DCBOOKS
Malayalam News Literature Website

ഒരു ധിക്കാരിയുടെ ജീവചരിത്രം: എന്‍ ഇ സുധീര്‍

നവംബർ ലക്കം പച്ചക്കുതിരയിൽ

യാന്ത്രികമായ യോജിപ്പുകള്‍ക്ക് ഗംഗാധരമാരാര്‍ തയ്യാറാവുമായിരുന്നില്ല. മാര്‍ക്‌സിസം ഇത്തരം ഒത്തുതീര്‍പ്പുകള്‍ അനുശാസിക്കുന്നില്ലെന്ന് മാരാര്‍ ഉറച്ചു വിശ്വസിച്ചു. മനസ്സില്‍ മാര്‍ക്‌സിസം കടന്നു വന്നതോടെ താനൊരു ഹ്യൂമനിസ്റ്റായിക്കഴിഞ്ഞു. മനുഷ്യത്വമാണ് മാര്‍ക്‌സിസത്തിന്റെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നത്. ഇതു മനസ്സിലാക്കാതെയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കോ പാര്‍ലമെന്ററി നിലപാടുകള്‍ക്കോ യാതൊരു പ്രസക്തിയുമില്ല. ഈ വഴിക്കുള്ള ഉറച്ച ബോധ്യങ്ങളാണ് മാരാരെ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും അകറ്റിയത്.: ഒരു കമ്മ്യൂണിസ്റ്റിന്റെ ഹ്യൂമനിസ്റ്റ് ജീവചരിത്രം

ഗംഗാധരമാരാരെപ്പറ്റി എഴുതണമെന് ആന് ലോചിച്ചു തുടങ്ങിയിട്ട് കുറച്ചധികം കാലമായി. കേട്ടറിഞ്ഞ കാലം തൊട്ട് മാരാര്‍ എന്ന മനുഷ്യന്‍ ഒരു രാഷ്ട്രീയ പ്രഹേളികയായി മനസ്സില്‍ നിറഞ്ഞിരുന്നു. ചിന്തകൊണ്ടും പ്രവര്‍ത്തികൊണ്ടും കേരള രാഷ്ട്രീയത്തില്‍ അസാധാരണമായ ഇടപെടലുകള്‍ നടത്തിയ ഒരാളാണ്. ആരെയും കൂസാതെ ഭയരഹിതമായ ജീവിതം നയിച്ച ഒരു മനുഷ്യസ്‌നേഹി.സമൂഹത്തിന്റെ മാറ്റത്തിനെപ്പറ്റി സ്വപ്നം കാണുകയും ജനജീവിതത്തിന്റെ മാറ്റത്തിനായി തന്നാലാവും വിധം പ്രവര്‍ത്തിക്കുകയും ചെയ്താരാള്‍.
Pachakuthira Digital Editionഎനിക്കദ്ദേഹത്തെ നേരിട്ടറിയാമായിരുന്നു. 1920-ല്‍ ജനിച്ച, കരുവാണ്ടിയില്‍ ഗംഗാധര മാരാര്‍ എന്ന ശാന്തനായ മനുഷ്യനെ അവസാനമായി കണ്ടത് 1996-ല്‍ അദ്ദേഹത്തിന്റെ മരണത്തിന് കുറച്ചു മാസം മുമ്പായിരുന്നു. അന്ന് ഞങ്ങള്‍ കുറേനേരം സംസാരിച്ചിരുന്നു. എന്തൊരു ശാന്തതയായിരുന്നു ആ മനുഷ്യന്. മരണം സംഭവിച്ചാല്‍ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി വിട്ടുകൊടുക്കണം എന്നു പറഞ്ഞാണ് ആ സംഭാഷണം അവസാനിച്ചത്; ജീവിതാസ്തമയ കാലത്ത് ആ ഒരാഗ്രഹം മാത്രമെ അദ്ദേഹത്തില്‍ അവശേഷിച്ചിരുന്നുള്ളൂ. പത്രങ്ങള്‍ ഭീകരവാദിയെന്ന് ആ കാലത്ത് മുദ്രകുത്തി കൊട്ടിഘോഷിച്ച ഒരാളെപ്പറ്റിയാണ് ഞാനിവിടെ പറയുന്നത്. ഉയര്‍ന്ന ചിന്തയോടെ, നിറഞ്ഞ കാരുണ്യത്തോടെ, ഏകനായി നടന്ന ഒരു കലാപകാരിയെപ്പറ്റി.

ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ സംഘടനകളുടെയോ, സ്ഥാപനങ്ങളുടെയോ പിന്‍ബലമില്ലാതെ ഒരു ഒറ്റയാന്‍ പോരാട്ടത്തിനു ശ്രമിച്ച ധിക്കാരിയായിരുന്നു കരുവാണ്ടിയില്‍ ഗംഗാധരമാരാര്‍. അദ്ദേഹത്തെ യും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെയും അടുത്തറിഞ്ഞവര്‍ക്കു മാത്രമേ മാരാര്‍ എന്തുകൊണ്ടാണ് ഇത്രയേറെ എതിര്‍പ്പും അവഗണനയും നേരിടേണ്ടി വന്നതെന്ന് ബോധ്യമാവുകയുള്ളൂ. എതിര്‍ത്തവരുടെയും അവഗണിച്ചവരുടെയും സ്വസ്ഥത നശിപ്പിക്കുവാന്‍ മാരാര്‍ക്ക് എപ്പോഴും സാധിച്ചു; അത് അദ്ദേഹത്തിന്റെ ഉദ്ദേശമായിരുന്നില്ലെങ്കിലും. ഒരു നേതാവാകാന്‍ മാരാര്‍ ഒരിക്കലും ശ്രമിച്ചിരുന്നുമില്ല. എന്നാലെപ്പോഴും ഒരു പോരാളിയായി ജീവിക്കുവാന്‍ ശ്രമിച്ചുപോന്നു. അനീതിയോടുള്ള അചഞ്ചലമായ എതിര്‍പ്പ് അദ്ദേഹത്തെ ധിക്കാരിയാക്കി മാറ്റി. മനഷ്യസ്നേഹത്തിലധിഷ്ഠിതമായ പ്രതിഷേധം മാരാരെ ‘ഭീകരവാദി’യെന്നു മുദ്രകുത്താനിടയാക്കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ വങ്കത്തമെന്ന് ചിത്രീകരിക്കാനും കക്ഷി രാഷ്ട്രീയക്കാര്‍ മത്സരിച്ചു. ഇതൊന്നും മാരാരെ ഒട്ടും അലട്ടിയില്ല. തന്റെ പ്രതിഷേധത്തിന്റെ പരിമിതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. അതുതന്നെയായിരുന്നു ഗംഗാധരമാരാരുടെ ശക്തിയും.

പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

 

Comments are closed.