DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ ഭരണഘടന ഒരു ജഡരേഖയല്ല!

BHARANAGHATANA - INDIAN REPUBLICINTE ATHIJEEVANACHARITHRAM Book By ADV V N HARIDAS Published by DC BOOKS

അഡ്വ.വി.എന്‍.ഹരിദാസിന്റെ ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം എന്ന പുസ്തകത്തില്‍ നിന്നും

ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 368-ല്‍ ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റെിന്റെ അധികാരത്തെക്കുറിച്ചും അതിന് പിന്തുടരേണ്ട മാര്‍ഗ്ഗത്തെക്കുറിച്ചും പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന ഒരു ജഡരേഖയല്ല. അത് മാറ്റങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വിധേയമാണ്. ഇന്ത്യന്‍ ഭരണഘടന ഒട്ടും വഴക്കമില്ലാത്ത ഒരു രേഖയല്ല. അത് കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റത്തിനു വിധേയമാവാന്‍ സന്നദ്ധമാണ്. ചോദ്യം ഇന്ത്യന്‍ ഭരണഘടനയെ സമ്പൂര്‍ണ്ണമായി മാറ്റിമറിക്കാനും പുതിയ ഭരണഘടനതന്നെ ഫലത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനും കഴിയുമോ ഈ ഭേദഗതികള്‍വഴി എന്നതാണ്. മാറ്റാന്‍ പറ്റാത്ത മാറ്റാന്‍ പാടില്ലാത്ത ഏതെങ്കിലും അടിസ്ഥാന മൂല്യങ്ങള്‍ ഉണ്ടോ? അനുച്ഛേദം 368 അനുസരിച്ച് ഇന്ത്യന്‍ ഭരണഘടനയിലെ ചില വകുപ്പുകള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലും ഹാജരായി വോട്ട് ചെയ്യുന്നവരില്‍ മുന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലും ഭേദഗതി ചെയ്യാമെങ്കില്‍ മറ്റു ചില വകുപ്പുകള്‍, ഭേദഗതി ചെയ്യണമെങ്കില്‍ സംസ്ഥാന നിയമസഭകളില്‍ പകുതികൂടി അംഗീകരിക്കണം. മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യണമെങ്കില്‍ പകുതി സംസ്ഥാനങ്ങള്‍ അംഗീകരിക്കണം എന്ന നിബന്ധനയില്ല. വ്യക്തിയുടെ അവകാശങ്ങളും രാഷ്ട്രത്തിന്റെ അധികാരങ്ങളും തമ്മിലും കേന്ദ്രീകൃത അധികാരത്തിനെതിരെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളും ഭരണകൂടത്തിന്റെ ഭിന്നഭാഗങ്ങളായ നിയമനിര്‍മ്മാണസഭയും നീതിന്യായവിഭാഗവും തമ്മിലുള്ള മേധാവിത്ത തര്‍ക്കത്തിന്റെയും ഒക്കെ സംഘര്‍ഷങ്ങള്‍ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഈ കേസ്സുകളില്‍ കാണാം, ശങ്കരി പ്രസാദില്‍ തുടങ്ങി മിനര്‍വ മില്‍സില്‍ അവസാനിക്കുന്ന ആറു കേസുകള്‍. 1957ലാണ് ശങ്കരി പ്രസാദ് എങ്കില്‍, 1980ലാണ് മിനര്‍വാ മില്‍സ്; ഏതാണ്ട് മൂന്ന് ദശാബ്ദ കാലയളവ്. ഇതില്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയിലുള്‍പ്പെടെയുള്ള സംഘര്‍ഷഭരിതമായ കാലങ്ങള്‍. ഒന്നു മുതല്‍ 42 വരെയുള്ള (എല്ലാമല്ല) ഭരണഘടനാ ഭേദഗതികള്‍ ഇത്രയും ബൃഹത്തായ കാര്യങ്ങള്‍ ഭരണഘടനാ ഭേദഗതി എന്ന ഈ വിഷയമേഖലയില്‍ ഉള്‍പ്പെടുന്നുണ്ട്; ഈ അദ്ധ്യായത്തിലും.

