DCBOOKS
Malayalam News Literature Website

എം.ടി വാസുദേവൻ നായർ; മലയാള ഭാഷയുടെ സുകൃതം

ശബ്ന ശശിധരൻ

മലയാള ഭാഷയുടെ സുകൃതം എന്നു വിശേഷിപ്പിക്കുന്ന എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് ഇന്ന് 88ാം പിറന്നാൾ.1933 ജൂലായ് 15-നാണ് കൂടല്ലൂരിൽ എം.ടി. വാസുദേവൻ നായർ ജനിച്ചത്. പക്ഷേ, നാൾ പ്രകാരമുള്ള ജന്മദിനം കർക്കടകത്തിലെ ഉതൃട്ടാതിയാണ്.

തലമുറകളുടെ സ്നേഹവാത്സല്യങ്ങളും സ്നേഹാദരങ്ങളും ഒരേ അളവിൽ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ. നക്ഷത്രസമാനമായ വാക്കുകളെ തലമുറകൾക്കായി അദ്ദേഹം കാത്തുവച്ചു.
കാലത്തിന്റെ സങ്കീർണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തിൽ പകർത്തി മൂന്നു തലമുറകളെ സ്വാധീനിച്ച അദ്ദേഹം,പുന്നയൂർക്കുളം ടി. നാരായണൻ നായരുടെയും ശ്രീമതി അമ്മാളു അമ്മയുടെയും നാലാൺമക്കളിൽ ഏറ്റവും ഇളയ മകനാണ് . മലമക്കാവ് എലിമെന്‍ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953ലാണ് രസതന്ത്രത്തിൽ ബിരുദം നേടിയത്. ബിരുദം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 1957ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. അതോടൊപ്പം എഴുത്തും തുടര്‍ന്നു.എം.ടി. തന്റെ ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്.തുടർന്ന് കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചൻ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. നിലവിൽ തുഞ്ചൻ സ്മാരകസമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം.

സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ തുടങ്ങിയതാണ് അദ്ദേഹത്തിന്‍റെ സാഹിത്യരചനകള്‍. ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങിയത് ബിരുദകാലത്താണ്. ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഏറെ ചർച്ചയായി. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ, പിന്നീട് ‘നാലുകെട്ട്’. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരം.‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു.

പരിചിതമായ ജീവിതയാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പിന്നീടുള്ള വർഷങ്ങളിൽ കാലാതിവർത്തിയായ പല നോവലുകളും അദ്ദേഹം എഴുതി. ‘കാലം’, ‘അസുരവിത്ത്, ‘വിലാപയാത്ര’, ‘മഞ്ഞ്, എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയ ‘അറബിപ്പൊന്ന്, ‘രണ്ടാമൂഴം’ തുടങ്ങിയ നോവലുകൾ. കൂടാതെ വായനക്കാർ നെഞ്ചോടു ചേർത്ത ഒട്ടനവധി പ്രസിദ്ധമായ ചെറുകഥകളും നോവലെറ്റുകളും. 1984ൽ ആണ് ‘രണ്ടാമൂഴം’ പുറത്തു വരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണിൽ നിന്ന് നോക്കിക്കാണുന്ന വിധത്തിൽ എഴുതിയ ജനസ്വീകാര്യതയേറെ ലഭിച്ച കൃതിയായിരുന്നു അത്. അതിനു ശേഷം ‘തൊണ്ണൂറുകളിലാണ് ‘വാരണാസി’ പുറത്തുവന്നത്.

സാഹിത്യജീവിതം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് എം.ടിയുടെ സിനിമാജീവിതവും. സാഹിത്യജീവിതത്തിന്റെ തുടർച്ച തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതവും.

സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്തേക്കെത്തി.

1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന സിനിമ രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം നേടി. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിനെ നാലുതവണ ദേശീയ പുരസ്ക്കാരം തേടിയെത്തി.

ഏത് തരത്തിലുള്ള വായനക്കാരനും (സാധരണക്കാരന്‍ മുതല്‍ ബൗദ്ധീകവ്യവഹാരം നയിക്കുന്നവര്‍ വരെ ) എംടിയിലേക്ക് ഒരു പാലമുണ്ടെന്നതാണ് എംടി എഴുത്തിലെ അപൂര്‍വത. ആ ചാരുതയുടെ നിറവ് മലയാളസാഹിത്യത്തിന് മുതല്‍ക്കൂട്ടാവുന്നു.അറുപതോളം മികവാർന്ന തിരക്കഥകൾ കൊണ്ട് മലയാള സിനിമയെ അദ്ദേഹം ധന്യമാക്കി.ജ്ഞാനപീഠം, പത്മവിഭൂഷൺ തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ തേടിയെത്തിയ എം.ടി മലയാളത്തിന്റെ അനുഗ്രഹവും അഭിമാനവുമാണ്,എന്തെഴുതിയാലും അതിൽ നക്ഷത്രം വിടർത്താൻ സാധിക്കുന്ന എം.ടിയ്ക്ക് എൺപതിയെട്ടാം ജന്മദിന വേളയിൽ എല്ലാ വിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എംടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.