DCBOOKS
Malayalam News Literature Website

ആ ഭ്രാന്തനു സ്തുതി! ആ ഭ്രാന്തിനു സ്തുതി

പ്രൊഫ.ടി.ജെ.ജോസഫിന്റെ ‘ഭ്രാന്തന് സ്തുതി’ എന്ന പുസ്തകത്തില്‍ നിന്നും

ക്കാലത്ത് കോളേജിലെ ലൈബ്രറിയിലേക്ക് മലയാളം പുസ്തകങ്ങള്‍ വാങ്ങാന്‍ വകുപ്പുമേധാവി ചുമതലപ്പെടുത്തിയിരുന്നത് എന്നെയാണ്. എറണാകുളത്തും കോട്ടയത്തും ഉള്ള പുസ്തകക്കടകളില്‍ പോയി മണിക്കൂറുകള്‍ ചെലവഴിച്ച് പരതിയാണ് ഞാന്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകങ്ങള്‍ മാത്രമേ എടുക്കാറുണ്ടായിരുന്നുള്ളൂ. അതിനു വേണ്ടി മറ്റ് അധ്യാപകര്‍ പഠിപ്പിക്കുന്ന പാഠ്യഭാഗങ്ങളെക്കുറിച്ചും ഞാന്‍ ഒരു ധാരണ രൂപപ്പെടുത്തിയിരുന്നു.

അങ്ങനെ തപ്പിത്തപ്പി കണ്ടുപിടിച്ചതാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘തിരക്കഥയുടെ Textരീതിശാസ്ത്രം’ എന്ന പുസ്തകം. മലയാളത്തിലെ പ്രസിദ്ധരായ തിരക്കഥാ രചയിതാക്കളുടെ ലേഖനങ്ങളാണ് ഉള്ളടക്കം. പി.എം. ബിനു കുമറാണ് സമ്പാദനവും സംശോധനവും നിര്‍വ്വഹിച്ചിരിക്കുന്നത്. താളുകള്‍ മറിച്ചു നോക്കി സിനിമാപഠിതാക്കള്‍ക്ക് പ്രയോജനപ്രദമെന്നു കണ്ട് രണ്ടു കോപ്പികള്‍ വാങ്ങി. ഒന്ന് ലൈബ്രറിക്കും ഒന്ന് എനിക്ക് സ്വന്തമായിട്ടും. ആ കൃതി ഞാന്‍ വായിക്കുകയും തിരക്കഥാ രചനയെപ്പറ്റിയുള്ള ക്ലാസ്സില്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കുകയും എല്ലാ കുട്ടികളും വായിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ആ പുസ്തകത്തിലെ ഒരു ലേഖനം പി.ടി. കുഞ്ഞുമുഹമ്മദിന്റേതായിരുന്നു. നമ്മുടെ ചുറ്റുപാടുകളില്‍നിന്ന് തിരക്കഥാ രചനയ്ക്ക് ആവശ്യമായ ഊര്‍ജ്ജം മാത്രമല്ല, രൂപമാതൃകകളും സ്വീകരിക്കാമെന്ന് ആ ലേഖനത്തില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ലേഖകന്‍ സമര്‍ത്ഥിക്കുകയാണ്. തന്റെ നാട്ടില്‍ ദൈവത്തോടു സംസാരിക്കുന്ന ഒരു ഭ്രാന്തന്‍ ഉണ്ടായിരുന്നുവെന്നും അയാളുടെ സംഭാഷണത്തെ അനുകരിച്ചാണ് തന്റെ ‘ഗര്‍ഷോം’ സിനിമയിലെ നായകന്‍ ദൈവത്തോടും ഗാന്ധിജിയോടും സംസാരിക്കുന്ന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത് എന്നും അദ്ദേഹം ഉദാഹരിക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മലയാള വിഭാഗം മേധാവിയായി. 2010-ല്‍ ബി.കോം കുട്ടികള്‍ക്കായി കോളേജില്‍ നടത്തിയ ഒരു ക്ലാസ് പരീക്ഷയില്‍ ഉചിതമായ ചിഹ്നങ്ങള്‍ ചേര്‍ക്കുക എന്ന ഒരു ചോദ്യത്തില്‍ ഞാന്‍ ഉപയോഗിച്ചത് പി.ടി.കുഞ്ഞുമുഹമ്മദ് തന്റെ ലേഖനത്തിലൂടെ പരിചയപ്പെടുത്തിയ ഭ്രാന്തന്റെ സംഭാഷണമാണ്. സംഭാഷണം അതേപടിയാണ് ചേര്‍ത്തതെങ്കിലും ഭ്രാന്തന് ഒരു പേരു നല്കുന്നത് നല്ലതാണെന്നു തോന്നി. പി.ടി. കുഞ്ഞുമുഹമ്മദിന്റെ പേരുതന്നെ ചുരുക്കി മുഹമ്മദ് എന്ന് കൊടുക്കുകയും ചെയ്തു.

