DCBOOKS
Malayalam News Literature Website

പരിധികളില്ലാത്ത ശോഭാ ഡേ…

ശോഭാ ഡേ എന്ന എഴുത്തുകാരിയെകുറിച്ചോ വ്യക്തിയെ കുറിച്ചോ യാതൊരു മുന്‍വിധിയുമില്ലാതെയാണ് ബിന്ദു അമാട്ടുമായുള്ള അവരുടെ സംഭാഷണം ഞാന്‍ കേള്‍ക്കാന്‍ ഇടയായത്. ആകെയുള്ള മുന്‍പരിചയം, ‘ഇങ്ങനെ വേണം എഴുതാന്‍’ എന്ന് പറഞ്ഞു അച്ഛന്‍ എന്റെ കൈയിലേക്ക് തരാറുള്ള അവരുടെ പത്രലേഖനങ്ങള്‍ മാത്രമാണ്. അച്ഛന്റെ വാക്കുകള്‍ കടം എടുക്കുകയാണെങ്കില്‍ ‘ബോള്‍ഡ്, പവര്‍ഫുള്‍!’

എഴുത്തില്‍ മാത്രമാണോ അതോ യഥാര്‍ത്ഥ ജീവിതത്തിലും ഇത് പോലെ ശക്തയാണോ എന്നറിയാന്‍ ആയിരുന്നു എനിക്ക് കൂടുതല്‍ ആകാംക്ഷ. എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു യാഥാര്‍ഥ്യം എന്നിവിടെ തുറന്നു സമ്മതിക്കട്ടെ.

71 വയസ്സുള്ള 6 മക്കളുടെ അമ്മ, മുന്‍ മോഡല്‍.’സ്റ്റാര്‍ ഡസ്ട്, സൊസൈറ്റി, സെലിബ്രിറ്റി’ മുതലായ മാസികകളുടെ സ്ഥാപകയും എഡിറ്ററും. 19-ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുമുണ്ട്. ഇതിനെല്ലാം അപ്പുറം ആരോഗ്യവതി, താന്‍ ജീവിക്കുന്ന ജീവിതത്തില്‍ സന്തോഷവതി. ഭര്‍ത്താവിനോടൊപ്പമാണ് കേരള സാഹിത്യോത്സവം കാണാന്‍ വന്നത്.

‘ഹൗ ഓള്‍ഡ് ആര്‍ യു?’ എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലെ ഒരു പ്രശസ്ത ചോദ്യമുണ്ട്. സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് പ്രായപരിധി ഉണ്ടോ എന്ന്? ഇല്ല എന്ന് തെളിയിക്കുന്നതാണ് ശോഭാ ഡേയുടെ ജീവിതം.അവര്‍ക്കു മറ്റു സ്ത്രീകളോട് പറയാനുള്ളതും ഇത് തന്നെയാണ്. പ്രായം നിങ്ങളെ തോല്‍പിക്കാന്‍ സമ്മതിക്കരുത്. പ്രായമേറുമ്പോഴും വീണ്ടും തുടങ്ങുക, മാറ്റങ്ങളെ സ്‌നേഹിക്കാന്‍ പഠിക്കുക. നിങ്ങളെ തന്നെ സ്‌നേഹിക്കുക, നിരാശരാകാതിരിക്കുക. എഴുപതുകള്‍ നാല്‍പതുകളോ അന്‍പതുകളോ ആണെന്ന് ഞാന്‍ കള്ളം പറയില്ല, അത് വിഡ്ഢിത്തരമാണ്. പക്ഷെ എഴുപതുകളിലും ജീവിക്കാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ട്. ശോഭാ ഡേയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ റുപ്പി കൗര്‍ എന്ന കവയിത്രിയുടെ ‘ടൈംലെസ്സ്’ എന്ന കവിതയാണ് എനിക്ക് ഓര്‍മ്മ വന്നത്.

