DCBOOKS
Malayalam News Literature Website

‘ബുധിനി’; അനുഭവങ്ങളുടെ പൊള്ളുന്ന ജീവിതക്കാഴ്ചകള്‍

പ്രകൃതിയെ വിസ്മരിച്ചുകൊണ്ടുള്ള വികസനം ഒരു ഭീകരസത്വമാണ്. ജീവിതങ്ങളെ ഞെരിച്ചും പിഴുതെറിഞ്ഞും മുന്നേറുന്ന സത്വം. അതിന്റെ ജ്വലിക്കുന്ന നേത്രങ്ങള്‍ പുരോഗതിയിലേക്കുള്ള മാര്‍ഗതാരങ്ങളാണെന്ന് മര്‍ത്യരില്‍ പലരും കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവ ദുരന്തത്തിന്റെയും വിനാശത്തിന്റെയും അടയാളങ്ങളാണ്. ഈ സത്വത്തെ ആരാധിക്കുന്നവരേറെ. ആരാധനയുടെ ഭാഗമായി ബലികളുണ്ട്. ബലിയര്‍പ്പിക്കപ്പെടുന്നത് ഗ്രാമജീവിതങ്ങളും ഗോത്രസംസ്‌കാരങ്ങളും. ഈ യാഥാര്‍ത്ഥ്യമാണ് സാറാ ജോസഫിന്റെ ബുധിനി എന്ന നോവലില്‍ അനാവൃതമാകുന്നത്. വികസനത്തിന്റെ അഭയാര്‍ത്ഥികളാകേണ്ടി വരുന്നവരുടെ ജീവിതം ഈ കൃതിയില്‍ തെളിയുന്നു. ഒപ്പം ആഴമേറിയ പ്രകൃതിചിന്തകളും ഈ താളുകളിലുണ്ട്. ഹൃദയസ്പര്‍ശിയായ വായനാനുഭവമാണ് ബുധിനി.

ഇത് സാന്താള്‍ ജനതയുടെ കഥയാണ്. ജാര്‍ഖണ്ഡിലെ സാന്താള്‍ സമൂഹം. പ്രകൃതിനിയമങ്ങളെ ഉയിരില്‍ വാഴിച്ച് പച്ചപ്പിനെ പുണര്‍ന്ന് ജീവിക്കുന്നവര്‍. മണ്ണിന്റെ നേരറിയുന്നവര്‍. മരങ്ങളിലും നദികളിലും മലകളിലുമെല്ലാം കുടികൊള്ളുന്ന ആരാധ്യരായ ആത്മാക്കളും (ബോംഗകള്‍) ഇവരുടെ നിത്യജീവിതത്തിന്റെ ഭാഗമത്രെ. എന്നാല്‍ ദാമോദര്‍ നദിയിലുയര്‍ന്ന അണക്കെട്ട് ഈ ഗോത്രത്തിന്റെ ചേതനയില്‍ അശാന്തിയുടെ കൊടുങ്കാറ്റിന് ജന്മം നല്‍കി. സ്വന്തം പാര്‍പ്പിടങ്ങളും ജീവനോപാധികളും അണക്കെട്ടില്‍ മുങ്ങിത്താഴ്ന്നപ്പോള്‍ പൊള്ളുന്ന ജീവിതവഴികളിലൂടെ അവര്‍ക്ക് സഞ്ചരിക്കേണ്ടിവന്നു. ജഗ്ദീപ് മുര്‍മു എന്ന കഥാപാത്രം ഇവരുടെ പ്രതിനിധിയാണ്. കാടിന്റെയും നദിയുടെയും തണുപ്പില്‍ നിന്ന് കല്‍ക്കരിപ്പാടത്തേക്ക് പിഴുതെറിയപ്പെട്ട ജീവിതം. ജഗ്ദീപ് മുര്‍മുവിന്റെ പത്‌നി സോമ്‌നീതയും മകന്‍ ജോലയും അനുവാചകരുടെ മനസ്സില്‍ പൊള്ളിപ്പടരുന്ന ഓര്‍മ്മകളാകുന്നു. തന്റെ മുത്തച്ഛന്റെ അനുഭവങ്ങള്‍ ‘മഹാക്ഷേത്ര’ങ്ങളുടെ മറുവശത്തെക്കുറിച്ച് പഠിക്കാന്‍ രൂപി മുര്‍മുവിന് പ്രചോദനമാകുന്നു. രൂപിയുടെ അന്വേഷണങ്ങളിലൂടെയാണ് കഥാഗതി പുരോഗമിക്കുന്നത്. രൂപി മുര്‍മുവിന്റെ അകന്ന ബന്ധുവാണ് ബുധിനി മെജാന്‍.

