DCBOOKS
Malayalam News Literature Website

ബാല്യകാലസഖിയുടെ അടുത്തേക്ക്!

ഇന്ത്യന്‍ സാഹിത്യചരിത്രത്തില്‍ ബഷീറിനോളം അപൂര്‍വ്വതകളുള്ള ഒരെഴുസ്ഥുകാരനെ കണ്ടെടുക്കുകയെന്നത് ശ്രമകരമായിരിക്കും. എഴു തിയവയെല്ലാം വായനക്കാരുടെ പ്രിയ പുസ്തകങ്ങളായിത്തീര്‍ന്നു. അതിനെല്ലാം കാലഭേ ദമില്ലാതെ നിരവധി പതിപ്പുകള്‍ ഉണ്ടായി. അരനൂറ്റാണ്ടു മുന്‍പ് ബഷീര്‍ എഴുത്തില്‍ സൃഷ്ടിച്ച വിസ്‌ഫോടനത്തിനു മുന്നില്‍ മലയാളം ഇപ്പോഴും വിസ്മയിച്ചു നില്‍ക്കുകയാണ്. വിശ്വത്തോളമാണ് ബഷീര്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ അനുഭവബഹുലമായ ജീവചരിത്രഗ്രന്ഥമാണ് ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍. ബഷീറിന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമഗ്രമായി ആവിഷ്‌കരിക്കാന്‍ ധ്യാനപൂര്‍വ്വമായ ശ്രമം ഗ്രന്ഥകര്‍ത്താവായ സാനുമാഷ് ഇതില്‍ നടത്തുന്നുണ്ട്.

 

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

 

ഗരങ്ങളില്‍ മാറിമാറി പാര്‍ക്കുമ്പോഴും നാനാവിധമായ അനുഭവങ്ങളില്‍ക്കൂടി ജീവിതത്തിന്റെ വിചിത്രരീതികളുമായി ഇടപഴകുമ്പോഴും ബഷീര്‍ പുതിയ ലോകങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു എന്നു പറയാന്‍ നമുക്കു തോന്നിയേക്കും. പക്ഷേ, അതൊരു ഭാഗികസത്യം മാത്രമാണ്. ബഷീറിന്റെ മനസ്സില്‍ അപ്പോഴെല്ലാം കേരളമാണ് മങ്ങാതെ നിലകൊണ്ടത്. കേരളത്തിന്റെ പ്രകൃതി; കേരളത്തിലെ മനുഷ്യര്‍; കേരളത്തിലെ സുഹൃത്തുക്കള്‍–എല്ലാം മനസ്സില്‍ എപ്പോഴും തെളിഞ്ഞുകൊണ്ടിരുന്നു. പ്രത്യേകിച്ചും തലയോലപ്പറമ്പ്-പാലാംകടവ് പ്രദേശം അതിന്റെ വശ്യതയോടുകൂടി ആ മനസ്സില്‍ എപ്പോഴും നിറഞ്ഞുനില്ക്കുകതന്നെ ചെയ്തു. എല്ലാ ദിവസവും തനിക്ക് ഭക്ഷണം വിളമ്പിവെച്ച് കാത്തിരിക്കുന്ന ഉമ്മ, പുറമേ ഗൗരവം ഭാവിക്കുമ്പോഴും ഉള്ളില്‍ അഗാധമായ സ്‌നേഹം വച്ചുപുലര്‍ത്തുന്ന വാപ്പ, സ്‌നേഹിച്ചും കളിച്ചും വിനോദം നല്കിപ്പോന്ന സഹോദരങ്ങള്‍, കൂട്ടുകാര്‍, എല്ലാറ്റിനുമുപരിയായി ‘അവള്‍’—ഇവരേക്കാള്‍ വലിയ സത്യം ഭൂമിയില്‍ മറ്റെന്തുണ്ട്? നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം ബഷീറിന്റെ മനസ്സില്‍ ഒന്നിനൊന്ന് ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.

 

എന്നാല്‍, അതിന്റെ പ്രായോഗികവശങ്ങളെപ്പറ്റി ആലോചിക്കാതെ നിവൃത്തിയില്ല. സ്വപ്നങ്ങളിലും ആദര്‍ശങ്ങളിലും വിഹരിക്കുന്നതിനിടയിലും ബഷീറിലെ പ്രായോഗികബുദ്ധി ഒരിക്കലും ഉറങ്ങിയിരുന്നില്ല. നാട്ടിലെത്തിയാല്‍ എങ്ങനെ ജീവിക്കും? എന്തെങ്കിലും ഒരു ഉപജീവനമാര്‍ഗ്ഗം വേണ്ടേ? അതെന്ത്? ജീവിതത്തില്‍ തോല്‍ക്കാന്‍ പാടില്ല. മാന്യതയോടെ കഴിയാനുള്ള ഒരു വഴിയുണ്ടായേ തീരൂ. നഗരങ്ങളിലെ പലതരം മനുഷ്യരുമായി പരിചയപ്പെടുന്നതിനിടയിലും ഈ വിചാരം ബഷീറില്‍ സജീവമായിരുന്നു.

