DCBOOKS
Malayalam News Literature Website

‘ബോഡിലാബ്’ ; ഒരു പെർഫെക്റ്റ് അനാട്ടമിക്കൽ ത്രില്ലർ

രജത് ആറിന്റെ ‘ബോഡി ലാബ്’ എന്ന പുസ്തകത്തിന് ഡോ. ജീവന്‍ കെ വൈ എഴുതിയ വായനാനുഭവം  

ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന ആദ്യപുസ്തകത്തിൽ നിന്നും രണ്ടാം പുസ്തകമായ ബോഡിലാബിലേക്ക് എത്തി നിൽക്കുമ്പോൾ ഡോക്ടർ കൂടിയായ എഴുത്തുകാരൻ രജത് എത്രയോ മുകളിൽ എത്തിയിരിക്കുന്നു എന്നാണ് എനിക്ക് ഈ പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോൾ തോന്നിയത്. ബോഡിലാബിലേക്ക് വന്നാൽ, എല്ലാം തികഞ്ഞ ഒരു പെർഫെക്റ്റ് അനാട്ടമിക്കൽ ത്രില്ലർ എന്ന് ഞാൻ ഈ പുസ്തകത്തെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. മെഡിക്കൽ പ്രഫഷണലുകളോ മെഡിക്കൽ വിദ്യാർഥികളോ അല്ലാത്ത Textവായനക്കാർക്ക് തടസ്സമില്ലാത്ത വായനയ്ക്ക് ഉതകുന്ന തരത്തിൽ, മെഡിക്കൽ സയൻസ് സംബന്ധിച്ച് നോവലിൽ പലയിടങ്ങളിലും പരാമർശിച്ചിട്ടുള്ള പല വാക്കുകളുടെയും അർത്ഥങ്ങൾ അതാത് താളുകളുടെ അവസാനത്തിൽ തന്നെ കൊടുത്തിട്ടുണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

“സംഭാഷണങ്ങൾ നിലയ്ക്കട്ടെ, ചിരികൾ അപ്രത്യക്ഷമാവട്ടെ. എന്തെന്നാൽ, ഇത് മരിച്ചവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിൽ ആഹ്ലാദിക്കുന്നയിടമാവുന്നു.”

സാധാരണ ത്രില്ലർ നോവലുകളെ പോലെ ഉദ്വേഗജനകമായി വളരെ വേഗത്തിൽ കഥ പറഞ്ഞുപോവുന്ന ഒരു രീതിയല്ല ഈ നോവലിൽ എഴുത്തുകാരൻ അവലംബിച്ചിട്ടുള്ളത്. പതിഞ്ഞ താളത്തിൽ ആണെങ്കിലും കഥയോടും കഥാപാത്രങ്ങളോടും ഒപ്പം തന്നെ വായനക്കാരും സഞ്ചരിക്കുന്ന തരത്തിലാണ് കഥയുടെ പോക്ക്. ഡി.കെ മെഡിക്കൽ കോളേജിൽ പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന അനാട്ടമി വിഭാഗം പ്രഫസറായ ഡോക്ടർ അഹല്യക്ക്, കോളേജിൽ വെച്ച് നേരിടേണ്ടി വരുന്ന ചില അസാധാരണ സംഭവങ്ങളിലൂടെയാണ് കഥ പറഞ്ഞുപോവുന്നത്.

അനാട്ടമി ഡിസ്സക്ഷൻ ഹാളിൽ കീറിമുറിച്ച് പഠിക്കാനായി ഉണ്ടായിരുന്ന അഞ്ച് മൃതദേഹങ്ങളിൽ ഒരു മൃതദേഹം കാണുന്നതോടെ അഹല്യയിൽ ഉണ്ടാവുന്ന മാറ്റങ്ങളും അഹല്യ നേരിടേണ്ടി വരുന്ന അസാധാരണവും നിഗൂഢവുമായ സംഭവങ്ങളും ആണ് കഥയുടെ ഉള്ളടക്കം. ഇവയുടെ പിന്നിലെ സത്യങ്ങൾ അന്വേഷിക്കുന്ന അഹല്യക്ക് ഒപ്പം ഓരോ വായനക്കാരനും സഞ്ചരിക്കുകയാണ്. ഒരു മെഡിക്കൽ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം പഠിക്കാനുള്ള കഡാവർ (പഠിക്കാനായി വിട്ടുനൽകിയ ശവശരീരം) ആണ് അവൻ്റെ ആദ്യ ടീച്ചർ എന്നും അതുകൊണ്ട് ഒരു കഡാവറിനെ അതിൻ്റേതായ രീതിയിൽ ബഹുമാനിക്കണം എന്നും പറയുന്നുണ്ട്. അങ്ങനെ ഒരു കഡാവർ നമുക്ക് മുന്നിൽ തുറന്ന് വെക്കുന്ന രഹസ്യങ്ങളിലേക്കുള്ള അന്വേഷണമാണ് ഈ പുസ്തകം. തികച്ചും വേറിട്ട ഒരു വായന ഈ പുസ്തകം നമുക്ക് സമ്മാനിക്കും എന്നതിൽ സംശയമില്ല.

“ഒരു ശരീരം മുഴുവനായി പഠിച്ചു കഴിയുമ്പോൾ നിങ്ങളൊരു വലിയ രഹസ്യം മനസ്സിലാക്കും. മനുഷ്യർ ജീവിക്കുന്നത് മനസ്സുകൊണ്ടാണെന്നും അതിനാൽ തന്നെ ജീവിതം എത്രമേൽ ലഘുവാണെന്നുമുള്ള ആ രഹസ്യം”.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.