ദാമോദര്‍ നദിയിലെ പാഞ്ചേത്ത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്വീകരണത്തിന്റെ ഭാഗമായി അവള്‍ ഹാരമണിയിച്ചു. അണക്കെട്ട് അവള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ദാമോദര്‍ വാലി കോര്‍പറേഷനിലെ (DVC) തൊഴിലാളിയായിരുന്ന ബുധിനി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്രകാരം ചെയ്തത്. എന്നാല്‍ ആ ഹാരാര്‍പ്പണത്തെ വിവാഹകര്‍മ്മമായി വ്യാഖ്യാനിച്ചു അവളുടെ സാന്താള്‍ ഗോത്രം. ഒരു ദികുവിനെ (അന്യഗോത്രത്തില്‍ പെട്ടയാളെ ) വിവാഹം ചെയ്തു എന്നാരോപിച്ച് ഗ്രാമവും സമുദായവും അവള്‍ക്ക് ഭ്രഷ്ട് കല്‍പിച്ചു. രൗദ്രതാളത്തിന്റെയും ആഭാസനൃത്തത്തിന്റെയും അകമ്പടിയോടെ സ്വന്തം ഗ്രാമത്തില്‍ നിന്ന് അവള്‍ തുരത്തിയോടിക്കപ്പെട്ടു. വേട്ടയാടപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാണ് ബുധിനി എന്ന 15 വയസ്സുകാരി. ഗോത്രനിയമങ്ങളാലും ജാതിവ്യവസ്ഥയാലും ക്രൂരമായി വേട്ടയാടപ്പെട്ടവള്‍. വികസനത്തിന്റെ പ്രഹരമേറ്റ് ദുരിതക്കടലിലേക്ക് എറിയപ്പെട്ടവള്‍.

ആതിയുടെ പവിത്രതയിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോയ ആ തൂലികയില്‍ പിറന്ന മറ്റൊരു അവിസ്മരണീയമായ അനുഭവമാകുന്നു ഈ നോവല്‍. ടിരിയോയുടെ നാദവും ധക്കിന്റെയും തമക്കിന്റെയും താളവും നൃത്തത്തിന്റെ ലഹരിയും പച്ചപ്പിന്റെ ലാവണ്യവും നദിയുടെ തണുപ്പും മാന്ത്രികതയും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും പൊള്ളുന്ന ജീവിതക്കാഴ്ചകളുമെല്ലാം സമ്മേളിക്കുന്ന കഥാലോകം. പെണ്ണെഴുത്തിന്റെ തീവ്രതയും ഇവിടെ ദൃശ്യമാണ്. ഈ രചനയെ കുറിച്ച് ഗ്രന്ഥകാരിയുടെ വാക്കുകള്‍ ഇങ്ങനെ.

‘ബുധിനിയുടെ കഥ ഇന്ത്യയിലെ പിഴുതെറിയപ്പെട്ട മനുഷ്യരുടെ കഥ കൂടിയാണെന്ന തിരിച്ചറിവാണ് ഇത് നോവലായെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എഴുതാതിരുന്നുകൂടാത്ത ഒരു നോവല്‍. ‘

പുരോഗതി കൈവരിക്കാനുള്ള വ്യഗ്രതയില്‍ മാനവന്‍ പരിസ്ഥിതിയെ മറന്ന് പ്രവര്‍ത്തിക്കുന്ന ഈ കാലത്ത് ഇത്തരം രചനകളുടെ പ്രസക്തിയേറുന്നു.

സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന് വിനീത മാര്‍ട്ടിന്‍ എഴുതിയ വായനാനുഭവം 

കേട്ടറിവിൽ നിന്നും പിറവിയെടുത്ത സാറാ ജോസെഫിന്റെ ബുധിനി, മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍ കെ.ജെ. ബേബിയുടെ ഗുഡ് ബൈ മലബാർ, കുടിയിറക്കത്തിന്റെ മേഘസ്‌ഫോടനം; വന്യസംസ്‌കൃതിയുടെ വിശുദ്ധരാഗവും ഷീലയുടെ ‘വല്ലി’ എന്നീ 1029 രൂപയുടെ മൂന്ന് കൃതികൾ ഒന്നിച്ചു ഡൗൺലോഡ് ചെയ്യാം ഇപ്പോൾ വെറും 99 രൂപയ്ക്ക് .

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.