DCBOOKS
Malayalam News Literature Website

കലാമൂല്യങ്ങളുള്ള ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച അടൂർ എൺപതിന്റെ നിറവിലേക്ക്

 

ശബ്ന ശശിധരൻ

അന്താരാഷ്ട്ര സിനിമാ ലോകത്തേക്ക് മലയാള സിനിമയെ കൊണ്ടെത്തിച്ച സംവിധായകൻമാരിൽ പ്രധാനിയാണ് ശ്രീ അടൂർ ഗോപാലകൃഷ്ണൻ.മലയാള സിനിമയ്ക്കു അന്തർദേശീയ തലത്തിൽ ഒരു അടയാളം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നു വേണം പറയാൻ.പച്ചയായ ജീവിതങ്ങളെ കലർപ്പില്ലാതെ കാണിച്ചു കൊണ്ട് , കലാമൂല്യങ്ങൾ ഉള്ള സിനിമകളെ വെള്ളിത്തിരയിലേക്കെത്തിച്ച സംവിധായകൻ, ഇന്ന് എൺപതാം പിറന്നാളിന്റെ നിറവിലാണ്.മിഥുന മാസത്തിലെ ഉത്രാടം നക്ഷത്രത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഡേറ്റ് ഓഫ് ബർത്ത് വരുന്നത് ജൂലൈ മൂന്നിനാണ് .സാധാരണക്കാരായിരുന്നു അടൂരിന്റെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും .ഓരോ കഥാപാത്രത്തിന്റെയും മാനസിക സംഘർഷങ്ങളും ,വികാരങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വിജയം കൈവരിച്ചു.

നാടകമായിരുന്നു ആദ്യകാലത്തു അടൂരിന്റെ ലോകം.പൂന്നൈ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിലെ പഠനമാണ് അദ്ദഹത്തെ സിനിമയുടെ ലോകത്തേക്കുള്ള വെളിച്ചം തെളിയിച്ചത് .സത്യജിത് റേയ്ക്കും മൃണാൾ സെന്നിനും ഒരുപോലെ പ്രിയങ്കരനായിരുന്നു അടൂർ .അതുപോലെ തന്നെ അടൂരിന്റെ സിനിമകളെ കുറിച്ച് അന്തർദേശിയ തലത്തിൽ വരെ പഠനങ്ങൾ വന്നിട്ടുണ്ട്.

1941 അടൂരിനടുത്തുള്ള പള്ളിക്കൽ ഗ്രാമത്തിൽ മാധവൻ ഉണ്ണിത്താന്റേയും ഗൗരി കുഞ്ഞമ്മയുടേയും മകനായാണ് അടൂർ ഗോപാലകൃഷ്ണന്റെ ജനനം. എട്ടാമത്തെ വയസ്സിൽ ഒരു അമച്വർ നാടകത്തിൽ അഭിനയിച്ചാണ് അദ്ദേഹം കലാജീവിതം തുടങ്ങുന്നത്. പിന്നീട് അഭിനയത്തിൽ നിന്നും പതിയെ ചുവടുമാറ്റി സ്വന്തമായി നാടകങ്ങൾ എഴുതാനും സംവിധാനം ചെയ്യാനും തുടങ്ങി. 1962-ൽ സർക്കാർ ജോലി കളഞ്ഞ് പൂന്നെ ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനവും തിരക്കഥയും പഠിക്കാൻ പോയി. ഇവിടെ നിന്നുമാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന ചലച്ചിത്രകാരന്റെ ഉദയം. പൂന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം റാങ്കോടെ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ ഗോപാലകൃഷ്ണൻ, അതേ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിർമ്മാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിക്കുകയുണ്ടായി. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്രസ്ഥാപനമാണു ചിത്രലേഖ ഫിലിം കോപ്പറേറ്റീവ്. അരവിന്ദൻ, പി.എ.ബക്കർ, കെ.ജി. ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു.

