DCBOOKS
Malayalam News Literature Website

നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ‘ഭ്രാതൃഹത്യകള്‍’

“ക്രൂശിതനായ ക്രിസ്തുവിനെക്കൊണ്ട് ലോകത്തിന് ഇനി ആവശ്യമില്ല. അതിനാവശ്യം പോരാളിയായ ക്രിസ്തുവിനെയാണ്. കണ്ണീരും പീഡാനുഭവവും കുരിശുമരണവും എല്ലാം അവസാനിപ്പിച്ച് എന്റെയൊപ്പം വരൂ… ഇനിയിപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ഊഴമാണ്…”

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായിരുന്ന നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ശ്രദ്ധേയമായ നോവലുകളിലൊന്നാണ് ഭ്രാതൃഹത്യകള്‍. ലെനിനും കമ്മ്യൂണിസവും തീവ്രമായ ഒരാവേശമായി കലാപകാരികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച 1940കളില്‍ ഗ്രീസിലെ ഹിപ്പിറസ് ഗ്രാമത്തില്‍ നടന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. വേഷപ്രച്ഛന്നരായെത്തുന്ന മാലാഖമാര്‍ക്കും പിശാചുക്കള്‍ക്കുമെതിരെ പൊരുതുന്ന പഴയ നിയമത്തിലെ ഏതോ പ്രവാചകനെ ഓര്‍മ്മിപ്പിക്കുന്ന ഫാദര്‍ യാനറോസും അദ്ദേഹത്തിനു ചുറ്റിലും അണിനിരക്കുന്ന ഗ്രീക്ക് ദുരന്ത നാടകങ്ങളിലെ കഥാപാത്രങ്ങളും ചേര്‍ന്ന് ഈ കൃതിയ്ക്ക് ഒരു ഐതിഹാസികമാനം സമ്മാനിക്കുന്നുണ്ട്. രോമകൂപങ്ങളില്‍ ഓരോന്നിലും രക്തം വിയര്‍ക്കുന്ന കാവ്യാത്മകതയാണ് ഈ നോവലിനെ ഇത്രമേല്‍ ഹൃദ്യമാക്കുന്നത്.

തത്വചിന്താപരമായ കൃതികളായിരുന്നു നിക്കോസ് കാസാന്‍ദ്‌സാകീസ് ആദ്യകാലങ്ങളില്‍ രചിച്ചിരുന്നത്. പിന്നീട് അദ്ദേഹം കവിതയിലേക്കും നാടകങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. കാസാന്‍ദ്‌സാകീസിന്റെ പ്രശസ്ത നോവലുകളെല്ലാം 1940-നും 1961-നും ഇടയിലാണ് പ്രസിദ്ധീകൃതമായത്. സോര്‍ബ ദി ഗ്രീക്ക്, ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, റിപ്പോര്‍ട്ട് ടു ഗ്രെക്കോ എന്നിവയാണ് പ്രശസ്ത കൃതികള്‍.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഭ്രാതൃഹത്യകള്‍( The Fratricides) മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് സെബാസ്‌റ്റ്യൻ പള്ളിത്തോടാണ്. നോവലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി.

 

 

 

Comments are closed.