DCBOOKS
Malayalam News Literature Website

‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ ചില തിരിച്ചറിവുകള്‍

സാമൂഹികവും പാരിസ്ഥിതികവുമായ വിവിധ വിഷയങ്ങളെ ഏറെ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുകയാണ്  ബുദ്ധനും ശങ്കരനും പിന്നെ ഞാനും   എന്ന കൃതിയിലൂടെ മുരളി തുമ്മാരുകുടി.  അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ഈ പുസ്തകത്തിന് നര്‍മ്മത്തിന്റെ പരഭാഗ ശോഭയുമുണ്ട്. ചിന്തയെ ഉജ്ജ്വലിപ്പിക്കുകയും വായനയെ ആഹ്ലാദാനുഭവമാക്കുകയും ചെയ്യുന്ന  ബുദ്ധനും ശങ്കരനും പിന്നെ ഞാനും അറിവുകളെ തിരിച്ചറിവുകള്‍ ആക്കുന്നതെങ്ങനെ എന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടനയില്‍ ദുരന്ത ലഘൂകരണവിഭാഗം തലവനായ  മുരളി തുമ്മാരുകുടി യുടെ ഏറ്റവും പുതിയ ലേഖനങ്ങളാണ് ബുദ്ധനും ശങ്കരനും പിന്നെ ഞാനും. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ ആദ്യ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

കൃതിയിലെ ഒരു ലേഖനത്തില്‍ നിന്ന് 

രണ്ടു ചോദ്യങ്ങള്‍ക്കാണ് തമ്പുരാന് ഉത്തരം അറിയേണ്ടത്.

ചോദ്യം ഒന്ന്: ഞാന്‍ ആരാണ്?

ചോദ്യം രണ്ട്: കോവിലകം എന്തിനു വാങ്ങി?

1997-ല്‍ കുളപ്പുള്ളി അപ്പന്റെ ഒന്നാമത്തെ ചോദ്യത്തിന് ആറാം തമ്പുരാനായ ജഗന്നാഥന് പ്രത്യേകിച്ച് ഉത്തരമൊന്നും ഉണ്ടായിരുന്നില്ല. ബുദ്ധനും ശങ്കരനും തേടിയത് ഇതേ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണെന്നും ഈ ചോദ്യങ്ങള്‍ തേടാനുള്ള നിയോഗമാണ് എല്ലാ മനുഷ്യജന്മവും എന്നൊക്കെപ്പറഞ്ഞ് തടിതപ്പി ജഗന്നാഥന്‍ പത്തിരി കഴിക്കാന്‍പോയി.

ജഗന്നാഥനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനിതകശാസ്ത്രത്തില്‍ നിര്‍ണ്ണായകമായ കണ്ടുപിടിത്തങ്ങള്‍ നടന്നത് അടുത്തിടയ്ക്കാണ്. 2010 മുതലാണ് ‘ഞാന്‍ ആര്’ എന്ന ചോദ്യത്തിന് നാഷണല്‍ ജ്യോഗ്രഫിക് ശാസ്ത്രീയമായി ഉത്തരം കൊടുത്തു തുടങ്ങിയത്. സങ്കീര്‍ണമായ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് അതിവിദൂര ഭൂതകാലത്തുനിന്നും ‘ഞാനി’ലേക്കുള്ള യാത്ര നാഷണല്‍ ജ്യോഗ്രഫിക്കിലെ ശാസ്ത്രജ്ഞന്മാര്‍ നമുക്കു പറഞ്ഞുതരുന്നത്. ഇതിന്റെ ഉത്തരം കിട്ടാന്‍ ഒരു മനുഷ്യജന്മം മുഴുവനൊന്നും ഇപ്പോള്‍ കാത്തിരിക്കേണ്ട. പക്ഷേ, ഇതിനായി കുറച്ചു കാശുചെലവൊക്കെയുണ്ട്. അമേരിക്കയിലേക്കുള്ള യാത്ര ഉപയോഗിച്ച് ഞാനെന്റെ സമ്പൂര്‍ണ്ണ ജനിതകരഹസ്യം കണ്ടെത്തി. ലക്ഷക്കണക്കിന് വര്‍ഷം നീണ്ട ആ യാത്രയുടെ കഥയാണ് ഈ ലേഖനത്തിന്റെ വിഷയം.