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വയംവരമായിരുന്നു അടൂരിന്റെ ആദ്യ സംവിധാനസംരംഭം. അടൂരിന്റെ സ്വയംവരത്തിനു മുൻപുവരെ സിനിമകൾ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കുവാൻ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകർ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങൾ മാത്രം ഈ പുതിയ രീതിയെ സഹർഷം എതിരേറ്റു. സ്വയംവരത്തിനു മുൻപ് ഒട്ടനവധി ഹ്രസ്വചിത്രങ്ങൾ അടൂർ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈർഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രിയാൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂർ സംവിധാനം ചെയ്തിട്ടുണ്ട്.തുടർന്നങ്ങോട്ട് മലയാള ചലച്ചിത്ര മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പേരായി മാറി അടൂരിന്റേത്. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ, വിധേയൻ മുതലായ എണ്ണം പറഞ്ഞ ചിത്രങ്ങളും പിന്നാലെ വന്നു. അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ അഞ്ചു ചിത്രങ്ങളുടെ പ്രമേയം അദ്ദേഹത്തിന്റെ തന്നെ രചനകളായിരുന്നു .പിന്നീടുള്ള ചില ചിത്രങ്ങൾക്ക് മറ്റുള്ളവർ രചിച്ച നോവലുകളെയും കഥകളെയും ഇതിവൃത്തമായി സ്വീകരിക്കുന്നുണ്ട്. ” സക്കറിയയുടെ ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും ” എന്ന നീണ്ട കഥ ആധാരമാക്കി വിധേയൻ, ബഷീറിന്റെ മതിലുകൾ ആധാരമാക്കി അതേ പേരിൽ തന്നെ മതിലുകൾ എന്ന ചലചിത്രം , തകഴിയുടെ കഥകളെ ആസ്പദമാക്കി “നാല് പെണ്ണുങ്ങൾ “ഇവയെല്ലാം സാമൂഹിക ജീവിതത്തിൽ പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്ന അധികാര ബന്ധങ്ങളെ ചിത്രീകരണം ചെയ്യുന്നവയാണ് . ചലച്ചിത്ര മേളകളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായും അടൂർ ചിത്രങ്ങൾ മാറി.

ഓരോ ചിത്രങ്ങളിലും വ്യത്യസ്തത പുലർത്തിയിരുന്ന അടൂരിന്റെ എല്ലാ ചിത്രങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് . എങ്കിലും മതിലുകൾ എന്ന സിനിമയെ കുറിച്ച് ഇവിടെ എടുത്തു പറയാതെ വയ്യ.അത് ചിലപ്പോൾ വ്യക്തി താൽപ്പര്യം കൊണ്ടാവാം ഈ ചിത്രം എനിക്ക് പ്രിയപ്പെട്ടതായത്. മതിലുകള്‍ എന്ന വാക്ക് തടസത്തിന്റേയും ബന്ധനത്തിന്റേയും പാരതന്ത്ര്യത്തിന്റേയും പ്രതിബിംബങ്ങളെയാണ് മനസ്സിലേക്കു കൊണ്ടുവരിക! ബഷീറിന്റെ നോവലിലും അതിനെ ആധാരമാക്കി അടൂര്‍ സാക്ഷാത്ക്കരിച്ച ചലച്ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത് ജയിലിലെ മതിലാണ്. പാരതന്ത്ര്യവും ബന്ധനവും തീര്‍ക്കുന്ന മതില്‍. വളരെ ഉയര്‍ന്ന മതിലാണത്. ഇരുപുറത്തും നില്‍ക്കുന്നവര്‍ക്ക് പരസ്പരം കാണാന്‍ കഴിയുന്നതിലും ഏറെ എത്രയും ഉയരമുള്ളത്. ഈ മതില്‍ ആണ്‍ ജയിലിനേയും പെണ്‍ ജയിലിനേയും വേര്‍തിരിക്കുന്നു. ലിംഗവിഭജനത്തിന്റെ മതിലാണ് നോവലിലും ചലച്ചിത്രത്തിലും പ്രത്യക്ഷീകരിക്കപ്പെടുന്നത്. ലിംഗവിഭജനത്തിന്റെ ലോകം ലൈംഗികതയുടെ ലോകമാണ്. ഈ ലോകം ഒരു തടവറയാണെന്ന അര്‍ത്ഥം ധ്വനിക്കുന്ന സന്ദര്‍ഭത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. ലൈംഗികതയുടെ ലോകത്തെ ആവിഷ്‌ക്കരിക്കുന്ന ഈ ചലച്ചിത്രത്തില്‍ സ്ത്രീ പ്രത്യക്ഷപ്പെടുന്നതേയില്ല. ഒരു സ്ത്രീശബ്ദം മാത്രം കേള്‍ക്കുന്നു.

