മുന്‍മന്ത്രി പ്രൊഫ. എന്‍.എം. ജോസഫിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നു
കോട്ടയം: മുന്‍ വനംവകുപ്പുമന്ത്രിയും ജനതാദള്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന എന്‍.എം. ജോസഫിന്റെ ആത്മകഥ ‘അറിയപ്പെടാത്ത ഏടുകള്‍‘ പ്രകാശനം ചെയ്യുന്നു. 2017 ഡിസംബര്‍ 29-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് കോട്ടയം അര്‍ബന്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍വച്ച് നടക്കുന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. റ്റി. തോമസ് പുസ്തകം പ്രകാശിപ്പിക്കും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു റ്റി. തോമസ്, സുരേഷ് കുറുപ്പ് എം.എല്‍.എ., മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ എന്നിവര്‍ പങ്കെടുക്കും. ഡോ. മ്യൂസ് മേരി ജോര്‍ജ് പുസ്തകപരിചയം നിര്‍വ്വഹിക്കും.
കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച് അടിയന്തിരാവസ്ഥക്കാലത്ത് ജനതാപാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം. ജോസഫ് 1987 നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില്‍ അതിന്റെ കുത്തകക്കാരനായി അറിയപ്പെടുന്ന പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും അത്യന്തം നാടകീയമായ ചില സംഭവങ്ങള്‍ക്കൊടുവില്‍ ആകസ്മികമായി മന്ത്രിപദവിയിലേക്ക് നിയുക്തനാകുകയും ചെയ്യുകയായിരുന്നു. കേരളരാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും ഗതിനിര്‍ണ്ണായകമായ ഒരു കാലഘട്ടത്തില്‍ സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഒട്ടേറെ സംസ്ഥാന-കേന്ദ്രഗവണ്‍മെന്റുകളുടെ ചരിത്രം കടന്നു വരുന്നു. കറന്റ് ബുക്‌സാണ് ‘അറിയപ്പെടാത്ത ഏടുകള്‍‘ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നയനാര്‍ മന്ത്രിസഭയിലെ അംഗമെന്ന നിലയക്ക് താന്‍ നേരിട്ടറിഞ്ഞ വനംവകുപ്പിലെ അഴിമതി, ആദിവാസി സംരക്ഷണത്തിന്റെ പേരില്‍ അരങ്ങേറുന്ന തട്ടിപ്പുകള്‍, വനവത്കരണത്തിന്റെ പേരില്‍ വനംമന്ത്രാലയത്തിന്റെ ഫണ്ട് തട്ടിയെടുക്കുന്നവര്‍, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ പുനരുജ്ജീവനശ്രമങ്ങള്‍, മീനച്ചില്‍ നദീതടപദ്ധതി തുടങ്ങിയവയെപ്പറ്റിയൊക്കെ തുറന്നെഴുതുന്നു. മുഖ്യമന്ത്രി നയനാരും പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും മുതിര്‍ന്ന അംഗങ്ങളിലൊരാളായ കെ.ആര്‍. ഗൗരിയമ്മയും എതിര്‍ത്തിട്ടും കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിയുണ്ടായിട്ടും 1991-ല്‍ ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചത് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായിരുന്ന അച്യുതാനന്ദന്റെ നീക്കമായിരുന്നുവെന്നും എന്‍.എം. ജോസഫ് എഴുതുന്നു. ജനതാദള്‍ രാഷ്ട്രീയത്തില്‍ വീണ്ടും അടിയൊഴുക്കുകള്‍ മാറുമ്പോള്‍ കേരളരാഷ്ട്രീയ ചരിത്രത്തില്‍ ജനതാദളിന്റെ സ്ഥാനം എന്തായിരുന്നു എന്നുകൂടി എന്‍.എം. ജോസഫിന്റെ അറിയപ്പെടാത്ത ഏടുകള്‍ രേഖപ്പെടുത്തുന്നു.
Comments are closed.