എന്താണീ ജനിതക പൈതൃകയാത്ര? ഓരോ മനുഷ്യനും സ്വന്തം അച്ഛനമ്മമാരില്‍നിന്നുമാണല്ലോ അവരുടെ അടിസ്ഥാന ജനിതക നിര്‍മ്മാണവസ്തുക്കള്‍ സ്വീകരിക്കുന്നത്. നമ്മുടെ അച്ഛനമ്മമാര്‍ അവരുടെ അച്ഛനമ്മമാരില്‍നിന്നും…എന്നിങ്ങനെ. അങ്ങനെ നോക്കുമ്പോള്‍ പ്രകൃതിയിലെ ആദ്യത്തെ മനുഷ്യനുമായിപ്പോലും നമുക്കൊരു ജനിതക ബന്ധമുണ്ട്. എന്നാല്‍ ആദ്യത്തെ ആണിന്റെയോ പെണ്ണിന്റെയോ മാത്രം ജീനുകളല്ല നമുക്കുള്ളത്. ജനിതക ആദമില്‍നിന്നും ഹവ്വയില്‍നിന്നും നമ്മിലേക്കുള്ള യാത്രയ്ക്കിടയ്ക്ക് അച്ഛന്‍വഴിയും അമ്മവഴിയും ചില ഉള്‍പ്പിരിവുകള്‍ (മ്യൂട്ടേഷന്‍) സംഭവിക്കും. ഇതു സംഭവിച്ചത് ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍വെച്ചായിരിക്കുകയും ചെയ്യും. ഇങ്ങനെ വരുന്ന മാറ്റങ്ങള്‍ ജനിതകവഴിയിലെ മൈല്‍ക്കുറ്റികളാണ്. അപ്പോള്‍ നമ്മുടെ ഡി.എന്‍.എ. പരിശോധിച്ചാല്‍ ജനിതക ആദമില്‍നിന്നും ഹവ്വയില്‍നിന്നും ഏതു വഴിക്കൊക്കെ യാത്ര ചെയ്താണ് നാം നമ്മിലേക്ക് എത്തിയതെന്ന് കൃത്യമായി മനസ്സിലാക്കാം. നമ്മുടെ ജനിതകപാരമ്പര്യമുള്ള മനുഷ്യര്‍ ലോകത്ത് മറ്റെവിടെയുണ്ടെന്നും ഈ പരിശോധനയില്‍ നിന്നും കണ്ടുപിടിക്കാം.

എന്റെ യാത്ര

മനുഷ്യന്‍ ദൈവത്തെ സൃഷ്ടിക്കുന്നതിനും ഏതാണ്ട് രണ്ടുലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്റെ ജനിതകയാത്ര തുടങ്ങുന്നത്. ആഫ്രിക്കയിലെ റിഫ്ട്‌വാലിയിലെ ഓള്‍ഡ്‌വൈ ഗര്‍ത്തത്തിലാണ് മനുഷ്യനായുള്ള എന്റെ പൂര്‍വ്വികന്മാരുടെ പിറവി. ലോകത്ത് ഇന്നുള്ള എല്ലാ മനുഷ്യരും ഈ ഗര്‍ത്തത്തില്‍ നിന്നും പുറത്തെത്തിയവരാണെന്നാണ് ലക്ഷക്കണക്കിനാളുകളുടെ ജനിതകപരിശോധനയ്ക്കുശേഷം ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്നത്. രണ്ടുലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേയുള്ള ജനിതക അടയാളങ്ങള്‍ എന്റെ ഡി.എന്‍.എ.യില്‍ ഉള്ളതിനാല്‍ ഒരു കാര്യം വ്യക്തമാണ്, നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളിയാഴ്ച ദിവസം ദൈവം കളിമണ്ണ് കുഴച്ചുണ്ടാക്കിയ കൂട്ടത്തില്‍നിന്നല്ല എന്റെ തുടര്‍ച്ച എന്ന്.

അച്ഛന്റെ യാത്ര

ഓള്‍ഡ്‌വൈ ഗര്‍ത്തത്തില്‍നിന്നും വെങ്ങോലയിലേക്ക് ഏതാണ്ട് 8127കിലോമീറ്റര്‍ ആകാശദൂരമുണ്ട്. വിമാനമുണ്ടാക്കിയ എന്റെ പൂര്‍വ്വികരുടെ കഥ വരുന്നത് ഏതാണ്ട് അയ്യായിരം വര്‍ഷം മുന്‍പാണ്. അതുകൊണ്ടുതന്നെ ആഫ്രിക്കയിലെ അപ്പൂപ്പന് വെങ്ങോലയിലെത്താന്‍ പുഷ്പകം പോയിട്ട് കാളവണ്ടിപോലും ഉണ്ടായിരുന്നില്ല. കരവഴി മാത്രം പോന്നാല്‍ ഏതാണ്ട് പതിനയ്യായിരം കിലോമീറ്റര്‍ വേണ്ടിവരും ഈ യാത്ര. കടലിടുക്കുകള്‍ ചാടിക്കടന്നാല്‍ അല്പം ലാഭമൊക്കെ ഉണ്ടായേക്കാം. അപ്പോള്‍ എന്തിനാണ്, ഏതു വഴിയാണ്, ഏതു വാഹന ത്തിലാണ് അപ്പൂപ്പന്മാര്‍ ആഫ്രിക്ക താണ്ടി കേരളത്തിലെത്തിയത്?