ലിംഗവിഭജനത്തിന്റെ മതില്‍ സ്ത്രീയേയും പുരുഷനേയും പരസ്പരം കാണാന്‍ കഴിയാത്തവരായി വേര്‍തിരിക്കുക മാത്രമല്ല ചെയ്യുന്നത്. അത് അവരെ കൂടുതല്‍ തൃഷ്ണാബദ്ധരാക്കി തീര്‍ക്കുകയും ചെയ്യുന്നു. ഏകാന്തവാസികളായ മനുഷ്യര്‍ ലൈംഗികതൃഷ്ണ കൊണ്ടു നരകിക്കുന്നതിന്റെ എത്രയോ കഥകള്‍ കേട്ടിരിക്കുന്നു! ദീര്‍ഘനാളുകളായി ജയിലിലെ സെല്ലുകളില്‍ അടക്കപ്പെട്ടിരുന്നവന്‍ പെണ്ണിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍, പെണ്ണിന്റെ മണം അനുഭവിക്കുമ്പോള്‍ അത്യധികം ആനന്ദിക്കുന്നു. ആണിനേയും പെണ്ണിനേയും വേര്‍തിരിക്കുന്ന മതിലില്‍ ദ്വാരം നിര്‍മ്മിക്കുകയും പരസ്പരം ദൃശ്യരാകാന്‍ ശ്രമിക്കുകയും ചെയ്യുന്ന തടവുകാരുടെ ലൈംഗികതൃഷ്ണയെ കുറിച്ച് ഒരു തടവുകാരന്‍ ബഷീറിനോടു പറയുന്നുണ്ട്. ബഷീര്‍ അതു നാരായണിയോടും പറയുന്നു. നാരായണിക്ക് അതു നേരത്തെ അറിയാം. ജയിലിന്റെ കുശാണ്ടന്‍ വാര്‍ഡര്‍ തുള സിമന്റിട്ട് അടച്ചു. പ്രതിഷേധിച്ചവന് മുക്കാലിയില്‍ കെട്ടി മുപ്പത്തിയാറ് അടി കൊടുത്തു, ജയിലിന് അപ്പുറവും ഇപ്പുറവും നിന്ന് പെണ്ണുങ്ങളും ആണുങ്ങളും അത് സങ്കടത്തോടെ എണ്ണി.
എല്ലാ രാഷ്ട്രീയത്തടവുകാരോടുമൊപ്പം ജയില്‍ വിമോചിതനാകുമെന്ന സന്തോഷത്തിന്നിടയിലാണ് തന്നെ മാത്രം വിട്ടയയ്ക്കുന്നതിനുള്ള ഉത്തരവില്ലെന്നറിഞ്ഞ് ബഷീര്‍ അത്യധികം നിരാശിതനാകുന്നത്. ജയില്‍ ജീവിതത്തില്‍ അപ്പോള്‍ വരെ ഉണ്ടായിരുന്ന സന്തോഷം പോലും ഇല്ലാതാകുന്നു. മിക്കവാറും ഏകനായി ജയിലില്‍ കഴിയേണ്ടി വരുന്നു. അപ്പോള്‍, ആകസ്മികമെന്നോണം നാരായണിയുടെ ശബ്ദം അയാളെ ഉണര്‍ത്തുന്നു. മതിലിന്നപ്പുറത്തെ നാരായണിയുടെ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് ഉയര്‍ന്നു പൊങ്ങുന്ന ചുള്ളിക്കമ്പിനും അവളുടെ ശബ്ദത്തിനും വേണ്ടി ബഷീര്‍ കാത്തിരിക്കാന്‍ തുടങ്ങുന്നു. ബഷീറിന്റേയും നാരായണിയുടേയും സംഭാഷണങ്ങള്‍ക്കിടയില്‍ അടക്കിവയ്ക്കപ്പെട്ട ലൈംഗികതൃഷ്ണകള്‍ ബഹിര്‍ഗമിക്കുന്നതു കേള്‍ക്കാവുന്നതാണ്. മതിലിനു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങുന്ന ചുള്ളിക്കമ്പ് പുറത്തേക്കുയര്‍ന്നു തെറിക്കുന്ന ലൈംഗികതൃഷ്ണകളുടെ ദൃശ്യരൂപകമായി മാറുന്നു. ആ ചുള്ളിക്കമ്പ് ലിംഗവിഭജനത്തിന്റെ മതിലിനെ ഭേദിക്കാന്‍ വെമ്പുന്നതാണ്. നാരായണിയുടെ സാന്നിദ്ധ്യത്തോടു പ്രതികരിക്കാനാകാതെ പുറംലോകത്തിലെ വലിയ ജയിലിലേക്കു പോകേണ്ടി വരുന്ന ബഷീറിന്റെ ദുഃഖവും ദ്വേഷവും ചിത്രണം ചെയ്തുകൊണ്ടാണ് ചലച്ചിത്രം അവസാനിക്കുന്നത്. വീണ്ടും വീണ്ടും ഉയര്‍ന്നു പൊങ്ങുന്ന ചുള്ളിക്കമ്പിന്റെ ദൃശ്യം മങ്ങി മങ്ങി ഇല്ലാതാകുന്നു. ലിംഗവിഭജനത്തിന്റെ ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്ന മതിലിനെ തോല്‍പ്പിക്കാനായി മനുഷ്യന്റെ ലൈംഗികതൃഷ്ണ നിര്‍മ്മിച്ചെടുത്ത തുളയെന്ന പോലെ ഈ ചുള്ളിക്കമ്പും നിഷ്ഫലമാകുന്നു. പ്രണയവും ലൈംഗികസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ലോകാവസ്ഥ തുടരുന്നു!

