DCBOOKS
Malayalam News Literature Website

കവിതയുടെ ഇരട്ടക്കുഴൽ പുസ്തകം!

 പ്രദീപ് രാമനാട്ടുകരയുടെ ബുദ്ധ നടത്തം എന്ന കവിതാസമാഹാരത്തെക്കുറിച്ച്
 കവി വിമീഷ് മണിയൂർ എഴുതിയത്, ചന്ദ്രിക വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.

പുതിയ നൂറ്റാണ്ടിലെ, നാളിതുവരെയുളള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ അസ്വസ്ഥതയോടെ വായിച്ച പുസ്തകങ്ങൾ സമ്മാനിച്ചത് കോവിഡ് 19 എന്ന മഹാമാരിയായിരിക്കെ തന്നെ, കേരളത്തെ സംബന്ധിച്ചെങ്കിലും ഏറ്റവും സജീവമായ കലാരൂപങ്ങളിലൊന്ന് കവിതയായിരുന്നു എന്നതിൽ തർക്കമുണ്ടാവാൻ ഇടയില്ല. എഴുതിയും Textപങ്കിട്ടും പറഞ്ഞും ചൊല്ലിയും നിന്നുപോയ ജീവിത വേഗതയെ പലവഴിക്ക് നമ്മൾ അതിജീവിച്ചു. അതിൻ്റെ സവിശേഷമായ കാരണങ്ങളിലൊന്ന്, ആധികളോടും വ്യാധികളോടും ഒട്ടിനിന്ന് ജീവിക്കേണ്ടി വരുമ്പോൾ ഭാഷയെ കൂടുതൽ മൂർച്ചപ്പെടുത്തിയല്ലാതെ എങ്ങനെ സൗന്ദര്യപ്പെടുത്തും ഒരുറപ്പുമില്ലാത്ത ജീവിതത്തെ എന്നുള്ളതാണ്. കവിത പൊതുവെ ശ്രമിക്കുന്നതും ഇത്തരത്തിലൊന്നിനാണെന്ന് പ്രദീപ് രാമനാട്ടുകരയുടെ ബുദ്ധ നടത്തം എന്ന സമാഹാരവും വ്യക്തതയോടെ പറഞ്ഞു വെയ്ക്കുന്നു.

‘കാണുക ‘ എന്ന ഇന്ദ്രിയാനുഭവുമായ് ബന്ധപ്പെട്ടതാണ് ഈ സമാഹാരത്തിലെ അധികം കവിതകളും. കാണുക എന്നത് അകത്ത് നിന്നും പുറത്തു നിന്നുമുള്ള കാഴ്ച്ചകളായും കേൾവികളായും മാറുന്നു എന്ന മറ്റൊരു പ്രത്യേകത കൂടി ഈ സമാഹാരത്തിനുണ്ട്. അതു കൊണ്ട് തന്നെ ” കെട്ടിയിട്ടോളൂ… / ആര്/ ആരെയാണെന്ന്, അറിയുവോളം / സുരക്ഷിതം / (പോത്ത്)എന്ന കവിവാക്യത്തിൽ നമ്മൾ വായനക്കാർ കൂടുതൽ നേരം തറച്ചു നിൽക്കാൻ ഇടയുണ്ട്. ഒരോർമ്മപ്പെടുത്തൽ എന്ന നിലയിൽ മാത്രമല്ല ആ വരികൾ പ്രവർത്തിക്കുന്നത് മറിച്ച് മനുഷ്യർ എത്തിപ്പെട്ട മുറിച്ചുകടക്കാൻ പ്രയാസമുള്ള പ്രതിസന്ധിയുടെ സൂചന എന്നർത്ഥത്തിൽ കൂടിയാണ്. ഇനിയും അവസാനിച്ചിട്ടില്ലാത്ത കോവിഡ് എന്ന ചരിത്ര സന്ധിയെ ബോധപൂർവ്വമല്ലാതെ തന്നെ പിൻപറ്റുന്നുണ്ട് ആ വരികൾ.കൂടാതെ മനുഷ്യർ നിത്യേന ‘കാണുന്ന ‘ ലോകക്രമം കൂടിയായ് അത് മാറുന്നു.

മറ്റൊരു കവിതയിൽ പൂച്ചയെ / സൂം ചെയ്ത് / പുലിയാക്കും/ ആണ് എന്ന് പേരിടും/ എന്ന് എഴുതുന്നുണ്ട് പ്രദീപ് രാമനാട്ടുകര. ഇവിടെ കാഴ്ച്ചയെ ഇരട്ടിപ്പിക്കുന്ന രസകരമായ ഒരു വിദ്യ വായനയെ വന്ന് തൊടുന്നു. വേണ്ടതിനെ വേണ്ടതു പോലെ നിർമ്മിച്ചു കൊടുക്കുന്ന ഒരു ലോകത്തെ ധ്വനിപ്പിക്കുന്നതിനുമപ്പുറം പ്രദീപ് രാമനാട്ടുകരയുടെ കവിതയുടെ ഭാഷാപരമായ ഒരു സ്വഭാവത്തിലേക്കും മേൽപ്പറഞ്ഞ വരികൾ വിരൽ ചൂണ്ടുന്നുണ്ട്. തുടക്കത്തിൽ സൂചിപ്പിച്ച കാണലിൻ്റെ വിസ്താരം കൂടി വരികയും യഥേഷ്ടം ചലിപ്പിക്കാവുന്ന ഒരു ലെൻസായി കവിത എന്ന മാധ്യമം മാറുകയും അതിലൂടെ ഒഴുകിപ്പരക്കുന്ന തെരെഞ്ഞെടുത്ത കാഴ്ച്ചകളായ്, ചലച്ചിത്രമായ്, കൊളാഷായ്, ട്രാഫിക് സിഗ്നലായ് എഴുത്ത് മാറുകയും ചെയ്യുന്നു.വേപ്പുമരം ഉണ്ടായിരുന്ന കാലവും, ചൂണ്ടയും, അറുതിക്ക് മുട്ട് പോലുള്ള കവിതകളും അതിനുദാഹരണങ്ങളാണ്.