സിയാല്‍ക്കോട്ടില്‍വെച്ച് ഒരു സ്‌പോര്‍ട്‌സ്‌കമ്പനിയുടെ ഉടമയുമായി പരിചയപ്പെട്ടപ്പോള്‍ ബഷീറില്‍ ഒരു ആശയം ഉദിച്ചു—നാട്ടിലെത്തിയാല്‍ ഉപജീവനത്തിനുള്ള വഴി ഇയാളില്‍നിന്നു Textകിട്ടിയേക്കാം. ഫുട്‌ബോള്‍, ടെന്നീസ്, ബാഡ്മിന്റന്‍ മുതലായ കളികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ മൊത്തമായി വില്ക്കുന്ന കമ്പനിയുടെ ഉടമയാണയാള്‍. കേരളത്തില്‍ തീര്‍ച്ചയായും ഒരു ഏജന്‍സി അതിനാവശ്യമാണ്. കേരളത്തിലെ നഗരങ്ങളില്‍ മാത്രമല്ല, നഗരങ്ങളുമായി സമ്പര്‍ക്കമുള്ള ഗ്രാമങ്ങളിലും അന്ന് ഈ കളികളുണ്ട്. കളിക്കാവശ്യമായ സാമഗ്രികള്‍ വിറ്റഴിക്കാന്‍ പ്രയാസമുണ്ടാവില്ല. ന്യായമായ കമ്മീഷന്‍ കിട്ടുകയും ചെയ്യും. അതിനാല്‍ ഈ പുതിയ പരിചയം ആ വഴിക്ക് ഉപയോഗപ്പെടുത്താമെന്ന് ബഷീര്‍ വിചാരിച്ചു. കമ്പനിയുടമയ്ക്ക് ബഷീറിനെയും ബോധിച്ചു. പാശ്ചാത്യച്ചുവയുള്ള വസ്ത്രം ധരിച്ച് സ്മാര്‍ട്ടായി നടക്കുന്ന ആ യുവാവ് സെയില്‍സ് ഏജന്റ് എന്ന നിലയില്‍ ശോഭിക്കുമെന്ന് അയാള്‍ വിശ്വസിച്ചു. പരസ്പരം സംസാരിച്ച് കാര്യം ഉറപ്പിച്ചുകഴിഞ്ഞപ്പോള്‍ ബഷീര്‍ കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. ഗൃഹാതുരത്വം എന്നു നാം പറഞ്ഞുപോരുന്ന ആ വികാരവും അതിന്റെ പിന്നിലുണ്ട്.

അങ്ങനെ സ്‌പോര്‍ട്‌സ് സാമഗ്രികളുടെ ഏജന്റ് എന്ന പത്രാസോടുകൂടി ബഷീര്‍ തലയോലപ്പറമ്പില്‍ മടങ്ങിയെത്തി; വര്‍ഷങ്ങള്‍ക്കുശേഷം.

മുമ്പ് വിവരിച്ച അതേ വേഷത്തിലാണ് ആദ്യം നാട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ട്രൗസറും ഷൂസും മറ്റും ധരിച്ചുകൊണ്ട്. അന്നത്തെ ആ രംഗം നേരില്‍കണ്ട ഒരു തലയോലപ്പറമ്പുകാരന്‍ പറയുന്നു: ”ഞങ്ങളങ്ങനെ അതിശയിച്ചുനിന്നുപോയി. സായിപ്പിനെപ്പോലൊരാള്‍ കള്‍സവും പൂട്ടീസുമൊക്കെയിട്ടങ്ങനെ വന്നിരിക്കയാണ്. ആളങ്ങു മാറിപ്പോയി. മേല്‍മീശവെച്ച് തടിമിടുക്കോടുകൂടിയാണ് പുള്ളിക്കാരന്‍ വന്നിറങ്ങിയത്. വല്യ സ്ഥിതിയിലെത്തിയേരിക്കുമെന്നാ ഞങ്ങള് വിചാരിച്ചത്…”

പക്ഷേ, രൂപത്തിലും വേഷത്തിലും മാത്രമേ ബഷീര്‍ മാറിയിരുന്നുള്ളു. പഴയ ആള്‍ക്കാരോട് പഴയ രീതിയില്‍ വര്‍ത്തമാനം പറഞ്ഞു. കളിയും തമാശയുമായി എല്ലാവരോടും കൂട്ടുകൂടാന്‍ ഒട്ടും താമസമുണ്ടായില്ല. യാത്രയ്ക്കിടയില്‍ താന്‍ അഭ്യസിച്ച ജാലവിദ്യകള്‍ കൂട്ടുകാരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവരെയെല്ലാം രസിപ്പിച്ചു. നാടന്‍ ചായക്കടയില്‍നിന്ന് കടുപ്പന്‍ചായയും പരിപ്പുവടയും വാങ്ങി. ചെറിയ സത്കാരങ്ങള്‍ നടത്തുകപോലും ചെയ്തു. രണ്ടുമൂന്നു ദിവസത്തേക്കു മാത്രമേ ഇതൊക്കെ നടന്നുള്ളു. കൈയിലുള്ള കാശ് അപ്പോള്‍ തീര്‍ന്നിരിക്കണം. എറണാകുളത്ത് ‘സ്‌പോര്‍ട്‌സ് കട’തുടങ്ങുന്നതിനായി ബഷീര്‍ തിരിച്ചു. ഇപ്രാവശ്യം ഉമ്മയോടും വാപ്പയോടും മറ്റും അനുവാദം വാങ്ങിക്കൊണ്ടാണ് തിരിച്ചത്. അവരുടെ ആശംസയ്ക്കുവേണ്ടി മൗനമായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.