DCBOOKS
Malayalam News Literature Website

‘അയൽക്കാർ’; ജന്മിത്വത്തിൽനിന്ന് സ്വാതന്ത്ര്യാനന്തരകാലത്തേക്ക് പരിണമിക്കുന്ന മൂന്നു സമുദായങ്ങളുടെ കഥ

പി കേശവദേവിന്റെ ‘അയല്‍ക്കാര്‍’ എന്ന നോവലിന് അഭിജിത്ത് ആർ നായർ കിടങ്ങൂർ എഴുതിയ വായനാനുഭവം

ജന്മിത്വത്തിൽനിന്ന് സ്വാതന്ത്ര്യാനന്തരകാലത്തേക്ക് പരിണമിക്കുന്ന മൂന്നു സമുദായങ്ങളുടെ കഥയാണ് ‘അയൽക്കാർ’ എന്ന നോവലിലെ പ്രമേയം. പലപല മംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും തകർന്നുപോയി.ആ തകർച്ചയിൽപ്പെട്ട്, ആ തറവാടുകളിലെ അംഗങ്ങളിൽ പലരും നാശമടഞ്ഞു. പക്ഷെ, എല്ലാ തറവാടുകളും തകർന്നില്ല. എല്ലാ അംഗങ്ങളും നാശമടഞ്ഞില്ല. മംഗലശ്ശേരി Textകാരണവരായ പത്മനാഭപിള്ളയുടെയും, പച്ചാഴിക്കാരണവരായ മാധവക്കുറുപ്പിന്റെയും പ്രതിരൂപങ്ങൾ, കേരളത്തിലിന്നും അങ്ങിങ് കാണാവുന്നതാണ്.

പുത്രനുവേണ്ടി, തറവാടിന്റെ നിലനില്പിനുവേണ്ടി നിസ്തുല്യമായ ത്യാഗം സഹിച്ച സുമതിയമ്മ, ആ തകർച്ചയുടെ കാലഘട്ടത്തിലെ ഒരു സവിശേഷതയായിരുന്നു. വിലാസിനിയുടെയും നന്ദിനിയുടെയും ഗോപാലകൃഷ്ണന്റെയും ഒളിച്ചുപോക്ക്, തകർച്ചയിൽനിന്നു രക്ഷപെടുവാനുള്ള ആഗ്രഹം മാത്രമാണ്. അവരെല്ലാം നശിക്കാതെ, കഴിവുകളെ വികസിപ്പിച്ചുകൊണ്ടു തന്നെ, തിരിച്ചുവരികയും ചെയ്തു. രാജശേഖരൻ, കൂട്ടുകുടുംബസമ്പ്രദായത്തിൽ നിന്നും തെറിച്ചുപോയ സ്വാർത്ഥമതിയായ ഒരു ഒറ്റയാനാണ്. രാമചന്ദ്രനും ഭാസ്കരക്കുറുപ്പും സുകുമാരൻനായരും നന്ദിനിയും രവീന്ദ്രനുമെല്ലാം പുതിയ തലമുറയുടെ പ്രതിനിധികളായി മാറുകയും ചെയ്തു. ഒരു കുടിലുകെട്ടാൻ സ്ഥലം യാചിച്ചെത്തിയ കുഞ്ഞു വറീതിന്റെ മക്കൾ പിന്നീട് പണക്കാരായ മാറി. ജാതീയമായ അവശതകൾക്കെതിരെ സമരം നയിച്ച, കുഞ്ഞന്റെ മക്കൾ പല സ്വാതന്ത്ര്യങ്ങളും നേടിയെടുത്തു.

കേരളത്തിലെ രാഷ്ട്രീയ പരിവർത്തനങ്ങൾ ഈ നോവലിൽ ഉൾക്കൊള്ളിച്ചിട്ടില്ല. അതിനുകാരണം കേരളത്തിന് പ്രത്യേകമായി ഒരു രാഷ്ട്രീയമില്ല എന്നുള്ളതുകൊണ്ടുതന്നെയാണ്. കേരളത്തിലെ സാമൂഹിക പരിവർത്തനങ്ങളുടെ ചരിത്രത്തിൽ പ്രത്യേകം ശ്രദ്ധേയമായ മൂന്നു സംഗതികളുണ്ട്―ഫ്യൂഡലിസത്തിന്റെ നേരിയ ഛായയുള്ള മരുമക്കത്തായ സമ്പ്രദായത്തിന്റെ തകർച്ച; ജാതീയമായ അവശതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈഴവസമുദായത്തിന്റെ വിജയകരമായ സ്വാതന്ത്ര്യസമരം; ക്രിസ്ത്യൻസമുദായത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ച. ഈ മൂന്നു പരിവർത്തനങ്ങളെ മൂന്നു കുടുംബങ്ങളിൽ പ്രതിഫലിപ്പിക്കുന്നതാണ് അയൽക്കാർ.

ശത്രുക്കളും മിത്രങ്ങളുമായി പല അവസരങ്ങളിലും അവർ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും തൊട്ട് അയൽക്കാർ തന്നെയായിരുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.