DCBOOKS
Malayalam News Literature Website

കേസ് ഡയറി

 പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ  അറ്റുപോകാത്ത ഓര്‍മ്മകളിൽ നിന്നും ഒരു ഭാഗം

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ  അറ്റുപോകാത്ത ഓര്‍മ്മകളിൽ നിന്നും ഒരു ഭാഗം വായിക്കാം 

ന്നെ ശാരീരികമായി ആക്രമിച്ചവരുടെ പ്ലാനും പദ്ധതികളും എപ്രകാരമായിരുന്നുവെന്നും പിന്നീട് അവര്‍ക്ക് എന്തു സംഭവിച്ചുവെന്നും അറിയാനുള്ള കൗതുകം സ്വാഭാവികമാണല്ലോ. അതിനാല്‍ പോലീസ് ഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തി അല്പമൊന്നു പ്രതിപാദിക്കാം.

എന്നെ ആക്രമിച്ചവരും ഗൂഢാലോചന നടത്തിയവരും ‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ’ എന്ന സംഘടനയിലെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ ‘എസ്.ഡി.പി.ഐ.’ എന്ന പാര്‍ട്ടിയിലെയും സജീവപ്രവര്‍ ത്തകര്‍ ആണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അവര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത ഉന്നതന്മാരെക്കുറിച്ചുള്ള പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. പല പല കാരണങ്ങളാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു ജില്ലാ തല നേതാവില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയാണ്. അതിന്‍ പ്രകാരം സെഷന്‍സ് കേസ് നമ്പര്‍ 1/2013 (എന്‍.ഐ.എ.)-ല്‍ 28-ാം നമ്പരായി പ്രതിചേര്‍ക്കപ്പെട്ട ആളാണ് ആക്രമണപദ്ധതിയുടെ സൂത്രധാരന്‍.

സൂത്രധാരനോടൊപ്പം ഒരു കാര്യദര്‍ശിയെപ്പോലെ സജീവമായിനിന്ന ആളാണ് കേസിലെ എട്ടാം പ്രതി. സൂത്രധാരന്റെയും കാര്യദര്‍ശിയുടെയും മാത്രമല്ല, എല്ലാ കൂട്ടാളികളുടെയും പേരും അഡ്രസ്സും അറിവുള്ളതാണെങ്കിലും അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഭാവിജീവിതത്തില്‍ കരുതലുള്ളതുകൊണ്ട് അത് വെളിപ്പെടുത്തുന്നില്ല.

ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴയില്‍ കലാപമുണ്ടാക്കിയതിന്റെ രണ്ടാം നാള്‍ 2010 മാര്‍ച്ച് 28-ന് പെരുമ്പാവൂര്‍ സീമാസ് ഓഡിറ്റോറിയത്തില്‍ സൂത്രധാരനും കാര്യദര്‍ശിയും മറ്റു മൂന്നാളു കളും രഹസ്യയോഗം ചേര്‍ന്ന് എന്റെ നേരേ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന ചെയ്തു. ആക്രമണപദ്ധതി രൂപകല്പന ചെയ്യുക, പണം സംഭരിക്കുക, മുന്നൊരുക്കം നടത്തുക, ആക്രമണം നടത്തുക, തെളിവു നശിപ്പിക്കുക, Textഒളിത്താവളങ്ങള്‍ കണ്ടെത്തുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് സൂത്രധാരന്റെ മേല്‍നോട്ടത്തില്‍ വിവിധ ഗ്രൂപ്പുകള്‍ രൂപീകരിക്കാനും യോഗം പദ്ധതിയിട്ടു.

2010 ഏപ്രില്‍ 3-ന് കേരള വാട്ടര്‍ അതോറിറ്റിയുടെ മൂവാറ്റുപുഴയിലെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ സൂത്രധാരന്‍, കാര്യദര്‍ശി, അക്രമിസംഘത്തില്‍പെട്ടവരുള്‍പ്പെടെ പതിനഞ്ചോളം പേര്‍ രഹസ്യയോഗം നടത്തി ആക്രമണപദ്ധതി വിശദമായി ചര്‍ച്ച ചെയ്തു.

2010 ഏപ്രില്‍ 6-ന് കോതമംഗലം റവന്യൂ ടവറില്‍ കാര്യദര്‍ശിയുടെ നേതൃത്വത്തില്‍ മറ്റൊരു ഗൂഢാലോചനായോഗം നടന്നു. ഏപ്രില്‍ 10-ന് കോതമംഗലം താലൂക്കാപ്പീസ് പരിസരത്തും ഏപ്രില്‍ 19-ന് കോതമംഗലം സബ്‌സ്റ്റേഷന്‍ പടിക്കു സമീപവും അത്തരം രഹസ്യയോഗങ്ങള്‍ വീണ്ടും നടന്നു.

