DCBOOKS
Malayalam News Literature Website

മതം മനുഷ്യത്വമാണ് തിരിച്ചറിയുക, മനുഷ്യനെ കാണാൻ കഴിയാത്ത ‘മത കണ്ണുകൾക്ക് ‘ ഒരിക്കലും ദൈവത്തെ കാണാൻ കഴിയില്ല…

“അറ്റുപോകാത്ത ഓർമ്മകൾ” ഇപ്പോഴാണ് വായിച്ചത്.ധീരനായ ഒരു ജോസഫ് സാറിനെ ആ പുസ്തക താളുകളിൽ ഞാൻ കണ്ടുമുട്ടി,കൂടെ സാറിനൊപ്പം ധീരതയോടെ നിന്ന പ്രിയപ്പെട്ടവരെയും. ഒരു നിമിഷം ഞാനും പതറിപോയി ….. വരികളിലൂടെ മാത്രം …. ആ കനൽവഴി കടന്നപ്പോൾ !!!! എന്റെ ചങ്ക് പിടഞ്ഞു, മിഴികൾ നിറഞ്ഞു കവിഞ്ഞു, തൊണ്ട ഇടറി , കൈകൾ വിറച്ചു , ഫോണെടുത്തു സാറിനോടൊരു വാക്ക് പറയാൻ…. ” മാപ്പ്”. വിതുമ്പി ഞാൻ പറഞ്ഞു, സാറേ ” മാപ്പ്”.

സ്വന്തം പോലെ കരുതി ഒരു സ്ഥാപനത്തെ സ്നേഹിച്ച,വിദ്യാർഥികളെ പഠിപ്പിച്ച , എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിച്ച, ജോസെഫ് സാറിനോട് ഇത്രയും ക്രൂരമായി പെരുമാറാൻ ബിഷപ്പുമാർ,പുരോഹിതർ, നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു ? ഇങ്ങനെ പലരോടും നിങ്ങൾ ഇതുപോലെയും ഇതിലധികവും ചെയ്തു കഴിഞ്ഞിരിക്കുന്നു . “അറ്റുപോകാത്ത ഓർമകൾ ” വരികളിലൂടെ വീണ്ടും ഞാൻ നിങ്ങളുടെ അകൃത്യങ്ങൾ കണ്ടുമുട്ടി . സാധാരണക്കാരെയും, പാവങ്ങളെയും നിങ്ങൾ കഴുത്ത് ഞെരിച്ച് കൊല്ലുന്നുവോ ? നിങ്ങളുടെ ആകൃത്യങ്ങൾ നിങ്ങളുടെ നേരെ തിരിയുന്നത് കാണുന്നില്ലേ ?

Prof T J Joseph-Attupokatha Ormakalമതം മനുഷ്യത്വം ആണ് , തിരിച്ചറിയുക . മനുഷ്യനെ കാണാൻ കഴിയാത്ത ‘മത കണ്ണുകൾക്ക് ‘ ഒരിക്കലും ദൈവത്തെ കാണാൻ കഴിയുക ഇല്ല. നിങ്ങൾ അന്ധരാണ് , കാഴ്ച ഉണ്ടെന്ന് നടിക്കുന്ന വെറും അന്ധരാണെന്ന് ദയവായി തിരിച്ചറിയുക. ഇൗ കൊറോണ കാലഘട്ടം അതിനായി മാറ്റി വെക്കുക. ലക്ഷങ്ങൾ വാങ്ങി ജോലി കൊടുക്കുന്ന സമ്പ്രദായം മാറ്റി മറിക്കണം. യോഗ്യതയും വിഷയത്തിൽ ഉള്ള കഴിവും നോക്കി സർക്കാർ ചെയ്യുന്നത് പോലെ കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളിൽ പി എസ് സി പരീക്ഷ നടത്തി അതതു സ്ഥാപനങ്ങളിൽ സേവനത്തിനായി വ്യക്തികളെ തിരഞ്ഞെടുക്കുക. അവിടെ ആർക്കും നീതി നിഷേധിക്കപ്പെടുന്നത് അനുവദിക്കരുത്. ഇനിയും അരമനകളുടെ ഭിത്തിക്കുള്ളിൽ ഞെരിഞ്ഞ് അമരുന്ന ജോസഫ് ഉണ്ടാകാതിരിക്കാൻ നിങ്ങൾക്ക് ബോധം ഉണ്ടാകട്ടെ.

