DCBOOKS
Malayalam News Literature Website

ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു!

പ്രമോദ് രാമന്റെ ‘ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു’ എന്ന സമാഹാരത്തിലെ ഒരു കഥയില്‍ നിന്നും

ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു

2019 മെയ് 30 ന് വൈകിട്ട് പ്രഫ. റൊമിളാ ഥാപ്പറുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അവര്‍ ഒരു പുസ്തകവായനയിലായിരുന്നു. പീറ്റര്‍ ഫ്രാന്‍കോപന്റെ The New Silk Roads, The Present And Future of The World. അയാളുടെ തന്നെ The Silk Roads, A New History of The World ന്റെ തുടര്‍ച്ച. ചെറുപ്പക്കാരുടെ ചരിത്രസമീപനരീതികളില്‍ അവര്‍ കൗതുകപ്പെട്ടു.

”റൊമിളേച്ചീ, ഞാനീട്ന്ന് പൊറപ്പെട്ന്ന് ട്വോ. ഞാന്‍ വെര്മ്പളേക്കും നിങ്ങൊ ഫൈസാബാദിലെത്തൂലേ?”

”എത്തും ആതിരാ. നീ വേഗം ഇങ്ങ് പോര്.”

ഫാണ്‍ താഴെവച്ച്, കണ്ണട മൂക്കില്‍ തിരികെവച്ച് പുസ്തകത്തിലേക്ക് തിരിഞ്ഞെങ്കിലും പ്രഫസറുടെ ഏകാഗ്രതയ്ക്ക് ഭംഗം വന്നു. അവര്‍ക്ക് ആതിരയെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാഞ്ഞങ്ങാടുനിന്ന് ട്രെയിനില്‍ പുറപ്പെട്ട് ഡല്‍ഹിയിലെത്തി ലഖ്‌നൗവിലേക്കും അവിടെനിന്ന് ബസ്സില്‍ ഫൈസാബാദിലേക്കും അവള്‍ എത്താന്‍ രണ്ടുദിവസത്തില്‍ കൂടുതല്‍ എടുക്കും. കടുത്ത യാത്രയായിരിക്കും അത്. പ്രത്യേകിച്ച് ഈ അസഹ്യമായ ചൂടത്ത്. പക്ഷേ, എന്തുചെയ്യാനൊക്കും, അവള്‍ ആ യാത്ര തരണം ചെയ്യാന്‍ ഒരുക്കമാണ്. ആരൊക്കെ തടഞ്ഞാലും അവള്‍ വരും. ദീര്‍ഘമായ ആലോചനകള്‍ക്കുശേഷം എടുത്ത തീരുമാനമെന്ന നിലയ്ക്ക് അത് വിലക്കാന്‍ റൊമിളാ ഥാപ്പര്‍ക്കും കഴിഞ്ഞില്ല.

കഴിഞ്ഞ വേനലില്‍ ഒരു ദിവസമാണ് ആതിരയുടെ വിളി ആദ്യമായി വന്നത്.

”ഹലോ, പ്രഫസര്‍ റൊമിളാ ഥാപ്പര്‍ അല്ലേ?”

‘അതേലോ. ആരാ, പറയൂ.”

”ഞാന്‍ ആതിരയാന്ന്. ആതിര പി.എം. കാസര്‍കോട്ടെ കാഞ്ഞങ്ങാട്ന്ന് വിളിക്കാന്നേ. ആരതി പി.എമ്മിന്റെ ഇരട്ടസഹോദരി.”

”ഓ, ഹൗ ഡു യു ഡൂ ആതിര?”
”സുഖന്നേ ടീച്ചര്‍. ഞാനൊര് സംശയം ചോദിക്കാനാ വിളിക്ക്ന്ന്”.
”ചോദിക്ക്.”

Text”ബാബരി മസ്ജിദ് ഇപ്പഴും പൊളിയാതെ ആടയന്നെ ഇണ്ട്ന്ന് പറേന്നത് ശരിയാണാ?”
ആ ചോദ്യം റൊമിളാ ഥാപ്പറുടെ ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നു. ആദ്യം ഞെട്ടിയെങ്കിലും വളരെ സംയമം പാലിച്ച് ആ ചോദ്യം ഒരിക്കല്‍ക്കൂടി മനസ്സില്‍ വായിച്ചെടുത്തു അവര്‍. ബാബരി മസ്ജിദ് ഇപ്പോഴും തകര്‍ക്കപ്പെടാതെ അവിടെ ഉണ്ടെന്നു പറയുന്നത് ശരിയാണോ? എന്താണ് അതിനു
നല്‌കേണ്ട മറുപടിയെന്ന് പ്രഫസര്‍ക്ക് പെട്ടെന്ന് തീരുമാനിക്കാന്‍ കഴിഞ്ഞില്ല. നിസ്സഹായയായി അവര്‍ ഫോണ്‍ കട്ട് ചെയ്തു. തുടര്‍ന്ന് അടുക്കളയില്‍ ചെന്ന് ഒരു കടുംചായ ഇട്ട് അതില്‍ അഞ്ചാറ് പുതിനയിലയും വിതറി പുറത്തെ ചാരുകസേരയില്‍ വന്നിരുന്നു നുണഞ്ഞു.
ആതിരയെന്താണ് ഉദ്ദേശിച്ചത്? അവളെ തിരിച്ചുവിളിച്ച് അക്കാര്യം ചോദിക്കാമെന്ന് പ്രഫസര്‍ തീരുമാനിച്ചു.
ഫോണ്‍ റിങ് ചെയ്ത് കുറെനേരം കഴിഞ്ഞാണ് എടുത്തത്.

