DCBOOKS
Malayalam News Literature Website

”ഇത്രയേ ഒള്ളോ?” സി. വി. ബാലകൃഷ്ണന്റെ കെ പി എ സി ലളിത

സി.വി. ബാലകൃഷ്ണന്‍

സത്യനെയും പ്രേംനസീറിനെയും മധുവിനെയും കൊട്ടാരക്കര ശ്രീധരന്‍നായരെയും അടൂര്‍ഭാസിയെയും ബഹദൂറിനെയും ഷീലയെയും ശാരദയെയും ജയഭാരതിയെയും സുകുമാരിയെയും സുജാതയെയും റാണിചന്ദ്രയെയുമൊക്കെ താനുദ്ദേശിക്കുന്ന കഥാപാത്രങ്ങളായി മാറ്റിയ കെ. എസ്. സേതുമാധവന്‍ തനിക്ക് ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ളത് കെ.പി.എ.സി. ലളിതയോടാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്.

‘ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ’ എന്ന ‘മതിലുകളി’ലെ നാരായണിയുടെ നൊമ്പരപ്പെടുത്തുന്ന ചോദ്യം നമ്മള്‍ കേട്ടത് കെ.പി.എ.സി. ലളിതയെന്ന അഭിനേത്രിയുടെ അതിപരിചിതമായ ശബ്ദത്തിലാണ്. ശബ്ദസാന്നിദ്ധ്യം മാത്രമേ ആ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. പക്ഷേ, ശബ്ദത്തിന്റെ ഉടമ ആരെന്ന് പ്രേക്ഷകരേവര്‍ക്കും തിരിച്ചറിയാനായി.

അഭിനേത്രിയെന്ന നിലയക്ക് താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് തോപ്പില്‍ ഭാസിയോടും കെ.എസ്. സേതുമാധവനോടുമാണെന്ന് ലളിത പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആദ്യമായഭിനയിച്ച കൂട്ടുകുടുംബത്തിന്റെ 1969 റഷസ് കണ്ട് തോപ്പില്‍ ഭാസി വിലയിരുത്തിയതിങ്ങനെയായിരുന്നു: മുഖം കൊള്ളില്ലെങ്കിലും ശബ്ദംകൊണ്ട് രക്ഷപ്പെട്ടോളും.

കൂട്ടുകുടുംബം തൊട്ട് ലളിത അവതരിപ്പിച്ച അസംഖ്യം കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന ആരും പറയും ശബ്ദം കൊണ്ട് മാത്രമല്ല ഈ നടി രക്ഷപ്പെട്ടതെന്ന്. എന്നാല്‍ ശബ്ദം ഒരു നിര്‍ണായകഘട്ടമായിരുന്നുതാനും. ആ ശബ്ദത്തില്‍ നാം കേട്ടതെന്താ നിഷ്‌കളങ്കതയുടെ സൗമ്യഭാവങ്ങള്‍, എരിഞ്ഞുനീറുന്ന മനസ്സിന്റെ ശമിക്കാത്ത ദുഃഖങ്ങള്‍, ഹൃദയോ
ല്ലാസത്തോടെയുള്ള ചിരി, ശകാരം, പരിഹാസം എന്നിങ്ങനെ പലതും. നൊമ്പരപ്പെടേണ്ട നേരങ്ങളിലത്രയും നമ്മള്‍ ഗാഢമായ നൊമ്പരമറിഞ്ഞു. ചിലപ്പോള്‍ എല്ലാം മറന്ന് നമ്മള്‍ ആര്‍ത്തുചിരിച്ചു. പല കഥാപാത്രങ്ങളും സിനിമയില്‍ ഒടുങ്ങാതെ തിയേറ്ററില്‍നിന്നും കൂടെപ്പോന്നു. നമ്മളവരെ നെഞ്ചിലേറ്റി.

ഉദയസ്റ്റുഡിയോയില്‍നിന്ന് കൂട്ടുകുടംബത്തില്‍ ഒരു വേഷം ചെയ്യാനുള്ള ക്ഷണം കിട്ടി ആഹ്ലാദാതിരേകത്തോടെ അഭിനയിക്കാന്‍ ചെന്ന ഇരുപത്തിരണ്ടുകാരി, മുതിര്‍ന്ന സഹനടികളായ ആനന്ദവല്ലിയും അടൂര്‍ പങ്കജവും ചിത്രത്തിന്റെ സംവിധായകനായ കെ.എസ്. സേതുമാധവന്റെ കാര്‍ക്കശ്യത്തെക്കുറിച്ചും കെടും കോപത്തെക്കുറിച്ചും വിട്ടുവീഴ്ചയില്ലായ്മയെക്കുറിച്ചും നിര്‍ദ്ദയത്വത്തെക്കുറിച്ചും പറഞ്ഞതുകേട്ടു ഭയന്നു പിന്മാറാനൊരുങ്ങിയതാണ്. നേരം വെളുപ്പിച്ചതെങ്ങനെയെന്നറിയില്ല. രാവിലെ നേരേ സംവിധായകനെ ചെന്നുകണ്ട് താന്‍ തിരിച്ചുപോവുകയാണെന്നും തന്നെക്കൊണ്ട് അഭിനിയിക്കാന്‍ പറ്റില്ലെന്നും അറിയിച്ചപ്പോള്‍ സംവിധായകന്‍ ആകാവുന്നത്ര സൗമ്യതയോടെ പറഞ്ഞത്, ഒന്നു നോക്കാമെന്നാണ്. ശരിയാകുന്നില്ലെങ്കില്‍ പോകാമെന്നുകൂടി കൂട്ടിച്ചേര്‍ത്തു. തിരക്കഥാകൃത്തായ തോപ്പില്‍ഭാസി ശുപാര്‍ശചെയ്ത് നല്‍കിയ അവസരമാണ്. തിരക്കഥാകൃത്തിന്റെ ശുപാര്‍ശയ്ക്ക് അതര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ടതുണ്ടെന്ന് സംവിധായകന്‍ നിശ്ചയിച്ചിരുന്നു. അതുപ്രകാരം ഷൂട്ടിങ്ങിനൊരുങ്ങി. വേഷം പകര്‍ന്ന് ഒരു നാട്ടിന്‍പുറക്കാരി പെണ്ണായി ലളിത ക്യാമറയ്ക്കു മുന്നിലെത്തി. അവള്‍ ചെയ്യേണ്ടിയിരുന്നത് അടുക്കളയ്ക്കു പിന്നിലെ ചവിട്ടുപടിയിലായിരുന്ന് മടിയില്‍വെച്ച് മുറത്തിലെ അരിയില്‍നിന്നും കല്ലു പെറുക്കിക്കളയുകയാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

 

Comments are closed.