DCBOOKS
Malayalam News Literature Website

‘ആയിരത്തൊന്ന് രാവുകള്‍’; കിന്നരകഥകളുടെ കെട്ടിലും മട്ടിലും റുഷ്ദി കെട്ടിപ്പടുത്ത നോവല്‍

 

സല്‍മാന്‍ റുഷ്ദിയുടെ ‘ആയിരത്തൊന്ന് രാവുകള്‍’ എന്ന പുസ്തകത്തിന് കബനി സി എഴുതിയ വിവര്‍ത്തനക്കുറിപ്പില്‍ നിന്നും

യുക്തിയുടെ നിദ്ര വികൃതജന്തുക്കളെ കെട്ടഴിച്ചു വിടുന്നു (43, ലോസ് കാപ്രിക്കോസ്, ഫ്രാന്‍സിസ്‌കോ ഡി ഗോയ; പ്രാദോയിലുള്ള ഈ എച്ചിങ്ങിന്റെ മുഴുവന്‍ തലവാചകം ഇങ്ങനെയാണ്: ‘യുക്തി ഉപേക്ഷിച്ച ഭ്രമാത്മകത അസാദ്ധ്യമായ വികൃതജന്തുക്കളെയുണ്ടാക്കുന്നു, അവളോട് പൊരുത്തപ്പെട്ടാല്‍ അവളാണ് കലകളുടെ മാതാവും അവയിലെ അത്ഭുതങ്ങളുടെ ഉറവിടവും.)