സ്ത്രീപുരുഷബന്ധങ്ങളെ അടക്കി നിര്‍ത്തുന്ന ലൈംഗികസദാചാരത്തിന്റെ സൂക്ഷ്മാധികാര പ്രവര്‍ത്തനത്തെ മാത്രമല്ല ഈ ചലച്ചിത്രം ആവിഷ്‌ക്കരിക്കുന്നത്, ചലച്ചിത്രത്തിന്റെ മുഖ്യപ്രമേയം അതായിരിക്കുമ്പോള്‍ തന്നെ. ജയിലിലെ തടവുകാരില്‍ വളരെ വലിയൊരു ഭാഗം രാഷ്ട്രീയത്തടവുകാരാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അധിനിവേശശക്തികള്‍ക്കെതിരെ സമരം ചെയ്യുന്നവരാണവര്‍. ബഷീര്‍ തന്നെ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാണ് ജയിലില്‍ അടയ്ക്കപ്പെടുന്നത്. തന്റെ പെങ്ങളോട് അന്യായം പ്രവര്‍ത്തിച്ച അവളുടെ ഭര്‍ത്താവിനെ കൊന്ന് ജയിലിലെത്തിയ റസാഖിനെ ബഷീര്‍ ആശ്വസിപ്പിക്കുന്നുണ്ട്. ഭവനഭേദനമെന്ന കള്ളക്കേസുണ്ടാക്കി ഒന്നരവര്‍ഷക്കാലം ജയിലില്‍ അടയ്ക്കപ്പെടുന്ന ഒരു ഹതഭാഗ്യന്‍ ബഷീറിനോട് തന്റെ സങ്കടങ്ങള്‍ പറയുന്നു.
ബഷീറിന്റെ സ്‌കൂള്‍ സഹപാഠിയായിരുന്ന സുഹൃത്ത് മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ വരുകയും ജയിലില്‍ വാര്‍ഡനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ ശിക്ഷാകാലം കൂടി ചങ്ങലയ്ക്കുള്ളില്‍ തളയ്ക്കപ്പെട്ട് അവിടെ കിടക്കുകയും ചെയ്യുന്നു. ജയിലിലാണെങ്കിലും തേയിലയും അച്ചാറും ബീഡിയും ബഷീറിനു കിട്ടുന്നുണ്ട്. തൂക്കിലേറ്റപ്പെടുന്ന ഒരുവന്റെ ചായ കുടിക്കാനുള്ള ആഗ്രഹത്തെ നിറവേറ്റി, രാത്രി ഉറങ്ങാതെ, അയാളുടെ മരണത്തിന് ബഷീര്‍ കാവലിരിക്കുന്നുണ്ട്. ബഷീറിന് കഥകളെഴുതുവാന്‍ പേപ്പര്‍ നല്‍കുന്ന ജയിലര്‍മാരുണ്ട്. ബഷീര്‍ തടവറയില്‍ വച്ച് കഥകളെഴുതുന്നുണ്ട്. സമൂഹത്തില്‍ സൂക്ഷ്മതലത്തില്‍ നിലനില്‍ക്കുന്ന നിരവധി വൈരുദ്ധ്യങ്ങളുടെ രംഗവേദിയായി ഈ മതിലുകള്‍ക്കുള്ളിലെ ഇടം മാറിത്തീരുന്നതു കൂടി അടൂര്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നു!

കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര സൊസൈറ്റിയായ ചലച്ചിത്ര സഹകരണ സംഘത്തിന്റെ സ്ഥാപകൻ അടൂരാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏഴു തവണ ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ ലഭിച്ച അദ്ദേഹത്തിന് അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാര്‍ഡ് അഞ്ചു തവണ തുടര്‍ച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982ല്‍ ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ സതര്‍ലാന്റ് ട്രോഫി ലഭിച്ചു. 1984-ൽ പദ്മശ്രീ നൽകിയും 2004-ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരവും 2006ൽ പദ്മവിഭൂഷൺ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു. പതിനൊന്ന് ഫീച്ചർ സിനിമകളും മുപ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും അദ്ദേഹത്തിന്റേതായി വന്നു. സിനിമാ പ്രവർത്തകൻ എന്നതിലുപരി നല്ലൊരു എഴുത്തുകാരൻ കൂടിയായിരുന്നു അടൂർ. സിനിമയുടെ ലോകം, സിനിമാ അനുഭവം, സിനിമ, സാഹിത്യം, സിനിമയിൽ ഒരു ജീവിതം എന്നിവയാണ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ. ‘ സിനിമയിൽ ഒരു ജീവിതം ‘എന്ന പുസ്തകത്തിൽ ,സിനിമാലോകത്തേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവെപ്പിന്നെ കുറിച്ച് മനോഹരമായി വർണ്ണിക്കുന്നു .

പുണെയിൽ എഴുത്തുപരീക്ഷയിൽ വിജയിക്കുകയും തുടർന്നു നടന്ന അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഖ്വാജ അഹ്മദ് അബ്ബാസും ( നീചാ നഗർ, ആവാര, സാത് ഹിന്ദുസ്ഥാനി, നയാ സൻസാർ തുടങ്ങിയ നിയോ റിയലിസ്റ്റ് സിനിമകൾ രചിച്ച അദ്ദേഹത്തിന് 1969-ൽ പത്മശ്രീ ലഭിച്ചു) മറ്റു ചിലരുമായിരുന്നു അഭിമുഖം നടത്തിയത്. ഗോപാലകൃഷ്ണന് ഒന്നാംറാങ്ക് കിട്ടി. പ്രതിമാസം 75 രൂപയുടെ മെറിറ്റ് സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു. ആ വർഷം ഈ സ്കോളർഷിപ്പു കിട്ടുന്ന ഏക വിദ്യാർഥിയായിരുന്നു ഗോപാലകൃഷ്ണൻ. നാടകത്തെയും നാടകകൃത്തുക്കളെയും കുറിച്ചുള്ള അഗാധമായ ധാരണ ഗോപാലകൃഷ്ണനെ കെ.എ. അബ്ബാസിന്റെയും മറ്റ് അഭിമുഖകാരന്മാരുടെയും വാത്സല്യഭാജനമാക്കി. അവന്റെ അറിവുകളിൽ അവർ സംതൃപ്തരായി. സ്വന്തമായി കുറച്ച് നാടകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച, ഇംഗ്ലീഷ്, മലയാളം സാഹിത്യത്തിൽ നല്ല അറിവുള്ള ഒരാളായി അപേക്ഷകരിൽ ഗോപാലകൃഷ്ണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനു സ്കോളർഷിപ്പ് കിട്ടിയത്. സ്കോളർഷിപ്പ് തുക തീരെ തുച്ഛമായിരുന്നു. നാഷണൽ സാമ്പിൾ സർവേയിൽ ജോലിചെയ്യുമ്പോൾ ഇതിന്റെ നാലിരട്ടി ശമ്പളമുണ്ടായിരുന്നു. സ്വന്തം അഭിനിവേശത്തിനുവേണ്ടി ആ ജോലി ഉപേക്ഷിക്കുകയായിരുന്നു അദ്ദേഹം.

