DCBOOKS
Malayalam News Literature Website

വ്യത്യസ്തമായി ഒരു പുസ്തകപ്രകാശനം; 30 വനിതകള്‍ ചേര്‍ന്ന് ‘വിശുദ്ധസഖിമാര്‍’ പ്രകാശനം ചെയ്തു

കൊച്ചി: എഴുത്തുകാരി സഹീറാ തങ്ങളുടെ പുതിയ നോവല്‍ വിശുദ്ധ സഖിമാര്‍ പ്രകാശനം ചെയ്തു. വ്യത്യസ്തമേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച 30 വനിതകള്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. രഞ്ജിനി കൃഷ്ണന്‍, സുബൈദ റഹീം, ലിസ്‌ബെത്ത് രഞ്ജിത്ത്, ശ്രീവിദ്യ ഇന്ദര്‍, ജസീറ അഷ്‌റഫ്, ഡോ. ഹബീബ ഹുസെയ്ന്‍, അഥീന നിരഞ്ജ്, മെഹ്നാസ് അഷ്ഫാഖ്, മഞ്ജു ആര്‍, സുഹറ കെ.എം, ഡോ.സലിമ തസ്‌ലിം, ഷാന സെല്‍വം, ഫാത്തിമ ഷാഹുല്‍, ഡോ.സന്ധ്യ റാവു, ഡോ.യു.ഷംല, സിന്ധു സുബ്രഹ്മണ്യന്‍, ഹാദിയ ഇ.എം. നീതു ജിജി, ഷിംന ഷക്കീര്‍, ഡോ.സൂര്യ ഗോപി, ചിലങ്ക, സഫിയഖാന്‍ ടി.എം, കയുമ്മു കോട്ടപ്പടി, സന്ധ്യാമേരി, പൗര്‍ണ്ണമി, എം.എസ്.ജയ ഐ.എ.എസ്, സഹീറ തങ്ങള്‍, അയിഷാ ബീവി, അഞ്ജന ജോര്‍ജ്, പി.എ. സമീന എന്നിവര്‍ ചേര്‍ന്നാണ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്. പനമ്പിള്ളി നഗറിലെ കഫേ പപ്പായയില്‍ വെച്ച് ഡിസംബര്‍ 15-നായിരുന്നു പ്രകാശനം.

മുപ്പതു വയസ്സു കഴിഞ്ഞ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ലോകത്താകമാനമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, ദൈന്യതകള്‍, സമകാലികമായി നടക്കുന്ന ക്രൂരതകള്‍ ഇവ ശക്തമായ ഭാഷയില്‍ പ്രതിപാദിക്കുകയും അടിച്ചമര്‍ത്തലുകളെക്കുറിച്ചുമാത്രം പറയാതെ അതില്‍നിന്ന് എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കാം എന്നുകൂടി പറയുകയാണ് വിശുദ്ധ സഖിമാര്‍ എന്ന നോവലിലൂടെ സഹീറാ തങ്ങള്‍. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്ത്രീ-പുരുഷ ബന്ധങ്ങളുടെ ജൈവികത നഷ്ടപ്പെടുന്ന നമ്മുടെ വര്‍ത്തമാനകാലത്തെ അപഗ്രഥനം ചെയ്യുന്ന നോവലാണ് സഹീറയുടെ വിശുദ്ധസഖിമാരെന്ന് ആമുഖപ്രസംഗത്തില്‍ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് പറഞ്ഞു. ലോകസമൂഹത്തില്‍ തന്നെ നിലനില്‍ക്കുന്ന പുരുഷാധിപത്യപരമായുള്ള ഒരു അധികാരവ്യവസ്ഥ, അതിനെ സംബന്ധിക്കുന്ന ചര്‍ച്ചയ്ക്കു വിഷയമാകാവുന്ന നിരവധി കാര്യങ്ങള്‍ ഈ നോവലിലൂടെ സഹീറ മുന്നോട്ടുവെക്കുന്നുണ്ട്. സമഗ്രമായ രീതിയില്‍ മനുഷ്യാവസ്ഥയെ കാണുകയും സ്ത്രീ-പുരുഷ ബന്ധങ്ങള്‍ എങ്ങനെയായിത്തീരണം എന്നതിനെക്കുറിച്ചുള്ള ചില ചിന്തകള്‍ നമ്മുടെ മുന്നിലേക്കു വെക്കുകയും ചെയ്യുന്ന വളരെ കാവ്യാത്മകമായ ഭാഷയില്‍ എഴുതിയിട്ടുള്ള -മിഴിവുള്ള കഥാപാത്രങ്ങളുള്ള നോവലാണ് ഇതെന്ന് റഫീക്ക് അഹമ്മദ് പറഞ്ഞു.

സമൂഹത്തെ വായിച്ചെടുക്കാന്‍ നമ്മെ സഹായിക്കുന്നതായിരിക്കണം ഒരു സാഹിത്യകൃതി. ആ രീതിയില്‍ നോക്കിയാല്‍ ഇപ്പോഴത്തെ കാലത്തിന്റെ ശരിയായ ഒരു പരിച്ഛേദം നമുക്കു മുന്നില്‍ കാഴ്ചവെക്കുകയാണ് സഹീറയുടെ നോവലെന്ന് എം.എസ്.ജയ ഐ.എ.എസ് ആശംസാപ്രസംഗത്തില്‍ പറഞ്ഞു. ഇനി വരും കാലഘട്ടത്തിലും നാം ചോദിക്കാന്‍ സാധ്യതയുള്ള പലരും ഇതില്‍ ചോദിക്കുന്നുമുണ്ട്. അനാവശ്യമായ അടിച്ചമര്‍ത്തലുകള്‍ ഓരോരുത്തരുടെ ഉള്ളിലുമുണ്ട്. അതിനെ ആരെങ്കിലും ചോദ്യം ചെയ്‌തേ പറ്റൂ. ഈ നോവലില്‍ സഹീറാ തങ്ങള്‍ കുറിക്കുകൊള്ളുന്ന അമ്പുകള്‍ പോലെയാണ് അത് ചോദിക്കുന്നത്. ഈ ചോദ്യങ്ങള്‍ ഓരോന്നും നമ്മെ വേദനിപ്പിക്കട്ടെ. ആ വേദനയില്‍ നിന്നുതന്നെ അതിനൊരു പരിഹാരവും ഉണ്ടാവും എന്നുകൂടി എം.എസ്.ജയ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് നടന്ന മുഖാമുഖത്തില്‍ ശ്രീ.കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ സഹീറാ തങ്ങളുമായി നോവലിനെ ആസ്പദമാക്കി ചര്‍ച്ച നടത്തി.

Comments are closed.