നിലനിൽക്കുന്ന ജീവിത വ്യവസ്ഥയെ ചോദ്യം ചെയ്യുകയും കൂടുതൽ നവീകരിക്കുകയും ചെയ്യുക എന്നത് സമകാലീനരായ പല കവികളേയും പോലെ പ്രദീപ് രാമനാട്ടുകരയും ഏറ്റു നടത്തുന്നുണ്ട്. എത്ര കരഞ്ഞിട്ടും / ഇഷ്ടം എന്ന പാഠം പഠിപ്പിക്കാൻ /ടീച്ചറും മാഷും / സിലബസ്സിനകത്തു നിന്നും / പുറത്തിറങ്ങിയതേയില്ല/ എന്നെഴുതുമ്പോൾ വിട്ടുപോയ ഒരു ജീവിതബോധത്തിൻ്റെ ഓർമ്മപ്പെടുത്തലായും അതുവഴി രാഷ്ട്രിയ പ്രതിരോധമായും കവിത മാറുന്നു. ഇത്തരത്തിൽ പ്രത്യക്ഷമായ് തന്നെ തൻ്റെ ജീവിതത്തെയും ചുറ്റുമുള്ള വൈവിധ്യങ്ങളെയും സൂക്ഷമതയോടെ ചേർത്ത് പിടിക്കുകയും വെളിപ്പെടുത്തുകയും ചെയുന്നതു കൂടിയാണ് പ്രദീപ് രാമനാട്ടുകരയുടെ കാവ്യ വഴി.

പേടിക്കേണ്ടെന്ന് /പറഞ്ഞാണ് / തുറിച്ചു നോക്കുന്നത് / എന്നെഴുതുമ്പോൾ മേൽപ്പറഞ്ഞ രാഷ്ട്രീയ ജാഗ്രത കൂടുതൽ കണിശമാവുന്നുണ്ട്. നമ്മുടെ സാമൂഹിക ജീവിതത്തെ പിടിമുറുക്കുന്ന ഫാഷിസ്റ്റ് വ്യവസ്ഥകളെയും അതുൽപ്പാദിപ്പിക്കുന്ന ജീവിത രീതികളെയും പച്ചയ്ക്ക് വെളിപ്പെടുത്തുന്നുണ്ട് ഈ സമാഹാരം. ആ തുറിച്ച് നോട്ടത്തിൽ പ്രണയവും മറ്റൊരു തരം അനുഭവമായ് പ്രത്യക്ഷപ്പെടുനുണ്ട്. കത്തുന്നതിനാൽ കണ്ണുകളിൽ കാണുന്നത് എന്ന കവിതയിൽ കവി എഴുതുന്നു; ആദ്യത്തെ ശ്രമം /മരിക്കാനായിരുന്നു / അപ്പോഴാണ് / അവൾ പ്രണയിച്ചത് / രണ്ടാമത്തേത് / ജീവിക്കാനായിരുന്നു / അപ്പോഴാണ് /അവൾ ഉപേക്ഷിച്ചത് / ഇവിടെ പ്രണയം കൂടുതൽ വലിയ ദുരന്തത്തിലേക്കുള്ള സ്വാഗത ഗാനമായ് പ്രത്യക്ഷപ്പെടുന്നു.ഒപ്പം പ്രണയമെന്നത് ഒരുപേക്ഷിക്കൽ കൂടിയാണെന്ന് സൗന്ദര്യപ്പെടുത്തുകയും ചെയ്യുന്നു.

തൊണ്ണൂറുകളിൽ വേർപെട്ട് പല വഴികളിൽ സഞ്ചരിക്കുന്ന കവിതയുടെ ചെറു ബോഗികളിൽ പ്രദീപ് രാമനാട്ടുകരയുടെ കവിതകളുമുണ്ട്. മനുഷ്യർ സമൂഹത്തിൽ പ്രവർത്തിക്കുന്നു എന്നതുപോലെ കവിത മനുഷ്യരിൽ പ്രവർത്തിക്കുന്നു എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ബുദ്ധ നടത്തം എന്ന ഈ സമാഹാരവും ഉൾപ്പെടുന്നത്. ആന്തരികമായ ഒരു പാടവതരണങ്ങൾ കൂടി ഉൾക്കൊള്ളുന്ന പുതിയ കാവ്യലോകത്തിൻ്റെ തിളക്കമുള്ള കണ്ണിയിലേക്ക് ഈ സമാഹാരത്തെക്കൂടി ചേർത്തുവെയ്ക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

(കടപ്പാട് – ചന്ദ്രിക വാരാന്തപ്പതിപ്പ്)

Comments are closed.