ചോദ്യ കടലാസിലെ ചെറിയ ഒരു വാക്കിനെ ചൊല്ലി ജോസഫ് സാറിനെ വെട്ടി മുറിക്കാൻ മതം നെഞ്ചിലേറ്റിയ ഒരു കൂട്ടം സോദരന്മാരെ നിങ്ങൾ സാറിനെ മറന്നു പോയി. അടുത്ത് നിൽക്കുന്ന ആളാണ് മതം എന്ന് തിരിച്ചറിയുക. അതിലും വലിയ മതം ഉണ്ടാകരുത്.

നിങ്ങളുടെ എല്ലാ ക്രുരവിനോദങ്ങളും ക്ഷമിച്ച് , ജോസഫ് സാർ ഇൗ ലോകത്തിന് മുമ്പിൽ തേജസുള്ള ഗുരുവായി എന്നതിൽ അഭിമാനിക്കുന്നു. തന്റെ പ്രിയതമയുടെ അപ്രതീക്ഷിതമായ വേർപാട് വരുത്തിയ വേദനക്ക് മുമ്പിൽ മക്കളെയും അമ്മയെയും ഓർത്തു പ്രതിസന്ധികളെ അതിജീവിച്ച ആ മനുഷ്യൻ എന്നും നമുക്കൊക്കെ വെളിച്ചം ആകട്ടെ.

ബിഷപ്പ് ,പുരോഹിത ഗണമെ നിങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രസംഗങ്ങൾ , അർത്ഥമില്ലാത്ത വിധം ചൊല്ലിക്കൂട്ടുന്ന കുർബാന, നോവേന ,ഭയപെടുത്തി വാങ്ങുന്ന നേർച്ച പണം , നീതി രഹിതമായ സപീനങ്ങൾ , എല്ലാം ….. എല്ലാം നിങ്ങളെ നോക്കി പരിഹസിക്കും.

അതിനാൽ കോവിഡ് 19 കാലഘട്ടം ഒരു തിരിച്ചറിവിന്റെ , തിരുത്തലിന്റെ നേർ
സമയം നമ്മെ കാത്തിരിക്കുന്നു. നാളുകളായി മൂടി വച്ചിട്ടുള്ള തെറ്റുകൾ സ്വയം ഏറ്റുപറഞ്ഞു യഥാർത്ഥ സ്നേഹത്തിന്റെ വഴികൾ തേടുക. തന്നെ തൊടുന്ന മനുഷ്യരുടെ മുന്നിൽ കൊറോണ വൈറസ് മതം , അധികാരം , പണം , സ്ഥാനം , നിറം , വിശ്വാസം ഇവ ഒന്നും നോക്കുന്നില്ല .

അതിനാൽ നമുക്കും “മതം മനുഷ്യത്വം” ആകട്ടെ എന്നും… എന്നും …ഇന്നും …നാളെയും. “മനുഷ്യത്വ മത”ത്തെ സ്നേഹിക്കുന്ന സർക്കാർ ,ആരുഗ്യ വകുപ്പ് ,പോലീസ് വിഭാഗം,സന്നദ്ധ സേവകർ ഇവരോടൊപ്പം Covid 19 അതിജീവിക്കാം. അങ്ങനെ പുതിയൊരു യുഗം “മനുഷ്യമതം” ഉദിക്കട്ടെ.

അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന പ്രൊഫ.ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓർമ്മകൾ ‘ എന്ന ആത്മകഥയ്ക്ക് സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയ വായനാനുഭവം.

പ്രൊഫ..ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓർമ്മകൾ ‘ എന്ന ആത്മകഥ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ‘കർത്താവിന്‍റെ നാമത്തിൽ’ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.