DCBOOKS
Malayalam News Literature Website

എന്റെ ശരണം ഞാൻ തന്നെയാണ്…

ലെഫ്.കേണല്‍. ഡോ. സോണിയ ചെറിയാന്റെ ‘അവളവള്‍ ശരണം’ എന്ന പുസ്തകത്തിന് എഴുത്തുകാരി ജിസ ജോസ്
എഴുതിയ വായനാനുഭവം

മലയാളത്തിലെ എഴുത്തുകാരികൾ നോൺ ഫിക്ഷൻ രചനകളിലൂടെ വിസ്മയം സൃഷ്ടിക്കുന്നതു നിരീക്ഷിക്കുമ്പോൾ കൗതുകം തോന്നുന്നു. എല്ലാത്തരം വിലക്കുകളെയും മറികടന്ന് എഴുത്ത് ആത്മപ്രകാശനമായി അവർ ആഘോഷിക്കുന്നു… പെൺനിലപാടുകളുടെ, പ്രതിരോധത്തിന്റെ, രാഷ്ടീയസ്വഭാവമുള്ള ഉൾക്കാഴ്ചകളുടെ സത്യസന്ധവും സുതാര്യവുമായ ആഖ്യാനങ്ങളാണ് ,സ്ത്രീകളുടെ കഥേതരമായ എഴുത്തുകൾ . അത് യാത്രാക്കുറിപ്പുകളായാലും, വ്യക്ത്യനുഭവങ്ങളായാലും സാമൂഹികചരിത്രമായാലും ആഴങ്ങളിലേക്കു നോക്കാനും സൂക്ഷ്മമായ ഇടപെടലുകൾ നടത്താനും അവർക്കു കഴിയുന്നു. അനുഭവങ്ങളോടുള്ള ക്രിയാത്മകമായ പ്രതിരോധമാണ് Textഅവരുടെ എഴുത്ത്.

20 സ്ത്രീകളെക്കുറിച്ചാണ് സോണിയ ചെറിയാന്റെ അവളവൾ ശരണം സംസാരിക്കുന്നത്. “എന്റെ ശരണം ഞാൻ തന്നെയാണ് ” എന്നു പ്രഖ്യാപിച്ച യശോധരയുടെ കഥയിൽ നിന്നാവണം പുസ്തകത്തിന്റെ ശീർഷകം സ്വീകരിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ സ്വന്തം ജീവിതം സ്വയം മെനഞ്ഞെടുത്ത , തനിയെ ചെത്തിമിനുക്കിയ വ്യത്യസ്തകാലങ്ങളിൽ നിന്നും ദേശങ്ങളിൽ നിന്നുമുള്ള പെണ്ണുങ്ങൾ. ഓരോരുത്തരുടെയും ജീവിതത്തെ ഉരുക്കിയുറപ്പിച്ചെടുത്ത അസാധാരണമായ അനുഭവങ്ങൾ.. ഹസ്രത്ത് മഹലിന്റെ കഥയിൽ പറയുന്നതുപോലെ “ഒരു യുദ്ധത്തിലും തോറ്റു പിന്മാറാതെ ,ഏതു യുദ്ധവും അവസാനത്തെ യുദ്ധം പോലെ പൊരുതി ജയിച്ച പെണ്ണുങ്ങൾ! വിപരീതങ്ങളുടെ തമ്പുരാട്ടിമാർ!

മ്യൂട്ട് ഹെർ പുസ്തകത്തിലെ ഒരു അധ്യായത്തിന്റെപേരാണ്. സ്ത്രീകൾ സഭകളിൽ മിണ്ടാതിരിക്കണം. പ്രശസ്തി അവൾക്ക് അഭികാമ്യമല്ല , അറിയപ്പെടാതിരിക്കുക / അജ്ഞാതയായിരിക്കുകയാണ് അവൾക്കു നല്ലത്. എല്ലാ വംശപരമ്പരകളും സ്ത്രീകളെ മ്യൂട്ട് ചെയ്യുന്നു. അതിനു പൊതുസമ്മതിയുണ്ടാക്കൽ ,മർദ്ദനം ,പ്രീണനം തുടങ്ങി പല ഉപാധികളുണ്ട്… ഉറക്കെപ്പറയുന്ന സ്ത്രീയെ മിണ്ടാതാക്കാനുള്ള തന്ത്രങ്ങളിലൊന്നായ ബ്രൈഡിൽ എന്ന പീഡനയന്ത്രത്തെക്കുറിച്ചുള്ള വിവരണം ഭയപ്പെടുത്തും…

സ്വന്തമായി മുറിയില്ലാത്ത ,എഴുതാനാവശ്യമായ ഉജ്ജ്വലമായ മാനസികാവസ്ഥയില്ലാത്ത അനേകം എഴുത്തുകാരികളെക്കുറിച്ചു വെർജീനിയ വൂൾഫ് ആലോചിച്ചതും എഴുതിയതും 1920കളിലാണ്. മുറി ഉണ്ടായാലും ഇല്ലെങ്കിലും എഴുതാനുള്ള
ഉജ്ജ്വലമായ പ്രേരണയും ഉത്സാഹവുമുള്ള എത്രയെത്ര സ്ത്രീകളാണ് 2020 കളിൽ മലയാളത്തിലുള്ളത്.എത്രയെത്ര വിചിത്രമായ അനുഭവഭൂമികകളിലേക്കാണ് അവർ നമ്മളെ കൊണ്ടുപോകുന്നത് …

അഭിനന്ദനങ്ങൾ സോണിയ കവിത തുളുമ്പുന്ന ശൈലിയിൽ ഈ കഥകളൊക്കെ പറഞ്ഞു തന്നതിന്…

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ജിസ ജോസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.