ബ്രിട്ടീഷ് ഭരണഘടന എന്നത് മിക്കവാറും അലിഖിതമാണ്. കാലങ്ങളിലൂടെ രൂപപ്പെട്ടുവന്നതാണ്. നിയമനിര്‍മ്മാണസഭയുടെ ലളിത ഭൂരിപക്ഷത്തില്‍ നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍വഴിയും കോടതിവിധികള്‍ വഴിയും ഒക്കെ മാറ്റം വരുന്നത്. അമേരിക്കന്‍ ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ രണ്ടു സഭകളിലും മൂന്നില്‍ രണ്ടോ സംസ്ഥാന നിയമസഭകളിലെ മൂന്നില്‍ രണ്ട്, ഭേദഗതികള്‍ അംഗീകരിക്കണം. ആസ്‌ട്രേലിയന്‍ ഭരണഘടനയിലും ഭേദഗതികള്‍ അത്ര എളുപ്പമല്ല. ഒരു ഭേദഗതി നിര്‍ദ്ദേശം കേവല ഭൂരിപക്ഷത്തില്‍ ഓരോ സഭയിലും അവതരിപ്പിക്കുകയും അത് വിജയിച്ചാല്‍ ജനഹിതം അറിയുന്നതിനായി റഫറണ്ടത്തിന് സമര്‍പ്പിക്കുകയും വേണം. ഭേദഗതി അംഗീകരിക്കപ്പെടണമെങ്കില്‍ ഇരുതല ഭൂരിപക്ഷം വേണം. ദേശീയ ഭൂരിപക്ഷവും ആറു സംസ്ഥാനങ്ങളില്‍ നാല് സംസ്ഥാനങ്ങളുടെ ഭൂരിപക്ഷവും. ഇന്ത്യന്‍ ഭരണഘടനയില്‍ ചിലത് ഭേദഗതി ചെയ്യണമെങ്കില്‍ സംസ്ഥാന നിയമസഭകളില്‍ പകുതി അംഗീകരിക്കണം. എന്നാല്‍ കൗതുക കരമായ കാര്യം മൗലികാവകാശങ്ങളും നിര്‍ദ്ദേശകതത്ത്വങ്ങളും ഇതില്‍ പെടുന്നില്ല എന്നതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 13(2) അനുസരിച്ച് പാര്‍ലമെന്റ് ഉള്‍പ്പെടെ BHARANAGHATANA - INDIAN REPUBLICINTE ATHIJEEVANACHARITHRAM Book By ADV V N HARIDAS നിര്‍മ്മിക്കുന്ന നിയമങ്ങള്‍ മൗലികാവകാശങ്ങളെ നിയന്ത്രിക്കുകയോ എടുത്തുകളയുകയോ ചെയ്യുന്നതാകരുത്. അങ്ങനെയുള്ള നിയമങ്ങള്‍ അസാധുവാണ്. പക്ഷേ, ഈ മൗലികാവകാശങ്ങളെത്തന്നെ മാറ്റം വരുത്തുന്ന ഭരണഘടനാ ഭേദഗതികള്‍ 13(2)ല്‍ പറയുന്ന ‘നിയമത്തില്‍’ പെടുമോ എന്നതാണ് കാതലായ ചോദ്യം.