1962-ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥാരചനയിലും സംവിധാനത്തിലുമുള്ള കോഴ്സിന് അദ്ദേഹം ചേർന്നു. നാടകത്തെപ്പറ്റി കൂടുതൽ പഠിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചിരുന്നു. അതിനുപകരം അദ്ദേഹം കണ്ടെത്തിയത് സിനിമയാണ്. അരങ്ങിൽനിന്നും അദ്ദേഹത്തെ പതുക്കെപ്പതുക്കെ അടർത്തിമാറ്റി സിനിമ അദ്ദേഹത്തെ മുറുകെപ്പുണർന്നു. ‘ഒരുകാലത്ത് ഈ മാധ്യമത്തിൽ ജോലിചെയ്യുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല.’ അടൂർ ചിരിക്കുന്നു.

സ്കൂൾക്കാലം മുതൽ നാടകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതാഭിലാഷം. തിരക്കഥാരചന, സംവിധാനം എന്ന കോഴ്സ് പുണെയിൽ തിരഞ്ഞെടുത്തതുതന്നെ നാടകത്തെക്കുറിച്ച് കൂടുതലറിയാൻ അതു സഹായിക്കുമെന്നും നാടകത്തിൽ ഒരു ഔപചാരികപരിശീലനം കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ്. പക്ഷേ, അത് ഒരു തെറ്റിദ്ധാരണയായിരുന്നു. ഒരു തിരക്കഥ എഴുതുന്നതും നാടകമെഴുതുന്നതും തമ്മിൽ സമാനതകളേക്കാൾ വ്യത്യാസങ്ങളാണ് ഏറെയുള്ളതെന്ന് വൈകാതെ മനസ്സിലാക്കിയതായി അദ്ദേഹം സിനിമ അനുഭവം എന്ന പുസ്തകത്തിലെഴുതിയിട്ടുണ്ട്.

നാടകങ്ങൾപോലെ പ്രേക്ഷകർക്ക് മുന്നിൽ അല്ല നടന്മാർ അഭിനയിക്കേണ്ടത്. എന്റെ മുന്നിലാണ്. അവർ അഭിനയിക്കുന്നത് എനിക്കുവേണ്ടിയാണ്. ഞാനാണ് പ്രേക്ഷകൻ. ഞാനാണ് അവർ ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് നോക്കുന്നത്.’ അടൂരിന്റെ വാക്കുകളാണിവ .ഈ പ്രതിഭാശാലി എൺപത്തിന്റെ നിറവിലേക്ക് പ്രവേശിക്കുമ്പോൾ അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.അതോടൊപ്പം തന്നെ ഇനിയും മൂല്യവത്തായ ഒരുപാട് കലാസൃഷ്ടികൾ അദ്ദേഹത്തിൽ നിന്നും പിറവിയെടുക്കുന്നതിനായി കാത്തിരിക്കുന്നു .

അടൂര്‍ ഗോപാലകൃഷ്ണന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.