DCBOOKS
Malayalam News Literature Website

പള്ളിയുടെ ഭ്രമസൗന്ദര്യം

മികച്ച യാത്രാവിവരണത്തിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബൈജു എന്‍ നായരുടെ  ‘ബാള്‍ക്കന്‍ ഡയറി‘ എന്ന പുസ്തകത്തില്‍ നിന്നും

ഡാന്യൂബ് നദിയിലൂടെയുള്ള യാത്ര കഴിഞ്ഞപ്പോള്‍ കാണാതെ ബാക്കിവെച്ച രണ്ടു കാഴ്ചകളിലേക്ക് നടക്കാമെന്നു കരുതി. സാവ കത്തീഡ്രല്‍, നിക്കോള ടെസ്‌ല മ്യൂസിയം എന്നിവയാണ് ആ കാഴ്ചകള്‍. അവിടുത്തെ സന്ദര്‍ശനസമയം അറിയില്ല. ഒന്ന് പരീക്ഷിക്കാമെന്നു കരുതി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ചിരിക്കുന്ന ദിശാസൂചികള്‍ നോക്കി നടന്നു.

ഏറെ ദൂരെയല്ലാതെ, ഒരു ചെറിയ കുന്നിന്റെ മേലെ സാവ കത്തീഡ്രല്‍ കണ്ടു. രൂപഗാംഭീര്യം കൊണ്ട് ആരും നോക്കിനിന്നു പോകുന്ന പള്ളിയാണിത്. പള്ളി തുറന്നിരിപ്പുണ്ടെന്ന് മാത്രമല്ല, Textനിരവധി സന്ദര്‍ശകരെ കാണാനുമുണ്ട്. ആദ്യദര്‍ശനത്തില്‍തന്നെ, പള്ളി കാണാതെ പോയിരുന്നെങ്കില്‍ വലിയ നഷ്ടമായിപ്പോയേനെ എന്ന് ഞാനോര്‍ത്തു. കാഴ്ചയില്‍ റഷ്യയിലെ ഏതൊരു ഓര്‍ത്തഡോക്‌സ് പള്ളിയുടെയും രൂപംതന്നെയാണ് സാവ പള്ളിക്കും. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളികളില്‍ ഒന്നാണിത്. ബാള്‍ക്കന്‍ രാജ്യങ്ങളിലെ ഏറ്റവും വലുതും. ഞാന്‍ പള്ളിയുടെ ഉള്ളിലേക്ക് നടന്നു. കയറിച്ചെല്ലുന്നിടത്ത് മെഴുകുതിരി
കത്തിക്കാനുള്ള നീണ്ട സ്റ്റാന്റുകളുണ്ട്. കൂടാതെ ഏതാനും വിശുദ്ധരുടെ പ്രതിമകളും. പള്ളിയുടെ പ്രധാന ഹാളും അള്‍ത്താരയുമൊക്കെ ഭൂമിക്കടിയിലാണ്. നിരവധി പടികള്‍ ഇറങ്ങണം, അവിടെ എത്താന്‍.

ഞാന്‍ പടികളിറങ്ങി. തുറന്നിട്ട വാതിലിലൂടെ പ്രകാശസാഗരം എന്റെ മുഖത്ത് വന്നലച്ചു. ഞാന്‍ ഉള്ളിലെത്തി. അതൊരു കാഴ്ചതന്നെയായിരുന്നു. പള്ളിയുടെയല്ല, ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടലിന്റെ ഉള്‍ഭാഗമാണ് ഓര്‍മവന്നത്. പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുന്ന അതിമനോഹരമായി ഡിസൈന്‍ ചെയ്ത ഇന്റീരിയര്‍ മാര്‍ബിള്‍ പതിച്ച നിലത്ത് പ്രകാശം പ്രതിഫലിച്ച് വെട്ടിത്തിളങ്ങുന്നു. അതിമനോഹരങ്ങളായ ഷാന്റ്‌ലിയറുകള്‍ തൂങ്ങിക്കിടക്കുന്ന മേല്‍ത്തട്ടില്‍ നിറയെ പെയിന്റിങ്ങുകള്‍. അസംഖ്യം തൂണുകളുള്ള ഹാളില്‍, മധ്യഭാഗത്തായി അള്‍ത്താര.

81 മീറ്റര്‍ ഉയരമുള്ള താഴികക്കുടമാണ് അള്‍ത്താരയുടെ മേലെ കാണുന്നത്. ഈ താഴികക്കുടം താഴെ വെച്ച് നിര്‍മ്മിച്ചിട്ട് പ്രത്യേക ഹൈഡ്രോളിക് ലിഫ്റ്റിലൂടെ ഉയര്‍ത്തി മേലെ എത്തിച്ച് മേല്‍ക്കൂരയോട് ചേര്‍ക്കുകയായിരുന്നു. 4000 ടണ്‍ ആണ് മേല്‍ക്കൂരയുടെ ഭാരം. 40 ദിവസമെടുത്തു, ഇത് ഉയര്‍ത്തി മുകളില്‍ കയറ്റാന്‍!