ഇപ്പോള്‍ ലോകത്തുള്ള എല്ലാ മനുഷ്യരുടെയും പൂര്‍വികനായി ശാസ്ത്രലോകം സമ്മതിക്കുന്നത്’വൈ ക്രോമസോം ആഡം’ (Y Chromosom Adam) എന്ന് ശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്ന ഒരു മുതുമുത്തച്ഛനെയാണ്. ഏകദേശം മൂന്നുലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്നാണ് ശാസ്ത്രമതം. ഇതിന്റെയര്‍ത്ഥംഭൂമിയിലെ ആദ്യത്തെ മനുഷ്യന്‍ ഇദ്ദേഹമായിരുന്നു എന്നല്ല, എന്നാല്‍ ഇദ്ദേഹത്തിനു മുന്‍പ് ജനിതക ഉള്‍പ്പിരിവുകള്‍ ഉണ്ടായിട്ടില്ല. ആദ്യത്തെ ജനിതക പിരിവായ P 305 ഉണ്ടാകുന്നത് ഏതാണ്ട് ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അവിടം മുതലാണ് മനുഷ്യകുലം പലവഴിക്കുള്ള യാത്ര തുടങ്ങുന്നത്.

ആഫ്രിക്കയില്‍നിന്നും ഏകദേശം70,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്റെ മൂത്ത അപ്പൂപ്പന്‍ യാത്ര തുടങ്ങുന്നത്. ലോകമുത്തച്ഛനില്‍നിന്നും മൂന്നാമത്തെ ഉള്‍പരിവര്‍ത്തനമാണ്P 143 എന്ന എന്റെ സഞ്ചാരി മുത്തച്ഛന്റേത്. രണ്ടു കാരണങ്ങളാലാണ് അന്ന് ആളുകള്‍ നാടുവിടുന്നത്. ഒന്നാമത് ഭക്ഷണം കമ്മിയാകുമ്പോള്‍, രണ്ടാമത് മറ്റാരോടെങ്കിലും വഴക്കുകൂടുമ്പോള്‍. എന്റെ മുത്തച്ഛന്‍ നേരേ വടക്കോട്ടു വെച്ചുപിടിച്ചത് ഇതിലേതു കാരണംകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമല്ല. കാരണമെന്താണെങ്കിലും 70,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുള്ളിക്കാരന്‍ കടലു കാണുന്നതുവരെ നടന്നു, പല തലമുറകൊണ്ട്. (ഈ ഒരപ്പൂപ്പനാണ് ഈ ആയിരത്തി അഞ്ഞൂറു കിലോമീറ്ററും നടന്നതെന്ന് വിചാരിക്കരുത്. പറയാന്‍ സൗകര്യത്തിനു ഞാന്‍ സകലമാന അപ്പൂപ്പന്മാരെയും’അപ്പൂപ്പന്‍’ എന്ന കോമണ്‍ നാമത്തില്‍ വിളിക്കുന്നതാണ്). ഏഷ്യയും ആഫ്രിക്കയും തമ്മില്‍ വിഭജിക്കുന്ന ചെങ്കടല്‍ അന്നുമുണ്ട്. ഇപ്പോഴതിന് മുന്നൂറു കിലോമീറ്റര്‍വരെ വീതിയുണ്ട്. അതു മറികടക്കാനുള്ള സംവിധാനമൊന്നും അക്കാലത്ത് മനുഷ്യകുലത്തിന് ആയിട്ടില്ല. എന്നാല്‍ 70,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെങ്കടലിന്റെ ആഴം ഇപ്പോഴത്തെക്കാള്‍ ഏകദേശം 70 മീറ്റര്‍ കുറവായിരുന്നു, അതുകൊണ്ടുതന്നെ ചില ഭാഗങ്ങളില്‍ വീതി ഇപ്പോഴത്തെയത്ര ഇല്ല,നല്ല തെളിച്ചമുള്ള ദിവസമാണെങ്കില്‍ ഇക്കരെനിന്നു നോക്കിയാല്‍ അക്കരെ കാണുകയും ചെയ്യാം. തക്കതായ കാരണം വല്ലതുമുണ്ടെങ്കില്‍ അപ്പുറം ചാടാന്‍ ഒരു കൈ നോക്കാം. കോതമംഗലത്ത് എന്‍ജിനീയറിങ് കോളജില്‍ അടിപിടി നടക്കുന്ന സമയത്ത് അടിപേടിച്ച് ഞാനും അജിത്തും ചേര്‍ന്ന് പാടവരമ്പില്‍ക്കൂടിപ്പോലും അംബാസഡര്‍ കാര്‍ ഓടിച്ചിട്ടുണ്ട്. അതായത് നല്ല അടി പുറകിലുണ്ടെങ്കില്‍ എന്റെ അപ്പൂപ്പന്‍ ‘ഇതും ഇതിലപ്പുറവും ചാടിക്കടന്നിട്ടുണ്ട്’ എന്ന് പറഞ്ഞതുപോലെ നീന്തിയാണെങ്കില്‍പ്പോലും അക്കരെ താണ്ടിക്കാണണം.

Comments are closed.