DCBOOKS
Malayalam News Literature Website

വീടെന്നാല്‍ ജീവിതംപോലെ അറുപഴഞ്ചനായൊരു ആശയം മാത്രമോ..? അസീം താന്നിമൂട് എഴുതുന്നു

 

`കുട്ടിക്കാലത്തേയുള്ള ശീലമാണ് സംഭാഷണങ്ങള്‍ക്കിടെ മുന്നില്‍ക്കാണുന്ന, എഴുതാന്‍ പറ്റുന്ന എന്തിലും ഒരു വീടു വരച്ചുവയ്ക്കുക എന്നത്…ഓടുമേഞ്ഞപോലൊരു മേല്‍ക്കൂര ആദ്യം വരയ്ക്കും. ചുവരുകള്‍ക്കുള്ള കളങ്ങളും മധ്യത്തായൊരു വാതിലും ഇരുവശത്തുമോരോ ജനാലകളും വരച്ചു ചേര്‍ക്കും. ഏതോ തറവാടിന്‍റെ മാതൃകയിലായെന്നു പിന്നെത്തോന്നും. വര്‍ത്തമാനത്തിനിടയിലുള്ള അലസമായ വരയാണ്. വരച്ചുകഴിഞ്ഞാല്‍ അതവിടെത്തന്നെ ഉപേക്ഷിക്കും…ഈ അടുത്താണു ശ്രദ്ധിച്ചത് അടഞ്ഞു കിടക്കുന്ന നിലയിലാണ്
മുഴുവന്‍ വീടുകളും;പുറത്തു നിന്നാരോ പൂട്ടിപ്പോയ നിലയില്‍.ദാ,ഇപ്പോള്‍ വരച്ച ഈ വീടുപോലും. അതാവും നമുക്കിടയിലിങ്ങനെ അനേകം അടഞ്ഞ വീടുകളുടെ അവ്യക്തതകള്‍’. എന്‍റെ ‘അടഞ്ഞ വീടുകള്‍’ കവിതയിലെ വരികളാണിവ. ഒരു വര്‍ഷം മുമ്പ് എഴുതിയത്.
സത്യത്തില്‍ വീടെന്നാല്‍ ജീവിതംപോലെ അറുപഴഞ്ചനായൊരു ആശയം മാത്രമാണോ…? ദീര്‍ഘകാലം മനസ്സില്‍ പേറി,ഭാരിച്ചൊരു സ്വപ്നമായ് കൊണ്ടു നടന്ന്,ഓരോ നിമിഷവും അതിന്മേല്‍ പുതുക്കലുകള്‍ വരുത്തി രൂപരേഖ പരുവപ്പെടുത്തി,അതിനു വേണ്ടി മാത്രമായ് ഏറെക്കാലം ജീവിച്ച്, അധ്വാനിച്ച് പണിതുയര്‍ത്തിയ സ്വന്തം വീട്ടില്‍ ഒരു പതിറ്റാണ്ടുകാലം ജീവിച്ചിട്ടും കണ്ണില്‍പ്പെടാതെ പോകുന്ന ഇടങ്ങള്‍ അനവധിയുണ്ട് എന്നതാണ് ഈ ലോക്ഡൗണ്‍ കാലം എനിക്കു തന്ന ഏറ്റവും വലിയ തിരിച്ചറിവ്.ജനിച്ച് കളിച്ച് ജീവിച്ചു വളര്‍ന്നിട്ടും പൊളിച്ചു കളയേണ്ടി വന്ന തറവാട്ടു വീട്ടിലും അത്തരം ഇടങ്ങളുണ്ടായിരുന്നുവോ(ഉണ്ടായിരുന്നിരിക്കണം)എന്നതാണ് ഈ അവസ്ഥ എനിക്കു സമ്മാനിച്ച ഏറ്റവും വലിയ ‘അര്‍ദ്ധശങ്ക’.ഒരുപക്ഷെ,കൊറോണയും കോവിഡും ലോക്ഡൗണുമൊന്നും ഇല്ലായിരുന്നുവെങ്കില്‍ മരണംവരെയും ആ അജ്ഞത ആ വിധംതന്നെ തുടരാനായിരുന്നു സാധ്യതയെന്നും ജീവച്ച ഇടത്തെ സമ്പൂര്‍ണ്ണമായി അറിയാതെ അപൂര്‍ണ്ണനായി ഒടുങ്ങേണ്ടി വരുമായിരുന്നു എന്നും എനിക്കിപ്പോള്‍ തോന്നുന്നു.

