DCBOOKS
Malayalam News Literature Website

കരയാതിരിക്കാന്‍ ഞാന്‍ പാടിക്കൊണ്ടേയിരിക്കുന്നു…

സാഹിത്യോത്സവത്തിന്റെ മൂന്നാം ദിവസം എഴുത്തോല എന്ന വേദിയില്‍ രാവിലെ ഒഴുകിയെത്തിയ സംഗീതം കേള്‍വിക്കാരെ മനോഹരമായ ഒരു തണുത്ത കാറ്റ് പോലെ തഴുകി. രാജീവ് ഭാട്ട്യ, അനുരാജ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ സംഗീതസാന്ദ്രമായ നിമിഷങ്ങള്‍ ഓര്‍മിപ്പിച്ചത് റെഗ്ഗെ ഗായകനും ഗിതാറിസ്റ്റും ഗാനരചയിതാവുമായിരുന്ന ബോബ് മര്‍ലിയെ ആണ്. 1945 ഫെബ്രുവരി ആറിന് ജമൈക്കയില്‍ ജനിച്ച ബോബ് മിശ്രവര്‍ഗ്ഗക്കാരന്‍ ആയതിനാല്‍ അച്ഛനാല്‍ അവഗണിക്കപ്പെട്ടു. വളര്‍ന്നത് അമ്മയുടെ തണലില്‍ ആണ്. 1963-ല്‍ ബണ്ണി ലിവിങ്സ്റ്റണ്‍, പീറ്റര്‍ തോഷ് എന്നിവരോടൊപ്പം ചേര്‍ന്ന് ‘The Wailers’ എന്ന ബാന്‍ഡിന് രൂപം നല്‍കി.

മൂന്നു വര്‍ഷത്തിന് ശേഷം റീത്ത ആന്‍ഡേഴ്‌സനെ വിവാഹം കഴിച്ചു. 1977-ല്‍ കാലിന്റെ വലതു തള്ളവിരലില്‍ ഒരു മുറിവ് കണ്ടതിനെ തുടര്‍ന്ന് ഉണ്ടായ പരിശോധനയില്‍ അത് അര്‍ബുദമാണെന്ന് തീര്‍ച്ചപ്പെടുത്തി. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 1981 മേയ് പതിനൊന്നിന് അദ്ദേഹം അന്തരിച്ചപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ഗിറ്റാറും ഒരു കെട്ട് മരിജുവാനയും കൂടെ വച്ചാണ് അടക്കം ചെയ്തത്. ബോബ് മുന്നോട്ട് കൊണ്ടുവന്ന റെഗ്ഗെ സംഗീതത്തെ യു.എന്‍ ലോകത്തിന്റെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 2018-ലാണ്.

ബോബ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ഹീറോ ആണ്. സംഗീതത്തെ എന്നും നെഞ്ചിലേറ്റിയ, സംഗീതംകൊണ്ട് ജീവിതത്തെ ഉപാസന ആക്കി മാറ്റിയ ഒരു പ്രതിഭാസം തന്നെയായിരുന്നു ബോബ് മര്‍ലി. മരിക്കുന്ന അവസാന നിമിഷം ബോബ് തന്നെ നോക്കി ‘കരയരുത്…പാടിക്കൊണ്ടിരിക്കുക’ എന്നാണ് പറഞ്ഞതെന്ന് റീത്ത പറയുന്നു…

അവരും പാടിക്കൊണ്ടിരുന്നു. എല്ല വേദനകളെയും മായ്ച്ചു കളയാന്‍ തക്ക ശേഷിയുള്ള ഒരപൂര്‍വ ഔഷധം തന്നെയാണ് സംഗീതം എന്നു തോന്നും വിധം സാഹിത്യോത്സവ വേദിയില്‍ അവരും പാടിക്കൊണ്ടേയിരുന്നു..

തയ്യാറാക്കിയത്: ശില്പ മോഹന്‍ (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍)

Comments are closed.