DCBOOKS
Malayalam News Literature Website

പ്രമുഖ നാടകകലാകാരന്‍ സി വി വക്കച്ചന്‍ അന്തരിച്ചു

പ്രമുഖ നാടകകലാകാരന്‍ കുമ്പളം ചെറുപുനത്തില്‍ സി വി വക്കച്ചന്‍(പ്രതിഭ വക്കച്ചന്‍95) അന്തരിച്ചു. ഭരത് പി ജെ ആന്റണിയുടെ സഹപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്നു. സംസ്‌കാരം നടത്തി.

ഏഴാംവയസില്‍ നാടക രംഗത്തേക്ക് പ്രവേശിച്ച വക്കച്ചന്‍, പി ജെ ആന്റണിക്കൊപ്പം ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. ക്ഷമയാ ധരിത്രി ഉള്‍പ്പെടെ ആറ് നാടകങ്ങള്‍ രചിച്ചു. കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി’ നാടകത്തില്‍ പരമുപിള്ളയായും വേഷമിട്ടിട്ടുണ്ട്. മിന്നാമിനുങ്ങ്, ആശാദീപം, രാരിച്ചന്‍ എന്ന പൌരന്‍ എന്നീ സിനിമകളിലും അഭിനയിച്ചു. തയ്യല്‍ തൊഴിലാളിയായിരുന്നു. പി ജെ ആന്റണിയുടെ ‘ഇന്‍ക്വിലാബിന്റെ മക്കള്‍’ ഉള്‍പ്പെടെ ഒമ്പത് നാടകങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍പകര്‍ന്നു. പി ജെ സ്ഥാപിച്ച പ്രതിഭ നാടക ട്രൂപ്പില്‍ സജീവമായി. പിന്നീട് പ്രതിഭ വക്കച്ചന്‍ എന്നപേരിലും അറിയപ്പെട്ടു. 2016ല്‍ പി ജെ ആന്റണി ഫൌണ്ടേഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. എഡ്ഡിമാസ്റ്റര്‍ പുരസ്‌കാരവും ലഭിച്ചു. ശങ്കരാടി, ഗോവിന്ദന്‍കുട്ടി, മണവാളന്‍ ജോസഫ് എന്നിവര്‍ക്കൊപ്പം വേദികള്‍ പങ്കിട്ടു. 75 വയസുവരെ നാടക രംഗത്ത് സജീവമായിരുന്നു.

ഭാര്യ: പരേതയായ റോസക്കുട്ടി. മക്കള്‍: മറിയാമ്മ, ഗീവര്‍ഗീസ്(റിട്ട.കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്), ജോണ്‍(റിട്ട.എസ്ബിടി), ജോസ് വര്‍ഗീസ്(സിന്‍ഡിക്കേറ്റ് ബാങ്ക്), മാത്യു(എന്‍ജിനിയര്‍, കുവൈറ്റ്). മരുമക്കള്‍: എ ടി ജോസഫ്, ആലിസ്, ഫിലോമിന, കൊച്ചുറാണി, ഷീബ.നാടകകാരനും നടനും പി ജെ ആന്റണിയുടെ സുഹൃത്തും സഹചാരിയും ദിര്‍ഘകാലം പി ജെയുടെ പ്രതിഭ തീയേറ്ററിന്റെ നടത്തിപ്പുകാരനും ആയിരുന്ന വക്കച്ചന്‍ അന്തരിച്ചു. പ്രതിഭ വക്കച്ചന്‍ എന്നാണ് ഒരു കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 95 വയസ്സായിരുന്നു. ഗിരിനഗര്‍ ഷിപ്‌യാഡ് കോളനിയിലെ വസതിയിലായിരുന്നു അന്ത്യം.

 

Comments are closed.