ആ ചോദ്യമാണ് വലിയ വിവാദമായി പിന്നീട് എന്റെ ജീവിതഗതിയെ മാറ്റിമറിച്ചത്. പണ്ടത്തെ പിണക്കക്കാരി ടീച്ചറിന് പണി കൊടുക്കാനുള്ള എന്റെ ദുഷ്ടലാക്ക് നടന്നിരുന്നുവെങ്കില്‍ –ഞാന്‍ നാടകവും സിനിമയും പഠിപ്പിക്കാതെ ഫെമിനിസം പഠിപ്പിച്ചിരുന്നുവെങ്കില്‍–വകുപ്പുമേധാവി കോളേജിലേക്ക് പുസ്തകം വാങ്ങാന്‍ എന്നെ ചുമതലപ്പെടുത്താതിരുന്നെങ്കില്‍–തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകം പ്രസിദ്ധീകരിക്കാതിരുന്നെങ്കില്‍–അതില്‍ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനം ഉണ്ടാകാതിരുന്നെങ്കില്‍–അതില്‍ അദ്ദേഹം ആ ഭ്രാന്തന്റെ കഥ പറയാതിരുന്നെങ്കില്‍-അങ്ങനെ ഒരു ഭ്രാന്തന്‍ചാവക്കാട് പ്രദേശത്ത് ജനിക്കാതിരുന്നെങ്കില്‍-അയാള്‍ക്ക് ഭ്രാന്ത് വന്നില്ലായിരുന്നെങ്കില്‍… ഞാന്‍ ഇന്ന് ഇങ്ങനെയൊന്നും എഴുതില്ലായിരുന്നു.

വിവാദമുണ്ടായ നാളുകളില്‍ പി.ടി. കുഞ്ഞുമുഹമ്മദ്, താനങ്ങനെ ഒരു ലേഖനമേ എഴുതിയിട്ടില്ല എന്നാണ് ആദ്യം പറഞ്ഞത്. അത് എന്നെ അല്പം വേദനിപ്പിക്കാതിരുന്നില്ല. എന്നാല്‍ അദ്ദേഹം പറഞ്ഞത് സത്യമായിരുന്നു. അദ്ദേഹം നടത്തിയ ഒരു പ്രസംഗം പിന്നീട് സമ്പാദകന്‍ ലേഖനമാക്കിയതായിരുന്നു. 2014-ല്‍ എന്റെ ഭാര്യ മരിച്ച നാളുകളില്‍Text ഒരു ടി.വി. ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്തു സംസാരിച്ചത് ഞാന്‍കേള്‍ക്കുകയുണ്ടായി. എന്നോട് വളരെ അനുഭാവമുള്ള മട്ടിലാണ് അദ്ദേഹം സംസാരിച്ചത്. താന്‍ നടത്തിയ ഒരു പ്രസ്താവം മറ്റൊരാളുടെ ജീവിതദുരന്തത്തിന് കാരണമായതില്‍ ഖേദിക്കുന്നുവെന്നും ആ മനോവിഷമംകൊണ്ടാണ് അദ്ദഹം എന്നെ വന്നു കാണാനോ ഫോണിലൂടെപ്പോലും സംസാരിക്കാനോ കൂട്ടാക്കാത്തതെന്നും പറഞ്ഞത് അന്ന് ഞാന്‍ അത്ര കാര്യമാക്കിയില്ല.

‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന എന്റെ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം 2020 ജനുവരി 29-ന് തൃശൂര്‍ വൈ.എം.സി.എ. ഹാളില്‍ പ്രസാധകരായ ഡി സി ബുക്‌സ് സംഘടിപ്പിക്കുകയുണ്ടായി. പ്രകാശനകര്‍മ്മം നടത്താനായി എത്തുന്നത് പി.ടി. കുഞ്ഞുമുഹമ്മദാണെന്നറിഞ്ഞപ്പോള്‍ എനിക്ക് ആഹ്ലാദത്തെക്കാളുപരി അതിശയമാണുണ്ടായത്. ഏറ്റുവാങ്ങുന്നത് പ്രസിദ്ധ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. ചലച്ചിത്രകാരനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും വിഖ്യാതനായ പി.ടി. കുഞ്ഞുമുഹമ്മദ് എനിക്ക് വളരെ ആദരണീയനാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. യോഗനടപടികള്‍ തുടങ്ങുന്നതിനു മുമ്പ് സമ്മേളനഹാളില്‍ വെച്ച് കണ്ടപ്പോള്‍ത്തന്നെ വിതുമ്പിക്കൊണ്ട് അദ്ദേഹം എന്നെ ആശ്ലേഷിച്ചു. എന്നെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ സങ്കടത്തിന്റെ ആഴം അപ്പോഴാണ് എനിക്ക് ശരിക്കും ബോധ്യമായത്.

പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു സംസാരിച്ച അദ്ദേഹം തന്റേതായ ഒരു ആഖ്യാനം മറ്റൊരാളുടെ ദുരന്തജീവിതത്തിനു നിമിത്തമായതില്‍ ഖേദം പ്രകടിപ്പിക്കുകയും എന്നോട് ക്ഷമ ചോദിക്കുകയും ചെയ്തു.
അദ്ദേഹം എന്തിനാണ് എന്നോട് ക്ഷമ ചോദിക്കുന്നത്? എന്തെങ്കിലും തെറ്റ് അദ്ദേഹം ചെയ്തിട്ടുണ്ടോ? ഇല്ലായെന്നുമാത്രമല്ല, ഒരു ചലച്ചിത്രകാരനെന്ന നിലയ്ക്കും എഴുത്തുകാരനെന്ന നിലയ്ക്കും അദ്ദേഹത്തിന്റെ ആ ആഖ്യാനം എത്രമാത്രം മൂല്യവത്താണ്! അങ്ങനെയാണ് മറുപടിപ്രസംഗത്തില്‍ ഞാന്‍ പ്രതികരിച്ചത്. അതോടൊപ്പം അദ്ദേഹത്തിന്റെ നാട്ടുകാരനായ ഭ്രാന്തനെ സ്മരിക്കുകയും ചെയ്തു.

ആ ഭ്രാന്തനാണ് അന്‍പത്തിരണ്ട് വയസ്സിനു ശേഷമുള്ള എന്റെ ജീവിതഗതി നിര്‍ണ്ണയിച്ചത്. അപൂര്‍വ്വാനുഭവങ്ങളുടെ വാതായനങ്ങള്‍ തുറന്നിട്ടത്. വൈവിദ്ധ്യാത്മക ശിഷ്ടജീവിതത്തിന് കാരണഭൂതന്‍. ആ ഭ്രാന്തനു സ്തുതി! ആ ഭ്രാന്തിനു സ്തുതി

പൂര്‍ണ്ണരൂപം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.