”ഞാന്‍ വിചാരിച്ച് എന്റെ പൊട്ടച്ചോദ്യം കേട്ട് ടീച്ചറ് ദേഷ്യം വന്നിറ്റ് വെച്ചിറ്റ് പോയീന്ന്,” ആതിര പൊട്ടിച്ചിരിച്ചു.

”എന്താ ആതിര ഉദ്ദേശിച്ചത് ആ ചോദ്യംകൊണ്ട്?”
”അല്ല, ബാബരി മസ്ജിദ് ഇപ്പഴും ണ്ടെങ്കില് ഒന്ന് കാണണാരുന്ന്.”

ഈശ്വരാ, ഈ കൊച്ചിന് വട്ടാണോ? വിഷമത്തോടെ അല്പനേരംകൂടി റൊമിളാ ഥാപ്പര്‍ മൗനം പാലിച്ചു.

”എനക്ക് വട്ടാണോന്നല്ലേ ടീച്ചറ് ആലോയിക്ക്ന്ന്?”

”അല്ല,” പ്രഫസര്‍ നുണ പറഞ്ഞു. ”ആരാ മോസ്‌ക് പൊളിച്ചിട്ടില്ലെന്ന് പറഞ്ഞത്?”
”കുറച്ചുനാള് മുമ്പ് ഒരു വാരികേല് ആരോ എഴുതിയിരുന്നു. തകരാത്ത ബാബരി മസ്ജിദ് ന്നായിരുന്നു ഹെഡിങ്. ലേഖനം വായിക്കാന്‍ പറ്റുന്ന സാഹചര്യൊന്നും ആയിര്ന്നില്ല. ഹെഡിങ് മാത്രാ കണ്ടത്.”

”ഒരു ലേഖനത്തിന്റെ തലക്കെട്ട് കണ്ടിട്ടാണോ ഈ ചോദിക്കുന്നത്? ലേഖനത്തിന്റെ ഉള്ളടക്കം എന്താണെന്നുപോലും നോക്കാതെ?” റൊമിളാ ഥാപ്പര്‍ക്ക് അത് വളരെ ബാലിശമായിത്തോന്നി.

”അതല്ല ടീച്ചറേ. അയിന് ശേഷം ഞാനൊരു സ്വപ്നം കണ്ട്ട്ടാ. നമ്മള് രണ്ടാളുംകൂടി അയോധ്യേല് പോയി ബാബരി മസ്ജിദ് കാണ്ന്നതായിറ്റ്.”

വീണ്ടുമൊരു നിമിഷം റൊമിളാ ഥാപ്പര്‍ സ്തബ്ധയായിപ്പോയി. ഡല്‍ഹിക്കുമേല്‍ നേര്‍ത്ത നിശാപടലം വീണുകഴിഞ്ഞിരുന്നു. വീണ്ടും വിളിക്കാമെന്നുപറഞ്ഞ് അവര്‍ ആതിരയുടെ ഫോണ്‍ കട്ട് ചെയ്തു.

അന്നുരാത്രി സൊമാറ്റോയില്‍ വരുത്തിയ അത്താഴം കഴിച്ച് ഒരു സിഗരറ്റ് പുകച്ച് വിശ്രമിക്കുമ്പോള്‍ റൊമിളാ ഥാപ്പറും കാഞ്ഞങ്ങാട്ടെ വീട്ടില്‍ അമ്മയുണ്ടാക്കിയ പച്ചമാങ്ങയിട്ട ചെമ്മീന്‍കറി കൂട്ടി ചോറുണ്ട് സോഫയില്‍ തലചായ്ച്ച് കിടക്കുമ്പോള്‍ ആതിര പി.എമ്മും ഒരേകാര്യം ഓര്‍ത്തു. ചരിത്രത്തെ ഭാവനകൊണ്ട് മറികടക്കാന്‍ കഴിയുമോ?

തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.