DCBOOKS
Malayalam News Literature Website

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയില്‍ കെ.ജി.എസും എന്‍.എസ് മാധവനും എത്തുന്നു

ബഹ്‌റിന്‍ കേരളീയസമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ എന്‍.എസ് മാധവനും കെ.ജി.ശങ്കരപ്പിള്ളയും എത്തുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന സാഹിത്യസദസ്സില്‍ കവി കെ.ജി.ശങ്കരപ്പിള്ള പങ്കെടുക്കും. കൂടാതെ വൈകിട്ട് ഒന്‍പത് മണിക്ക് വെസ്റ്റേണ്‍ ബാന്‍ഡിന്റെ സംഗീതപരിപാടിയും അരങ്ങേറും.

ഡിസംബര്‍ 16-ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാഹിത്യക്യാമ്പ് കെ.ജി ശങ്കരപ്പിള്ള നയിക്കും. വൈകിട്ട് എട്ട് മണിക്ക് ബഹ്‌റിന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം എന്‍.എസ് മാധവന് കെ.ജി. ശങ്കരപ്പിള്ള സമ്മാനിക്കും. ചടങ്ങിനുശേഷം ബി.കെ.എസ് ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തത്സമയ ചിത്രരചനയും സംഘടിപ്പിക്കുന്നുണ്ട്. എന്‍.എസ്.മാധവന്റെ പ്രശസ്തമായ ചെറുകഥ ഹിഗ്വിറ്റയെ ആധാരമാക്കിയാണ് ചിത്രരചന നടത്തുന്നത്.

ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും സാംസ്‌കാരികോത്സവത്തിലും പ്രശസ്തരായ നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി മലയാളം-ഇംഗ്ലീഷ് കൃതികള്‍ മേളയില്‍ ലഭ്യമാകും.

Comments are closed.