കിന്നരകഥകളുടെ കെട്ടിലും മട്ടിലും റുഷ്ദി കെട്ടിപ്പടുക്കുന്ന ഈ നോവല്‍ (തലക്കെട്ടിലെ രണ്ടു വര്‍ഷങ്ങളും എട്ടു മാസങ്ങളും ഇരുപത്തിയെട്ടു രാത്രികളും കൂട്ടിയാല്‍ അറബിക്കഥകളിലെ Textആയിരത്തൊന്നു രാവുകളായി മാറും) പന്ത്രണ്ടാം നൂറ്റാണ്ടിലെ അറബി തത്ത്വചിന്തകനായ ഇബ്ന്‍ റുഷ്ദിന്റെയും ദൈവശാസ്ത്രത്തില്‍ അയാളുടെ എതിരാളിയായ അല്‍ ഗസ്സാലിയുടെയും കഥ പറയുന്നു. മഹാനായ തത്ത്വചിന്തകനും ഒരിക്കല്‍ സെവിലിലെ ന്യായാധിപനും ഏറ്റവുമൊടുവില്‍ സ്വദേശമായ കൊര്‍ഡോബയില്‍ അബു യൂസഫ് യാക്കൂബ് ഖലീഫയുടെ വൈദ്യനുമായിരുന്ന ഇബ്ന്‍ റുഷ്ദ് 1195-ല്‍ അദ്ദേഹത്തിന്റെ ഉദാരമായ ആശയങ്ങളുടെ പേരില്‍ ഔദ്യോഗികമായി അവമാനിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്തു. അറബ് സ്‌പെയിനില്‍ പകര്‍ച്ചവ്യാധിപോലെ പരന്നുകൊണ്ടിരുന്ന, കൂടുതല്‍ പ്രബലരായിക്കൊണ്ടിരുന്ന ബെര്‍
ബര്‍ മതഭ്രാന്തന്മാര്‍ക്ക് അത്തരം ആശയങ്ങള്‍ അസ്വീകാര്യമായിരുന്നു. അദ്ദേഹം ജന്മനഗരത്തിനു പുറത്തുള്ള ചെറിയ ഗ്രാമമായ ലുസേനയിലേക്ക് ആഭ്യന്തരമായി നാടുകടത്തപ്പെട്ടു. സ്വന്തം തത്ത്വചിന്ത സംസാരിക്കാന്‍ കഴിയാത്ത ആ തത്ത്വചിന്തകന്‍ ഇടുങ്ങിയതും കല്ലുപാകിയിട്ടില്ലാത്തതുമായ പാതയ്ക്കരികിലെ എളിയ ഭവനത്തില്‍ താമസിച്ചു. അയാള്‍ ലൂസേനയില്‍ വൈദ്യസേവനം ആരംഭിച്ചു. നാടുകടത്തപ്പെട്ട് ഏതാനും ദിവസത്തിനകം, പതിനാറു വസന്തങ്ങള്‍ കടന്നുപോയെന്നു തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അയാളുടെ പടിവാതില്‍ക്കല്‍ സൗമ്യമായി ചിരി തൂകിക്കൊണ്ട്–ഒരു തരത്തിലും അയാളുടെ ചിന്തകളില്‍ മുട്ടുകയോ കടന്നുകയറുകയോ ചെയ്യാതെ–നിന്നു. അവളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അയാള്‍ അകത്തേക്കു ക്ഷണിക്കുന്നതുവരെ അവള്‍ ക്ഷമയോടെ കാത്തുനിന്നു. അടുത്തിടെ അനാഥയായതാണ് താനെന്ന് അവള്‍ അയാളോട് പറഞ്ഞു. അവള്‍ക്ക് യാതൊരു വരുമാനമാര്‍ഗവുമില്ല. എന്നാല്‍ അവള്‍ക്ക് വേശ്യാഗൃഹത്തില്‍ തൊഴിലെടുക്കാന്‍ താത്പര്യമില്ല. അവളുടെ പേര് ദുനിയ എന്നാണ്. അതിന് ഒരു ജൂതപ്പേരിന്റെ കെട്ടും മട്ടുമില്ല. അല്ലെങ്കിലും തന്റെ ജൂതപ്പേര് പറയാന്‍ അവള്‍ക്കനുവാദമില്ല. നിരക്ഷരയായതുകൊണ്ട് അതവള്‍ക്ക് എഴുതാനുമാകില്ല. ഒരു വഴിയാത്രക്കാരനാണ് അവള്‍ക്ക് ആ പേര് പറഞ്ഞുകൊടുത്തത്. അത് ഗ്രീക്കുഭാഷയില്‍ നിന്നാണത്രേ. അതിന് വിവിധ ഭാഷകളില്‍ ‘ലോകം’ എന്നാണ് അര്‍ത്ഥം. അതവള്‍ക്ക് ഏറെ ഇഷ്ടമായി. ”എന്തുകൊണ്ടാണ് നീ ‘ലോക’മെന്ന് സ്വയം വിളിച്ചത്?” അയാള്‍ ചോദിച്ചു. അയാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു: ”ഒരു ലോകംതന്നെ എന്നില്‍നിന്ന് പ്രവഹിക്കും. എന്നില്‍നിന്ന് പ്രവഹിക്കുന്നവര്‍ ഈ ലോകമെമ്പാടും പരക്കും.”

യുക്തിയുടെ ആരാധകനായതിനാല്‍, അവള്‍ അലൗകിക ജീവിയായ ഒരു ജിന്നിയയാണെന്ന്
അയാള്‍ ഊഹിച്ചതേയില്ല. ജിന്നുകളില്‍ അന്തര്‍ലീനമായ അടങ്ങാത്ത കാമം ചുള്ളിപ്രാണിയെപ്പോലെ നേര്‍ത്തവളെങ്കിലും രാത്രിയില്‍ദുനിയ പുറത്തെടുക്കുമ്പോള്‍ അതു താങ്ങാന്‍ കഴിയാതെ ഇബ്ന്‍ റുഷ്ദ് കഥകളും കാര്യവും പറയാന്‍ തുടങ്ങുന്നു. ഇബ്ന്‍ റുഷ്ദ് അങ്ങനെ റുഷ്ദിയുടെ ആയിരത്തൊന്നു രാവുകളിലെ ഷഹ്‌റസാദാകുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.