2010 മെയ് 4-ന് കോതമംഗലം മുനിസിപ്പല്‍ പാര്‍ക്കില്‍ അക്രമിസംഘത്തിലേക്ക് റിക്രൂട്ടു ചെയ്യപ്പെട്ടവര്‍ സൂത്രധാരന്റെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് അവരിലൊരാളെ നേതാവായി തെരഞ്ഞെടുത്തു. ആവശ്യമായ പണം, ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, വാഹനങ്ങള്‍, മൊബൈല്‍ഫോണുകള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സമ്പാദിച്ച സിം കാര്‍ഡുകള്‍ എന്നിവ അക്രമിസംഘത്തിന് ലഭ്യമാക്കാന്‍ സൂത്രധാരന്‍ ഏര്‍പ്പാടാക്കി.

കാര്യദര്‍ശിയുടെ നിര്‍ദ്ദേശാനുസരണം മൂവാറ്റുപുഴക്കാരനും ഓട്ടോ ഡ്രൈവറുമായ ഒരു മുന്നൊരുക്കസംഘാംഗം എന്റെ വീട്ടിലേക്കുള്ള വഴിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. സൂത്രധാരന്റെയും കാര്യദര്‍ശിയുടെയും നിയോഗമനുസരിച്ച് മറ്റു രണ്ടുപേര്‍ എന്റെ വീടിരിക്കുന്ന സ്ഥലം കണ്ട് ബോധ്യപ്പെട്ട് ആ ‘സ്‌കെച്ച് ഓഫ് ദ റൂട്ട്’ ശരി വെച്ചു.

അങ്ങനെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 2010 മെയ് 6-ന് ആറുപേര്‍ ഉള്‍പ്പെട്ട അക്രമിസംഘം എന്റെ വീട്ടിലേക്കു പുറപ്പെട്ടു. ‘ഓപ്പറേഷ’ നുശേഷം അക്രമിസംഘം ഉപയോഗിച്ച വാഹനങ്ങള്‍, ആയുധങ്ങള്‍ രക്തം പുരണ്ട വസ്ത്രങ്ങള്‍ എന്നിവ കൈപ്പറ്റി തെളിവുനശിപ്പിക്കാന്‍ കാര്യദര്‍ശി ഉള്‍പ്പെടെ ആറുപേര്‍ വിവിധ സ്ഥലങ്ങളില്‍ കാത്തുനിന്നു.

അക്രമിസംഘം വീട്ടിലെത്തിയ സമയത്ത് ഞാന്‍ യാദൃച്ഛികമായി പ്രൊഫ. റ്റി.എ. ജോയിയുടെ വീട്ടില്‍ സുഹൃദ്‌സന്ദര്‍ശനത്തിനു പോയിരുന്നതിനാല്‍ അവരുടെ ആദ്യത്തെ ഉദ്യമം നടക്കാതെ പോയി. കോളജ് മാഗസിനിലേക്ക് ആര്‍ട്ടിക്കിള്‍ ചോദിച്ചുവന്ന ആ അക്രമിസംഘത്തെയാണ് വളരെ സൗഹൃദത്തോടെ വീടിനുള്ളില്‍ കയറി ഇരിക്കാന്‍ ചേച്ചി സിസ്റ്റര്‍ മാരിസ്റ്റെല്ല ക്ഷണിച്ചത്.

2010 മെയ് 17-ന് സൂത്രധാരനും കാര്യദര്‍ശിയും നാലു സംഘാംഗങ്ങളും ആക്രമണോത്സുകരായി വീണ്ടും എന്റെ വീട്ടിലെത്തി. അക്രമി സംഘ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന ആളിന്റെ മകള്‍ക്ക് ചികിത്സാസഹായം ചോദിച്ചുവന്ന അവര്‍ ഞാന്‍ പെട്ടെന്നു വീട്ടിനുള്ളില്‍ കയറി കതകടച്ചതിനാലും വീട്ടില്‍ മറ്റാളുകളെ കണ്ടതിനാലും അക്രമണത്തിനു മുതിരാതെ തിരിച്ചുപോയി.

2010 മെയ് 28-ന് എന്നെ തേടി അക്രമിസംഘം വീണ്ടും എത്തി. അവരില്‍ രണ്ടുപേര്‍ അതിക്രമിച്ച് വീട്ടിനുള്ളില്‍ കടന്ന് എന്നെ പരതി. അരമിനിട്ടു മുമ്പ് ഞാന്‍ അയല്‍വാസിയായ പ്രൊഫ. എം.സി.ജോസഫിന്റെ വീട്ടില്‍ പോയിരുന്നതുകൊണ്ട് അവരുടെ ഇംഗിതം നടക്കാതെ പോയ കാര്യം മുമ്പ് വിവരിച്ചിരുന്നതാണല്ലോ.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

 

 

 

 

Comments are closed.