DCBOOKS
Malayalam News Literature Website

ഭാവ ഇന്ത്യ; അതിജീവനത്തിന്റെ പുതുവഴി

പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും ഉള്‍ക്കൊണ്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇത്തവണ ഏറെ വ്യത്യസ്തതകള്‍ ഒരുക്കുന്നു. പ്രകൃതിയോട് ഇണങ്ങിയ, പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഉത്പ്പന്നങ്ങളുമായി കെ.എല്‍.എഫ് വേദിയില്‍ ഭാവ ഇന്ത്യയുടെ മിലി ബാഗുകള്‍ എത്തുന്നു.

ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തും വിവിധ സാമൂഹ്യസംഘടനകളും ചേര്‍ന്ന്  സ്ത്രീകള്‍ക്ക് സ്വയംതൊഴിലിനും വരുമാനത്തിനുമായി രൂപീകരിച്ച പദ്ധതികളിലൊന്നാണ് മിലി ബാഗുകളുടെ നിര്‍മ്മാണം. സ്ത്രീകളുടെ സ്വാശ്രയസംഘങ്ങള്‍ വഴി ചെലവു കുറഞ്ഞ വസ്തുക്കള്‍ കൊണ്ട് പുനരുപയോഗിക്കാവുന്ന തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ടൂത്ത്ബ്രഷ്, ബാഗ്, പേന, പഴ്‌സ് തുടങ്ങി നിത്യോപയോഗത്തിനായുള്ള നിരവധി ഉത്പ്പന്നങ്ങള്‍ ഇവിടെ നിന്നും ചുരുങ്ങിയ ചെലവിലാണ് സ്ത്രീകള്‍ നിര്‍മ്മിച്ചെടുക്കുന്നത്. അശോക ട്രസ്റ്റ് ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് എക്കോളജി ഇവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നുമുണ്ട്.

ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ളതും റംസാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതുമായ വേമ്പനാട്ട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് വേണ്ടിയുള്ള കര്‍മ്മപദ്ധതികളിലൊന്നാണ് ഈ സ്വാശ്രയകൂട്ടായ്മ.

400 ബാഗുകളാണ് ഭാവ ഇന്ത്യയില്‍നിന്നും കെ.എല്‍.എഫിനായി വാങ്ങുന്നത്. പത്ത് ആളുകള്‍ 40 മണിക്കൂറോളം ചെലവഴിച്ച് 60 കിലോയോളം വരുന്ന സാരികളുപയോഗിച്ചാണ് ബാഗ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം കൈയിലോ പോക്കറ്റിലോ സൂക്ഷിക്കാവുന്ന തരത്തിലുള്ള ഒരു പൗച്ചും ഒപ്പം നല്‍കുന്നുണ്ട്. ബാഗുകള്‍ മടക്കി ചെറുതാക്കി ഈ പൗച്ചുകളില്‍ സുരക്ഷിതമായി സൂക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.