2006ലാണ് ഞാന്‍ ഇന്നു താമസിക്കുന്ന എന്‍റെയീ വീടു പണിതുയര്‍ത്തുന്നത്. അതിന്‍റെ രൂപരേഖയും തനിയേ തന്നെ വരച്ചുണ്ടാക്കി. അതിനാല്‍ അതിന്‍റെ മുക്കും മൂലയും അതേവിധം ഇപ്പോഴും മനസ്സിലുണ്ട്.താമസമായശേഷം പിന്നെയും ചില പുതുക്കിപ്പണിയലുകള്‍ നടത്തി.തറവാട്ടു വീടു പൊളിച്ചാണ് പുതിയ വീട് പണിതത്.ആ വീട്ടിലാണ് ഒരു പതിറ്റാണ്ടായി താമസിക്കുന്നത്.ആ വീടിന്‍റെ ഒട്ടേറെ മേഖലകള്‍ അപരിചിതമായിരുന്നു ഇന്നലവരെ എനിക്ക്.ലോക്ഡൗണില്‍ വീട്ടില്‍ തങ്ങേണ്ടിവന്ന അവസ്ഥയിലാണ് അവയെല്ലാം ഞാന്‍ ഓടിനടന്നു കണ്ടെത്തിയത്. വീടകത്തെ വിവിധ കോണുകള്‍,മൂലകള്‍,ഇരുളിലും പകലിലുമുള്ള മുറികളുടെ അവസ്ഥകള്‍,വെയിലിലും വൈദ്യുതി വെട്ടത്തിലുമുള്ള മുറിയുടെ വെളിച്ചപ്പെടലുകളുടെ വ്യതിയാനങ്ങള്‍, കിടക്കയ്ക്കടിയിലെ ഇരുണ്ട അവ്യക്തതകള്‍, ജാലകങ്ങള്‍ വഴിയുള്ള പുറംകാഴ്ചകള്‍,ഒന്നു വലിച്ചടയ്ക്കാന്‍ നാളിതുവരെ മുതിരാത്ത പരിഭവം പേറുന്ന വാതിലുകള്‍,ഒന്നു തുറന്നു നോക്കാത്തതിന്‍റെ ദേഷ്യത്തില്‍ മുറുകിപ്പോയ ജാലക കൊളുത്തുകള്‍,അതുവഴി തെളിയാന്‍ വെമ്പുന്ന പുറങ്കാഴ്ചകള്‍,പകല്‍ നെരത്തെ പര്യമ്പുറം,അവിടുത്തെ അനേകം അവ്യക്തതകള്‍…അങ്ങനെ അങ്ങനെ അതുവരെ കണ്ടറിയാത്ത അനേകങ്ങള്‍…എല്ലാം തേടിനടന്നു കണ്ടെത്താന്‍ കൂടിയാണ് അടച്ചിരിക്കലിനെ ഞാന്‍ അധികവും വിനിയോഗിച്ചത്.രാവിലേ വീട്ടില്‍ നിന്നും പോയി വൈകിട്ടെത്തി അന്തിയുറങ്ങി വീണ്ടും രാവിലെ പുറപ്പെടുക,വൈകിട്ടെത്തുക എന്നതാണ് വളരെക്കാലമായുള്ള പതിവ്. അവധി ദിവസങ്ങളില്‍ ചിലപ്പോഴൊക്കെ വീട്ടില്‍ തങ്ങാറുണ്ടെങ്കിലും പതിവായി തങ്ങാന്‍ കുറച്ചിടങ്ങള്‍ വീട്ടില്‍ കണ്ടെത്തി വച്ചിട്ടുണ്ട്.വീടെന്നാല്‍ ആ ഇടങ്ങള്‍ മാത്രമാണെന്ന മൂഢധാരണയിലായിരുന്നു അബോധമായി ഞാന്‍. (അധികംപേരും അങ്ങനെയാകാനാണ് സാധ്യതയെന്നും തോന്നുന്നു)വീട്ടില്‍ തങ്ങുന്നു എന്നാല്‍ കരുതിവച്ചിട്ടുള്ള ആ ഇത്തിരി ഇടത്തില്‍ തങ്ങുന്നു എന്നതാണ് വാസ്തവം…ഒരോ ദിവസവും ആ ഇത്തിരി ഇടത്തില്‍ നാം ജീവിക്കുന്നു….അപ്പോള്‍ പണിതു നീട്ടിയ ബാക്കി ഇടമോ..!അറിയില്ല. ജീവിതത്തിലും അങ്ങനെ ഒട്ടേറെ ഇടങ്ങള്‍ ബാക്കിയല്ലേ…?മനസ്സിലും അതേവിധം ഏറെയിടങ്ങള്‍ ഉണ്ടാവില്ലേ!?എങ്കില്‍ ഏതവസ്ഥയിലാകും അവയെല്ലാമൊന്ന് ഓടിനടന്ന് കണ്ടെത്താനാകുക…?