പള്ളിയുടെ നിര്‍മാണംതന്നെ ഒരു കഥയാണ്. അക്കഥ ഇങ്ങനെ: ഒന്നാം നൂറ്റാണ്ടില്‍ സെര്‍ബിയയില്‍ ജീവിച്ചിരുന്ന പുരോഹിതശ്രേഷ്ഠനായിരുന്നു സാവ. സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സ്ഥാപകനായിരുന്നു അദ്ദേഹം. സെര്‍ബിയയുടെ സാമൂഹ്യ ആത്മീയ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ സാവ മരിച്ചത് 1236-ലാണ്.

പതിനഞ്ചാം നൂറ്റാണ്ടില്‍ സെര്‍ബിയയും ഓട്ടോമന്‍മാരുമായി യുദ്ധമുണ്ടായി. സെര്‍ബിയക്കാര്‍ സാവയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യുദ്ധത്തെ നേരിട്ടത്. അങ്ങനെ സാവ ഓട്ടോമാന്‍മാരുടെ കണ്ണിലെ കരടായി. യുദ്ധത്തില്‍ ആദ്യ വിജയം ഓട്ടോമന്‍മാര്‍ക്കായിരുന്നു. സെര്‍ബിയയിലെ നിരവധി നഗരങ്ങള്‍, അല്പകാലത്തേക്കാണെങ്കിലും അവരുടെ അധീനതയിലായി. ബെല്‍ഗ്രേഡ് നഗരം പിടിച്ചടക്കിയപ്പോള്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ മത മേലധ്യക്ഷനായിരുന്ന സിനാന്‍ പാഷ ആദ്യം ഉത്തരവിറക്കിയത് സാവയുടെ ശവം കുഴിച്ചെടുക്കാനാണ്.

മിലേസേവ മൊണാസ്ട്രിയില്‍നിന്ന് കുഴിച്ചെടുത്ത സാവയുടെ ജീര്‍ണശരീരം ഒരു കുന്നിന്‍ പുറത്തെത്തിച്ച് ഓട്ടോമന്‍ പടയാളികള്‍ കത്തിച്ച് രസിച്ചു. എന്നിട്ട് ചാരം അവിടെയെല്ലാം വിതറി. ആ കുന്നിന്‍ മുകളിലാണ് ഇപ്പോള്‍ ഈ കാണുന്ന സെയിന്റ് സാവ പള്ളി പണിതിരിക്കുന്നത്. 1905-ലാണ് പള്ളിയുടെ പണി ആരംഭിച്ചത്.

പല കാലങ്ങളിലായി ബാള്‍ക്കന്‍ യുദ്ധങ്ങള്‍, ഒന്നാം ലോകയുദ്ധം, നാറ്റോ ബോംബിങ് എന്നിവയൊക്കെ പള്ളിയുടെ നിര്‍മാണം തടസ്സപ്പെടുത്തി. ചുരുക്കിപ്പറഞ്ഞാല്‍, 118 വര്‍ഷമെടുത്ത്, 2018-ലാണ് പള്ളി ഈ കാണുന്ന രൂപത്തിലെത്തിയത്! 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പള്ളി ഒരു സംഭവംതന്നെയാണെന്ന് പറയാതെ വയ്യ. പള്ളിയില്‍നിന്ന് നടന്നെത്തിയത് ടെസ്‌ല മ്യൂസിയത്തിലാണ്. നിക്കോളാസ് ടെസ്‌ല എന്ന വിശ്രുതനായ ശാസ്ത്രജ്ഞന്റെ സ്മാരകമാണ് ഈ മ്യൂസിയം എന്നു പറയാം. ആള്‍ട്ടര്‍നേറ്റീവ് കറന്റ് ഇലക്ട്രി
സിറ്റി അപ്ലൈ സിസ്റ്റം രംഗത്ത് നല്‍കിയ സംഭാവനകളുടെ പേരിലാണ് ടെസ്‌ല അറിയപ്പെടുന്നത്.
ജനറേറ്ററുകള്‍, ഇലക്ട്രിക്കല്‍ ഡിസ്ചാര്‍ജ് ട്യൂബുകള്‍, എക്‌സ്‌റേ ഇമേജിങ് എന്നീ രംഗ
ങ്ങളിലും ടെസ്‌ലയുടെ സംഭാവനകളുണ്ട്. വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ രംഗത്ത്
നൂറുവര്‍ഷം മുന്‍പ്തന്നെ അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചിരുന്നു. നഗരമധ്യത്തില്‍തന്നെയുള്ള പ്രൗഢ ഗംഭീരമായ വീടാണ് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.