ഒന്നാം പാര്‍ലമെന്റാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതി വഴി 1957ല്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂള്‍ സൃഷ്ടിച്ചത്. അന്ന് സ്വത്തവകാശം മൗലികാവകാശമായിരുന്നു. ഭൂപരിഷ്‌കരണ നിയമങ്ങള്‍ സ്വത്തവകാശത്തിന്റെ നിഷേധമായി നിരവധി ഹൈക്കോടതികളില്‍ ചോദ്യം ചെയ്യപ്പെടുകയും പല നിയമങ്ങളും സ്വത്തിനുള്ള മൗലികാവകാശത്തിന്റെ നിഷേധമായിക്കണ്ട് റദ്ദ് ചെയ്യുകയും ചെയ്തതോടെ ഭൂപരിഷ്‌കരണ നിയമങ്ങളെ പരിരക്ഷിക്കുന്നതിനുവേണ്ടിയാണ് ഒമ്പതാം ഷെഡ്യൂള്‍ നിര്‍മ്മിച്ചത്. ഒമ്പതാം പട്ടികയില്‍ പെടുത്തുന്ന നിയമങ്ങളെ നീതിന്യായ പരിശോധനയ്ക്ക് (Judicial Review) വിധേയമാക്കാന്‍ സാധിക്കില്ല. ശങ്കരി പ്രസാദ് കേസ്സില്‍ (Shamkari Prasad Singh Deo v Union of India AIR 1957 SC 458)  ഭരണഘടന ഭേദഗതിയെ സുപ്രീം കോടതി ശരിവെക്കുകയാണ് ചെയ്തത്. സത്യത്തില്‍ തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന വി.കെ.ടി. ചാരിയാണ് ഭൂപരിഷ്‌കരണ നിയമങ്ങളെ അനുച്ഛേദം 14,19,31 എന്നിവയുടെ പേരില്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കുന്നതിനായി പുതിയൊരു പട്ടികയുണ്ടാക്കാനും അതില്‍ എല്ലാ ഭൂപരിഷ്‌കരണ നിയമങ്ങളും ഉള്‍പ്പെടുത്തുന്നതിനും ആദ്യമായി നിര്‍ദ്ദേശിക്കുന്നത്. ചാരി അന്നത്തെ നിയമസെക്രട്ടറിക്ക് അയച്ച കത്താണ് ഒമ്പതാം പട്ടികയ്ക്ക് ആധാരമായത്. ജസ്റ്റിസ് ഗജേന്ദ്രഗാഡ്കര്‍ ആണ് ഇതിനെക്കുറിച്ച് ലോകത്ത് ഒരേയൊരു ഭരണ ഘടനയേയുള്ളൂ സ്വന്തം ഭരണഘടനയ്‌ക്കെതിരെ സംരക്ഷണത്തിന് അതില്‍ത്തന്നെ വകുപ്പുകള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്, അത് ഇന്ത്യന്‍ ഭരണഘടനയാണ് എന്ന് അഭിപ്രായപ്പെട്ടത്.

ശങ്കരി പ്രസാദ് കേസ്സില്‍ ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഭരണഘടനാ ഭേദഗതി അനുച്ഛേദം 13(2)ല്‍ പറയുന്ന ‘നിയമം’ അല്ല എന്നതാണ് കോടതി കണ്ടെത്തിയ ന്യായം. ഇതിന്റെ തുടര്‍ച്ചതന്നെയായിരുന്നു 1965ലെ സജ്ജന്‍ സിങ് കേസ്സ്. (Sajjan Singh State of Rajasthan AIR 1965 SC 845).

ശങ്കരി പ്രസാദ് കേസ്സിലെ സുപ്രീം കോടതി വിധിന്യായത്തെ ആരും ചോദ്യം ചെയ്യാത്തതുകൊണ്ട് അത് പുനഃപരിശോധിക്കേണ്ട ആവശ്യമില്ല എന്ന വിചിത്ര യുക്തിയാണ് സജ്ജന്‍ സിങ് കേസ്സില്‍ ഗജേന്ദ്രഗാഡ്കര്‍ സ്വീകരിച്ചത്. 3:2 ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിന് മൗലികാവകാശങ്ങളും ഭേദഗതി ചെയ്യാം എന്നാണ് സുപ്രീം കോടതി വിധിച്ചത്. സത്യത്തില്‍ ഹര്‍ജ്ജിക്കാര്‍ക്കുവേണ്ടി ഹാജരായ എം.സി. സെതല്‍വാദും ജി. എസ്. പാഥക്കും ഈ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ വിധിന്യായത്തില്‍ എവിടെയും അവരുടെ വാദങ്ങള്‍ എടുത്തെഴുതിയിട്ടില്ല. ശങ്കരി പ്രസാദ് തെറ്റാണെന്ന് വിധിച്ചാല്‍ അതിനെ തുടര്‍ന്നുണ്ടായ നിയമങ്ങളെല്ലാം അസാധുവാകും. അതുണ്ടാക്കാനിടയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സജ്ജന്‍ സിങ്ങില്‍ ഭൂരിപക്ഷവിധി ഇങ്ങനെയാകാന്‍ മറ്റൊരു കാരണം. ശങ്കരി പ്രസാദ്, സജ്ജന്‍ സിങ് കേസ്സിന്റെ അത്യന്തിക ഫലം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളില്‍ പകുതിയിലും ഭൂരിപക്ഷം ഉണ്ടെങ്കില്‍ എങ്ങനെ വേണമെങ്കിലും ഭരണഘടന ഭേദഗതി ചെയ്യാം എന്നതായിരുന്നു. അതില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ല. തീര്‍ച്ചയായും ഇത്തരം ഒരു പരിണതി ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടുണ്ടാകില്ല.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

Comments are closed.