ആഗ്രഹങ്ങള്‍ക്കും അതിന്മേലുള്ള തിടുക്കങ്ങള്‍ക്കും മധ്യ നഷ്ടപ്പെട്ടു പോകുന്ന എന്തോരം ഇടങ്ങളാണ് ചുറ്റും. നോക്കൂ, ഈ വൈറസുകളുടെ വ്യാപനത്തിനും എന്തൊരു തിടുക്കമാണ്…വീട്ടില്‍ അപരിചിതമായ അനേകം ഇടങ്ങള്‍ എന്ന എന്‍റെ ആശ്ചര്യത്തിനു കാരണമായത് വീട്ടില്‍ അധികമുപയോഗിക്കാത്ത ഒരു മുറിയില്‍ ഇടയ്ക്കു കയറേണ്ടി വന്നപ്പോഴാണ്. തീരെ അപരിചിതമായൊരു ഭാവമാണ് ആ മുറിക്കകം എനിക്കു കരുതിവച്ചിരുന്നത്.ആദ്യമായി കയറുന്ന പ്രതീതി.ഏറെ അടുത്തുണ്ടായിട്ടും അധികമറിയാതെ പോയ പ്രിയപ്പെട്ടൊരാളുടെ മനസ്സിലെ ഏതോ കോണു പൊടുന്നനവെ കണ്ടമാതിരി.മുമ്പു കുറേയേറെ വട്ടം ഈ മുറിയില്‍ കയറിയിട്ടുണ്ടെങ്കിലും അന്നൊന്നും മുറിയിലേയ്ക്കായിരുന്നില്ല ഞാന്‍ കയറിയിരുന്നതെന്നു തോന്നുന്നു. ഏതോ ആവശ്യം സാധിക്കാനായി,ആ ആവശ്യത്തെമാത്രം മനസ്സില്‍ കരുതി തിടുക്കപ്പെട്ടു കയറി, അതു സാധിച്ച് ഇറങ്ങി പോകുകയായിരുന്നു. മുറി അവിടെ മുഖ്യമേ ആയിരുന്നില്ല. മുറിയെ മാത്രം മനസ്സില്‍ കരുതി മറ്റു തിടുക്കങ്ങളൊന്നും ഇല്ലാതെ കയറിയത് അടച്ചിരിക്കലിന്‍റെ ആ വേളയിലാണ്.അപ്പോഴുണ്ടായ അപരിചിതത്വം എന്നെ കുഴയ്ക്കുകയായിരുന്നു.ലൈറ്റു തെളിച്ച് വെളിച്ചത്തില്‍ നിന്നും, അണച്ച് ഇരുട്ടത്തു നിന്നും, ജാലകങ്ങള്‍ തുറന്ന് പകല്‍ വെട്ടത്തെ വരവേറ്റും അടച്ച് മങ്ങിയവെട്ടത്തില്‍ മുഴുകിയും ആ മുറിയെ ഞാന്‍ ആസകലം അറിയാന്‍ ശ്രമിച്ചു. മുക്കും മൂലയും പരതി നോക്കി കാണാത്ത ഇടങ്ങള്‍ ഇനിയില്ലെന്ന് ഉറപ്പു വരുത്തി.തുടര്‍ന്ന് ആ കൗതുകത്തില്‍ വീടുമുഴുവന്‍ പരതി നടന്ന് കാണാത്ത ഇടങ്ങള്‍ കണ്ടെത്തി,അവയോടു സംവദിച്ചു.ശേഷം ഡയറിയില്‍ ഇങ്ങനെ കുറിച്ചുവച്ചു: ഈ വാതില്‍ വെറുതേയിങ്ങനെ തുറന്നു കിടക്കുന്നതെന്തിന്..?അല്ലെങ്കില്‍
ആ വാതില്‍ അങ്ങനെ അടഞ്ഞു കിടന്നിട്ടെന്ത്..?പുറത്തു നിന്നും ഏതൊന്നും അകത്തേയ്ക്കും  അകത്തു നിന്നും ഏതൊന്നും പുറത്തേക്കും പോകാനില്ലെങ്കില്‍ ഈ വാതിലെന്തിന്..? ഈ ചുവരുകളുടെ കാര്യമെന്ത്..?സത്യത്തില്‍ വീട് എന്നത് അത്ര വിശാലമായൊരു സങ്കല്പമൊന്നുമല്ല? തുറക്കാനും അടയ്ക്കാനും മാത്രമായിട്ടുള്ള കാലഹരണപ്പെട്ട ഒരാഗ്രഹം മാത്രമാണത്?
ജീവിതം എന്നതുപോലെ തീര്‍ത്തും അറുപഴഞ്ചനായൊരു ആശയം…?

Comments are closed.