DCBOOKS
Malayalam News Literature Website

ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേള പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും

ബഹ്‌റിനിലെ പ്രവാസിലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കിക്കൊണ്ട് ബഹ്‌റിന്‍ കേരളീയ സമാജവും മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും തുടക്കം കുറിച്ചു. ദേശീയപുരസ്‌കാര ജേതാവും പ്രശസ്ത നടനുമായ പ്രകാശ് രാജ് മേള ഇന്ന് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കുന്ന മേളയില്‍ പ്രശസ്തരായ നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച നടന്‍ പ്രകാശ് രാജിന്റെ ലേഖനസമാഹാരം നമ്മെ വിഴുങ്ങുന്ന മൗനം എന്ന കൃതിയുടെ പ്രകാശനം നടക്കും. തുടര്‍ന്ന് മലയാളകവിതകള്‍ ഉള്‍പ്പെടുത്തിയുള്ള ശാസ്ത്രീയ നൃത്താവിഷ്‌കാരം വേദിയില്‍ അരങ്ങേറും.

മീനാക്ഷി ലേഖി എം.പി, എഴുത്തുകാരനായ എന്‍.എസ് മാധവന്‍, ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍, സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ്, കവി കെ.ജി ശങ്കരപ്പിള്ള എന്നിവര്‍ മേളയില്‍ വിവിധ ദിനങ്ങളിലായി പങ്കെടുക്കുന്നു.

പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി മലയാളം-ഇംഗ്ലീഷ് കൃതികള്‍ മേളയില്‍ ലഭ്യമാകും.

Comments are closed.