത്യപരതയ്ക്കപ്പുറത്തേക്കുപോയ ഒരു വൈകാരികഭാവം കൂടിനല്കിയതെന്നും തിരിച്ചറിയാന്‍ സാധിക്കുന്നു.

താളാത്മകമായി ഒഴുകുന്ന ഒരു പുഴയിലൂടെ നടത്തിയ ഒരു തോണിയാത്രയോടാണ് കായേന്റെ ആദ്യവായനയുടെ അനുഭവത്തെ ഞാന്‍ ഉപമിക്കുന്നതെങ്കില്‍ പരിഭാഷയ്ക്കായി ഏര്‍പ്പെട്ട രണ്ടാം വായനയെ അതേ പുഴയൊഴുക്കിലൂടെനീന്തിത്തുടിച്ചും ആഴങ്ങളിലേക്ക് നീര്‍ക്കാംകുഴിയിട്ടുമൊക്കെ നടത്തിയ മുങ്ങിക്കുളിയുടെ അനുഭവത്തോടാണ് ഉപമിക്കേണ്ടത്. ആദ്യത്തെ വെറും വായനയുടെ അനുഭവത്തേക്കാള്‍ ഒത്തിരിയേറെ കുളിര്‍മ്മയും ഉന്മേഷവും മനസ്സിന് നല്കിയത് പരിഭാഷയുടെ അനുഭവംതന്നെയാണ് എന്നര്‍ഥം. എഴുത്തിലെ ആ പെരുന്തച്ചന്റെ കൈവേലകള്‍ അങ്ങനെ അടുത്തിരുന്ന് കണ്ടുകൊണ്ട് ഭാഷയില്‍ നടത്തിയപരകായപ്രവേശം ആ സാഹസത്തിന് മുതിരുമ്പോള്‍ എനിക്കുണ്ടായിരുന്ന ആശങ്കകളെയത്രയും അസ്ഥാനത്താക്കുകയുണ്ടായി. ഒറ്റയ്ക്കിരുന്ന് നടത്തിയ ആ ഭാഷായജ്ഞത്തെ മറ്റൊരു ഭാഷയുമായി ഒരുമിച്ചിരുന്ന് നടത്തിയ നര്‍മ്മസല്ലാപത്തിന്റെ രസനീയതയോടെയാണ് ഞാനിന്ന് ഓര്‍ത്തിരിക്കുന്നത്. നോവലിലെ വാക്കുകള്‍ക്കും വാഗ്മയങ്ങള്‍ക്കും ചേരുന്ന മലയാള മറുവാക്കുകളും വാഗ്മയങ്ങളും കണ്ടെത്തിക്കൊണ്ടിരുന്നപ്പോള്‍ സരമാഗുവിന്റെ മനോഹരഗദ്യത്തില്‍ തുളുമ്പിക്കിടക്കുന്ന കവിതയെഒട്ടും തൂവിപ്പോവാതെ ഇക്കരെയെത്തിക്കാനാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. കേവല മായ അര്‍ത്ഥകല്പനകള്‍ കൊണ്ട ല്ലാതെ മൊഴിവഴക്കങ്ങള്‍കൊണ്ട് മാത്രം ആശയം വ്യഞ്ജിപ്പിക്കേണ്ട പല സന്ദര്‍ഭങ്ങളും കായേനിലുണ്ട്. അപ്പോഴൊക്കെയും ആ മറുഭാഷാ മൊഴിവഴക്കങ്ങള്‍ക്ക് ഒപ്പംനില്‍ക്കുന്നവയോ ചിലപ്പോഴൊക്കെ അതിലും മികച്ചവയോ ആയ മൊഴിഭേദങ്ങള്‍ നമ്മുടെ ഭാഷയില്‍ ലഭ്യമായിക്കൊണ്ടി രുന്നതാണ് ഈ പരിശ്രമത്തെ ആനന്ദകരമാക്കിയ മറ്റൊരനുഭവവിശേഷം. ഏതാണ്ടൊരു ചതുരംഗക്കളിയുടെ രസനീയത യോടെ നടത്തിയ ഈ ഭാഷാന്തരം മലയാളഭാഷയില്‍ എനിക്കുള്ള ആത്മവിശ്വാസത്തെ വര്‍ധിപ്പിച്ച അനുഭവംകൂടിയായിരുന്നു.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും ഷുസെ സരമാഗുവിന്റെ കായേന്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.