‘ഇനിയാണ് ഈ തിരശീലകള്‍ ഉയരുന്നത്
അന്‍പതുകളില്‍
കാഴ്ചകള്‍ തുടങ്ങുന്നതേയുള്ളൂ…’

സോഷ്യല്‍ മീഡിയയെ എങ്ങനെ നോക്കി കാണുന്നു എന്ന ചോദ്യത്തിന് ശോഭാ ഡേയുടെ ഉത്തരം ഇങ്ങനെ: ഞാന്‍ ഫേസ്ബുക്ക് ഉപയോഗിക്കാറില്ല. മനഃപൂര്‍വം മാറി നിന്നതാണ്. എന്നാല്‍ ട്വിറ്റര്‍ വളരെ ഇഷ്ടപ്പെട്ടു, നമ്മുടെ അഭിപ്രായങ്ങള്‍ കുറിക്കുകൊള്ളുന്ന രീതിയില്‍ എഴുതാന്‍ പറ്റുന്ന ശക്തമായ ഒരു അവസരമായി അതിനെ ഉപയോഗിക്കുന്നു. ഇന്‍സ്റ്റാഗ്രാം ഒരു രസത്തിനാണ് ഉപയോഗിക്കുന്നത്. അതൊരു സങ്കല്പികലോകമാണ്. നമുക്കെല്ലാവര്‍ക്കും ചില നേരങ്ങളില്‍ ജീവിതത്തില്‍ അല്പം ‘ഫാന്റസി’ വേണമെന്ന് തോന്നാറില്ലേ? പക്ഷെ അതിനപ്പുറത്തേക്ക് ഒരു പ്രാധാന്യവും അതിനു കൊടുക്കാന്‍ പാടില്ല. സോഷ്യല്‍ മീഡിയ ലഹരിവസ്തുക്കളെപ്പോലെ നമ്മെ അടിമപ്പെടുത്താന്‍ സമ്മതിച്ചു കൊടുക്കരുത്. നമ്മുടെ വില, സ്വാഭിമാനം, സന്തോഷം ഇതൊന്നും ലൈക്കോ, കമന്റുകളോ ട്രോളോ വെച്ച് അളക്കരുത്.

എന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള പദ്ധതിയുണ്ടോ എന്നു ബിന്ദു ചോദിച്ചു. അവസരങ്ങള്‍ ഒരുപാടു ലഭിച്ചു എന്നും, എന്നാല്‍ അവസരം നല്‍കാന്‍ വരുന്ന പലരും അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങളുടെ ഭാണ്ഡക്കെട്ടും തന്റെ മുന്‍പില്‍ ഇറക്കിവെക്കാറുണ്ട്. അവരുടെ ചരടുവലികളില്‍പെടാന്‍ താല്‍പര്യമില്ലെന്നും, അത് തന്റെ മേഖല അല്ലെന്നും ശോഭാ ഡേ അഭിപ്രായപ്പെട്ടു. എന്നെങ്കിലും തന്റെ ജീവിതം സിനിമ ആക്കിയാല്‍ ആര് അഭിനയിക്കണം എന്ന ചോദ്യത്തിന് ശോഭാ ഒരു സംശയവും കൂടാതെ ഉത്തരം പറഞ്ഞു: കങ്കണ, അവര്‍ ചെയ്യുന്നതിനെയും പ്രവര്‍ത്തിക്കുന്നതിനെയും നിലകൊള്ളുന്നതിനെയുമെല്ലാം താന്‍ ഒരുപാടു ഇഷ്ടപെടുന്നു.

എന്നാല്‍ ഇത്രയും ബോള്‍ഡ് ആയ ശോഭ ഫെമിനിസ്റ്റ് എന്ന വാക്കിനെ ഇഷ്ടപ്പെടുന്നില്ല. സ്ത്രീകളെ അങ്ങനെ ഒരു പേരിലോ വിഭാഗത്തിലോ ഒതുക്കുന്നതു ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ തീര്‍ച്ചയായും ലിംഗ നീതിയിലും തുല്യതയിലും വിശ്വസിക്കുന്നു.

തയ്യാറാക്കിയത്: ജോയ്‌സ് ജോബ് (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍)

Comments are closed.